
എറണാകുളത്തെ കൽപക ഹോട്ടലിലെ നാനൂറ്ററ്റി എട്ടാംനമ്പർ മുറി. അവിടെ രാജാവിന്റെ മകൻ എന്ന ചിത്രത്തിന്റെ മ്യൂസിക് കമ്പോസിങ്ങ് നടക്കുകയാണ്. ഷിബു ചക്രവർത്തി എഴുതിയ കാവ്യസുന്ദരമായ ഗാനങ്ങൾക്ക് വെങ്കിടേശൻ എന്ന പുതിയ സംഗീതസംവിധായകൻ സംഗീതം പകരുന്നു. സംവിധായകനും ഗാനരചയിതാവും സംഗീതത്തിന്റെ താളലയത്തിൽ ലയിച്ചു ചേർന്നു.
ഷാരോൺ പിക്ചേഴ്സിനുവേണ്ടി തമ്പി കണ്ണന്താനം സംവിധാനം ചെയ്യുന്ന രാജാവിന്റെ മകനിലൂടെ ഒട്ടേറെ പുതുമുഖങ്ങളെയും ഒരു പുതിയ സംഗീതസംവിധായകനേയും രംഗത്തു കൊണ്ടുവരുന്നു. മലയാളത്തിലെ പ്രമുഖരായ സംഗീത സംവിധായകരുടെ അസിസ്റ്റന്റായിരുന്ന വെങ്കിടേശൻ തമിഴ്, കന്നട, തെലുങ്ക്, ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. മലയാളത്തിൽ ആദ്യമായി കൊണ്ടുവരുന്നത് തമ്പി കണ്ണന്താനമാണ്.
ഇതിവൃത്തത്തിലും അവതരണത്തിലും ഒട്ടേറെ പുതുമകളുള്ള രാജാവിന്റെ മകന്റെ തിരക്കഥയും സംഭാഷണവും ഡെന്നീസ് ജോസഫിന്റേതാണ്. മോഹൻലാൽ, അംബിക, രതീഷ്, അടൂർ ഭാസി, ജോസ് പ്രകാശ്, മാസ്റ്റർ പ്രമോദ് തുടങ്ങിയവരാണ് അഭിനേതാക്കൾ.
ഏപ്രിൽ 16-ാം തീയതി മദ്രാസ്സിലെ ജെമിനി സ്റ്റുഡിയോവിൽ വെച്ച് രാജാവിന്റെ മകന്റെ ഗാനങ്ങൾ റിക്കാർഡു ചെയ്തു.
ദേവാംഗനേ ദേവസുന്ദരീ
രാഗാർദ്രയാംഗോപകന്യകയേ
ഈ കായലോരം കേളിഗൃഹം
അലമാലകൾ തിരമാലകൾ -
ആടിപ്പാടിത്തീരത്തോടുന്നു.
ഷിബുവിന്റെ ഈ ഗാനം ഉണ്ണിമേനോൻ ആലപിച്ചു. തുടർന്നു ലതിക പാടിയ “പാടാം ഞാൻ ആ ഗാനം, വീണ്ടും ഇതാ ഇതാ ഇതാ” എന്നു തുടങ്ങുന്ന ഗാനവും ടേപ്പിൽ പകർത്തി. ഈ വർഷത്തെ മൂന്നു ഹിറ്റ് ഗാനങ്ങൾ രാജാവിന്റെ മകന്റെ പ്രത്യേകതയാണ്. ഒപ്പം പുതിയ സംഗീതസംവിധായകന്റെ അരങ്ങേറ്റവും.
ഏപ്രിൽ ഇരുപത്തിയെട്ടിന് ചിത്രീകരണം ആരംഭിക്കുന്ന രാജാവിന്റെ മകൻ ജൂബിലി പിക്ചേഴ്സ് പ്രദർശനശാലകളിലെത്തിക്കുന്നു.

1986 മെയ് 14 ചലച്ചിത്രം വാരികയിൽ പ്രസിദ്ധീകരിച്ചത്.
©Chalachithram/1986