K. Ranganath
മലയാള മനോരമ

വെണ്മുകിലുകൾ മേഞ്ഞുനടക്കുന്ന നീലാകാശത്തിനു കീഴിൽ മാനമുരുമ്മുന്ന സഹ്യശൈലം. തിരുവിതാംകൂറിനെ ഊട്ടിപ്പോറ്റിയ നാഞ്ചിനാട്. ഈ വയൽക്കാറ്റിൽ ചരിത്രത്തിന്റെ മർമ്മരം. കണിയാകുളത്തു രാമപ്പയ്യനോടു പടവെട്ടിയ കേരളവർമ്മത്തമ്പുരാൻ മുതൽ ടിപ്പു സുൽത്താനെ പടയിൽ വീഴ്ത്തിയ കാർത്തികതിരുനാൾ തിരുമനസ്സുവരെയുള്ള പൊന്നുതമ്പുരാക്കന്മാരുടെ മഞ്ചലും മേനാവും കുതിരകളും കണ്ട കാഴ്ച ഈ വയലേലകൾ ഓർമ്മയിലൊളിച്ചുവച്ചിരിക്കുന്നു. പിന്നെയും വന്ന രാജാക്കന്മാരും നാഞ്ചിനാടിനെ വേണാടിനു വീണുകിട്ടിയ വരദാനമായി കരുതി. നാഞ്ചിനാടിന്റെ ചരിത്രത്തിൽ ഇടംതേടിയ ഒരു മണ്ണിന്റെ മകനുണ്ട്. നാഞ്ചിൽ കുറവൻ. കുറവ രാജാവായിരുന്ന അദ്ദേഹമാണ് നാഞ്ചിനാട്ടിന് ഐശ്വര്യത്തിന്റെ പച്ചമുഖപടമണിയിച്ചതെന്നു ചരിത്രകാരന്മാർ പറയുന്നു. കൊല്ലവർഷം മൂന്നാം ശതകത്തിലാണ് നാഞ്ചിനാട് വേണാടിൽ ലയിച്ചതെന്നും രേഖകളുണ്ട്. നാഞ്ചിൽ കുറവന്റെ മന്ത്രിമാരുടെ പരമ്പരയിൽപ്പെട്ട നാഗർകോവിൽ പെരിയവീട്ടു മുതലിയാരുടെ വീട്ടിലെ നിലവറയിൽ നാഞ്ചിനാട്ടിനെക്കുറിച്ചുള്ള അമൂല്യരേഖകൾ സൂക്ഷിച്ചിരിക്കുന്നു. മൂന്നാം നൂറ്റാണ്ടിനു മുമ്പുള്ള നാഞ്ചിനാടിന്റെ ചരിത്രരേഖകൾ കണ്ടുകിട്ടിയിട്ടില്ലെന്നു പ്രശസ്ത പണ്ഡിതനായ ഡോ. ശൂരനാട്ടു കുഞ്ഞൻപിള്ള പറയുന്നു.

അരികിലൂടെ ചോരച്ചാലുകൾ ഒഴുകിയപ്പോഴും ശാന്തിയുടെ ജീവിതതാളം കൈവിടാതെ സൂക്ഷിച്ച നാഞ്ചിനാടൻ പാടങ്ങളിൽ നിന്നു ഞാറ്റുവേലപ്പാട്ടുകൾ മായുന്നു. തിരുവിതാംകൂറിന്റെയും പിന്നിടു തമിഴകത്തിന്റെയും പത്തായപ്പുരയായ ഈ കേദാരങ്ങൾ നാശത്തിന്റെ അന്ത്യഗീതത്തിനു കാതോർക്കുന്നു.

ആധുനികത ഈ വയലേലകളെ കാർന്നുതിന്നുതുടങ്ങി. കന്യാകുമാരി ജില്ലയിലെ തോവാള, അഗസ്തീശ്വരം താലൂക്കുകളിലാണ് അനന്തമായിക്കിടന്ന പച്ചപ്പ് അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്.

ഒരു തേരട്ടയെപ്പോലെ കന്യാകുമാരിയിലെ ത്രിസാഗരസന്ധിയിലേക്കു നീളുന്ന ദേശീയപാതയ്ക്ക ഇരുപുറവും നാഞ്ചിനാടിന്റെ കരളിൽ താഴ്ത്തിയ കഠാരകൾ പോലെ ആധുനികവൽക്കരണത്തിന്റെ വേലിയേറ്റം. ‘പളമാറ്റ്’ - നൂറുമേനി വിളഞ്ഞ നിലങ്ങൾ നികത്തി കെട്ടിടനിർമ്മാണവും വ്യവസായവും. ആരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. നെൽകൃഷി നഷ്ടത്തിലേക്കു മുതലകൂപ്പുകുത്തിയതുതന്നെ കാരണം. “കൃഷികൊണ്ടു തുലഞ്ഞ ഞാൻ ഇപ്പോൾ പച്ചപിടിച്ചുവരുന്നു.” തിരുവട്ടാറിലേക്കുള്ള പാതയോരത്തെ പാടം നികത്തി ചെറിയൊരു വർക്ക് ഷോപ്പും പാർപ്പിടവും നിർമ്മിച്ച കുമാരിവേലന്റെ മുഖത്തു സംതൃപ്തിയുടെ പുതിയൊരു ദീപ്തി.

പച്ചപ്പിന്റെ ശവപ്പറമ്പിൽ പച്ചപിടിക്കാൻ ശ്രമിക്കുന്ന നാഞ്ചിനാടൻ കർഷകന്റെ പ്രതീകംപോലെ തോന്നി കുമാരിവേലൻ.

പ്രകൃതിയും കീഴ്മേൽ മറിഞ്ഞ കാർഷിക സംസ്കാരവും നാഞ്ചിനാടിനെ ശ്വാസം മുട്ടിക്കുന്നു. പുത്തൻ കൃഷി സങ്കേതങ്ങൾ ഈ അപ്പക്കൂടയെ അതിവേഗം ശൂന്യമാക്കുന്നുവോ. ചമ്പാവും ചെറുമണിയും ചേറാടിയും കുളവാലിയും കുനിപ്പാനും ഓവുമുണ്ടനും തവളക്കണ്ണനും പൊന്നാര്യനും നെൽവിത്തുകൾ നൂറുമേനി വിളയിച്ച പാടങ്ങളിൽ പുത്തൻകൂറ്റുകാരായ ഭാരതിയും തിരുപ്പതിസാരവും ചേക്കേറിയപ്പോൾ വിളവു പലേടത്തും പകുതിയായി കുറഞ്ഞു. രാസവളങ്ങൾ ഈ മണ്ണിന്റെ ഫലഭൂയിഷ്ഠത ചോർത്തിക്കൊണ്ടിരിക്കുന്നു.

ഉഴാനും കള പറിക്കാനും ഞാറുനടാനുമെല്ലാം കൂലി അനേകമടങ്ങ് വർദ്ധിച്ചു. കൊയ്ത്തിന് ആളെ കിട്ടാനില്ലാത്തതാണ് അടുത്തകാലത്തായി നാഞ്ചിനാടൻ മേഖല നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട്. കർഷകത്തൊഴിലാളികൾ കൂടുതൽ കൂലി കിട്ടുന്ന മേഖലകളിലേക്ക് കുടിയേറുന്ന പ്രവണതയും വർദ്ധിക്കുന്നു.

പേച്ചിപ്പാറ, പെരുഞ്ചാണി പദ്ധതികളിൽ നിന്നാണ് നാഞ്ചിനാടിന്റെ ദാഹം തീർക്കാൻ വെള്ളമെത്തുന്നത്. പരിസ്ഥിതി തകർച്ചമൂലം ഈ ജലസേചനപദ്ധതികളുടെ ശേഷിയും ശോഷിച്ചു. മൂപ്പുകൃഷി പോകട്ടെ ഇരുപ്പുകൃഷി നടത്താൻ പോലും കഴിയാത്ത അവസ്ഥ. ഒരിക്കലും വറ്റാത്ത തോടുകളും കുളങ്ങളുമായിരുന്നു ഈ പാടങ്ങളുടെ ആശ്രയമായിരുന്നത്. അവയും വറ്റിവരണ്ടു. ‘നഞ്ചൈനാട്’ എന്ന തമിഴ് പദത്തിനർത്ഥംതന്നെ നനച്ചു കൃഷി ചെയ്യേണ്ട സ്ഥലമെന്നാണ്.

ഈറന്റെ ഉറവക്കണ്ണുകൾ വറ്റിവരണ്ടുകൊണ്ടിരിക്കെ ഇനി പ്രത്യാശയും ഏറെ അകലെ.

ഇരുപ്പുകൃഷി നടപ്പില്ലെന്നായപ്പോൾ ആയിരക്കണക്കിനു ഹെക്ടർ ഭൂമി തെങ്ങിൻതോപ്പുകളായി മാറുന്നു. കപ്പകൃഷിയിലേക്കു തിരിഞ്ഞിരിക്കുന്നു മറ്റൊരു കൂട്ടം കർഷകർ.

രണ്ടും മൂന്നും വർഷങ്ങളായി ഒരുപ്പൂക്കൃഷിയിറക്കാൻ പോലും കഴിയാത്ത വയലേലകൾ നാഞ്ചിനാട്ടിൽ നോക്കെത്താദൂരത്തോളം കാണാം. നെൽച്ചെടികൾ ഒരിക്കൽ മദിച്ചുപുളഞ്ഞു തലയാട്ടി നിന്ന പാടങ്ങളിൽ കള്ളിച്ചെടികൾ ഇടംതേടിയിരിക്കുന്നു. പുൽനാമ്പുകൾക്കു പകരം വരൾച്ചയെ അതിജീവിക്കാൻ കെൽപ്പുള്ള സസ്യജാലങ്ങൾ നെൽച്ചെടികൾക്കു പകരക്കാരായി നുഴഞ്ഞുകയറിയിരിക്കുന്നു.

1988 ഏപ്രിൽ 24 മലയാള മനോരമ ഞായറാഴ്ച സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ച കെ.രംഗനാഥ് എഴുതിയ ലേഖനം.
©MalayalaManorama/1988