
അടുത്തകാലം വരെ നാടോടി വിജ്ഞാനീയത്തെക്കുറിച്ച് ഋജുവായൊരു കാഴ്ചപ്പാടാണ് ആ രംഗത്ത് പ്രവർത്തിച്ചിരുന്ന പലർക്കുമുണ്ടായിരുന്നത്. ദൈവങ്ങളേയും ക്ഷേത്രങ്ങളേയും വീരകഥാനായകന്മാരെയും അധികരിച്ചുള്ള പാട്ടുകളും കഥകളും ആ വൃത്തത്തിനകത്ത് ഒതുക്കി നിർത്തിയിരുന്നു. വടക്കൻ പാട്ടുകളും തെക്കൻ പാട്ടുകളും പ്രാചീനത്വം മുദ്രയായുള്ള മറ്റു പാട്ടുകളും കഥകളുമാണ് നാടോടി സാഹിത്യം എന്നു പൊതുവിൽ കരുതിയാണ് പലരും ഈ രംഗത്ത് പ്രവർത്തിച്ചിരുന്നത്. ഈ സ്വഭാവത്തിലുള്ള നാടോടി സാഹിത്യം പ്രകാശനം ചെയ്തവരിൽ പലരും ഗ്രാമീണജനതയുടെ വിശ്വാസസങ്കല്പങ്ങളെ അപ്പടി വിശ്വസിച്ചുകൊണ്ട് ഒരു പുണ്യകർമ്മംപോലെ “ഭക്ത്യാദരപൂർവം” ജനസമക്ഷം അവതരിപ്പിച്ച് കൃതകൃത്യരാവുകയാണ് ചെയ്തത്. പല “സത്യാന്വേഷകരും” ക്ഷേത്രങ്ങളേയും ദൈവങ്ങളേയും ഉപാസിച്ചുള്ള പാട്ടുകൾ “നഷ്ടപ്പെട്ടുപോകുമല്ലോ എന്ന ഭയത്താൽ കിട്ടിയതും പറഞ്ഞുകേട്ടതും അപ്പടി പ്രസിദ്ധീകരിച്ച് ഗവേഷകന്റെ മേലങ്കി സ്വയം ധരിക്കുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് മലയാള നാടോടി സാഹിത്യത്തിന് പല സംഭാവനകളും നൽകിയ ഒരു സാഹിത്യകാരൻ ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിന്റെ (1976) സമർപ്പണം നോക്കുക.
—“ആ പൗരാണികവും പരിപാവനവുമായ പുത്തരിയങ്കാവു ക്ഷേത്രത്തിലെ സത്യവിഗ്രഹത്തിന് - ആശ്രിതർക്ക് അഭയംകരിയും അസുരശക്തികൾക്ക് ഭയംകരിയായും ആയ ആ മംഗളമൂർത്തിക്ക് - തെളിഞ്ഞൂറിയ കണ്ണീരോടും അങ്കുരിച്ച പുളകത്തോടും ഗ്രന്ഥകാരൻ ചാർത്തുന്ന രക്തപുഷ്പാഞ്ജലിയത്രേ ഈ കൃതി!”
ഇംഗ്ലണ്ടിലെ വില്യം ജോൺ തോംസ് (1846) ആവിഷ്ക്കരിച്ച ഫോക്ക്ലോർ (Folklore) മലയാളത്തിൽ പല പേരുകളിൽ അറിയപ്പെടുന്നു. ഫോക്ക്ലോറിൽ അടങ്ങുന്ന ഔദ്യോഗിക ഘടകങ്ങളെ ഒത്തുചേർത്ത് ഒറ്റവാക്കിൽ അനുപമമായ ഒരു പദം മലയാളത്തിൽ കണ്ടെത്തിയിട്ടില്ല. ഈ വിഷയത്തിൽ ശാസ്ത്രീയമായി ഗവേഷണ പഠനം നടത്തുന്ന പി. ഗോവിന്ദപ്പിള്ള തെരഞ്ഞെടുത്ത “നാടോടി വിജ്ഞാനീയം” ഏറെക്കുറെ ഫോക്ക് ലോറിന്റെ അർത്ഥവ്യാപ്തി ഉൾക്കൊള്ളുന്ന പദമായി സമ്മതിക്കണം. മലയാളഭാഷയിൽ യുക്തിസഹമായ വേറൊരു വാക്ക് മറ്റാരും നിർദ്ദേശിച്ചിട്ടില്ലാത്തതുതന്നെ.
മനുഷ്യ സംസ്ക്കാരത്തിന്റെ ആരംഭം മുതലുള്ളതും ഇന്നും അനുവർത്തിക്കപ്പെടുന്നതുമായ സാമൂഹ്യ പ്രതിഫലനങ്ങൾ നാടോടി വിജ്ഞാനീയത്തിൽ ഉൾപ്പെടുന്നു. മറ്റൊരുത്തരത്തിൽ പറഞ്ഞാൽ മനുഷ്യനും അവന്റെ സംസ്ക്കാരവും എന്നു തുടങ്ങിയോ അന്നുമുതൽ പ്രപഞ്ചത്തെക്കുറിച്ചും സാമൂഹ്യചുറ്റുപാടുകളെക്കുറിച്ചും അവന് തോന്നിയ ഭാവനകളും വികാരവിചാരങ്ങളും അതിനൊത്ത് അവൻ രൂപംകൊടുത്ത വിവിധ സൃഷ്ടികളും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു സാംസ്ക്കാരിക ഭണ്ഡാഗാരമാണ് നാടോടി വിജ്ഞാനീയം. ഇതിലോരോന്നിലും സാമൂഹ്യവും രാഷ്ട്രീയവും മതപരവുമായ പരിവർത്തനങ്ങളുടെയും സംഘർഷങ്ങളുടെയും പ്രതിഫലനങ്ങൾ കാണാം. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ശാഖോപശാഖകളായി പിരിഞ്ഞും പരസ്പരം ബന്ധപ്പെട്ടും കിടക്കുന്ന ഈ വിജ്ഞാന മണ്ഡലം ഏതാനും പാട്ടുകളിലോ കഥകളിലോ കലകളിലോ മാത്രമായി ഒതുങ്ങുന്നതല്ല. ശാസ്ത്രീയമായ അടിസ്ഥാനവീക്ഷണമുള്ള പരിശോധകന് മാത്രമേ ഇതിന്റെ അടിവേരുകൾ കണ്ടുപിടിക്കാൻ കഴിയൂ. ഗ്രാമീണന്തരീക്ഷത്തിൽ ഇന്നും മാറ്റമില്ലാതെ നിൽക്കുന്ന ആചാരനുഷ്ഠാനങ്ങൾ, കലകൾ, വേഷങ്ങൾ, കളികൾ, മന്ത്രങ്ങൾ, വിശ്വാസങ്ങൾ — തുടങ്ങി എത്രയെത്ര ശാഖകളാണ് തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത്? നിരക്ഷരരായ ഗ്രാമീണരിലും സംസ്ക്കാരസമ്പന്നമെന്ന് മാനിക്കുന്ന പരിഷ്കൃതരിൽ പോലും സ്വാധീനം ചെലുത്തുന്ന ചില നാടോടി വിശ്വാസങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.
കേൾക്കുന്ന മാത്രയിൽ ശരിയാണെന്ന് ധരിക്കുകയും സത്യവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നന്വേഷിക്കുന്നതിന് മെനക്കെടാതെ അതിനെ കണ്ണടച്ച് വിശ്വസിക്കുകയും ചെയ്യുന്ന അയുക്തിക സ്വഭാവത്തെയാണ് അന്ധവിശ്വാസം എന്ന് പറയുക. നിരക്ഷരരായ ആബാലവൃദ്ധം ജനങ്ങളിലും അന്ധവിശ്വാസത്തിന് ഗണ്യമായ സ്വാധീനമുണ്ട്. പലതരത്തിലുള്ള ആചാരനുഷ്ഠാനങ്ങൾ രൂപം കൊള്ളുന്നത് തന്നെ ഇത്തരം വിശ്വാസങ്ങളിൽ നിന്നാണ്.
പരമ്പരാഗതമായി നിൽക്കുന്ന അന്ധവിശ്വാസങ്ങളുടെ തറക്കല്ല് ആദ്യമായി നിക്ഷേപിക്കുന്നത് കൊച്ചുകുട്ടികളുടെ കനൽ മനസ്സുകളിലാണ്. ആ കർമ്മം നടത്തുന്നതോ അന്ധവിശ്വാസങ്ങളുടെ വലക്കെട്ടിൽ കുടുങ്ങിക്കിടക്കുന്ന മാതാപിതാക്കളും. രാവിലെ ഉറക്കമുണരുന്നത് വലതുവശം ചരിഞ്ഞായിരിക്കണമെന്നവർ കുട്ടിയെ പഠിപ്പിക്കുന്നു. ഇടതുവശം ചരിഞ്ഞുണർന്നാൽ എന്തോ അപകടം സംഭവിക്കുമെന്ന് അവനെ ബോധ്യപ്പെടുത്താൻ പഴയ കഥകൾ പറഞ്ഞുകൊടുക്കുന്നു. സാധാരണയായി കുട്ടികൾ കരയുകയോ ബഹളം വെക്കുകയോ ചെയ്താൽ “ഇവൻ ഇന്ന് ഇടതുവാക്കാണ്” എന്ന് മാതാപിതാക്കൾ പറയുന്നത് കേൾക്കാം. കുട്ടികളിൽ അങ്ങനെയുള്ള വിശ്വാസം രൂഢമൂലമാവുകയും പിന്നീടത് ജീവിത പ്രമാണമായി അനുവർത്തിക്കപ്പെടുകയും ചെയ്യുന്നു. പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ പുസ്തകങ്ങൾ പരിശോധിക്കുക. അതിന്റെ താളുകൾക്കിടയിൽ മയിൽപ്പീലികൾ! ആ പീലികൾ കുഞ്ഞുങ്ങളെ പ്രസവിക്കും എന്നവർ പറയും. സപ്തവർണ്ണങ്ങളിൽ തിളങ്ങുന്ന മയിൽപ്പീലികൾ ആരും കാണാതെ പുസ്തകത്തിനകത്തൊളിച്ചുവെക്കും. കുട്ടികൾ ഇങ്ങനെ ചെയ്യുന്നത് പീലിക്കണ്ണുകൾ സൂര്യനെകണ്ടാൽ ചത്തുപോകുമെന്ന വിശ്വാസത്താലാണ്. ചില കുട്ടികൾ അണ്ണാന്റെ വാലിലെ രോമങ്ങളും പുസ്തകത്തിനകത്ത് സൂക്ഷിക്കാറുണ്ട്. കേമമായി പഠിക്കുന്നതിന് അണ്ണാൻമുടി സഹായിക്കുമെന്നാണവരുടെ വിശ്വാസം.

ചില മാതാപിതാക്കൾ ആനവാലിന്റെ അഗ്രത്തുള്ള മുടിവാങ്ങി വെള്ളി കെട്ടി കുട്ടികളെ ധരിപ്പിക്കുന്നു. അതുകൊണ്ട് രാപ്പനിയും ഭൂതബാധയും മാറും പോലും. തന്മൂലം ബാലമനസ്സുകളിൽ ഇല്ലാത്ത ഭൂതത്തെയും അതിനെക്കുറിച്ചുള്ള കഥകളെപ്പറ്റിയും മിഥ്യാധാരണകൾ കടന്നുകൂടുകയും അത് ഉറച്ച വിശ്വാസമായി തീരുകയും ചെയ്യുന്നു. ഇമ്മതിരി ചെറിയ കാര്യങ്ങളിലൂടെ മാതാപിതാക്കൾ അനാരോഗ്യവും അബദ്ധജടിലവുമായ മിഥ്യാസങ്കല്പങ്ങളും വിശ്വാസങ്ങളും ലോകത്തെക്കുറിച്ചറിയാൻ ജിജ്ഞാസയുള്ള പിഞ്ചുമനസ്സുകളിൽ അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്.
ഗ്രാമീണരും പരിഷ്കൃതരെന്ന് അവകാശപ്പെടുന്നവർ പോലും സമയം നോക്കി യാത്രപുറപ്പെടുന്നത് സാധാരണമാണല്ലോ. ആദ്യം എതിരേ വരുന്ന ആളിനെ ആശ്രയിച്ച് യാത്രാഫലം നിശ്ചയിക്കുന്നവരും കുറവല്ല. യാത്രാമധ്യേ കാൽ തട്ടിയാൽ അതിനുമുണ്ട് ഫലം. ഇടത്തെ കാൽ തട്ടിയാൽ നല്ലതാണു, കാൽ മുറിഞ്ഞാലും. “ഇടങ്കാൽ തട്ടിയാൽ ഇല മുമ്പിൽ; വലങ്കാൽ തട്ടിയാൽ വലയും.” ഇതാണ് പ്രമാണം.
പ്രഭാതത്തിൽ ഉണരുമ്പോൾ കണികാണുന്നവനെ അടിസ്ഥാനപ്പെടുത്തി അന്നത്തെ ജീവിതത്തെ മുൻകൂട്ടി വിധിക്കുന്നവർ അക്ഷരമറിയുന്നവരിലും അക്ഷരമറിഞ്ഞുകൂടാത്തവരിലുമുണ്ടല്ലോ. വളരെ കരുതലോടുകൂടിയാണ് പലരും ഉറക്കമുണരുന്നത്. കണ്ണുചിമ്മി എഴുന്നേൽക്കുമ്പോൾ അബദ്ധത്തിൽ ഇഷ്ടപ്പെടാത്ത ഒരാളെ കണ്ടുപോയാൽ അവനെ ശപിക്കുകയും സ്വയം പിറുപിറുക്കുകയും ചെയ്യും. ചിലർ കിടക്കയിൽ കണ്ണാടി കരുതിയിട്ടുണ്ടാവും. സ്വന്തം മുഖം കണ്ണാടിയിൽ കണ്ട് ആപത്തൊഴിവാക്കുന്നതിനാണ് അങ്ങനെ ചെയ്യുന്നത്.
തുമ്മിയാൽ ബന്ധുജനസമാഗമം ഉണ്ടാകുമെന്ന് വിശ്വസിക്കാത്തവർ നമ്മുടെ സമൂഹത്തിൽ എത്ര പേരുണ്ട്? കൺപോള തുടച്ചാൽ കാര്യമുണ്ടെന്നോ മഴപെയ്യുമെന്നോ വിശ്വസിക്കുന്നവരുടെ സംഖ്യ കുറവാണോ? കൈവെള്ള ചൊറിഞ്ഞാൽ ഏതെങ്കിലും മാർഗ്ഗത്തിൽ പണം വരുമെന്നും കൺവെള്ള ചൊറിഞ്ഞാൽ യാത്രയുണ്ടാവുമെന്നും വിശ്വസിക്കുന്നില്ലേ വലിയൊരു ശതമാനം ആളുകൾ?
പക്ഷികളിൽ മരംകൊത്തിയുടേയും മുട്ടകള്ളന്റെയും പാട്ടുകേൾക്കുന്നത് ഗ്രാമീണർക്ക് അശ്രീകരമാണ്. ഈ പക്ഷികളുടെ ശബ്ദം വരാൻ പോകുന്ന ആപത്തിന്റെ മുൻസൂചനയായി കരുതപ്പെടുന്നു. കാക്ക ചിലപ്പോഴൊക്കെ പുറപ്പെടുവിക്കുന്ന പ്രത്യേക ശബ്ദവും അപകടമറിയിപ്പായി വിശ്വസിക്കപ്പെടുന്നു. തിന്മയുടെ അവതാരമായ ശനിയുടെ വാഹനമാണല്ലോ കാക്ക. ശനിയെ ക്ഷണിച്ച് വരുത്തുന്നതിനാണത്രേ കാക്ക കരയുന്നത്. ഈ വിശ്വാസമുള്ളവർ കാക്കയെ ആട്ടിയോടിക്കും. കാക്ക കാഷ്ഠിച്ചാലും അതിന്റെ ഫലമുണ്ടാവുമെന്ന് ധരിച്ചിട്ടുള്ളവരും കുറവല്ല.
പട്ടി ഓരിയിടുന്നത് മരണസന്ദേശത്തിന്റെ മുന്നറിയിപ്പാണ്. പലർക്കും പട്ടി മൂത്രമൊഴിക്കുന്നത് കണ്ടുകൂടാ. അതു കാണുന്നവൻ അന്നു കരയുകതന്നെ ചെയ്യും. പ്രതിവിധിയായി പട്ടിയെ കരയിക്കണം! ഇങ്ങനെയൊരു സന്ദർഭമുണ്ടായാൽ പട്ടിക്ക് ഏറുകിട്ടുമെന്നു തീർച്ച. പല്ലി ശബ്ദിക്കുന്നതിനുമർത്ഥമുണ്ട്. പല്ലിയുടെ ശബ്ദം കേട്ടാലുടനെ മറുശബ്ദം പുറപ്പെടുവിക്കുന്ന ആളുകൾ എല്ലാസ്ഥലങ്ങളിലും കാണാം. ഗൗളിശാസ്ത്രം വിവരിക്കുന്ന തടിച്ച പുസ്തകങ്ങൾ തന്നെയുണ്ടല്ലോ.
ഓന്തിന്റെ തല തടിച്ച് ചുവക്കുന്നതെന്തുകൊണ്ട്? ചുവന്ന തലയുള്ള ഓന്ത് മനുഷ്യരക്തം ഊറ്റിക്കുടിക്കും. വിശ്വാസികൾ ഈ ജാതി ഓന്തിനെ കണ്ടാൽ അതിന് മരണം ഫലം.
സന്ധ്യാവേളയിൽ മൂങ്ങകരയുന്നത് നല്ലതിനല്ല. കിടക്കയിൽ ‘വേട്ടവാളൻ’ കൂടുകൂട്ടിയാൽ ആ വീട്ടിൽ അടുത്തതന്നെ ഒരു പ്രസവത്തിന് യോഗമുണ്ട്. അരണയെ കൊല്ലുന്നത് പാപമാണ്. എന്തുകൊണ്ടെന്നാൽ അത് ചാകുമ്പോൾ തല നിലത്തടിച്ച് ശപിക്കും.
ഉഗ്രവിഷമുള്ള സർപ്പങ്ങളെ പലരും കൊല്ലുന്നതിന് ഒരുമ്പെടാറില്ല. എറിഞ്ഞ് ഓടിക്കുകയേ ഉള്ളൂ. കാരണം സർപ്പദോഷം!
ചില സമയങ്ങളിൽ വെയിലും മഴയും ഒരേസമയത്തുണ്ടാകാറുണ്ടല്ലോ. ചില ഗ്രാമീണർ വിശ്വസിക്കുന്നത് ഈ സന്ദർഭങ്ങളിലാണ് കുറുക്കൻ കല്യാണം കഴിക്കുന്നതെന്നാണ്. അതിനെക്കുറിച്ച് പല കഥകളുമുണ്ട്.
ഉറുമ്പ് വരിവരിയായി നീങ്ങുന്നത് മറ്റൊന്നിനുമല്ല. കല്യാണഘോഷയാത്രയാണ്. ആ ഘോഷയാത്രയെ ചിതറിക്കുന്നതിന് ഒരുമ്പെടുന്ന വികൃതിക്കുട്ടികളെ മുതിർന്നവർ തടയും.
മിക്കവാറും സ്ഥലങ്ങളിൽ കണ്ടുവരുന്ന ഒരു ജാതി നിലപ്പുഴുക്കളുണ്ട്. അതിന്റെ പുറംബഹുവർണ്ണങ്ങളാൽ മിനുസമായിരിക്കും, എണ്ണ മെഴുകിയതുപോലെ. ഭൂമിയിൽനിന്ന് എണ്ണ ശേഖരിച്ച് ദൈവത്തിന് കൊണ്ടുകൊടുക്കുകയെന്നതാണ് ഇതിന്റെ ജോലി. ആ പുഴുവിനെ കൊല്ലുന്നത് പാപമാണ്.
ഇങ്ങനെ നൂറുനൂറായിരം കഥകളാണ് പക്ഷികളെയും ജന്തുക്കളെയും ബന്ധപ്പെടുത്തി പലരും വിശ്വസിക്കുന്നതു.
ഇനി വൃക്ഷങ്ങളെ ആസ്പദമാക്കിയ ഗ്രാമീണരുടെ സങ്കല്പങ്ങളും വിശ്വാസങ്ങളും പരിശോധിക്കുക.
നാരകവർഗ്ഗത്തിൽപ്പെട്ട ചെടികൾ വീടിന്റെ പരിസരങ്ങളിൽ സാധാരണമാകാറില്ല. നാരകം വാടുന്നതോടെ ആ വീട്ടിലുള്ള ആരെങ്കിലും അകാലത്തിൽ മരിക്കുമെന്നാണ് അതിനു പറയുന്ന കാരണം. ചില സ്ഥലങ്ങളിൽ ശീമപ്ലാവ്, പപ്പായമരം ഇവയും ഇതേ കാരണത്താൽ വീടുകൾക്ക് ചുറ്റും നടുന്ന പതിവില്ല.
ഗ്രാമപ്രദേശങ്ങളിൽ വീടിന് ചുറ്റും മുരിങ്ങ നട്ടു വളർത്തുന്ന പതിവുണ്ടല്ലോ. അതിനുമുണ്ട് കാരണം. രാത്രികാലങ്ങളിൽ യഥേഷ്ടം സഞ്ചരിക്കുന്ന മാടൻ, യക്ഷി തുടങ്ങിയ ദേവതകൾ മാറിപ്പോകാനാണവർ അങ്ങനെ ചെയ്യുന്നത്. മുരിങ്ങമരം പിശാചുക്കൾക്ക് വലിയ ഭയമാണത്രേ.
ചെമ്പകച്ചെടി നേരെ മറിച്ചുള്ള ഫലമാണ് ചെയ്യുക. ചെമ്പകത്തിന്റെ സാമീപ്യം പിശാചുക്കൾക്ക് പഥ്യമാണുപോലും. അതുകൊണ്ട് വീടിന്റെ വളരെ അകലെ മാറ്റിയിട്ടാണ് ചെമ്പകം നടുന്നത്. ചിലർ അതിന്റെ ചുവട്ടിൽ പതിവായി ദീപാരാധന നടത്തുന്നുമുണ്ട്.
ഏഴിലംപാല പൂത്തുഗന്ധം പരത്തിയാൽ അവിടെ ‘ലക്ഷ്മീവാസം’ ഉണ്ടാവും. രാത്രികാലങ്ങളിൽ പൂത്തുലഞ്ഞ ഏഴിലംപാലച്ചുവട്ടിലൂടെയുള്ള യാത്ര പലരും ഒഴിവാക്കുന്നതിന്റെ രഹസ്യവും ഇതുതന്നെ. കഞ്ഞിരം, വേപ്പ്, അരയാൽ തുടങ്ങിയ വൃക്ഷങ്ങളും പിശാചുക്കളെ ആകർഷിക്കുന്നവയാണെന്ന് വിശ്വസിക്കപ്പെടുന്നു.
നാട്ടുമ്പുറങ്ങളിൽ മുരിങ്ങമരം നടീക്കുന്നത് സ്ത്രീകളെക്കൊണ്ടാണ്. തലമുടി അഴിച്ചിട്ട് കിഴക്കു മുഖമായി നിന്നാണ് മുരിങ്ങ നടേണ്ടത്. സ്ത്രീകളുടെ കെട്ടഴിഞ്ഞ തലമുടിപോലെ ധാരാളം മുരിങ്ങക്കായ്കൾ ഇതുമൂലമുണ്ടാകുമെന്നവർ വിശ്വസിക്കുന്നു.
കന്നുകാലികൾ പ്രസവിക്കുമ്പോൾ, ഈറ്റുപാത്രങ്ങൾ പൊതിഞ്ഞുകെട്ടി പ്ലാവിന്റെ കൊമ്പിലോ പാലമരത്തിലോ കെട്ടിയിടുന്നത് സർവ്വസാധാരണമാണ്. മാത്രമല്ല ആദ്യം കറന്നെടുക്കുന്ന പാൽ (ചീമ്പാൽ) ഇപ്പറഞ്ഞ ഏതെങ്കിലും മരച്ചുവട്ടിൽ ഒഴിക്കുകയും ചെയ്യും. ധാരാളം പാൽ കിട്ടുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതു്. പ്ലാവിന്റെയും പാലമരത്തിന്റെയും പാലുപോലുള്ള കറയുമായി ബന്ധപ്പെടുത്തിയാണ് ഈ വിശ്വാസത്തിന്റെ അടിസ്ഥാനം.
ഗ്രാമീണജനത വെച്ചുപുലർത്തുന്ന മറ്റു ചില വിശ്വാസങ്ങളും അവരുടെ ദൈനംദിന ജീവിതത്തിൽ നമുക്ക് കാണാം. രാത്രികാലസഞ്ചാരികൾ ഭൂതപിശാചുക്കളെ അകറ്റുന്നതിന് പേനക്കത്തി, തിരണ്ടിവാല്, കാഞ്ഞിരക്കമ്പ് എന്നിവകൊണ്ടു നടക്കാറുണ്ട്.
കുട്ടികളുടെ ആദ്യത്തെ പല്ല് കൊഴിയുമ്പോൾ തലയുഴിഞ്ഞ് പുരപ്പുറത്ത് എറിയണമെന്ന് പ്രായമുള്ളവർ പറയും. അങ്ങനെ ചെയ്താലേ ആ സ്ഥലത്ത് നല്ല പല്ലുകൾ മുളയ്ക്കൂ എന്നവർ വിശ്വസിക്കുന്നു.
ദഹനക്കുറവ് കൊണ്ടുണ്ടാവുന്ന അജീർണ്ണം കൊതിദോഷമാണെന്ന് വിശ്വസിക്കപ്പെടുന്നു. മന്ത്രം ജപിച്ച് അതിന് പരിഹാരം തേടുകയാണ് അതിന്റെ പ്രതിവിധി.
തെക്കുഭാഗത്ത് തലചായ്ച്ച് ഉറങ്ങാൻ പാടില്ല, മരണകരമായ ദോഷമാണതു്. ശ്മശാനത്തെ നോക്കി കൈ ചൂണ്ടുന്നത് പാപമാണ്. അങ്ങനെ ചെയ്താൽ ചൂണ്ടുന്ന വിരൽ സ്വയം കടിച്ച് പരിഹാരമുണ്ടാക്കണം.
തീയിൽ തുപ്പുന്നത് ദോഷമാണ്. മുഖത്ത് വൃത്തികെട്ട പൊള്ളലുകൾ തന്മൂലം ഉണ്ടാവും.
ഇല വലതുവശം തിരിച്ചിട്ടുമാത്രമേ ഉണ്ണാൻ കഴിക്കാവൂ.
ഭാര്യാമാതാവുമായി മുഖാമുഖം നിന്ന് സംസാരിക്കാൻ പാടില്ല.
ഇമ്മതിരി നൂറുനൂറു വിശ്വാസങ്ങളും അവയെ ചുറ്റിയുള്ള കഥകളും സമൂഹത്തിൽ ഇന്നും പ്രബലമായി നിൽക്കുന്നുണ്ട്. പല മുൻകാല സംഭവങ്ങളിൽ നിന്നായിരിക്കാം ഈ വിശ്വാസങ്ങൾ രൂപം കൊണ്ടിട്ടുള്ളത്. ആ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ചില വസ്തുതകളും കണ്ടേക്കാം. ഈ വിശ്വാസങ്ങൾ തലമുറകൾ മാറിമാറി വന്നപ്പോൾ അതിന് ദൃഢത വർദ്ധിക്കുകയും ജീവിത പ്രമാണങ്ങളായി അംഗീകരിക്കപ്പെടുകയും ചെയ്തു.
നാടോടി വിജ്ഞാനീയത്തിലെ ശ്രദ്ധേയമായ ഈ മേഖലയിലേക്ക് യുക്തിയുക്തമായി താത്വിക പ്രഭാഷണങ്ങൾ നടത്തുന്നവർക്ക് നിരക്ഷരരായ ഗ്രാമീണജനതയുടെ (സാക്ഷരരായ പരിഷ്കൃതരിലും) ജീവിതത്തിലാകെ പടർന്ന പിടിക്കുന്ന അന്ധവിശ്വാസങ്ങളുടെയും മിഥ്യാധാരണകളുടെയും തായ് വേര് കണ്ടുപിടിക്കുന്നതിനും അതിൽ നിന്നവരെ മോചിപ്പിക്കുന്നതിനും എന്തുകൊണ്ട് യത്നിച്ചു കൂടാ?
ഇങ്ങനെ പരിശോധിച്ചു പോയാൽ നാടോടി വിജ്ഞാനീയം ഉൾക്കൊള്ളുന്ന സാംസ്ക്കാരിക സ്രോതസ്സ് ഒരുപിടി നാടോടി സാഹിത്യ ഗവേഷകർക്കു വേണ്ടി മാത്രമുള്ളതല്ലെന്നും സമസ്ത ജീവിത രംഗങ്ങളിൽ വിഹരിക്കുന്നവർക്കും ഈ മേഖല ഉദാത്തമായ ഒരു ഗവേഷണ കേന്ദ്രമായി സമ്മതിച്ച് പ്രവർത്തിക്കാവുന്നതാണെന്നും പറയേണ്ടിയിരിക്കുന്നു. പക്ഷെ പ്രസവമെടുക്കാൻ പോയവർ ഇരട്ടപെറ്റെന്ന് പറഞ്ഞതുപോലെ ഗവേഷണത്തിന് പോകുന്ന പലരും അന്ധവിശ്വാസങ്ങളുടെ കടുക്കുകളിൽ ചെന്നു വീണ് ദേവിസന്നിധിയിൽ ഭസ്മചന്ദനങ്ങൾ പൂശി സ്തോത്ര ഉച്ചാരണം നടത്തുന്ന കാഴ്ചയാണ് കണ്ടു വരുന്നത്.
1977 ജൂൺ 05 ദേശാഭിമാനി വാരികയിൽ പി.സി.ദാസ് കാഞ്ഞിരംകുളം എഴുതിയ ലേഖനം.
©Deshabhimani/1977
