
Chalacithram
ഭാഗ്യരാജിന്റെ “മുന്താണൈ മുടിച്ചു” എന്ന ചിത്രത്തിലൂടെ പേരെടുത്ത ഉർവശി ഇന്നു മലയാളത്തിലെ ഒന്നാം കിട നായികമാരുടെ ഒപ്പം തിരക്കുള്ള നടിയായി കഴിഞ്ഞിരിക്കുന്നു. ഉർവശിയുടെ കുടുംബത്തിൽ എല്ലാവരും തന്നെ അഭിനയപാടവമുള്ളവരാണെങ്കിൽത്തന്നെയും കവിതയെന്ന ഉർവശിയാണ് ഇപ്പോൾ മുൻനിരയിൽ നിൽക്കുന്നത്. ചേച്ചിമാരായ കൽപ്പനയും, കലാരഞ്ജിനിയും, അനിയന്മാരായ കമൽ, പ്രിൻസ് എന്നിവരും അമ്മ വിജയലക്ഷ്മിയും അഭിനേതാക്കൾ തന്നെ.
“മുന്താണൈ മുടിച്ചു” എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ നായികയായി അഭിനയിച്ചു അംഗീകാരം നേടിയ ഉർവശി തമിഴിലെ സൂപ്പർസ്റ്റാർ ആയിരുന്നു. “എതിർപ്പുകൾ” എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും ഉർവശിയെ മലയാളത്തിലെ ഒന്നാം നിലയിലെക്ക് ഉയർത്തിയത് ബാലചന്ദ്രമേനോന്റെ “എന്റെ അമ്മു നിന്റെ ചക്കി, അവരുടെ തുളസി” എന്ന ചിത്രമായിരുന്നു. തുടർന്ന് അരങ്ങ് തകർത്ത് അഭിനയം കാഴ്ചവെച്ച ഉർവശിയും മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിൽ ശ്രദ്ധിക്കപ്പെടുന്നതിനു മുമ്പ് തമിഴ് തെലുങ്ക് എന്നീ ഭാഷ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

അഭിനയ സാധ്യതയുള്ള നല്ല പ്രമേയങ്ങൾ ആണെങ്കിൽ ഡേറ്റോ, പ്രതിഫലമോ കാര്യമാക്കാതെ അഭിനയിക്കാൻ ഉർവശി ഒരുക്കമാണ്. മുന്താണൈ മുടിച്ചു, രൂറൽ നിന്റെ പോച്ചു, ഉയരുള്ളവരെ ഉഷ എന്നീ ചിത്രങ്ങളുടെ ഹിന്ദി പതിപ്പിൽ അഭിനയിക്കുന്നതിന് ലഭിച്ച ഓഫറുകളും നിരസിക്കുകയാണ് ഉണ്ടായത്. ഇതിന് കാരണം തുടർച്ചയായിട്ടുള്ള ഡേറ്റുകളുടെ പ്രശ്നമായിരുന്നു. അഭിനയത്തിന് ഭാഷ ഒരു തടസവും സൃഷ്ടിക്കുന്നില്ല എന്നാണ് വ്യത്യസ്ത ഭാഷകളിൽ അനായാസേന അഭിനയിക്കുന്ന ഉർവശിയുടെ അഭിപ്രായം. കഥാപാത്രത്തിന്റെ സ്വഭാവം, ചലനം തുടങ്ങിയവ ആഴത്തിൽ മനസ്സിലാക്കി കഴിഞ്ഞാൽ പിന്നെ അഭിനയം വെറും ഈസി ആണെന്നാണ് ഉർവശിയുടെ അഭിപ്രായം. മലയാളത്തിൽ ഉർവശിയുടെ പുറത്തിറങ്ങിയതും പുറത്തിറങ്ങാൻ ഇരിക്കുന്നതുമായ നിരവധി ചിത്രങ്ങൾ ഉണ്ട്.
പ്രശസ്തിയുടെ മട്ടുപ്പാവിലാണ് ഇപ്പോൾ ഉർവശി നിൽക്കുന്നതെങ്കിലും അതിന്റെ അഹങ്കാരമോ, ഗർവോ ഇല്ല. തുറന്ന സംസാരവും വിനയപൂർവ്വമുള്ള പെരുമാറ്റവും ഉർവശിയുടെ പ്രത്യേകതകളാണ്. എന്നാൽ ഒരു ദുഃഖം മാത്രം ബാക്കി അവശേഷിക്കുന്നു. തന്റെ ഈ പ്രശസ്തിയിൽ അനുമോദിക്കുന്നതിനും ഇടനേരങ്ങളിൽ സല്ലപിക്കുന്നതിനും അച്ഛൻ അടുത്തില്ലായെന്നത്. ഇത് ഉർവശിക്ക് മാത്രമുള്ള അനുഭവമല്ല മറ്റു കുടുംബാംഗങ്ങളെ എല്ലാം ഒരുപോലെ വേദനിപ്പിക്കുകയാണ്.
1988 മാർച്ച് 03 ലക്കം ചലച്ചിത്രം വാരികയിൽ പ്രസിദ്ധീകരിച്ച കെ. തയ്യാറാക്കിയ റിപ്പോർട്ട്.
©Chalachithram/1988


