
നൂറ്റാണ്ടുകൾ നീണ്ടുനിന്ന പരീക്ഷണങ്ങളിലൂടെ ഉരുതിരിഞ്ഞ് പുഷ്ടിപ്രാപിച്ച ദൃശ്യശ്രാവ്യകലകളുടെ ചേതോഹരമായ സമ്മേളനമാണ് പൂരം.
വളരെ താഴ്ന്ന ആസ്വാദനശേഷിയുള്ള സാധാരണക്കാരനും കർമ്മജ്ഞരായ കലാപ്രണയികൾക്കും ഒരുപോലെ ഒരുമിച്ചിരുന്ന് ആസ്വദിക്കാവുന്ന ഒരു കലാപ്രകടനം പൂരംപോലെ വേറെയുണ്ടെന്ന് തോന്നുന്നില്ല. മറ്റേതൊരു കലാപ്രകടനത്തിലും ദൃശ്യ-ശ്രാവ്യാംശങ്ങളിൽ ഏതെങ്കിലുമൊന്ന് മുന്തിനിൽക്കുകയും മറ്റേത് അനുപൂരകമായി വർത്തിക്കുകയും ചെയ്യുന്നുവെങ്കിൽ, പൂരത്തിൽ അങ്ങനെയൊരു വകതിരിവ് സാധ്യമല്ല.
ആനകൾ, ആനച്ചമയങ്ങൾ, ദീപയഷ്ടികൾ ഇവയുടെയെല്ലാം സംവിധാനം എന്ന ദൃശ്യാംശത്തെ മാത്രം വേർതിരിച്ചെടുത്താൽ അതത്രമാത്രം മനോഹരമായിരിക്കുമെന്ന് പൂരം കണ്ടിട്ടുള്ളവരോട് പറയേണ്ടതായിട്ടില്ല. ദൃശ്യാംശത്തിലെ ഓരോ ഘടകത്തിന്റെയും വിന്യാസത്തിലും അങ്ങേയറ്റം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ആനകളിലൊന്ന് ലക്ഷണം കെട്ടതായാൽ, ആനച്ചമയങ്ങളിൽ ഏതെങ്കിലുമൊന്ന് തിളക്കമില്ലാത്തതായാൽ, ആനപ്പുറത്തുള്ളവർക്ക് താളവട്ടത്തെക്കുറിച്ച് ബോധമില്ലാതെ പോയാൽ, ദീപയഷ്ടികളിലൊന്നു പുകഞ്ഞാൽ—പൂരത്തിന്റെ ദൃശ്യാംശം അതോടെ അലങ്കോലപ്പെട്ടു. പണ്ട് പെരുമനം പൂരത്തിൽ ദീപയഷ്ടികളിലൊന്ന് യഥാസമയം നനക്കാതിരുന്നതുമൂലം പുകഞ്ഞുപോയതിനാൽ കാര്യസ്ഥന്റെ തല വെട്ടിയതായി ഒരു കഥയുണ്ട്. ഇത് വെറും കഥയാകാം; വാസ്തവവുമാകാം. ഏതായാലും പണ്ടുള്ളവർ ഇത്തരം കാര്യങ്ങളിൽ പോലും എത്രമാത്രം ദത്തശ്രദ്ധരായിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു.
പൂരത്തിന്റെ ശ്രാവ്യാംശം കലാകാരന്മാരുടെ ശേഷിയേയും സാഹചര്യങ്ങളേയും ആശ്രയിച്ചിരിക്കുന്നു. ശരിയായൊരു പൂരത്തിന് നൂറോളം കലാകാരന്മാരുടെ സേവനം ആവശ്യമായി വരും. ഇവരിൽ ഓരോരുത്തരും എത്രമാത്രം പ്രഗത്ഭരാണെന്നതുപോലെ തന്നെ പ്രധാനമാണ് അവരുടെ “ടീംവർക്കി”ന്റെ മേന്മയും. ഒരു വാദ്യക്കാരന് മാത്രമായി ഒരു മേളം വിജയിപ്പിക്കാനാവില്ല. സംഘത്തെ നയിക്കാനുള്ള നേതാവിന്റെ കഴിവും സംഘാംഗങ്ങളുടെ ആത്മാർത്ഥതയും ഇതിൽ നിർണ്ണായക ഘടകങ്ങളാണ്. ഈ സംഘപ്രവർത്തനം എത്രത്തോളം വിജയകരമായി എന്നതിനെ ആശ്രയിച്ചിരിക്കും ശ്രാവ്യാംശത്തിന്റെ മേന്മ.
പൂരത്തിന്റെ ദൃശ്യ-ശ്രാവ്യാംശങ്ങൾ ഒരുപോലെ മേന്മ പുലർത്തുമ്പോഴേ, ഒരു കലാപ്രകടണമെന്ന നിലയിൽ പൂരം വിജയിക്കുകയുള്ളൂ. ഇത്തരം അതുല്യമായ കലാപ്രകടനത്തിന്റെ മികച്ച ഉദാഹരണമാണ് പെരുമനം പൂരം. പെരുമനത്ത് ദൃശ്യാംഷം ശ്രാവ്യാംശത്തെയാണോ വെല്ലുന്നത്, അതോ മറിച്ചാണോ എന്ന് ഒരാൾക്ക് എളുപ്പത്തിൽ കണ്ടുപിടിക്കാനാവില്ല. രണ്ടിന്റെയും സമഞ്ജസമായ സമ്മേളനമാണ് പെരുമനം പൂരം. കാലഗതിക്ക് വളരെയേറെ മാറ്റങ്ങൾ വന്നുകഴിഞ്ഞുവെങ്കിലും പെരുമനം പൂരം ഇന്നും അതുല്യമായി വിരാജിക്കുന്നു.
മധ്യകേരളത്തിൽ, പെരുമനം ഗ്രാമത്തിലാണ് പൂരം പ്രധാനമായും ആഘോഷിക്കപ്പെടുന്നത്. എന്നാൽ ഇതിൽ ഒരുപാട് വൈവിധ്യങ്ങൾ കണ്ടുവരുന്നു. ചരിത്രത്തിന്റെ പ്രവാഹത്തിനിടയിൽ എവിടെയെല്ലാം വെച്ച് എന്തെല്ലാം മാറ്റങ്ങൾ സംഭവിച്ചുവെന്നതിന് പ്രത്യേകിച്ചൊരു രേഖയും നമുക്കില്ല. എല്ലാം ഐതിഹ്യങ്ങളിലും ഊഹാപോഹങ്ങളിലും കുടുങ്ങിക്കിടക്കുന്നു.
ഘടനാപരമായി പറഞ്ഞാൽ പൂരമെന്നത് ഒൻപതു ദിവസം നീണ്ടുനിൽക്കുന്ന ഒരു ഉത്സവമാണ്. കേരളത്തിലെ മിക്ക ശിവക്ഷേത്രങ്ങളിലും ഈ ഉത്സവം കൊണ്ടാടി വരുന്നു. എന്നാൽ പെരുമനം ഗ്രാമത്തിൽ ഉത്സവത്തിന്റെ ഘടനാവിശേഷത്തോടുകൂടിയ ഒരു പൂരമാണ് നടന്നുവരുന്നത്. എന്തുകൊണ്ട് ഇതിന് പൂരം എന്ന പേര് ലഭിച്ചുവെന്ന ചോദ്യത്തിന് ഇന്ന് ഉത്തരമില്ല. അതുപോലെതന്നെ തൃപ്രയാർ തേവർക്ക് ഈ പൂരത്തിൽ നിർണ്ണായകമെന്നോ സുപ്രധാനമെന്നോ പറയാവുന്ന ഒരു പങ്ക് നൽകിക്കാണുന്നുണ്ട്. ഓരോ കൊല്ലവും അടുത്ത കൊല്ലത്തെ പൂരത്തിന്റെ തിയ്യതി പ്രഖ്യാപിക്കുന്നത് തൃപ്രയാർ ദേവരാണ്. ഇങ്ങനെയെല്ലാമാണെങ്കിലും പൂരങ്ങളിൽ ആറാട്ടുപുഴ ഒഴിച്ചോരിടത്തും തൃപ്രയാർ തേവർക്ക് സ്ഥാനം കാണുന്നില്ല.

പെരുമനം ഗ്രാമക്ഷേത്രമായ തിരുവള്ളക്കാവിനെ കേന്ദ്രീകരിച്ചുകൊണ്ട് നടത്തിവന്നിരുന്ന, ഒരു മാസം നീണ്ടുനിൽക്കുന്ന, ഗ്രാമോത്സവത്തിന്റെ പുത്തൻ പതിപ്പാണ് പൂരമെന്ന കാര്യത്തിൽ ഏകാഭിപ്രായമാണ് കാണുന്നത്. പക്ഷെ ഇതെങ്ങനെ പൂരമായിത്തീർന്നു? പൂരം നക്ഷത്രത്തിന് എന്താണിതിൽ പ്രത്യേകത? തിരുവള്ളക്കാവിലെ ശാസ്താവ് ഇപ്പോൾ എങ്ങനെ ഒറ്റപ്പെട്ടുപോയി? എന്നിവ ഗാഢമായ പഠനമർഹിക്കുന്ന കാര്യങ്ങളാണ്. ഇന്നത്തെ പൂരം സംവിധാനത്തിൽ തിരുവള്ളക്കാവ് ശാസ്താവിന് യാതൊരു പക്ഷവും നൽകിക്കാണുന്നില്ല. മറ്റനേകം ശാസ്താക്കന്മാർ പൂരത്തിൽ പങ്കെടുക്കുമ്പോൾ തിരുവള്ളക്കാവ് ശാസ്താവ് മാത്രം അതിൽ പങ്കെടുക്കാത്തതെന്തുകൊണ്ട്? നമ്മുടെ സാമൂഹ്യ-രാഷ്ട്രീയ സംവിധാനത്തിലുണ്ടായ എന്തെല്ലാമോ ക്രമഭംഗങ്ങളെ അതിജീവിച്ചാണ് പൂരം ഇന്നത്തെ നിലയിൽ എത്തിയതെന്ന് അനുമാനിക്കാം.
ആലുവപ്പുഴ മുതൽ ഭാരതപ്പുഴ വരെയുള്ള പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് പെരുമനം ഗ്രാമം. പക്ഷേ ഈ ഗ്രാമസങ്കല്പം ഉണ്ടാകുന്നത് പത്തോ പന്ത്രണ്ടോ നൂറ്റാണ്ടുകൾക്ക് മുമ്പ് മാത്രമാണ്. അതിനുമുമ്പുള്ള കാലത്തും പൂരം ഇവിടെ നിലനിന്നിരുന്നു. പക്ഷെ അത് മറ്റൊരു രൂപത്തിലായിരുന്നു; മറ്റൊരു കേന്ദ്രത്തിലുമായിരുന്നു. തിരുവുള്ളക്കാവ് ക്ഷേത്രത്തെ കേന്ദ്രീകരിച്ചുകൊണ്ട് ഒരു മാസം നീണ്ടുനിൽക്കുന്ന ഒരു ഉത്സവമായിരുന്നു അത് എന്നുവേണം അനുമാനിക്കാൻ.
പണ്ട് കേരളത്തിൽ ക്ഷേത്രങ്ങളല്ല, കാവുകളാണ്രു ഉണ്ടായിരുന്നത്. ഈ കാവുകളിലെ പ്രതിഷ്ഠകൾ ഭഗവതിമാരും ശാസ്താക്കന്മാരുമായിരുന്നു. കേരളത്തിൽ ബുദ്ധമതം ക്ഷയിച്ചതോടെയാണ് ശാസ്തക്ഷേത്രങ്ങൾ നിലവിൽ വന്നതെന്നും അതിനുമുമ്പ് ദുർഗ്ഗാക്ഷേത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പറയപ്പെടുന്നുണ്ട്.
പന്ത്രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് യോദ്ധാക്കളായ നമ്പൂതിരിമാർ കേരളത്തിൽ കുടിയേറിപ്പാർത്തതോടെ ഇവിടെ നിലവിലുണ്ടായിരുന്ന സാമൂഹ്യസംവിധാനമാകെ തകിടം മറിഞ്ഞു. അവർ നാടാകെ വെട്ടിപ്പിടിക്കുകയും നാട്ടുകാരെ കീഴടക്കുകയും ചെയ്തു. ഈ അവസരത്തിലാണ് തിരുവള്ളക്കാവിനെ കേന്ദ്രീകരിച്ചുള്ള ഉത്സവം നിന്നുപോയത്.
നമ്പൂതിരിമാരുടെ ആഗമനത്തിന് ശേഷമേ ഇവിടെ ശിവക്ഷേത്രങ്ങൾ നിലവിൽ വന്നിട്ടുള്ളൂ. ‘ആര്യന്മാരായ ഈ ദേവന്മാർ നാടൻ ദേവി-ദേവന്മാരെ തീണ്ടാപ്പാടകലം മാറ്റിനിർത്തിയിരുന്നു. പെരുമനം ഗ്രാമത്തിലെ രണ്ട് പ്രധാന ശിവക്ഷേത്രങ്ങളായ പെരുമനത്തെ ഇരട്ടയപ്പനും വടക്കുംനാഥനും പൂരങ്ങളിലൊന്നും പങ്കെടുക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
നമ്പൂതിരിമാരുടെ ആഗമനത്തോടെ മുടങ്ങിപ്പോയിരുന്ന ഉത്സവം പിന്നീട് അവരുടെ നേതൃത്വത്തിലും ആഭിമുഖ്യത്തിലും പുനരാരംഭിച്ചതാണ് ഇന്നത്തെ പൂരം. അപ്പോൾ ഉത്സവത്തിന്റെ വൈപുല്യം വെട്ടിക്കുറയ്ക്കുകയും രൂപഭാവങ്ങൾക്ക് മാറ്റം വരുത്തുകയും ചെയ്തത് സ്വാഭാവികം മാത്രം. നമ്പൂതിരിമാരുടെ ഈ ആധിപത്യത്തിന് വഴങ്ങാത്തതുകൊണ്ടോ മറ്റോ ആകണം തിരുവള്ളക്കാവ് ക്ഷേത്രത്തെ പൂരത്തിൽ നിന്ന് അകറ്റിനിർത്തിയത്; അതല്ലെങ്കിൽ അഭിമാനികളായ അവർ ഒഴിഞ്ഞുനിന്നതാകാം.
തൃപ്രയാർ തേവർക്ക് ഈ പൂരത്തിൽ കൽപ്പിക്കപ്പെട്ടിട്ടുള്ള സ്ഥാനമാണ് ദുരൂഹമായ മറ്റൊരു വശം. ശാസ്താക്കന്മാരും ഭഗവതിമാരും മാത്രം പങ്കെടുക്കുന്ന ഈ പൂരത്തിൽ തൃപ്രയാറപ്പൻ എങ്ങനെ കടന്നുവന്നു? അതും ആറാട്ടിനാൽ ഒരേയൊരു ദിവസം മാത്രമായി? ആറാട്ടിനുശേഷം അടുത്ത കൊല്ലത്തെ പൂരത്തിന്റെ തിയ്യതി നിശ്ചയിക്കാൻ തൃപ്രയാറപ്പന് പ്രത്യേക അധികാരം കൈവന്നതെങ്ങനെ? ആറാട്ടുപുഴയിൽ ആറാട്ടുപുഴ ശാസ്താവിന് സ്വാഭാവികമായും ഉണ്ടായിരിക്കേണ്ട ആധിപത്യം പിന്തള്ളപ്പെടുകയും തൃപ്രയാറപ്പൻ അവിടെ പ്രമാണിത്തം നേടിയെടുക്കുകയും ചെയ്തതെങ്ങനെ? ഒരു ചക്രവർത്തി തന്റെ സാമന്തരാജ്യത്തിൽ സന്ദർശനം നടത്തുമ്പോൾ സാമന്തൻ ഓച്ചാനിച്ചുനിന്ന് എതിരേൽക്കുന്നതിന്റെ നേർ പകർപ്പാണ് നാം ആറാട്ടുപുഴയിൽ കാണുന്നത്. ഒരു പക്ഷെ നമ്പൂതിരിമാരുടെ ആഗമനത്തിനുശേഷം ഉത്സവം പുനഃസംഘടിപ്പിച്ച അവസരത്തിൽ, അതിന്റെ അധിനായകത്വം തൃപ്രയാർ തേവർക്ക് നൽകിയതാണെന്നു വരാം.
ഇതെല്ലാം പൂരത്തിന്റെ പ്രാചീനകാലത്തെ കഥകളാണ്. ഇന്ന് പൂരം വളരെയേറെ ശുഷ്കിച്ചു പോയിരിക്കുന്നു. ഇരുപതോളം ക്ഷേത്രങ്ങൾ മാത്രമേ ഇന്ന് പൂരത്തിൽ പങ്കാളികളാകുന്നുള്ളൂ. ഭൂനിയമം ക്ഷേത്രസമ്പത്തിന്റെ കഥ കഴിച്ചതോടെ സകല ക്ഷേത്രങ്ങളും ദാരിദ്ര്യത്തിന്റെ നെല്ലിപ്പടി കണ്ടുകഴിഞ്ഞു. ഏറ്റവും പരിമിതമായ രീതിയിൽ ഒരു പൂരം നടത്തണമെങ്കിൽപ്പോലും 25,000 രൂപയെങ്കിലും ചിലവ് വരും. പൂരത്തിലെ പങ്കാളികളായ ഒരു ക്ഷേത്രത്തിനും ഇത് താങ്ങാനാവില്ല. നാട്ടുകാരുടെ ഉത്സാഹം കൊണ്ട് മാത്രം പൂരങ്ങൾ നിലനിന്നുപോരുന്നു എന്ന് പറയുന്നതാകും ശരി.
ഒൻപതു ദിവസം നീണ്ടുനിൽക്കുന്നതാണ് ഇന്നത്തെ പൂരം. മീനമാസത്തിലെ മകിയരം നാളിൽ ഇരുപതിൽപ്പരം ക്ഷേത്രങ്ങളിൽ പൂരാരംഭം കുറിച്ചുകൊണ്ട് കൊടിയേറുന്നു. മകിയരം പുറപ്പാട് എന്നാണ് ഇതിന് പറയുകയെങ്കിലും യഥാർത്ഥത്തിൽ ഉത്രം പാട്ടിനെ ആധാരമാക്കിയാണ് കൊടിയേറ്റം നടത്തുന്നത്.
ഊരകം, ചേർപ്പ്, ആറാട്ടുപുഴ, ചാത്തക്കുടം, തൊട്ടിപ്പാൾ, അന്തിക്കാട്, പുരക്കോട്, നെട്ടിശ്ശേരി, തൈക്കാട്ടുശ്ശേരി, എടക്കുന്നി, പുനിലാർക്കാവ്, കടപ്പുശ്ശേരി, അയ്യുന്ന്, കോടന്നൂർ, നാങ്കുളം, മേടംകുളം, ചക്കംകുളം, ചിറ്റി ചാത്തക്കുടം, മാട്ടിൽ, കല്ലേലി, പിഷാരിക്കൽ, കാട്ടുപിഷാരിക്കൽ, തൃപ്രയാർ എന്നീ ഇരുപത്തിമൂന്ന് ക്ഷേത്രങ്ങളിലെ ദേവീദേവന്മാർ പൂരത്തിൽ പങ്കെടുക്കുമെന്നാണ് സങ്കല്പം. എന്നാൽ ഇവയിൽ ചിലതെല്ലാം സാമ്പത്തിക തകർച്ച മൂലം കൊഴിഞ്ഞുപോയിട്ടുണ്ട്.
പുറപ്പാടിന് ഏറ്റവും പ്രസിദ്ധം തൃപ്രയാർ തന്നെയാണ്. ഇക്കൊല്ലം ഏപ്രിൽ നാലാം തിയ്യതിയാണ് പൂരം പുറപ്പാട്. പിറ്റേന്ന് രാത്രിയും തിങ്കളാഴ്ച രാവിലെയുമായി തൈക്കാട്ടുശ്ശേരി പൂരം ആഘോഷിക്കുന്നു. തിങ്കളാഴ്ച രാത്രി ചക്കംകുളം വിളക്കാണ്. ചൊവ്വാഴ്ച പെരുമനത്ത് പൂരം; വെള്ളിയാഴ്ച ആറാട്ടുപുഴ പൂരം; ശനിയാഴ്ച എടക്കുന്നി വിളക്ക് എന്നിവയാണ് ഇപ്പോൾ കാര്യമായി ആഘോഷിക്കപ്പെടുന്നത്. എല്ലാ ദേവീദേവന്മാരും പങ്കെടുക്കുന്ന ഒരേയൊരു പൂരം ആറാട്ടുപുഴ പൂരമാണ്; മറ്റ് പുരങ്ങളിൽ പങ്കെടുക്കുന്ന ദേവീദേവന്മാരുടെ എണ്ണത്തിനു വലിയ വ്യത്യാസമുണ്ട്.
പൂരങ്ങളിൽ വെച്ച് ഏറ്റവും പ്രസിദ്ധമായത് പെരുമനം പൂരംതന്നെ. പെരുമനത്തെ ഇരട്ടയപ്പന് ഈ പൂരത്തിൽ ഒരു പങ്കുമില്ല. തൃശൂരിൽ വടക്കുംനാഥ ക്ഷേത്രത്തിൽ മറ്റു ദേവീദേവന്മാർ പൂരം കഴിച്ച് മടങ്ങുന്നതുപോലെയാണ് പെരുമനത്തെ പൂരവും. തൃപ്രയാർ, അന്തിക്കാട്, ചുരക്കോട്, കടുപ്പാശ്ശേരി, കാട്ടുപിഷാരിക്കൽ എന്നീ അഞ്ചു ക്ഷേത്രങ്ങളിലെ ദേവീദേവന്മാർ പെരുമനത്ത് എത്തില്ല. ബാക്കിയുള്ള പതിനെട്ടു ദേവീദേവന്മാരിൽ പിഷാരിക്കൽ, തൊട്ടിപ്പാൾ, ചാത്തക്കുടം, ഊരകം എന്നിവയ്ക്ക് “കയറ്റവും”, ആറാട്ടുപുഴ, അയ്യുന്നു, ചേർപ്പ് എന്നിവയ്ക്ക് “ഇറക്കവുമാണ്”. ബാക്കി ദേവീദേവന്മാർ മതിൽക്കകത്തെ വിളക്കിൽ മാത്രം പങ്കെടുക്കുന്നു.
പെരുമനം ക്ഷേത്രത്തിന്റെ വീതികുറഞ്ഞ കിഴക്കേ നടവഴിയിലാണ് പൂരങ്ങളെല്ലാം അരങ്ങേറുന്നത്. സന്ധ്യയ്ക്ക് ആറരയോടെ ചാത്തക്കുടത്തിന്റെ പഞ്ചാരിയുമായി പൂരം ആരംഭിക്കും. ഇതേ സമയത്ത് ആറാട്ടുപുഴ ശാസ്താവിന്റെ ഇറക്കം പാണ്ടിമേളത്തോടെ ആരംഭിക്കും.
പത്തുമണിയോടെ ചാത്തക്കുടത്തിന്റെ പൂരം കഴിഞ്ഞാൽ ഊരകത്തിന്റെ പഞ്ചാരിമേളം നിരന്നു കഴിയും. അർദ്ധരാത്രിക്ക് ശേഷം ഇത് അവസാനിക്കുമ്പോഴേക്കും ചേർപ്പ് പഞ്ചവാദ്യവുമായി അപ്പുറത്ത് എത്തിക്കഴിഞ്ഞിരിക്കും. സൂര്യോദയത്തോടെ ചേർപ്പിന്റെ മേളം അവസാനിക്കുന്നു.
പെരുമനം പൂരത്തിന്റെ പ്രശസ്തിക്ക് നിദാനം അതിന്റെ അത്യാകർഷകമായ സംവിധാനമാണ്. നടവഴിയിൽ ഏഴാനകൾ നിരന്നു നിന്നാൽ പിന്നെ അതിനിടയിലൂടെ ഒരീച്ചയ്ക്കുപോലും കടക്കാൻ പഴുതുണ്ടാവില്ല. ഈ നടവഴിയുടെ ഇരുവശത്തും പത്തടി ഉയരത്തിൽ നിലപാടുതറകൾ ഉണ്ടാക്കിയിരിക്കുന്നു. ഈ തറകളിൽ മൂന്നടി വീതിയുള്ള സ്ഥലം (കട്ടിൽ സ്ഥലം എന്നു പറയും) ഓരോരുത്തർക്ക് കത്തുകപ്പാട്ടത്തിന് നൽകിയിരിക്കുകയാണ്. പൂരം ദിവസം ഈ നിലപാടുതറകൾ പുരുഷാരം കൊണ്ട് നിറയും. സ്ത്രീകളും കുട്ടികളുമാണ് ഇവിടെ സാധാരണയായി പൂരം കാണാൻ വന്നിരിക്കാറുള്ളത്. ഇരുവശത്തും മതിൽപോലെ ഉയർന്നു നിൽക്കുന്ന നിലപാട് തറകൾക്കിടയിലൂടെ പൂരം കൊട്ടിക്കയറുന്ന തൃശൂർ പൂരത്തിലെന്നപോലെ ലക്ഷണമൊത്ത ആനകൾ മാത്രമേ പെരുമനം പൂരത്തിന് അണിനിരക്കൂ; ആനച്ചമയങ്ങളാകട്ടെ വെട്ടിത്തിളങ്ങുന്നവയുമാകും. ആനകൾക്ക് മുമ്പിൽ മൂന്നു വരിയായി ദീപയഷ്ടികൾ കത്തിനിൽക്കുമ്പോൾ ആനച്ചമയങ്ങൾ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പ്രതിഫലിപ്പിക്കും. അതിമനോഹരമായ ആ കാഴ്ച എത്ര കണ്ടാലും മതിവരില്ല. അതുപോലെതന്നെയാണ് പഞ്ചാരിമേളവും. ഇടുങ്ങിയ വഴിയിലെ മേളം അസാധാരണമായ ഒരു പ്രതിധ്വനിയുണ്ടാക്കും; നാഴികയ്ക്കപ്പുറത്തുപോലും അത് കേൾക്കാൻ കഴിയും. ഒരേ സ്ഥാനത്തുതന്നെ കയറ്റവും ഇറക്കവുമായി പൂരങ്ങൾ ഒന്നിനു പുറകെ മറ്റൊന്നായി പന്ത്രണ്ട് മണിക്കൂർ നേരം അരങ്ങു തകർക്കുന്നതിനാൽ കാണികൾക്ക് ഒരിക്കലും മുഷിപ്പ് തോന്നുകയില്ല എന്നതാണ് പെരുമനം പൂരത്തിന്റെ മറ്റൊരു പ്രത്യേകത. പൂരങ്ങളെ താരതമ്യപ്പെടുത്താനും വിലയിരുത്താനും ഇത് കലാസ്വാദകർക്ക് അവസരം നൽകുന്നു. ഈ ഇടുങ്ങിയ വഴിയിൽത്തന്നെ മാലപ്പടക്കം കൊണ്ടുള്ള വെടിക്കെട്ടുകൂടിയാകുമ്പോൾ അതിനൊരു സാഹസികതയുടെ പരിവേഷം കൂടി കൈവരുന്നു. പൂരം കണ്ടാസ്വദിക്കാൻ താല്പര്യമുള്ളവർ പെരുമനം പൂരംതന്നെ കാണണം.
പെരുമനം പൂരത്തിനുശേഷം രണ്ടു ദിവസം കഴിഞ്ഞു (ഇക്കൊല്ലം ഏപ്രിൽ 10ന്) നടക്കുന്ന ആറാട്ടുപുഴ പൂരം തികച്ചും വ്യത്യസ്തമായ ഒരു ദൃശ്യമാണ് കാഴ്ചവെക്കുന്നത്. ഏതാണ്ട് അമ്പതടി വീതിയും അരക്കിലോമീറ്റർ നീളവുമുള്ള നടവഴിയിലാണ് പെരുമനം പൂരം തിമിർക്കുന്നതെങ്കിൽ, ആറാട്ടുപുഴയിൽ അതിവിശാലമായ പാടത്താണ് പൂരം. പരമശാന്തവും സുഖശീതളവുമായ അന്തരീക്ഷത്തിൽ മൂന്നു ഭാഗത്തുനിന്നുമായി അവിടെ പൂരം നടക്കുന്നു. സന്ധ്യയ്ക്ക് ആറാട്ടുപുഴ ശാസ്താവിന്റെ പുറപ്പാടോടെയാണ് പൂരം ആരംഭിക്കുന്നത്. പണ്ട് ഇത് പൂരങ്ങളിലൊന്ന് മാത്രമായിരുന്നുവെങ്കിലും ഈയിടെ ആറാട്ടുപുഴയിലെ ഏറ്റവും നല്ല പൂരങ്ങളിലൊന്നായി ഇത് വികസിച്ചിട്ടുണ്ട്. രാത്രി പത്തുമണിയോടെ ഈ പൂരം അവസാനിക്കുമ്പോൾ വെടിക്കെട്ടും ഇപ്പോൾ സംഘടിപ്പിച്ചുവരുന്നു.
ആറാട്ടുപുഴ ശാസ്താവിന്റെ പൂരം കഴിഞ്ഞാൽ കുറെ ചെറുപൂരങ്ങളുണ്ട്. തെക്കുനിന്നും വടക്കുനിന്നും പടിഞ്ഞാറുനിന്നുമായി ഇവ കൊട്ടി കയറുന്നു. ഇപ്പോൾ ഇടക്കുന്നി, ചാത്തക്കുടം എന്നിവരുടെ പൂരങ്ങളാണ് പ്രധാനം; മറ്റെല്ലാം ചടങ്ങുമാത്രമായി നടക്കുകയാണ് പതിവ്.
ഈ പൂരങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കെ ഏതാണ്ട് ഒരു നാഴിക പടിഞ്ഞാറായി തൃപ്രയാർ തേവർ എഴുന്നള്ളിച്ചെത്തിക്കഴിയും. പതിനൊന്നാനകളും പഞ്ചവാദ്യവുമായി പന്ത്രണ്ടുമണിയോടെ തേവർ കൈതവളപ്പിൽ എത്തും. അപ്പോഴും വെടിക്കെട്ടുണ്ട്. അത് അവസാനിച്ചാൽ 21 ആനകളും പാണ്ടിമേളവുമായി തേവർ കിഴക്കോട്ട് നീങ്ങും. അവിടെ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ എത്തുന്നതോടെ മേളവും കഴിയുന്നു. പിന്നെ തേവർക്ക് ചടങ്ങുകൾ ഒന്നുമില്ല.
ഈ സമയത്ത് ഊരകത്തു അമ്മതിരുവടിയുടെ പൂരം ദേവരുടെ ഇടതുഭാഗത്ത് ആരംഭിക്കുന്നു; അതോടൊപ്പം ചേർപ്പ് ഭഗവതിയുടെ പൂരം വലതുഭാഗത്തും തുടങ്ങും. ഇതിന് കൂട്ടി എഴുന്നള്ളിക്കൽ എന്നാണ് പേര്. കൂട്ടി എഴുന്നള്ളിച്ച ശേഷം ദേവീ ദേവന്മാരെ പ്രദക്ഷിണം വെച്ച ശേഷമേ പൂരം കാണാൻ പോയവർ നാട്ടിലേക്ക് മടങ്ങാറുള്ളൂ. അമ്പതിൽ പരം ആനകൾ അണിനിരന്നു നിൽക്കുമ്പോൾ ഒരു പ്രദക്ഷിണം വെക്കുക എന്നത് തന്നെ നല്ലൊരു പാടാണ്. ഈ അടുത്ത കാലത്ത് പാടം നികത്തി പറമ്പാക്കി തുടങ്ങിയതിനാൽ പാടത്തിന്റെ വീതി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രദക്ഷിണം വെക്കൽ ഇന്നൊരു സാഹസമായി മാറിയിരിക്കുന്നു.
മറ്റു പൂരങ്ങൾക്കില്ലാത്ത ഒരു പ്രത്യേകത ആറാട്ടുപുഴയിലെ വഴിപാടാണ്. തൃപ്രയാർ തേവർക്ക് വെടിവഴിപാട് കഴിക്കുന്നത് പ്രസിദ്ധമാണല്ലോ. തേവർ ആറാട്ടുപുഴയിൽ എത്തുമ്പോൾ അവിടെയും അതിന് സംവിധാനമുണ്ടാക്കിയിട്ടുണ്ട്. കൂട്ടി എഴുന്നള്ളിക്കൽ കഴിഞ്ഞാൽ പിന്നെ അവിരാമമായി കതിന വെടികൾ മുഴങ്ങുന്നത് ആറാട്ടുപുഴയിലെ ഒരു പ്രത്യേകതയാണ്. അതുപോലെതന്നെ ദേവരുടെ ഭണ്ഡാരവും ആറാട്ടുപുഴയിലെത്തും.
രാവിലെ ഏഴുമണിയോടെ ഊരകം-ചേർപ്പ് ഭഗവതിമാരുടെ പൂരം അവസാനിച്ചാൽ ആറാട്ടുപുഴയിൽ ആറാട്ടായി. ഈ സമയത്ത് ദേവരോടൊപ്പം ആറാടുന്നത് മോക്ഷദായകമാണെന്ന് ഭക്തജനങ്ങൾ വിശ്വസിക്കുന്നതിനാൽ, ആറാട്ട് കഴിഞ്ഞേ പലരും മടങ്ങാറുള്ളൂ. ആറാട്ട് കഴിഞ്ഞ് എല്ലാ ദേവീ ദേവന്മാരും ഉപചാരം പറഞ്ഞ് പിരിഞ്ഞാൽ, തൃപ്രയാർ ദേവരും ഉപചാരം പറയുന്നു. ഈ അവസരത്തിൽ അടുത്ത കൊല്ലത്തെ പൂരത്തിന്റെ തിയ്യതി പ്രഖ്യാപിക്കുന്ന ചടങ്ങുണ്ട്.

ആറാട്ടുപുഴ പൂരത്തിന്റെ പിറ്റേന്നാണ് (ഏപ്രിൽ 11) എടക്കുന്നി വിളക്ക്. എടക്കുന്നിയിലെ പഞ്ചാരി മേളം പ്രസിദ്ധമാണ്. കുറച്ചു കാലമായി സന്ധ്യക്ക് ക്ഷേത്രനടയിൽ പഞ്ചവാദ്യത്തോടുകൂടിയ എഴുന്നള്ളിപ്പും ആരംഭിച്ചിട്ടുണ്ട്. പഞ്ചവാദ്യത്തിന് ശേഷം എഴുന്നള്ളിച്ചെത്തുന്ന നാലു ദേവീ ദേവന്മാരോടൊപ്പം നടത്തുന്ന വിളക്കിന്റെ പഞ്ചാരി മേളം പുലർച്ചെ വരെ തുടരും. ഇത്ര വിസ്തരിച്ചുള്ള പഞ്ചാരി മേളം അപൂർവ്വമാണ്.
ഉത്രം പാട്ടിന് ശേഷം എല്ലാ ക്ഷേത്രങ്ങളിലും കൊടിയിറങ്ങുന്നതോടെ പൂരത്തിന് തിരശ്ശീല വീഴുന്നു.
കുംഭത്തിലെ കുട്ടനെല്ലൂർ പൂരത്തിൽ പങ്കെടുക്കുന്ന ദേവീ ദേവന്മാരും മേടത്തിലെ തൃശൂർ പൂരത്തിൽ ഭാഗഭാക്കാകുന്ന ദേവീദേവന്മാരുമെല്ലാം പണ്ട് പെരുമനം-ആറാട്ടുപുഴ പൂരങ്ങളിൽ പങ്കെടുത്തിരുന്നവരായിരുന്നു. നാടുവാഴികളുടെ തമ്മിൽതല്ലാണ് അതെല്ലാം ചിന്നഭിന്നമാക്കിയത്.
1987 ഏപ്രിൽ 05 തൃശൂരിൽ നിന്ന് പുറത്തിറങ്ങിയിരുന്ന എക്സ്പ്രസ്സ് ദിനപത്രത്തിന്റെ വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ടി. വി. അച്യുത വാരിയർ എഴുതിയ ലേഖനം.
©Express/1987


