
കാറ്റിന്റെ ശക്തിയും പ്രസരവും അനുസരിച്ച് വിസ്തൃതമായ മരുഭൂമിയിൽ മണൽക്കുന്നുകൾ പൊങ്ങുകയും അതില്ലാതാകുകയും ചെയ്യുന്നു. ഈ പ്രകൃതിനിയമം പോലെ അഭിവൃദ്ധി പദ്ധതികൾ ഒരിക്കലാരംഭിക്കുകയും അതേ തോതിൽ മന്ദഗതിയിലാവുകയോ, മാറ്റി വെക്കുകയോ ചെയ്യാറുള്ള ഒരു എണ്ണരാജ്യമാണ് അറേബ്യൻ ഗൾഫിലെ അബുദാബി. വിദേശികൾ പല പ്രകാരേണയും തിക്കിത്തിരക്കി ഇവിടെ എത്തി. ഒടുവിൽ തൊഴിലില്ലാതെ, കച്ചവടമില്ലാതെ നിരാശരായ കുറേ അധികം പേർ ഉന്മേഷരഹിതരായി കഴിയുന്നു. ഇവരിൽ മലയാളികൾ ഗണനീയമാണ്.
അടുത്തകാലം തൊട്ട് മാത്രം പ്രസിദ്ധമായ അബുദാബിയിൽ അവിടെയുള്ള മലയാളികളെപ്പറ്റി എഴുതുമ്പോൾ ഒരു പുതിയ നഗരവും അതിലെ മലയാളികളും എന്നാക്കി ചുരുക്കേണ്ടിവരുന്നു.
പത്തൊമ്പതാം ശതകത്തിന്റെ ആരംഭം മുതലിങ്ങോട്ട് ഈ പ്രദേശത്തിന്റെ രേഖകൾ കാണാം. അബുദാബിയുടെ ചരിത്ര വശം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഈ ലേഖകൻ ഇതിനുമുമ്പെഴുതിയതിനാല് ആ ഭാഗം സ്പർശിക്കുന്നില്ല. മീൻപിടുത്തക്കാരുടെ കൊച്ചുഗ്രാമമായിരുന്ന അബുദാബിയിൽ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം എണ്ണയ്ക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചു. ഖനനം തുടങ്ങിയതോടെ മാത്രമാണ് ആളുകൾ ആകൃഷ്ടരായത്. മലയാളികളും അപൂർവ്വമായി ദുബൈയിൽ നിന്നും വന്നു പോയുമിരുന്നു.
ആദ്യം ഇവിടെ താമസമുറപ്പിച്ച മലയാളി ബ്രിട്ടീഷ് പൊളിറ്റിക്കൽ ഏജൻസിയിലെ ഉദ്യോഗസ്ഥനായിരുന്ന പാലക്കാട് സ്വദേശി അയ്യരായിരുന്നു. ഇവിടെ വന്ന ആദ്യത്തെ മലയാളി കുടുംബവും അദ്ദേഹത്തിന്റേതായിരുന്നു. പിന്നാലെ എത്തിയ കെ. അബ്ദുള്ള ആദ്യത്തെ മലയാള ചായക്കടയും തുടങ്ങി. അന്നവിടെ സന്ദർശിച്ചിരുന്ന മലയാളികൾ അബ്ദുള്ളയുടെ ചായപ്പീടികയിൽ കയറാതെ മടങ്ങാറില്ല. അരി വേവിക്കലും കറി, ചായ മുതലായവ ഉണ്ടാക്കലും ഉപ്പ് വെള്ളത്തിലായിരുന്നു. ശുദ്ധജലം കിട്ടാനുണ്ടായിരുന്നില്ല. പിന്നീട് ആഫീസ് ജോലിക്കാരനായി വന്ന ഒന്ന് രണ്ട് ക്ലാർക്കുമാർ എണ്ണക്കമ്പനികളായ എ. ഡി. എം. എ. (അഡ്‌മ, ബി. പി.) എന്നിവയിലാണ്. അതിൽ മുമ്പനാണ് അഡ്‌മയിൽ 1956-ൽ എത്തിയ മി. ജോർജ് കോശി. ആ ശ്മശാനസമാനമായിരുന്ന മരുഭൂമിയിൽ തുടർന്നെത്തിയ മലയാളികൾ ചായക്കട തുറക്കണമെന്ന മോഹമുള്ളവരും അവരുടെ ജോലിക്കാരുമാണ്. 1959-ൽ അബുദാബി പെട്രോളിയം കമ്പനിയുടെ ആഫീസിൽ ചീഫ് ക്ലർക്കായി ദുബൈയിൽ നിന്നു ശ്രീ സി. പി. മാത്യൂസ് ഇവിടെ എത്തി. നല്ലപോലെ അറബി സംസാരിക്കുന്ന യുവാവായ സി. പി.ക്ക് അന്നത്തെ ഭരണകുടുംബത്തോടും നാട്ടുകാരോടും കൈകോർത്തിണങ്ങാൻ വിഷമമുണ്ടായില്ല. സഹൃദയനും സരസനുമായ സി. പി.യായിരുന്നു ആ കാലങ്ങളിൽ ജോലി അന്വേഷിച്ചു വരുന്ന മലയാളികളുടേയും അതുപോലെ മറ്റു ദേശക്കാരുടേയും ആശാകേന്ദ്രം.
എ. ഡി. പി. സി, അഡ്‌മ അതോടനുബന്ധിച്ച കോൺട്രാക്റ്റർ കമ്പനികൾ, കമ്പി(യില്ലാ കമ്പി) ആഫീസ്, തിരക്കില്ലാത്ത രണ്ടു മൂന്നു ബാങ്കുകൾ എന്നിവയായിരുന്നു അന്നത്തെ ഏതാനും മുഖ്യ സ്ഥാപനങ്ങൾ. ഏതെങ്കിലും ഓഫീസിൽ ഒരു മലയാളി ഉണ്ടെന്നറിഞ്ഞാൽ അവരെ ചെന്നു കാണാമെന്ന ആവേശമാണല്ലോ ഓരോ മറുനാടൻ മലയാളിയിലുമുണ്ടാവുന്നത്. സ്ഥാനത്തിരിക്കുന്നവർ സ്ഥലത്തെ പ്രധാന ദിവ്യനും സ്നേഹസമ്പന്നനും കൂടിയാണെങ്കിൽ ചിലപ്പോൾ സ്വൈര്യമായി അവർക്കൊപ്പം കിടന്നുറങ്ങിയെന്നും വരും. സി. പി.യുടെ കഥ അതായിരുന്നു.

അബുദാബിയിൽ ശീതളപാനീയം വിൽക്കുന്ന മലയാളികൾ
മലയാളിപ്രവാഹം
1960 അവസാനത്തോടെയാണ് കേരളീയർ ധാരാളമായി ഇവിടെ വരാൻ തുടങ്ങിയത്. 1966 ആഗസ്റ്റ് മാസം ശൈഖ് സായിദ് ബിൻ സുൽത്താൻ അധികാരത്തിൽ വന്നതോടെ വികസനപദ്ധതികൾ റോക്കറ്റുപോലെ കുതിച്ചുയരാൻ തുടങ്ങിയപ്പോൾ മറ്റു നാട്ടുകാരെപ്പോലെ മലയാളികളും ഒഴുകി വന്നുതുടങ്ങി.
ഇവിടെയുള്ള മൂവായിരത്തഞ്ഞൂറിലധികം വരുന്ന മലയാളികളെ നാലു തരത്തിൽപ്പെടുത്താം. ഒന്ന് ചില്ലറ വ്യാപാരം ചെയ്തു ജീവിക്കുന്നവർ. പച്ചമരുന്നുകൾ വിൽപനക്കാരും ബീഡി തെറുപ്പുകമ്പനിയും ഒഴികെ മറ്റെല്ലാവിധ കച്ചവടങ്ങളും ഇവരിലുണ്ട്. കേരളം മലബാർ മുതലായ പേരുകൾ കൂടാതെ സ്വന്തം മക്കളുടെയോ ഹൈന്ദവ ദൈവങ്ങളുടെയോ പേർ ഷോപ്പുകൾക്ക് നൽകിയിരിക്കും. ജീവിച്ചിരിക്കുന്ന ദൈവങ്ങളുടെ നാമം പോലും ഒഴിവാക്കാത്തവരുണ്ട്. ഇവർ സ്വന്തം കാലിൽ നിൽക്കുന്നവരാണ്. രണ്ടാമത്തെ വിഭാഗത്തിൽ പെടുത്താം. എണ്ണക്കമ്പനികളിൽ തൊഴിൽ കരാറുള്ളവരെ. പ്രത്യേക ജീവിതപ്രശ്നങ്ങളൊന്നും അവർക്കില്ല. നിയമാനുസൃതം കമ്പനി അവരുടെ കാര്യങ്ങൾ നോക്കിക്കൊള്ളും. വീട്, വെള്ളം, മരുന്ന് എന്നിവയെല്ലാം സൗജന്യമായി അവർക്ക് ലഭിക്കുന്നു. അതുകൊണ്ടുതന്നെ അവരിൽ ചിലർക്ക് ആവശ്യത്തിലേറെ സമയം ലഭിക്കുന്നുണ്ട്. ഗവൺമെന്റ് സർവീസിലുള്ള ചിലർക്കും ഇത്തരം ആനുകൂല്യങ്ങളുണ്ട്. നിയമവിധേയമായി ഇവിടെ എത്തി ചില്ലറ ജോലി ചെയ്യുന്നവരെ മൂന്നാം വിഭാഗത്തിൽ പെടുത്താം. അവരാണ് മലയാളികളിൽ ഭൂരിപക്ഷവും. ജീവിത ഭാരലഘൂകരണത്തിനു അവർ സ്വയം പാടുപെടണം. ആനുകൂല്യങ്ങൾ മുതലാളിയുടെ ദയക്കനുസരിച്ചിരിക്കും. അവകാശങ്ങൾ ചോദിച്ചാൽ തൽക്കാലം ഇവിടെ നിൽക്കാനുള്ള വിസ പിൻവലിച്ചേക്കുമോ എന്നും മറ്റുമുള്ള പ്രധാന പ്രശ്നങ്ങളെ ഭയന്ന് ഏതു പരിസ്ഥിതിയിലും ജോലിയെടുക്കാനും ജീവിക്കാനും അവൻ സന്നദ്ധനുമാണ്. ചിലപ്പോൾ വിസ വല്ലവരുടേതും ജോലി മറ്റൊരിടത്തുമായിരിക്കും.

അബുദാബി മലയാളികൾ - അല്പം സൊള്ളൽ, കുറച്ച് കടിയും
കള്ളക്കടത്തുക്കാർ
ഒടുവിലത്തെ തരത്തിലുള്ളവരാണ് അനധികൃതമായി കടന്നു വന്നവർ. മനുഷ്യരെ കള്ളക്കടത്തായി കൊണ്ടു വരുന്ന യന്ത്രവൽകൃത പത്തേമാരികൾ ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലുമുണ്ട്. മുമ്പ് സിലോണിലേക്ക് (ശ്രീലങ്ക) തൂത്തുക്കുടിയിൽ നിന്നും ചിറ്റഗോംഗിൽ നിന്ന് ബർമ്മയിലേക്കും ഇന്ത്യക്കാർ ഇത്തരത്തിൽ പോയിക്കൊണ്ടിരുന്നു. ഇതുപോലെ ബഹറിൻ — സൗദി അറേബ്യ, ഇറാൻ — മസ്കറ്റ്, പശ്ചിമ ബംഗാൾ — കിഴക്കൻ പാകിസ്ഥാൻ, ഹോങ്കോങ് — കമ്മ്യൂണിസ്റ്റ് ചൈന, മൊറോക്കോ — ആഫ്രിക്ക, കിഴക്കൻ ജർമ്മനി — പടിഞ്ഞാറൻ ജർമ്മനി, തുർക്കി — സൈപ്രസ് എന്നിവിടങ്ങളിലെല്ലാം മനുഷ്യ കള്ളക്കടത്ത് വ്യാപാരമുണ്ട്. കടൽവഴിയായും കരവഴിയായും. എത്രയോ കാലങ്ങളായി കിഴക്കൻ ആഫ്രിക്കയിൽ നിന്ന് അടിമകളെ മസ്കറ്റ് വഴി അറേബ്യയിൽ കൊണ്ടുവന്നു വിൽക്കുന്നു. മറ്റേതു കാര്യത്തെപ്പോലെ നിയമത്തിന് പറ്റെ തടയാൻ സാധിക്കാത്ത ഒരേർപ്പാടാണിത്. അങ്ങനെ വന്ന നൂറുകണക്കായ മലയാളികൾ ഇവിടെയുമുണ്ട്. ഒന്നുകിൽ പാസ്പോർട്ട് എടുത്തിരിക്കില്ല. അല്ലെങ്കിൽ ഇവിടെ എൻ. ഒ. സി. ലഭിച്ചിരിക്കില്ല. ഇത്തരക്കാരിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവരും കുറവല്ല. വന്നകപ്പെട്ടവർക്ക് ഇന്ത്യൻ പാസ്പോർട്ട് കിട്ടുന്നതിലും ഒന്നോ രണ്ടോ വർഷങ്ങൾ വേല ചെയ്ത് നാട്ടിലേക്ക് തിരിച്ചു പോകുന്നതിനും ഇപ്പോഴേ സാധിക്കാതെ വരുന്നു. മാത്രമല്ല പാസ്പോർട്ടില്ലാത്തതിനാൽ നല്ല ജോലികൾ പോലും നഷ്ടപ്പെടുന്നുണ്ട്.
ഗവൺമെന്റിന്റെ യാത്രാനുവാദ പത്രമില്ലാത്ത വിദേശയാത്ര കുറ്റാർഹമാണ്. എന്നാലും മറ്റൊരു മിത്രരാജ്യത്തെത്തിച്ചേർന്നവർക്ക് സ്വദേശത്തേക്ക് തിരിച്ചു പോകാൻ അനുവാദം നൽകുന്നതെന്ന നിയമം ശാസിക്കുന്നെങ്കിൽ അത് തിരുത്തുക തന്നെ വേണം. ഇല്ലെങ്കിൽ അന്വേഷണത്തിന് ശേഷം ഇന്ത്യൻ പൗരനാണെന്നു തെളിഞ്ഞാൽ മടങ്ങി പോകുന്നതിന് അനുവദിക്കേണ്ടതല്ലേ. ആദ്യം അവർ ചെയ്ത കുറ്റത്തിന് കേസെടുക്കുകയും ചെയ്യും. ജീവിതമാർഗ്ഗം തേടിയാണവർ മറുനാട്ടിലേക്ക് പോകുന്നത്. രാജ്യത്തിന് അതുകൊണ്ട് ദോഷമുണ്ടായിട്ടില്ല. എന്തെല്ലാം ത്യാഗങ്ങൾ സഹിച്ചാണ് യാത്രയൊരുങ്ങുന്നതെന്ന് അടുത്തകാലത്തെ പത്രങ്ങൾ പറഞ്ഞു തരുന്നു.

മലയാളി സദസ്സ്
സ്വർണ്ണ വിള
അറേബ്യൻ ഗൾഫിലെത്തിയാൽ സ്വർണ്ണക്കട്ടികളുമായി തിരിച്ചുവരാമെന്ന ധാരണ ഇപ്പോഴും ചിലർക്കുണ്ട്. പണ്ട് ഇബ്നു സൗദ് രാജാവ് എണ്ണ കുഴിച്ചെടുക്കുന്നതിന് പ്രതിഫലമായി അമേരിക്കൻ എണ്ണക്കമ്പനിയോട് പവൻനാണയങ്ങൾ ആവശ്യപ്പെട്ടു. അതനുസരിച്ച് കമ്പനി ആയിരക്കണക്കിന് നാണയം കൊടുക്കുകയും ചെയ്തു. അന്ന് പേർഷ്യൻ ഗൾഫിലെ ഏക ആശാകേന്ദ്രമായ ബഹ്റൈനിൽ ജോലി ചെയ്തിരുന്ന സ്വല്പം ഇന്ത്യക്കാർ നാട്ടിലേക്ക് വരുമ്പോൾ സൗദി അറേബ്യയിൽ നിന്ന് കടന്നുവന്ന പവൻ ബോംബെ കസ്റ്റംസുകാരുടെ കണ്ണുവെട്ടിച്ചുകൊണ്ടോ അല്ലാതെയോ തന്നെ നാട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ആ കഥ ഇന്നും ചിലർ മറന്നിട്ടില്ല. കാലവും മാറി.
അഭിവൃദ്ധിപദ്ധതികൾക്കായി ഒരു വമ്പിച്ച തുക നീക്കിവെച്ചത് അബുദാബി ഗവണ്മെന്റ് രേഖകളിൽ കാണാം. നിഷ്കൃഷ്ടമായ നിയന്ത്രണമില്ലാത്ത സാമ്പത്തിക പ്രവാഹം കുറെയെല്ലാം ദുർവ്യയം ആണെന്ന് പിന്നീട് തെളിഞ്ഞതോടെ തിരക്കിട്ട മുന്നേറ്റം മന്ദീഭവിച്ചു. ഇപ്പോൾ ചുരം കയറുന്ന ആനയുടെ വേഗതയേ അതിനുള്ളൂ. വിമാനത്താവളം, നിരത്തുകൾ, പാഠശാലകൾ, ആശുപത്രി, നാട്ടുകാർക്ക് കുറേ വീടുകൾ, മാർക്കറ്റ്, അലങ്കാരത്തിനായി കൊച്ചുതോട്ടങ്ങൾ, ജലധാരയന്ത്രങ്ങൾ എന്നിവയെല്ലാം മൂന്ന് വർഷത്തിനകം പണിതീർത്തു. ലവണജലശുദ്ധീകരണശാല വിദ്യുച്ഛക്തിക്കുവേണ്ടി ടർബൈൻ യന്ത്രം എന്നിവ പൂർത്തിയായി വരികയാണ്. ടെലിവിഷനും ഉണ്ട്. പോർവിമാനങ്ങളും പട്ടാളവും പടക്കപ്പലും ഇല്ലാത്ത കുറവും ശൈഖിനില്ല. നാടിനും നാട്ടുകാർക്കും ഇതെല്ലാം ആശ്വാസത്തിന് വക നൽകുന്നു. പക്ഷേ മറ്റ് ഒഴിഞ്ഞു കിടക്കുന്നിടത്തേക്ക് കെട്ടിടങ്ങൾ വെക്കാൻ ശൈഖിന്റെ കുടുംബങ്ങളൊഴിച്ച് ഏതാനും നാട്ടുകാരും കുറച്ചു പണവും മാത്രമേ ഉള്ളൂ. അതായത് ഇത്തരം നാട്ടുകളിൽ ഉയർച്ചക്കൊരു പരിധിയുണ്ട്. കൂടാതെ അടുത്തുള്ള ദുബൈ പോലെ ഇത്രയേറെ വ്യാപാര കേന്ദ്രമോ അധികം ജനസംഖ്യ ഉള്ള നഗരമല്ല. ഹാർബർ പൂർത്തിയാക്കി കഴിഞ്ഞാൽ എണ്ണശുദ്ധീകരണശാല പോലുള്ള ചിലത് അബുദാബിയിൽ ഉണ്ടായേക്കാം. ഈ ഗതിവിഗതികളനുസരിച്ച് ഗൾഫിലെ മറ്റു എല്ലാ നാടുകളെപ്പോലെ തൊഴിൽനില കുറഞ്ഞുകൂടിയിരിക്കും. അബുദാബിയിൽ ഇപ്പോൾ തൊഴിലില്ലായ്മ വർദ്ധിച്ചിട്ടും മലയാളികളുടെ ഒഴുക്കിന് വിരാമമൊന്നും പറ്റിയിട്ടില്ല. ഇവിടത്തെ കച്ചവടഭാഷതന്നെ മലയാളമാണെന്ന് പറയാം. ഏത് ആഫീസിൽ ചെന്നാലും കച്ചവടസ്ഥലങ്ങളിൽ ചെന്നാലും നിങ്ങളുടെ ആവശ്യം മലയാളത്തിൽ പറഞ്ഞാൽ മതി. നിങ്ങൾ സമീപിച്ച ആൾ മലയാളി അല്ലെങ്കിൽ തന്നെ അടുത്തൊരാൾ മലയാളിയുണ്ടാവും. ഏതു മൂലയിൽ ചെന്നാലും കേൾക്കാം. ഹോട്ടലുകളിൽ നിന്ന മലയാളഗാനങ്ങൾ തുടർച്ചയായി പ്രവഹിക്കുന്നത്. സിനിമശാലകളിൽ സോഡാ ലമനേഡ് കടല പൊരി വിൽക്കുന്നവർ നൂറു ശതമാനം മലയാളികളാണ്. പെട്രോൾ പമ്പുകളിലും നിറത്തുവക്കിൽ നാലു ചക്രത്തിന്മേൽ കെട്ടിയുണ്ടാക്കിയ പെട്ടിപ്പീടികകളിലും ഭൂരിപക്ഷം അവരാണ്. സായ്പന്മാരുടെ പാചകക്കാരായും വീട്ടുവേലക്കാരായും അനവധി മലയാളികളുണ്ട്.

മലയാളികളുടെ ഗാനമേള
നഴ്‌സ്‌മാർ
ആശുപത്രിയിൽ ഒന്ന് കണ്ണോടിച്ചാൽ ചുറ്റും കാണാം. പല നിറത്തിലും പ്രായത്തിലും ആകൃതിയിലും ഭാവത്തിലുമുള്ള മലയാളീ നഴ്‌സ്‌മാർ. മിസ്സും മിസിസും. അറുപത് ശതമാനത്തിലധികമുള്ള ഇവരിൽ പലരും ബോംബെയിലും ഗൾഫിലെ മറ്റിടങ്ങളിലും സർവ്വീസിലുള്ളവരായിരുന്നു. ആതുരശുശ്രൂഷയ്ക്കായി വന്ന അവർ അറബികളോടും അല്ലാത്തവരോടും വളരെ മമതയിലാണ് പെരുമാറ്റം. അങ്ങനെ അരമനയിലും അടുക്കളയിലും നിങ്ങൾക്ക് മലയാളികളെ കാണാം. എന്നാൽ അറബി താലികെട്ടി കൊണ്ടുവന്ന മലയാളീ പെണ്ണുങ്ങളെ അന്വേഷണത്തിൽ കണ്ടെത്തിയില്ല.
ആദ്യമായി പ്രൈവറ്റ് പ്രാക്ടീസ് തുടങ്ങിയ മലയാളി ലേഡി ഡോക്ടർ മിസ്സിസ്സ് എലിസബത്ത് മാത്യുസാണ്. മലയാളി കുടുംബങ്ങൾക്ക് അവർ ഒരനുഗ്രഹമാണ്. ഗവണ്മെന്റ് സർവ്വീസിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർ മിസ്സിസ്സ് ആൽഫ്രഡ്. അടുത്തായി ചില ക്ലിനിക്കുകളിൽ ഒന്നുരണ്ടു മലയാളി ഡോക്ടർമാരും വന്നിട്ടുണ്ട്.
പത്തിരുപതു വർഷത്തെ കുടിയേറ്റ ചരിത്രം മാത്രമുള്ള അബുദാബി മലയാളികൾ ഈ നാട്ടിൽ പ്രത്യേക വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. ഹൗസ്ബോയ് മുതൽ ആഫീസ് ജോലിക്കാർ വരെ, കൂലിവേലക്കാർ തുടങ്ങി കച്ചവടക്കാർ വരെയുള്ള ഏതൊരു മലയാളിയും പ്രയാസങ്ങൾ സഹിച്ചു പ്രവർത്തിക്കുമെന്നതാണ് ഇതിന് കാരണം. ഇടയിൽ ചില കുസൃതിപ്പുഴുക്കളും വന്നെത്തിയിട്ടില്ലെന്നില്ല. വിദേശമദ്യത്തിന്റെ പെർമിറ്റുള്ളവരിൽ ചിലർ അതു വിറ്റു കാശാക്കുന്നുണ്ടെന്ന ആക്ഷേപം ചിലർ കേൾക്കാറുണ്ട്. എൻ. ഒ. സി. ക്കു വേണ്ടുന്ന രേഖ കൃത്രിമമായുണ്ടാക്കി ഓരോന്നും രണ്ടോ മൂന്നോ ആയിരം രൂപയ്ക്കു വിറ്റഴിച്ചത് അധികൃതർ കണ്ടുപിടിച്ചതോടെ ജയിലിൽ പോയവരും അറബികളോട് കിട്ടാവുന്നിടത്തോളം കടം വാങ്ങി കച്ചവടം ആരംഭിച്ച് കട അവരറിയാതെ കാലിയാക്കി പൂട്ടി രക്ഷപ്പെട്ടവരും കുറച്ചൊക്കെയുണ്ട്.

മലയാളി വനിതകൾ
വിവാഹമാർക്കറ്റിൽ
അബുദാബിയിലെ ഉല്പന്നം പണമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ് നാട്ടിൽ കഴിയുന്ന കേരളീയരിൽ ഒരു ഭാഗം. നാട്ടിലെത്തുന്നവരുടെ കുറച്ചു ദിവസത്തെ ആർഭാടത്തെയും ചില ഭാഗ്യവാന്മാരെയും കാണുമ്പോഴാണ് ഈ തോന്നൽ. ഒരു ടെറിലിൻ ഷർട്ടും പേന്റും തോളിലൊരു ക്യാമറയുമായി തിരിച്ചെത്തുന്ന അവിവാഹിതർക്ക് വിദ്യാഭ്യാസമുള്ള ഒരു പെണ്ണും പ്രതിഫലമായി കുറേ പണവും കിട്ടാൻ വിവാഹദല്ലാളന്മാരുടെ ചങ്ങലയൊന്നും ആവശ്യമില്ല. ഗൾഫുകാരൻ ബണ്ടൽ മാസ്റ്ററാണെങ്കിൽ പിന്നാലെ ഓടുന്നവരുടെ എണ്ണം കൂടും. താൻ ജോലി ചെയ്യുന്ന കമ്പനിയുടെ പേര് പോലും ഉച്ചരിക്കാൻ സാധിക്കാത്തവർ ആന മാർക്ക് എണ്ണക്കമ്പനിയിലാണ് ജോലി എന്നു തട്ടിവിടും. ജോലി പാചകപ്പണിയോ വീട്ടുപണിയോ ആണെന്നറിയുന്നത് വിവാഹത്തിന് ശേഷവുമായിരിക്കും. എന്നാലുമെന്താ കളക്ടറേക്കാളധികം ശമ്പളമുണ്ടെന്നാണ് പെൺകുട്ടിയുടെ രക്ഷിതാക്കളുടെ ആശ്വാസം. വധു ആഫീസ് ജോലി ചെയ്യുന്നവളായാൽ കൊള്ളാമെന്നാണ് ചിലരുടെ ഇംഗിതം. നേഴ്സിനെ കിട്ടിയാൽ മറ്റൊന്നും നോക്കേണ്ട എന്നുണ്ട് വേറെ ചിലർക്ക്. ഭർത്താവിനേക്കാളും ശമ്പളം പറ്റുന്ന നേഴ്സ് ഇവിടെ കുറവല്ല. ഓവർ ടൈം വേറെയും. മാന്യമായി ജീവിക്കുന്ന ഒരാൾക്ക് ശമ്പളത്തിനനുസരിച്ച് ചിലവും ഉണ്ട്. ഒരു പാർട്ടി കഴിച്ചാൽ അര മാസത്തെ ശമ്പളം ചിലവുപട്ടികയിൽ അന്നുതന്നെ കുറിക്കണം. വൈകുന്നേരം വിരുന്നുകാരില്ലെങ്കിൽ വിസിറ്റിനു പോകാനുണ്ടാകാം. അല്ലെങ്കിൽ ക്ലബ്ബിലേയ്ക്ക്, സമാജത്തിലേയ്ക്ക്, ഇങ്ങനെയാണ് വൈറ്റ് കോളർ വർഗ്ഗക്കാരുടെ ജീവിതം. ഇടയ്ക്ക് ഷോപ്പിങ്ങിനും. ചെറിയ ചെറിയ കടകളുമായി ദിനരാത്രം ഒരിടത്തിരുന്ന് കഴിയുന്നവരാണ് നാട്ടിൽ കാശുണ്ടാക്കുന്നവരിലധികവും. ഇടയ്ക്ക് കുറേ വില്പനസാധനങ്ങളുമായി ബോംബെയിൽ ചെന്ന് വിറ്റു കാശു ശേഖരിക്കുന്നവരും ഏറെയാണ്. അബുദാബി ഭരണാതിർത്തിയിൽ പെട്ട ബുറൈമി മരുപ്പച്ചയിലും ധാരാളം മലയാളികളുണ്ട്.

എയർപോർട്ട് ഫയർ സർവീസ് വോളിബോൾ ടീം. എല്ലാം മലയാളികളാണ്. നടുവിൽ ഇരിക്കുന്നത് ക്യാപ്റ്റൻ എം.എ. കരീം
വോളിബോൾ
ട്രൂ സിയൽ സ്റ്റേറ്റ്സിൽ ഏറ്റവും മികച്ചുനിൽക്കുന്നു അബുദാബി എയർപോർട്ട് ഫയർസർവ്വീസ് വോളിബോൾ ടീം. ആ ടീമിലെ കളിക്കാരെല്ലാംതന്നെ മലയാളികളാണ്. ഫയർ ആഫീസറും, ടീംമാനേജറുമായ ഏഡൻകാരൻ മി. എച്ച്. ഹസ്സനി ഒരു സ്പോർട്സ് കമ്പക്കാരനാണെന്നു മാത്രമല്ല തന്റെ ടീമിനെ കിടയറ്റതാക്കാൻ ആവശ്യമായ ഒത്താശകൾ കളിക്കാർക്ക് നൽകുകയും ചെയ്യുന്നു. അമേരിക്കൻ നേവി, അറബി നാഷണൽക്ലബ്ബ്, ഇന്ത്യൻ നേവി, പാക്കിസ്ഥാൻ അസോസിയേറ്റഡ് ടീം, ദുബൈ ഫയർസർവ്വീസ്, ദാസ് ഐലൻഡ് ടീം മുതലായ സന്ദർശകടീമുകളോടും അടുത്ത പ്രദേശങ്ങളിലുള്ള ടീമുകളോടും അവർ ഏറ്റുമുട്ടി വിജയം നേടി. ഇന്നുവരെയുള്ള വിജയത്തിന് കാരണം ടീം ക്യാപ്റ്റനായ ചിറയിൻകീഴിൽ എം. എ. കരീമാണ്. സമർത്ഥനായ ഒരു കളിക്കാരനാണെന്നതിന് പുറമെ ഒരു വിദേശ സ്റ്റേജ് നടൻ കൂടിയാണ് കരീം. അദ്ദേഹം ഉൾക്കൊള്ളുന്ന നാടകം ഇവിടത്തെ മലയാളിസമാജത്തിൽ അവതരിപ്പിക്കുമ്പോൾ ആഡിറ്റോറിയത്തിൽ തിക്കും തിരക്കുമായിരിക്കും.
മലയാളികളുടെ വർദ്ധനവോടെ ഇവിടെ ഒരു മലയാളിസമാജം രൂപീകരിക്കേണ്ടത് ഒരാവശ്യമായിത്തീർന്നു. അത് വഴിയാണ് 1968-ൽ മലയാളിസമാജത്തിന്റെ പിറവി. ട്രൂ സിയൽ സ്റ്റേറ്റ്സിലെ ആദ്യത്തെ മലയാളിസമാജം. അതിന്റെ ശില്പികളിൽ ഇ. എസ്. മേനോൻ, പി. ആർ. പി. നായർ, സി. ജി. കുട്ടി, വി. പി. ബി. നായർ എന്നിവരുടെയും കെട്ടിപ്പടുക്കുന്നതിൽ സി. പി. ജോൺ, സുശീലൻ, എം. രാമദാസ്, എ. ഹമീദ്, സി. ജി. നമ്പ്യാർ മുതലായവരുടെയും സേവനങ്ങൾ അമൂല്യമാണെന്ന് സമാജത്തിന്റെ ആദ്യത്തെ പ്രസിഡൻറ് എന്ന നിലയിൽ ഈ ലേഖകന് രേഖപ്പെടുത്താം. ഇടയ്ക്കിടയ്ക്ക് പല നാടകങ്ങളും സമാജം അവതരിപ്പിച്ചിട്ടുണ്ട്. ഒരു വായനശാലയും ഗ്രന്ഥശാലയുമുണ്ട് അതിന്. കിട്ടാവുന്നത്ര മലയാളസിനിമകളും സമാജം പ്രദർശിപ്പിക്കുന്നു.
അന്തസ്സിലിരുന്നുകാണാനുള്ള ആഡിറ്റോറിയം ഉള്ളതിനാൽ ഇവിടുത്തെ നിരവധി മലയാളി കുടുംബങ്ങൾക്ക് പ്രത്യേകിച്ച് സമാജം ഒരു കേരളീയ വിനോദകേന്ദ്രമാണ്. വമ്പിച്ച തുക വാടകയായി കൊടുക്കേണ്ടതിനാൽ സമാജത്തിന്റെ നിലനിൽപിന് ഒരു പ്രശ്നമാണ് ധനാഗമമാർഗ്ഗം. മലയാളപത്രങ്ങൾ ഇപ്പോൾ ആഴ്ചയിൽ രണ്ടും മൂന്നും തവണകളായി വിമാനം വഴി കിട്ടുന്നു ഇവിടെ.
ഏതു ഭാഷ സംസാരിക്കുന്നവരിലും അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാവും. മലയാളികൾക്കിടയിലും ഇതു കാണാം.
നമ്മുടെ നാടിന്റെയും വർഗ്ഗത്തിന്റെയും സൽപ്പേര് നിലനിർത്തേണ്ട ഭാരം നമ്മിലാണെന്ന ബോധത്തോടെ, ഐക്യത്തോടെ ഇവിടുത്തെ മലയാളികൾക്ക് മറുനാടൻ മലയാളികളിൽ ഒരു പുതിയ പാരമ്പര്യത്തെ കെട്ടിപ്പടുക്കാം. കാരണം അബുദാബിയിൽ മലയാളികൾക്ക് ഒരു ഭൂതകാലചരിത്രമില്ല.

മണൽക്കാടിൽ ഒരു മലയാളനാടകം
1970 സെപ്റ്റംബർ 27 മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച മാമു എഴുതിയ ലേഖനം.
©Mathrubhumi/1970


