Dr. C. K. Kareem
മലയാളനാട്

ആധുനിക ചരിത്രവിവക്ഷയിൽ ഹൈന്ദവചരിത്രദർശനമെന്നും, ക്രൈസ്തവ ചരിത്രദർശനമെന്നും, ഇസ്‌ലാമികചരിത്രദർശനമെന്നും ചരിത്രത്തിന്റെ തത്വ ശാസ്ത്രത്തെ അതിർ വരമ്പിടുന്നത് അശാസ്ത്രീയമാണ്. ശരിയായ ചരിത്രം എക്കാലവും വസ്തുനിഷ്ഠവുമാണ്. എന്നാൽ ചരിത്രകാരന്മാർ മനുഷ്യരായതുകൊണ്ട് അവരുടെതായ വ്യത്യസ്താനുഭവങ്ങളും, താല്പര്യങ്ങളും, സ്വേച്ഛയും ചരിത്രപ്രതിപാദനത്തിൽ അറിഞ്ഞോ അറിയാതെയോ കലരുകയും ഒരേ ചരിത്രവസ്തുത തന്നെ പലരും പലവിധത്തിൽ അവതരിപ്പിച്ചു എന്നു വരാറുണ്ട്. എന്നാൽ സത്യം എന്നും സത്യമായി തന്നെ നിലനിൽക്കുന്നതിനാൽ അതിന് മാറ്റം സംഭവിക്കുന്നില്ല. അവയെ ഏതു വിധം സമീപിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് പലതും പല വിധത്തിൽ വ്യവഹരിക്കുന്നത്. ചരിത്രകാരൻ, അവൻ ജനിച്ച നാടിന്റെയും ശ്വസിച്ച വായുവിന്റെയും, ആഹരിച്ച ഭക്ഷണങ്ങളുടെയും, സ്വാംശീകരിച്ച ആദർശവിശ്വാസങ്ങളുടെയും, ജീവിച്ച സംസ്കാരത്തിന്റെയും സ്വാധീനതയ്ക്ക്  അടിമപ്പെടുക നൈസർഗ്ഗികമാണ്. അതിനാൽ ചരിത്രം വസ്തുനിഷ്ഠമാണെങ്കിലും ചരിത്രകാരൻ മിക്കപ്പോഴും ആത്മനിഷ്ഠനായിരിക്കും. ഓരോരുത്തരുടെയും ചരിത്രസംവേദനം ആപേക്ഷികവുമായിരിക്കും. അങ്ങിനെ ചരിത്രവീക്ഷണത്തിലും വിമർശനത്തിലും, ദർശനങ്ങളിൽ തന്നെയും വൈവിധ്യങ്ങളായ സാംസ്കാരികശക്തികളുടെ സ്വാധീനം പ്രസ്പഷ്ടമായി കാണാനാകും. അത്തരം സ്വാധീനശക്തികളെ പുരസ്കരിക്കുമ്പോഴാണ് ചരിത്രദർശനത്തിൽ ഹൈന്ദവമെന്നും, ക്രൈസ്തവമെന്നും, ഇസ്‌ലാമികമെന്നും, ഭൗതികമെന്നും മറ്റും മറ്റുമുള്ള വൈജാത്യങ്ങൾ പ്രസക്തങ്ങളാകുന്നത്.

ആദർശനിഷ്ഠാത്മകമായ ജീവിതസാഫല്യങ്ങളുടെ പ്രതിരൂപങ്ങൾക്ക് പ്രാധാന്യം നൽകി വിശാലമായ ഒരു ക്യാൻവാസിലൂടെ ചരിത്രഗതിയെ വീക്ഷിക്കുന്ന ഹൈന്ദവദർശനം, ആദർശാത്മകമാണ്. അവിടെ കണക്കുകൾക്കും കാര്യകാരണങ്ങൾക്കും പ്രാധാന്യമില്ല. ആ കാലഘട്ടത്തിന്റെ ഉദാത്തദർശനങ്ങൾ ഉദ്ദീകരണം ചെയ്യുവാനുപകരിക്കുന്നു. പ്രതിരൂപങ്ങളോ, മാതൃകകളോ വലിയ ഒരു സമൂഹത്തിന്റെ ആദർശവിശ്വാസങ്ങളായവതരിപ്പിക്കുന്ന ഹൈന്ദവവീക്ഷണം സത്യം നീതി തുടങ്ങിയ ധർമ്മപ്രഘോഷണത്തിന് മുൻതൂക്കം നൽകുന്നു. രാമനും, സീതയും, ഭരതനും, ലക്ഷ്മണനും, സുഗ്രീവനും ബാലിയും, ഭീഷ്മരും, രാവണനുമെല്ലാം ഏതു കാലഘട്ടത്തിന്റെയും പ്രതീകാത്മക രൂപങ്ങളാണെങ്കിലും ശരി ഇൻഡ്യൻ സമൂഹം അത്രയുമോ അതുമല്ലെങ്കിൽ അതിനോടേറെക്കുറെ സവിധത്തിലായോ സത്യധർമ്മാദികൾ അനുഷ്ഠിച്ചുവരുവാൻ ശ്രമിച്ചിരുന്നുവെന്ന് വേണം കരുതുവാൻ. മഹാഭാരതമോ രാമായണമോ ചരിത്രഗ്രന്ഥങ്ങളല്ല. എന്നാൽ ഏതൊരു ചരിത്രത്തേക്കാളും മഹത്തായ ഒരു ജനതയുടെ ചരിത്രം ഇവയിലുണ്ട്. ഇവിടെ വർഷങ്ങൾക്കോ, ഭരണങ്ങൾക്കോ, സ്ഥലകാലങ്ങൾക്കോ അല്ല പ്രാധാന്യം, ആദർശനിഷ്ഠമായ സത്യധർമ്മാദികൾക്കാണ്. ഇത്തരം ആദർശങ്ങളെ പ്രഘോഷണം ചെയ്യാൻ ക്രിയാത്മകമായ ചരിത്രവീക്ഷണത്തിൽ അസാധ്യമായിരിക്കും. ഈ ചരിത്രമല്ലാത്ത ചരിത്രത്തിന്റെ മഹിമയിലാണ് ഹൈന്ദവചരിത്രദർശനത്തിന്റെ ആത്മസത്ത.

ചിത്രം: മേവാർ രാമായണത്തിലെ രാമ-പരശുരാമ സമാഗമം. കടപ്പാട്: വിക്കിമീഡിയ കോമൺസ് / ബ്രിട്ടീഷ് ലൈബ്രറി.

ഇസ്‌ലാമിക ചരിത്രദർശനത്തിന്റെ രൂപവും ഭാവവും ഇസ്‌ലാമികവിശ്വാസങ്ങളിലും സിദ്ധാന്തങ്ങളിലും അധിഷ്ഠിതമത്രെ. ഏകദൈവവിശ്വാസം, മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അയവില്ലാത്ത സന്ധിച്ചെയ്യാൻ സാധിക്കാത്ത ഉറച്ച വിശ്വാസമാണല്ലോ. തന്മൂലം ഇസ്‌ലാമികദർശനങ്ങളെയെല്ലാം തന്നെ അടിയുറച്ച ഈ വിശ്വാസത്തിന്മേൽ കരുപ്പിടിപ്പിച്ചിരിക്കുന്ന. കരുണാനിധിയും ദയാലുവുമായ സർവ്വശക്തനും സർവ്വവ്യാപിയുമായ പ്രപഞ്ചനാഥനെ പ്രാപിക്കുവാനുള്ള അവിരാമമായ യജ്ഞമാണ് മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ജീവിതം തന്നെ. അവന്റെ തത്വ ശാസ്ത്രവും ജീവിതവീക്ഷണവും തന്മൂലം നാസ്തികമാകുവാനൊക്കുകയില്ല. “വൈരുദ്ധ്യാത്മകഭൗതികവാദം” ഇസ്‌ലാമിക ചരിത്രദർശനത്തിന്റെ മറുതലയ്ക്കൽ നില്ക്കുന്നതാണ്. ഇസ്‌ലാം യുക്തിവാദത്തിനും സ്വതന്ത്രചിന്തയ്ക്കും പരിധി നിശ്ചയിക്കുന്നത് ഇക്കാര്യത്തിൽ മാത്രം. യൂറോപ്യൻ പണ്ഡിതനായ ഹോട്ടൽ ഇസ്‌ലാമിലെ ഈ പ്രവണതയെ ചൂണ്ടി ഇപ്രകാരം എഴുതുന്നുണ്ട്: “ഏ. ഡി. 800 മുതൽ 1100 വരെയുള്ള കാലത്തിനിടയ്ക്ക് നൂറിൽ പരം വ്യത്യസ്തങ്ങളായ താത്വിക ദർശനങ്ങൾ മുസ്‌ലിങ്ങൾക്കിടയിൽ ഉത്ഭവിച്ചു എന്നത് തന്നെ മുസ്‌ലിം ചിന്തയുടെ വികാസത്തെയും സ്വീകരണക്ഷമതയേയും ആദ്യകാല മുസ്‌ലിം ലോകത്തിലെ ചിന്തകരുടെ അക്ഷീണമായ പ്രയത്നത്തിന്റെയും നിദർശനങ്ങളാണ്.” അദ്ദേഹം തുടർന്നെഴുതുന്നത്, “അപാരമെന്ന് വിശേഷിപ്പിക്കാവുന്ന സാർവ്വലൗകികസ്വഭാവമാണ് ഇസ്‌ലാമികചൈതന്യം. നാസ്തികദർശനമൊഴികെ ലോകത്തുള്ള സർവ്വവിജ്ഞാനങ്ങളും സ്വാംശീകരിച്ച ഇസ്‌ലാം അവയ്ക്കൊക്കെ വികാസത്തിന്റെ തനതായ നിർദ്ദേശങ്ങൾ കൂടി നൽകി പുഷ്കലമാക്കുകയാണ് ചെയ്തത്.” അപ്പോൾ പരമമായ സത്യത്തെ പുൽകുവാൻ നിലയ്ക്കാത്ത പ്രയാണമാണ് മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ജീവിതം തന്നെ. അവന്റെ സത്യാന്വേഷണ തൃഷ്ണ പ്രാപഞ്ചികരഹസ്യങ്ങളെ അനാവരണം ചെയ്യുവാനും പരമകാരുണികനായ സർവ്വശക്തനെ അറിയുവാനുമുള്ള നിരന്തരവും അവിരാമവുമായ ത്വരയാണ്. അതായത് ഇസ്‌ലാമിക ചരിത്രദർശനത്തിന്റെ സ്ഥായിയായ അടിത്തറ ദൈവവിശ്വാസവും, പ്രാപഞ്ചികരഹസ്യചോരണവും ആദ്ധ്യാത്മിക നിവൃത്തിയുമാണെന്ന് ചുരുക്കം.

ചരിത്രത്തിന്റെ വെളിച്ചത്തിൽ ഒരു ലോകമതം വിഭാവനം ചെയ്യുകയാണ് ഇസ്‌ലാം. ഈ മതത്തെ വികസിതമായ ഒരു സംസ്കാരമായി വളർത്തുകയും ആ പ്രക്രിയയിൽ ലോകസംസ്കാരങ്ങളിൽ ഗുണകരവും പ്രയോജനകരവുമായവയെ സ്വീകരിക്കുകയും സ്വന്തമായ വിശ്വാസദർശനങ്ങളുടെ മൂശയിലുരുക്കി അവയ്ക്ക് നൂതനമായ പ്രഭാപൂരം നൽകുകയാണ് ചെയ്യുന്നത്. ഇസ്‌ലാമിക സംസ്കാരം മനുഷ്യചിന്തയുടെയും സ്വഭാവരൂപീകരണത്തിന്റെയും ബൃഹത്തായ സംഹിതയാകുന്നു. പക്ഷേ ഏതെതൊക്കെ വ്യാപാരമണ്ഡലങ്ങളിലാണോ മനുഷ്യൻ വിഹരിക്കുന്നത് അത് ഏതായാലും ശരി അവന്റെ ചിന്തയിലും പ്രവർത്തിയിലുമെല്ലാം അവനും ദൈവവും പ്രപഞ്ചവും തമ്മിൽ അഭേദ്യമായി നിൽക്കുകയും ചെയ്യുന്നു. അങ്ങിനെ ഈശ്വര സാക്ഷാത്ക്കാരത്തിനുള്ള പ്രവൃത്തികളെ സുഗമമാക്കുകയാണ് സർവ്വജനീനവും സാർവ്വലൗകികവുമായ ജീവിതവീക്ഷണവും ചരിത്രദർശനവും വഴി സാധിക്കുന്നത്.

ദൈവ സന്ദേശം എല്ലാ ഭൂമിശാസ്ത്രപരിധികളെയും അതിലംഘിക്കുന്നതാണല്ലോ. അത് മനുഷ്യരാശിക്കാകമാനമുള്ള അനുഗ്രഹമാണ്. വിശാലവും വിശ്വവ്യാപകവുമായ ഈ ചിന്തയാണ് ഇസ്‌ലാമിക ചരിത്രദർശനത്തെ സാർവ്വലൗകികമാക്കുന്നത്. അവിടെ കാലത്തിനോ ദേശത്തിനോ വർണ്ണത്തിനോ സ്ഥാനമില്ല; മനുഷ്യസമൂഹത്തെ വർണ്ണമായും ദേശങ്ങളായും വർഗ്ഗങ്ങളായും തരംതിരിച്ചിരിക്കുന്നത് വേർതിരിച്ചറിയുവാൻ മാത്രമാണെന്നാണ് ഖുർആൻ പ്രഖ്യാപിക്കുന്നത്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള മതിൽ നീക്കാനും മനുഷ്യവംശത്തിന്റെ ഏകത്വത്തെ പ്രാവർത്തികമാക്കാനുമാണല്ലോ ഇസ്‌ലാമിലെ പ്രാർത്ഥന തന്നെ. സഹാനുഭൂതി, സഹിഷ്ണുത, സാഹോദര്യം, സമത്വം എന്നീ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കാൻ നിർബന്ധിതനാകുന്ന മുസ്‌ലിം ചരിത്രകാരന് പ്രാദേശികമോ ദേശീയാമോ വർഗ്ഗീയമോ ആയ വികലവീക്ഷണം സാധ്യമാകുകയില്ല. ലോകത്തെ ഒന്നായി കാണുവാനും മനുഷ്യസമൂഹമത്രയും ഒരേ സൃഷ്ടിമാത്രമാണെന്നും വിശ്വസിക്കുവാൻ മുസ്‌ലിങ്ങൾ നിർബന്ധിതരാണ്. “നാം ഒറ്റ ശ്വാസത്തിലാണ് നിങ്ങളെയത്രയും സൃഷ്ടിച്ചത്” എന്നാണ് ഖുർആൻ പ്രഖ്യാപിക്കുന്നത്. ഈ വിശ്വൈകദർശനത്തെ കാരുണ്യവും സമസ്തസൃഷ്ടി സ്നേഹവും കൊണ്ട് പരിഭൂതമാക്കുകയും വേണം. ദൈവകല്പനയെ ഖുർആൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “നീ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞ് പ്രണമിച്ചു കൊണ്ട് മാത്രം കാര്യമായില്ല. ദൈവത്തിലും മലക്കുകളിലും അന്ത്യവിധിദിനത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുന്നവനും ദരിദ്രർക്കും ആവശ്യക്കാർക്കും അനാഥർക്കും മറ്റും തന്റെ പക്കലുള്ള ധനം ദൈവനാമത്തിൽ നൽകുന്നവനുമാണ് യഥാർത്ഥ ഭക്തൻ.” (2:172) തന്റെ അയൽവാസി ഭക്ഷണം കഴിച്ചുവോ എന്ന് അന്വേഷിക്കാതെ ആഹരിക്കുന്നവൻ വിശ്വാസിയല്ലെന്ന് മറ്റൊരിടത്തും പ്രസ്താവിക്കുന്നു. അങ്ങനെ സഹാനുഭൂതിയും കാരുണ്യവും മുസ്‌ലിങ്ങളുടെ ജീവിതവ്രതമാണ്. ഇതിന്റെ സർവ്വവ്യാപകമായ ആത്മവൽക്കരണമാണ് ചരിത്രദർശനത്തിൽ ഇസ്‌ലാമികമായ മാനവികതയും മാനുഷികമായ സമീപനവും.

മറ്റൊരു പ്രധാന കാര്യം സഹിഷ്ണുതയാണ്. മറ്റുള്ളവരുടെ അഭിപ്രായത്തെയും വികാരത്തെയും മാനിക്കുവാൻ സാധിക്കുക. ഈ മാനസികാവസ്ഥ കൊണ്ടാണ് ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ വികാസപരിണാമങ്ങൾ നിഷ്കൃഷ്ടമായി നിരീക്ഷിച്ചിട്ടുള്ളവർക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നതാണ് സഹിഷ്ണുത എന്ന ഈ ഉദാത്തഭാവം. അറബികളുടെ ചരിത്രമെഴുതിയ കോൺടി ഏതു വിധമാണ് മുസ്‌ലിം ആക്രമണത്തെ യൂറോപ്പിലെയും സ്പെയിനിലെയും ജനങ്ങൾ സ്വീകരിച്ചത് എന്ന് വിശദമാക്കുന്നുണ്ട്. “തങ്ങളുടെ സർവ്വ ആചാരമര്യാദകളും വിശ്വാസങ്ങളും സ്വതന്ത്രമായി നിലനിർത്താൻ സഹായിച്ച ആക്രമണകാരികൾ അതിനുമുമ്പ് തങ്ങളനുഭവിച്ചിരുന്ന യാതനാപൂർണ്ണമായ ജീവിതക്ലേശങ്ങൾക്ക് വിരാമമിടുക വഴി പുതിയ ഒരു ചൈതന്യം പ്രസരിപ്പിക്കുകയും ചെയ്തു.” എന്നാണ് സിന്ധാക്രമണം കഴിഞ്ഞ ശേഷം ബ്രാഹ്മണമതത്തെയും അമ്പലങ്ങളെയും അതേ വിധം തുടർന്നുപോരാൻ അനുവദിച്ചതും ഈ സഹിഷ്ണുതാമനോഭാവം കൊണ്ടു മാത്രമാണല്ലോ, ആക്രമിച്ചു കീഴടക്കിയ ജനങ്ങളെ സമത്വസാഹോദര്യത്തിന്റെ ഉത്തുംഗശൃംഖലകളാൽ സുഘടിതമാക്കിയ ചേതോവികാരം ഇസ്‌ലാമിക ദർശനത്തിന്റേതു മാത്രമായിരുന്നു. “ഈ ഭൂതലം മുഴുവൻ ഒരു പള്ളിയാകുന്നു” എന്ന് അതിഭംഗിയായി വിവരിച്ച പ്രവാചകൻ ഈ വികാരത്തെ രോമാഞ്ചം കൊള്ളിക്കുകയാണ്. മനുഷ്യസമൂഹത്തിന്റെ ആത്മസാക്ഷാത്ക്കാരമാണ് രാഷ്ട്രത്തിന്റെ ലക്ഷ്യമെന്നും ഇസ്‌ലാമിക രാഷ്ട്രം ഒരു ദേശരാഷ്ട്രമോ സാമ്രാജ്യത്വമോ അല്ലെന്നും പ്രത്യുത പല അതിരുകൾ കൊണ്ട് തിരിക്കപ്പെട്ടവയും പല വർഗ്ഗക്കാരായും ജാതിക്കാരായും ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരു ഐക്യരാഷ്ട്ര സമൂഹമാണെന്നുള്ള വിശാല വീക്ഷണം ഇസ്‌ലാം പ്രപഞ്ചനം ചെയ്തു.

ഏതൊരു രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും സന്മാർഗ സദാചാരങ്ങൾക്കു നിദാനം അതിനെ നിയന്ത്രിക്കുന്ന നിയമസംഹിതകളാണല്ലോ. നിയമദൃഷ്ട്യാ എല്ലാവരും സമാനരാണെന്നും നിയമത്തിന് അതീതമായി ഒരാളുമില്ലെന്നും ഇസ്‌ലാം ഉദ്ഘോഷിച്ചു. ഇസ്‌ലാമിക നിയമസംഹിത ഖുർആനും നബിവചനങ്ങളും മുൻനടപ്പ് മാതൃകയും വിവേചനാശക്തിയുമാണ്. ഏതു രാഷ്ട്രത്തിനും ഏതു സാഹചര്യങ്ങൾക്കും പറ്റുന്ന വിധം പ്രയോഗിക്കാവുന്ന ഈ നിയമസംഹിത മാനുഷിക സമത്വത്തെയും സാർവ്വലൗകിക സ്വഭാവത്തെയും പ്രഖ്യാപനം ചെയ്യുന്നവത്രെ. അപ്പോൾ ഈ സ്വഭാവവൈശിഷ്ട്യങ്ങൾ വിശ്വസ്തതയുമാണ് ചരിത്ര ദർശനത്തിലും ഇസ്‌ലാമിക സമീപനത്തിന്റെ അടിത്തറ.

ജ്ഞാനതൃഷ്ണ ഇതൊരു മുസ്ലിമിന്റെയും നിദാന്തനിശ്വാസമായിരിക്കണം. “വിശ്വാസികളിൽ അറിവുള്ളവർ മാത്രമാണ് ദൈവഭയമുള്ളവരായിരിക്കുക” എന്ന് ഖുർആൻ വ്യക്തമാക്കുന്നുണ്ട്. അറിവുള്ളവരെ സ്നേഹിക്കുന്നവനാണ് ഇസ്‌ലാമിലെ സർവ്വശക്തൻ എന്ന് അൽ ഗസാലിയും ഉറക്കെ പറയുന്നു (ഫത്തിഹാത്തുൽ ഉലൂം പുറം 3). “ദൈവത്തിങ്കലേക്ക് കൂടുതൽ അടുപ്പിക്കുന്ന അറിവ് അല്പമായെങ്കിലും നേടാനൊക്കാത്ത ദിനം പാഴായിപ്പോയ ദിവസമാണെ”ന്ന്. നബി പറഞ്ഞിട്ടുള്ളതായി അൽഗസ്സാലി തുടർന്നു പ്രഖ്യാപിക്കുന്നുണ്ട് (അരിസ്സാല അൽ ലദൂനിയ. പുറം 5). ചൈനയിൽ പോയെങ്കിലും വിദ്യ അഭ്യസിക്കണമെന്ന് പ്രവാചകൻ ഉപദേശിച്ചിരുന്നു. പേർഷ്യൻ നിഗൂഢവാദിയായ ഹുജ്ജൂവിരി (Ali al-Hujwiri) (1022 - 77) പറയുന്നതാകട്ടെ മനുഷ്യവിജ്ഞാനത്തിന്റെ ആത്യന്തിക ലക്ഷ്യം ദൈവത്തെ അറിയുകയും അവന്റെ കല്പനകളെ മനസ്സിലാക്കുകയുമാണെന്നാണ്.  (കഷ്ഫൽ മജ്ഹൂബ് - പരിഭാഷ. ആർ.ഏ. നിക്കൽസൺ. പുറം 13 Kashf al-Mahjub). അതായത് പരമമായ സത്യസാക്ഷാത്ക്കാരത്തിന് വേണ്ടിയുള്ള ധന്യമായ സപര്യയാണ് വിജ്ഞാനസമ്പാദനം.

വിജ്ഞാനസമ്പാദനത്തിന്റെ ഉപാദാനങ്ങൾ മൂന്നായിട്ടാണ് ഇസ്‌ലാമിൽ വ്യവഹരിച്ചിട്ടുള്ളത്. ആദ്യത്തേത് ആന്തരികപ്രേരണകളും അനുഭവങ്ങളും പ്രദാനം ചെയ്യുന്ന പ്രചോദനങ്ങൾ; രണ്ടാമത്തേത് പ്രകൃതിയും പ്രാപഞ്ചിക നിഗൂഢതകളും നൽകുന്ന വിജ്ഞാന സമ്പത്ത്; മൂന്നാമത്തേത് ചരിത്രം. ഈ ജ്ഞാനോപാദാനത്രയമാണ് ഇസ്‌ലാമിക ദർശനങ്ങളുടേയും വിവിധങ്ങളായ ശാസ്ത്ര വിജ്ഞാനത്തിന്റേയും മറ്റു തരത്തിലുള്ള അറിവുകളുടേയും ഉറവിടം.

ജ്ഞാനത്തിന്റെ ആദ്യ ഉറവയായ ആന്തരിക പ്രചോദനങ്ങളുടെ വികാസ പരിണാമങ്ങളാണ് ഇസ്‌ലാമിക തത്വശാസ്ത്രങ്ങൾക്കും ദർശനങ്ങൾക്കും വഴി തെളിച്ചത്. അവിരാമമായ അന്വേഷണവും ധന്യമായ സപര്യയും, ചിന്താ ദിവ്യങ്ങളായ ധ്യാനവും ഈ ശാഖയുടെ വളർച്ചയ്ക്ക് നിദാനമായി. ലോകത്തെ ഒന്നായി കാണുവാനും മനുഷ്യ സമൂഹത്തെ ഒറ്റ കുടുംബമായി ദർശിക്കുവാനും ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന സർവ്വശക്തനായ അല്ലാഹുവെ പരമസത്യമായി കാണുവാനും ഇത് സഹായിച്ചു. യുക്തിസഹവും ചിന്താദ്യോതകവുമായ പല ദാർശനിക വിഭാഗങ്ങൾക്കും അത് ജന്മം നൽകി. ഇത്തരം മഹത്തുക്കളായ ദാർശനികരുടെ കൂട്ടത്തിൽ ഇബ്നു യഹിയ, ഇബ്നു തുഫൈൽ, ഇബ്നു റഷീദ്, അൽ ഗസാലി, ഇബ്നു അറബി, ഇബ്നു ഖൽദൂൻ എന്നീ ജ്ഞാനധനരെ അനുസ്മരിക്കുക മാത്രമേ ഇവിടെ കരണീയമായുള്ളൂ. യവനതാത്വികപ്രതിഭകളെപ്പോലും വെല്ലുവിളിക്കുകയും ജയിക്കുകയും ചെയ്തിട്ടുള്ള ഈ ജ്ഞാനവൃദ്ധന്മാർ എക്കാലവും ദാർശനിക ലോകത്തിലെ അത്ഭുത പ്രതിഭാസങ്ങൾ തന്നെയായിരിക്കും. ഭൗതികവും വൃത്തകോണാണെന്ന് വാദിക്കുന്ന യുക്തിവാദത്തിന്റെ വക്രതയും കൊടുമ്പിരികൊണ്ട് ആധ്യാത്മിക ചിന്താമണ്ഡലത്തിൽ നിന്നും ജനത വഴിതെറ്റിയ സന്ദർഭത്തിലാണ് ഇമ്മാനുവൽ കാന്റ് തന്റെ ആത്മീയധിഷ്ഠിത ഭൗതികസിദ്ധാന്തവുമായി വന്നത്. അതേ പ്രക്രിയയാണ് ഇസ്‌ലാമിക ചിന്താമണ്ഡലത്തിലും അൽ ഗസാലിയും നിർവ്വഹിച്ചത്. സ്വതന്ത്ര ചിന്തയും യുക്തിവാദവും അവയ്ക്ക് നിശ്ചയിച്ച പരിധിക്കപ്പുറത്തേക്ക് കടന്ന് നാസ്തികതത്തിന്റെ പടിവാതിൽക്കൽ മുട്ടിത്തുടങ്ങിയ അവസരത്തിലാണ് അൽ ഗസാലി തന്റെ ശക്തമായ ചിന്തയും പ്രൗഢമായ ശബ്ദവും കൊണ്ട് ഇസ്ലാമിലെ ഈ പ്രവണതക്ക് വിരാമമിട്ടത്. എന്നാൽ ഇബ്നു റുഷ്ദാകട്ടെ (Ibn Rushd) സ്വതന്ത്ര ചിന്തക്കും യുക്തിക്കും ഉള്ള മഹത്തരമായ സ്ഥാനത്തെ സ്ഥാപിക്കുവാൻ യത്നിച്ച മഹാനാണ്. നിഗൂഢവാദികളും സൂഫികളും ആന്തരിക പ്രചോദനം കൊണ്ടും ധ്യാനം കൊണ്ടും ദൈവീക സാമീപ്യം കൊതിച്ചവരത്രെ. ഇബ്നു അറബി, റാബിയ, ഉമർ ഖയ്യാം തുടങ്ങിയ ദാർശനിക ചൈതന്യങ്ങൾ വിശ്വ ദർശനത്തിന്റെയും ഇസ്‌ലാമിന്റെയും സാർവ്വലൗകിക സ്വഭാവത്തിന്റെയും നിദർശനങ്ങളായി തന്നെ നിൽക്കുന്നു.

രണ്ടാമതായി ജ്ഞാനത്തിന്റെ ഉത്ഭവസ്ഥാനമായി കണക്കാക്കുന്നത് പ്രകൃതിയെയും പ്രാപഞ്ചിക നിഗൂഢതകളെയുമാണ്. പ്രപഞ്ചത്തെയും ഇതിലുള്ള സർവ്വ ചരാചരങ്ങളേയും അതിസൂക്ഷ്മമായ നിരീക്ഷണത്തിനും പഠനത്തിനും വിധേയമാക്കാനുള്ള അടയാളങ്ങളായിട്ടാണ് ഖുർആൻ വ്യവഹരിക്കുന്നത്. “നിങ്ങൾ ആകാശത്തേക്ക് നോക്കുന്നില്ലേ? അവ ഏതു വിധമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്? സൗരയൂഥങ്ങളെ കാണുന്നില്ലേ? അവയെ എങ്ങിനെ ഇത്രയും ഉയരത്തിൽ നിർത്തിയിരിക്കുന്നു? പർവ്വതങ്ങളെ കാണുന്നില്ലേ? എങ്ങിനെ അവയെ തറച്ചു നിർത്തിയിരിക്കുന്നു? പരന്നു വിശാലമായി കിടക്കുന്ന ഈ ഭൂതലത്തെ നീ കാണുന്നില്ലേ? അതെങ്ങിനെ ഇവ്വിധമായി?” (88:17) ഇവയെല്ലാം മനുഷ്യനുള്ള അടയാളങ്ങളാണെന്നും അവയുടെ രഹസ്യവും പ്രയോജനവും നിഗൂഢതകളും അറിയുകയും പറയുകയും മനുഷ്യരാശിക്കാകമാനം ഉപയോഗപ്രദമാക്കുകയും ചെയ്യണമെന്ന് ആവർത്തിച്ചാവർത്തിച്ച് ഖുർആൻ പ്രഖ്യാപിക്കുന്നുണ്ട്. നിങ്ങൾ സഞ്ചരിക്കുമ്പോൾ കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങൾ മനസ്സിലാക്കുന്നില്ലേ? അവ കേൾക്കാത്ത കാതും കാണാത്ത കണ്ണും അന്ധമാണ്. അവിടെ ഹൃദയവും അന്ധകാര നിബദ്ധമാകുന്നു (22:45). ഇങ്ങിനെ പ്രാപഞ്ചിക ചലനങ്ങളേയും ഘടകങ്ങളേയും സൂക്ഷ്മനിരീക്ഷണത്തിനും പഠനത്തിനും വിധേയമാക്കാൻ നിഷ്കർഷിച്ചതിന്റെ ഫലമായിട്ടാണ് ജ്യോതിർ ശാസ്ത്രത്തിലും, ഗണിതത്തിലും, ഊർജ്ജശാസ്ത്രത്തിലും, ജൈവശാസ്ത്രത്തിലും, ചികിത്സാശാസ്ത്രത്തിലും മഹത്തരമായ നേട്ടങ്ങൾ ആദ്യകാല മുസ്‌ലിങ്ങൾക്ക് നേടുവാനൊത്തത്.

ജ്ഞാനത്തിന്റെ ഉപാദാനങ്ങളിൽ മൂന്നാമതായി ഇസ്‌ലാം കരുതുന്നത് ചരിത്രമാണ്. ചരിത്രത്തിന് “ദൈവത്തിന്റെ ദിവസങ്ങൾ” എന്നാണ് അർത്ഥം നൽകിയിരിക്കുന്നത്. ആദ്യമേ വിവരിച്ചതുപോലെ പരമകാരുണികനായ ദൈവത്തിന്റെ ദിവസങ്ങളെ വിവരിക്കാനൊരുങ്ങുന്ന ചരിത്രകാരൻ അകളങ്കമായ മനസ്സോടുകൂടി വേണം ഇസ്‌ലാമിക ദർശനങ്ങളുടെ മൂർത്തീഭാവവുമായിരിക്കണം. അവന്റെ ചരിത്രദർശനം പ്രാദേശികമോ, വർഗ്ഗീയമോ അല്ലാത്ത വിശ്വദർശനമാകണം. തന്മൂലം മുസ്‌ലിം ചരിത്രകാരൻ തുടങ്ങുന്നത് തന്നെ പ്രപഞ്ചസൃഷ്ടിയോടുകൂടിയാണ്. ആദാമിന്റെ സൃഷ്ടി മുതൽ ഇബ്രാഹിം നബിയുടേയും അതിനുശേഷമുണ്ടായ പ്രവാചകന്മാരുടെയും അവരുടെ സന്ദേശോപദേശങ്ങളുടെയും വിവരണമായിട്ട് അത് ചരിത്രകാരന്റെ കാലഘട്ടം വരെ നീണ്ടുപോകുന്നു. ഇസ്‌ലാമിക വിശ്വാസഭാഗമാണ് പ്രവാചകന് മുമ്പുണ്ടായിട്ടുള്ള എല്ലാ ദാർശനികരെയും മതാചാര്യന്മാരെയും പ്രവാചകന്മാരെയും അവർക്കാധാരമായിരുന്ന പരിശുദ്ധഗ്രന്ഥങ്ങളെയും ബഹുമാനിക്കുകയും അവയിൽ വിശ്വസിക്കുകയും ചെയ്യുകയെന്നത്.

ഒരു ലക്ഷത്തി ഇരുപത്തിനാലായിരം ചിന്തകന്മാരും പ്രവാചകന്മാരും പല കാലങ്ങളിലായിട്ടും പല സ്ഥലങ്ങളിലുമായിട്ടുണ്ടായിട്ടുണ്ടെന്ന് വിശ്വസിക്കുന്ന മുസ്‌ലിമിനും അത് ആലേഖനം ചെയ്യുന്ന ചരിത്രകാരനും ഒരിക്കലും ഒരു ദേശത്തെയോ വർഗ്ഗത്തെയോ തള്ളിപറയാനാവുകയില്ല. സാർവ്വലൗകിക ദർശനമാണ് ചരിത്രത്തിലെ തത്വവിചാരമേഖലയിൽ ഇസ്‌ലാമിനുള്ളത്.

ചരിത്രം, ഇസ്‌ലാമിക വിജ്ഞാന സമ്പാദനത്തിന്റെ പ്രധാനോപാധിയായതുകൊണ്ട് മറ്റേതൊരു സമൂഹത്തെക്കാളും ചരിത്രസമ്പത്തിനെ സമ്പുഷ്ടമാക്കിയത് മുസ്ലിംകളായിരുന്നു. അറിയാനും അറിയിക്കുവാനുമുള്ള ജിജ്ഞാസ, പഠിക്കുവാനും പഠിപ്പിക്കുവാനുമുള്ള തൃഷ്ണ, വളരെ ഉൽക്കടമായിട്ടു കാണാം. തന്റെ “ലൈബ്രറി ഓഫ് ദി ഈസ്റ്റ്” (‘കശ്ഫുസ്സുനൂൻ’ Kashf al-Zunun)എന്ന ഗ്രന്ഥത്തിൽ ഹാജി ഖലീഫ (Hajji Khalifa) 13000ൽ പരം ചരിത്രകാരന്മാർ കോർദോവയിലും ഗ്രനഡയിലും സ്പെയിനിന്റെ മറ്റു പല ഭാഗങ്ങളിലുമായി ജീവിച്ചിരുന്നതായി എണ്ണിയെണ്ണിത്തന്നെ പറയുന്നുണ്ട്. എ. ഡി. 777ൽ മരണമടഞ്ഞ അബൂബക്കർ ഇബ്‌നു ഉമറാണ് ഇവരിൽ ആദ്യത്തെ പ്രധാന ചരിത്രകാരൻ. ഇബ്‌നു ഹയ്യാനും ഇബ്‌നു ഹസ്മും ഇബ്‌നു ഖൽദൂനും ചരിത്രത്തിൽ ചരിത്രം സൃഷ്ടിച്ച വിസ്മയങ്ങളത്രെ. അൽഫാക്കിഹലി ഇബ്‌നു ഹസം അറബിലോകം കണ്ടതിൽവെച്ച് ഏറ്റവും കൂടുതൽ എഴുതിയിട്ടുള്ള ചരിത്രപണ്ഡിതനാണ്. അദ്ദേഹം 400 വലിയ വാല്യങ്ങൾ എഴുതിയിരുന്നതായി ഇബ്നു ഖല്ലിക്കാനും (ഇബ്നു ഖല്ലിക്കാൻ (Ibn Khallikan, 1211–1282) അൽഖഫ്തിയും ( അൽഖഫ്തി Al-Qifti, 1172–1248) രേഖപ്പെടുത്തിയിരിക്കുന്നു. കോർദോവയിൽ മാത്രം നാലുലക്ഷത്തിൽപരം അപൂർവ്വ ഗ്രന്ഥങ്ങളുണ്ടായിരുന്നുവെന്നും ചരിത്രകാരൻ കൂടിയായ അൽഹാക്കിം ചക്രവർത്തി സംസ്കാരശിരാകേന്ദ്രങ്ങളിലത്രയും തന്റെ ഏജന്റുമാരെ നിയമിച്ചിരുന്നു. ഗ്രന്ഥശേഖരണങ്ങൾക്കായിട്ടെന്നും നാം വായിക്കുന്നു. അൽബറൂണിയും, ഉതുബിയും അൽഹാക്കിമും സിയാവുദ്ദീൻബറാണിയുമെല്ലാം അല്പമായെങ്കിലും ഇന്ത്യൻ വിദ്യാർത്ഥികളറിയുന്ന ചരിത്രപണ്ഡിതന്മാരാണ്. ഷാനാമയെന്ന ഐതിഹാസിക കാവ്യത്തിന്റെ കർത്താവായ ഫിർദൗസി അഭൗമനായ മറ്റൊരു അനശ്വരനത്രെ. അതുപോലെതന്നെ ദൈവത്തിന്റെ സൃഷ്ടികളെ കാണുവാനും ദൈവത്തിന്റെ രാജ്യങ്ങളെ ദർശിക്കുവാനും ഇറങ്ങിപ്പുറപ്പെട്ട വിജ്ഞാനദാഹികളായ സഞ്ചാരികൾ മനുഷ്യവിജ്ഞാന ഭണ്ഡാകാരത്തിലേക്ക് ഒത്തിരിയേറെ കൂട്ടുനടത്തിയ പ്രതിഭാധനന്മാരാണ്. സഞ്ചാരികളുടെ കൂട്ടത്തിൽ അൽബക്കരിയെയും അൽ ഇദ്‌രീസിയെയും സ്മരിക്കാതെ വയ്യ. അതുപോലെ ഇബ്‌നു ജുബൈർ, അബൂഹമീദ് മുഹമ്മദ് അൽ ഖസീനി, അൽബൈറൂണി എന്നിവരും ഏറ്റവും വിലയേറിയ സംഭാവനകൾ നൽകിയവരാണ്. കേരളചരിത്രസംവിധാനത്തിന് ഉത്തമ ഉപാദാനങ്ങൾ നൽകിയിട്ടുള്ള നിരവധി മുസ്‌ലിം സഞ്ചാരികളുടെ കഥ നമുക്കറിയാം. സുലൈമാൻ, മാഹുവൻ, അബ്ദുർറസാഖ്, ഇബ്നു ബത്തൂത്തയെല്ലാം ഈ വലിയ പട്ടികയിൽപ്പെട്ട ചിലർ മാത്രം. ഇവരുടെയെല്ലാം ലക്ഷ്യം ഖുറാൻ പ്രഖ്യാപിച്ച പ്രപഞ്ചരഹസ്യങ്ങളെ കണ്ടെത്തുകയും പ്രകൃതിയെ കീഴടക്കി ഈ വക സകലസൗഭാഗ്യങ്ങളും ധാരാളമായി നൽകിയനുഗ്രഹിച്ച ദൈവത്തെ സ്തുതിക്കുകയും സത്യദർശനത്തിന് മാർഗ്ഗം സൃഷ്ടിക്കുകയുമായിരുന്നു. ചുരുക്കത്തിൽ സഞ്ചാരികളായാലും ചരിത്രകാരന്മാരായാലും ശരി. ഇസ്‌ലാമികതത്വശാസനകളിലടിയുറച്ച് വിശ്വൈകദർശനം നടത്തുവാൻ നിർബന്ധിതരായിരുന്നു.

ചിത്രം: സ്പെയിനിലെ കോർദോവയിലുള്ള ചരിത്ര പ്രസിദ്ധമായ റോമൻ പാലവും മസ്ജിദ്-കത്തീഡ്രലും.
കടപ്പാട്: ജോസ് മരിയ ലിഗെറോ ലോർട്ടെ (Señor Aluminio) / വിക്കിമീഡിയ കോമൺസ്.

ഇന്നിന്റെ അനുഭവങ്ങളെ കഴിഞ്ഞ കാലവിഭൂതികൾ കൊണ്ട് മനസ്സിലാക്കുവാൻ ഖുറാൻ ശാസിക്കുന്നുണ്ട്. “ഏതു രാഷ്ട്രത്തിനും അതിന്റെ ക്ലിപ്തമായ കാലപരിധിയുണ്ട്.” (ഖുറാൻ. 7:34) എന്ന ഖുറാൻ പ്രവചനം ഒരു പൊതുതത്വപ്രഖ്യാപനമാണെങ്കിലും ചരിത്രം എങ്ങനെ സംവിധാനം ചെയ്യണം, ചരിത്രദർശനമെന്ത് ധാരകളേവ എന്നൊക്കെയുള്ള കാര്യങ്ങൾകൂടി പ്രഖ്യാപിക്കുവാൻ മറന്നിട്ടില്ല. ലോകം ഇതുവരെ കണ്ടതിൽ വെച്ച് അഗ്രഗണനീയനായ ചരിത്രശാസ്ത്രകാരൻ ഇബ്നു ഖൽദൂനാണെന്ന് എല്ലാ മഹാന്മാരും ഏകോപിതമായാഭിപ്രായപ്പെട്ടിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ “മുഖദ്ദിമ” — ചരിത്രത്തിനുള്ള മുഖവുര — റോസന്താൽ (ഫ്രാൻസ് റോസന്താൽ Franz Rosenthal) ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തിന് ഒരു ശാസ്ത്രീയ വീക്ഷണം നൽകുവാനും മനുഷ്യന്റെ തുടർച്ചയായ ജീവിതകഥയാണ് ചരിത്രമെന്ന് ഉൽഘോഷിക്കുവാനും ആദ്യമായി ശ്രമിച്ച ഈ ബുദ്ധിരാക്ഷസൻപോലും ഖുറാൻ ദർശനങ്ങൾക്ക് വിധേയമായിട്ടാണ് തന്റെ ബൃഹത്ഗ്രന്ഥങ്ങൾ വിരചിച്ചതും ചരിത്രദർശനം നടത്തിയതും. കാലത്തെക്കുറിച്ചുള്ള നിഷ്കൃഷ്ടമായ ദീക്ഷയും, ജീവിതം കാലത്തിന് നിദാനമായി നീങ്ങിക്കൊണ്ടിരിക്കുന്ന തുടർച്ചയാണെന്ന സങ്കല്പവും ഇബ്നു ഖൽദൂൻ പ്രസ്പഷ്ടമാക്കുന്നുണ്ട്. ജീവിതത്തെയും കാലത്തെയും കുറിച്ച് അവ്യക്തമായ സങ്കല്പങ്ങളാണ് ഇബ്നു ഖൽദൂനിന്റെ ചരിത്രദർശനത്തെ വിശ്വപ്രശസ്തമാക്കിയതും ഫ്‌ളിന്റിനെപ്പോലുള്ള (റോബർട്ട് ഫ്‌ളിന്റിനെ Robert Flint, 1838–1910) മഹാരഥന്മാർ കൂടി വാനോളം പുകഴ്ത്തും വിധം മഹത്തരമാക്കിയതും. “പ്ലേറ്റോോ, അരിസ്റ്റോട്ടിൽ, സെന്റ് അഗസ്റ്റിൻ എന്നിവരാരും അദ്ദേഹത്തിന്റെ ഗുണകങ്ങളായിരുന്നില്ല. മറ്റുള്ള ഒരു പേരും അദ്ദേഹത്തിന്റെതിനോടൊപ്പം സ്മരിക്കുവാൻ പോലും അർഹമല്ല” എന്നാണ് ഫ്ളിന്റ് പ്രകീർത്തിക്കുന്നത് — കാലഗതിയിൽ നിലക്കാതെ പ്രവഹിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ചരിത്രമെന്നും അത് തീർത്തും ഉത്തുംഗവും  ചലനാത്മകവുമായ പ്രസ്ഥാനമാണെന്നുമുള്ള ഇബ്നു ഖൽദൂന്റെ ദർശനം അതിമഹത്തരവും എന്നും പ്രചോദനദായകവുമായിരിക്കും. ക്യാന്റിനെയോ, അഗസ്റ്റിനെയോ, സ്പെംഗ്ലറെയോ, മാർക്സിനെയോ പിന്തള്ളാത്ത ഇബ്നു ഖൽദൂന്റെ ആദ്ധ്യാത്മിക ദർശനത്തെ പിൻപറ്റുവാൻ ഈ നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനായ ടോയൻബിയെ (അർനോൾഡ് ജെ. ടോയൻബി Arnold J. Toynbee, 1889–1975) നിർബന്ധിതനാക്കിയത് അദ്ദേഹത്തിന്റെ ചരിത്രദർശനത്തിന്റെ മാഹാത്മ്യമാണ്.

ചിത്രം: ഇബ്നു ഖൽദൂന്റെ വിശ്വപ്രസിദ്ധമായ ‘മുഖദ്ദിമ’.

ഖുറാൻ ഏതു ചരിത്രവും ഏതു റിപ്പോർട്ടും അതേപടി സ്വീകരിക്കരുതെന്ന് താക്കീതു ചെയ്യുന്നുണ്ട് — ചരിത്രവിമർശനത്തിനും സംവിധാനത്തിനും കൃത്യനിഷ്ഠ, സത്യസന്ധത എന്നിവ പരിപാലിക്കേണ്ടതിനെ ഊന്നി പറയുകയാണീവിടെ. ചരിത്രം ശാസ്ത്രീയമായി വളരണമെങ്കിൽ അവശ്യം അനുഷ്ഠിക്കേണ്ടതായ സത്യദീക്ഷാകൃത്യം, സൂക്ഷ്മ നിരീക്ഷണം എന്നിവ ഈ പ്രഖ്യാപനത്തിൽ നിഗ്രഹം ചെയ്തിരിക്കുന്നു. “അല്ലയോ വിശ്വാസികളെ ഏതെങ്കിലും ചീത്ത മനുഷ്യൻ ഏതെങ്കിലും വാർത്തയുമായി വന്നാൽ ഉടൻ തന്നെ അതിന്റെ നിജസ്ഥിതി മനസ്സിലാക്കുവാൻ ശ്രമിക്കുക.” (49:6) ഈ ഖുറാൻ വാക്യം പിൽക്കാല ചരിത്രകാരന്മാരെ ആധികാരിക പ്രമാണങ്ങളോടു കൂടിയും സത്യസന്ധമായും ചരിത്രരചന നടത്തുവാൻ പ്രേരിപ്പിച്ചു. ഒരു വസ്തുതയെ കുറിച്ചുള്ള വിവരണം എത്രമാത്രം മറ്റുള്ള ഉപാദാനങ്ങളുമായി ഒത്തുപോകുന്നു എന്നു നോക്കിവേണം അംഗീകരിക്കുവാൻ എന്ന ആധുനിക വീക്ഷണം ഇസ്‌ലാമിക ചരിത്ര ദർശനത്തിന്റെ ആരംഭശിലയാണ്. ഇതിൽക്കൂടി ചരിത്രബോധനവും സംവേദനവും ശീലിച്ച മൗദൂദിയും,  അൽ ബൈറൂണിയും (Al-Biruni / എൽ ബൈന്ദ്രണി), ഇസ്‌ഹാക്കും തബാരിയും സർവ്വോപരി ഇബ്നു ഖൽദൂനും ചരിത്ര ദർശനികമണ്ഡലത്തിലെ അതികായകരായ പ്രതിഭാധന്യരാണ്.

ഇസ്‌ലാമിക സ്ഥാപനങ്ങളും ഗവർമ്മേണ്ടുകളും മറ്റെല്ലാ വ്യാപാര മണ്ഡലങ്ങളും പ്രവർത്തനക്ഷമമായി പരിലസിച്ചത് എപ്പോഴൊക്കെ ഇസ്‌ലാമിക ദർശനത്തിന്റെ വെളിച്ചത്തിൽ പ്രവർത്തിച്ചിരുന്നുവോ അപ്പോൾ മാത്രമാണ്. ഇസ്‌ലാമിക ചരിത്രദർശനത്തിന്റെ കാതലായ അംശവും ആദ്യമേ പറഞ്ഞതുപോലെ ഇസ്‌ലാമിക സിദ്ധാന്തങ്ങൾ തന്നെയാണ്. അത് പ്രാപഞ്ചിക നിഗൂഢതകളെ പഠിപ്പിച്ചു. സൗരയൂഥങ്ങളെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കി. അതു അതുവരെ അജ്ഞാതമായിരുന്ന രാജ്യങ്ങളെയും ജനങ്ങളെയും കണ്ടെത്തി. അതു അതുവരെ നിശ്ചയമില്ലാതിരുന്ന മാനവികതയ്ക്ക് ആരംഭം കുറിച്ചു. അതു കീഴടക്കപ്പെട്ട ജനതയ്ക്ക് തുല്യത നൽകുകയും, സാഹോദര്യത്തിൽ വർത്തിക്കുകയും ചെയ്തു. അത് സാർവ്വലൗകികവും സാർവ്വജനീനവുമായ ആദർശനത്തിന് ചരിത്രപരമായ ത്വാതികാടിത്തറ ഇടുകയും ചെയ്തു. അങ്ങനെ ഇസ്‌ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമായ വിശേഷദർശനവും സത്യദീക്ഷയുമാണ് ചരിത്ര സംഭവത്തിൽ മുസ്‌ലിംകൾക്ക് എക്കാലവും നിദാനമായി നിന്നിട്ടുള്ളത്.

ലേഖകൻ: ഡോ. സി. കെ. കരീം (1988/AVM Unni Archives)
1977 ജൂലൈ 03 ലക്കം മലയാളനാട് വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനം.
©Malayalanadu Weekly/1977