
“അശ്ഫാഖുല്ലയെ പാട്ടിലാക്കാൻ തഷാദ്ദുഖ് ഹുസൈൻ എന്നൊരു മുസ്ലീം പോലീസ് ഉദ്യോഗസ്ഥൻ നിയോഗിക്കപ്പെട്ടു. 1914-18-ലെ ഒന്നാം ലോകമഹായുദ്ധകാലത്ത് ഖലീഫയുടെ സാമ്രാജ്യത്തെ പൊളിക്കുന്നതിൽ പ്രമുഖമായൊരു പങ്ക് ഒരു ബ്രിട്ടീഷ് ഏജന്റ് എന്ന നിലയിൽ ഈ മനുഷ്യൻ വഹിച്ചിരുന്നു. ഈ മനുഷ്യൻ അശ്ഫാഖിനെ സന്ദർശിച്ച്, ഒരു ഹിന്ദു സാമ്രാജ്യം സ്ഥാപിക്കാൻ വെമ്പൽ കൊള്ളുന്ന ഹിന്ദു വിപ്ലവകാരികളുടെ ഒരു പിണിയാളായി വർത്തിക്കാനുള്ള വിഡ്ഢിത്തം അദ്ദേഹത്തിനെങ്ങനെ ഉണ്ടായി എന്നു ചോദിച്ചു. അശ്ഫാഖ് കുറച്ചു നേരം ഈ മുരടിച്ച സാമ്രാജ്യത്വ ദല്ലാളി പറയുന്നത് അക്ഷോഭ്യനായി കേട്ടു നിന്നു. എന്നിട്ടദ്ദേഹം അയാളോട് അറുത്തുമുറിച്ച് പറഞ്ഞു: “ഇത് ഹിന്ദുക്കളുടെ ഒരു ഗൂഢാലോചനയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ആണെങ്കിൽത്തന്നെയും ബ്രിട്ടീഷ് ഭരണത്തേക്കാളുമധികം ഹിന്ദു ഭരണമാണ് ഞാനിഷ്ടപ്പെടുക.”
-മന്മഥ് നാഥ് ഗുപ്ത (ജീവിച്ചിടുന്നു മൃതിയിൽ)
ചാപ്പേക്കർ സഹോദരന്മാരെയും ഖുദിറാം ബോസിനേയും പോലെയുള്ള വിപ്ലവകാരികൾ ഭഗവദ്ഗീത കയ്യിലേന്തി അതിലെ വചനങ്ങൾ ഉരുവിട്ടുകൊണ്ടാണ് വെള്ളക്കാരുടെ കോടതി വിധിച്ച കൊലക്കയറിനെ വരിച്ചതെങ്കിൽ ഖുർആൻ കയ്യിലേന്തി അതിലെ വചനങ്ങൾ ഉരുവിട്ടുകൊണ്ട് ജീവൻ ബലിയർപ്പിച്ച വീര രക്തസാക്ഷിയാണ് അശ്ഫാഖുല്ലാ ഖാൻ.
ഇന്ത്യൻ വിപ്ലവകാരികളുടെ ഒരു പ്രധാന കേന്ദ്രമായിരുന്ന ഉത്തർ പ്രദേശിലെ ഷാജഹാൻപുരിൽ ഒരു സാധാരണ മുസ്ലീം കുടുംബത്തിൽ ശഫീഖുല്ലാ ഖാന്റെ മകനായി അശ്ഫാഖുല്ലാ ജനിച്ചു. സ്കൂളിൽ പഠിക്കുന്ന അവസരത്തിൽ തന്നെ വിപ്ലവ ചിന്താഗതികൾ അദ്ദേഹത്തെ വശീകരിക്കാൻ ഇടയായി. ഷാജഹാൻപുരിലെ വിപ്ലവകാരികളുടെ നേതാവായ പണ്ഡിറ്റ് രാംപ്രസാദ് ബിസ്മിലിന്റെ സൗഹൃദം സമ്പാദിക്കാൻ അധികം താമസമുണ്ടായില്ല. ഇതോടെ അശ്ഫാഖുല്ലാ ഖാൻ ഒരു ഉജ്ജ്വല വിപ്ലവകാരിയായി മാറി.
വെറും സത്യാഗ്രഹത്തിൽ കൂടി സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഇന്ത്യയിൽ നിന്ന് പുറത്താക്കാൻ സാധ്യമല്ലെന്നു അഹിംസയുടെ പ്രവാചകനായ ഗാന്ധിജിപ്പോലും മനസ്സിലാക്കി. 1921-ൽ ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനവും നിയമലംഘന പ്രസ്ഥാനവും ആരംഭിച്ചു. ഈ പ്രക്ഷോഭം വിപ്ലവകാരികൾക്ക് ഒരാശാകേന്ദ്രമായി മാറി. അശ്ഫാഖുല്ലയും മറ്റു വിപ്ലവകാരികളും ഗാന്ധിജിയുടെ കീഴിൽ അണിനിരന്നു.
പോലീസിന്റെ ആക്രമണങ്ങളിൽ ക്ഷുഭിതരായ ജനക്കൂട്ടം ചൗരി ചൗരയിൽ പോലീസിനു നേരെ തിരിച്ചടിക്കുകയും പോലീസ് സ്റ്റേഷൻ ചുട്ടുക്കരിക്കുകയും ചെയ്തു. പോലീസ് ചെയ്ത ആക്രമങ്ങളെക്കുറിച്ച് ഒരക്ഷരവും പറയാതെ ജനങ്ങൾ ചെയ്ത ആക്രമത്തെ മാത്രം അപലപിച്ചുകൊണ്ട് 1922 ഫെബ്രുവരിയിൽ ഗാന്ധിജി പ്രക്ഷോഭം നിർത്തിവെച്ചു. ഗാന്ധിജിയുടെ ഈ തീരുമാനത്തിൽ നിരാശരായ വിപ്ലവകാരികൾ സായുധ വിപ്ലവത്തിന്റെ കൊടിക്കൂറയേന്തി മുന്നോട്ടു നീങ്ങി.
വിപ്ലവ പ്രവർത്തനങ്ങൾക്ക് വളരെയധികം പണം ആവശ്യമായി വന്നു. പാവപ്പെട്ട ജനങ്ങളിൽനിന്ന് ഇതിനാവശ്യമായ പണം ശേഖരിക്കാൻ വിപ്ലവകാരികൾ ഇഷ്ടപ്പെട്ടില്ല. വിദേശഭരണാധികാരികളുടെ ഖജനാവുകൾ കൊണ്ടുപോകുന്ന തീവണ്ടി കൊള്ളയടിച്ച് ആവശ്യമായ പണം ശേഖരിക്കാൻ വിപ്ലവ നേതൃത്വം തീരുമാനിച്ചു. ഈ നീക്കം കൂടുതൽ അപകടം വരുത്തിവെയ്ക്കുമെന്ന് അശ്ഫാഖുല്ല മുന്നറിയിപ്പ് നൽകിയെങ്കിലും മറ്റുള്ളവർ ഈ അഭിപ്രായത്തെ അംഗീകരിച്ചില്ല. അവസാനം അദ്ദേഹത്തിനും നേതൃത്വത്തെ അംഗീകരിക്കേണ്ടിവന്നു.
1925 ആഗസ്ത് ഒമ്പതാം തിയതി രാത്രി ഷാജഹാൻ പൂരിൽനിന്നു ലക്നൗവിലേയ്ക്ക് പോവുകയായിരുന്ന എട്ടാം നമ്പർ ഡൗൺ എക്സ്പ്രസ് കാക്കോറി എന്ന സ്ഥലത്തുവെച്ച് രാംപ്രസാദ് ബിസ്മിലിന്റെ കീഴിൽ പത്തു വിപ്ലവകാരികൾ കൊള്ളയടിച്ച് ഭീമമായ സംഖ്യ തട്ടിയെടുത്തു. ഈ സംഭവം ബ്രിട്ടീഷ് ഗവൺമെന്റിനെ ഞെട്ടിച്ചു കളഞ്ഞു. വിപ്ലവസംഘത്തെ പിടികൂടിയില്ലെങ്കിൽ സംഗതി കുഴപ്പത്തിലാകുമെന്ന് അധികാരികൾ കണക്കുകൂട്ടി. സുശക്തമായ പോലീസ് വിഭാഗം രംഗത്തിറങ്ങി.
സെപ്റ്റംബർ 26-ന് രാംപ്രസാദ് ബിസ്മിൽ പിടിയിലായി. അശ്ഫാഖുല്ല പിടികൊടുക്കാതെ ബീഹാറിലേയ്ക്കു രക്ഷപ്പെട്ടു. അവിടെ അദ്ദേഹം ഒരു കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ഒഴിവു സമയങ്ങളിൽ കവിതാ രചനയിലും ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷാ പഠനങ്ങളിലും താല്പര്യം കണ്ടെത്തി. വിപ്ലവ ചിന്താഗതികൾ അദ്ദേഹം കൈവെടിഞ്ഞതുമില്ല. വിദേശത്തുപോയി വിപ്ലവപ്രവർത്തനങ്ങൾ നടത്താൻ അശ്ഫാഖ് ആഗ്രഹിച്ചു. ഇതിനുവേണ്ടി പല രേഖകളും ശരിപ്പെടുത്തുന്നതിന് അദ്ദേഹം ഡൽഹിയിൽ പോയി. ഡൽഹിയിൽ വെച്ച് ഷാജഹാൻപൂരിലെ ഒരു പത്താൻ സുഹൃത്തിനെ അദ്ദേഹം കാണാനിടയായി. അയാൾ സൗഹൃദഭാവത്തിൽ അശ്ഫാഖിനെ സ്വന്തം താമസസ്ഥലത്തേയ്ക്കു ക്ഷണിച്ചു. രാത്രി 11 മണി വരെ അവർ പലകാര്യങ്ങളും സംസാരിച്ചിരുന്നു. അതിനുശേഷം അശ്ഫാഖുല്ല തന്റെ മുറിയിലേയ്ക്കു പോയി. പുലർച്ചയ്ക്ക്, ഗാഢനിദ്രയിലാണ്ട അശ്ഫാഖുല്ല ഖാൻ വാതിലിൽ ആരോ ശക്തിയായി മുട്ടുന്നതു കേട്ടാണ് ഉണർന്നത്. കതകു തുറന്നപ്പോൾ കണ്ട കാഴ്ച ആ ധീരനെ അത്ഭുതപ്പെടുത്തി. തന്നെ പിടികൂടാനായി പോലീസ് സംഘം ഒരുങ്ങി നിൽക്കുന്നു. തലേന്നാളത്തെ ആ ‘സുഹൃത്ത്’ മറ്റൊരു മീർ ജാഫറായിരുന്നെന്ന് അപ്പോഴാണ് ആ വിപ്ലവകാരി മനസ്സിലാക്കിയത്. (അഫ്ഗാനിസ്താൻ വഴി റഷ്യയിലേയ്ക്ക് പോകുവാൻ ശ്രമിക്കുന്നതിനിടയിലാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്.)
അദ്ദേഹത്തെ എങ്ങനെയെങ്കിലും പാട്ടിലാക്കിയാൽ പല രഹസ്യങ്ങളും ചോർത്തിയെടുക്കാമെന്ന് ബ്രിട്ടീഷ് അധികാരികൾ കണക്കുകൂട്ടി. അതിനുള്ള നീക്കങ്ങളും ആരംഭിച്ചു. എന്നാൽ, പ്രലോഭനങ്ങൾക്ക് മുന്നിൽ തല കുനിക്കുന്നവനായിരുന്നില്ല ആ ധീരത്മാവ്. അദ്ദേഹത്തെ വശത്താക്കാൻ അവസാനം പോലീസ് സൂപ്രണ്ട് തഷാദ്ദുഖ് ഹുസൈൻ രംഗത്തിറങ്ങി. അദ്ദേഹം അശ്ഫാഖുല്ലയുടെ അടുത്ത് ചെന്ന് സൗഹൃദത്തോടെ പറഞ്ഞു: “അനുജാ, ഹിന്ദുക്കൾ അവരുടെ നഷ്ടപ്പെട്ട സാമ്രാജ്യം വീണ്ടെടുക്കാൻ പോരാടുന്നതിൽ മുസ്ലീംകൾ എന്തിനു പങ്കുചേരണം? ഒരു കാര്യവുമില്ലാതെ നമ്മളെന്തിന് അപകടത്തിൽ ചെന്നു ചാടുന്നു? നിങ്ങൾ ഇത്തരം പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കുകയാണെങ്കിൽ നിങ്ങൾക്കുവേണ്ടി പല സഹായങ്ങളും ചെയ്തുതരാൻ എനിക്ക് സാധിക്കും.” പക്ഷേ, അങ്ങനെയൊന്നും പാട്ടിലാക്കാൻ കഴിയുന്ന ആളല്ലായിരുന്നു അശ്ഫാഖ്. അദ്ദേഹത്തിന് കടുത്ത ശിക്ഷ നൽകാൻ അധികാരികൾ തീരുമാനിച്ചു.
കാക്കോറി ഗൂഢാലോചനക്കേസിന്റെ പേരിൽ രാം പ്രസാദ് ബിസ്മിൽ, അശ്ഫാഖുല്ല ഖാൻ, രാജേന്ദ്ര ലാഹിരി, റോഷൻ സിംഗ് തുടങ്ങിയവർക്ക് വധശിക്ഷ വിധിച്ചു. ഈ വിധി ഭാരത ജനതയെയാകെമാനം ഞെട്ടിച്ചു. നാട്ടിലാകമാനം പ്രതിഷേധമുയർന്നു. സെൻട്രൽ ലെജിസ്ലേറ്റീവ് കൗൺസിലിലെ അംഗങ്ങൾ ഈ ശിക്ഷ ഇളവുചെയ്യണമെന്ന് വൈസ്രോയിയോടാവശ്യപ്പെട്ടു. പക്ഷേ, ഒരു ഫലവും ഉണ്ടായില്ല.
1. ജോഗേഷ് ചന്ദ്ര ചാറ്റർജി, 2. പ്രേം കൃഷ്ണ ഖന്ന, 3. മുകുന്ദി ലാൽ, 4. വിഷ്ണു ശരൺ ദുബ്ലിഷ്, 5. സുരേഷ് ചന്ദ്ര ഭട്ടാചാര്യ, 6. രാം കൃഷ്ണ ഖത്രി, 7. മന്മഥനാഥ് ഗുപ്ത, 8. രാജ് കുമാർ സിൻഹ, 9. ഠാക്കൂർ റോഷൻ സിംഗ്, 10. രാംപ്രസാദ് ബിസ്മിൽ, 11. രാജേന്ദ്രനാഥ് ലാഹിരി, 12. ഗോവിന്ദ് ചരൺ കർ, 13. രാം ദുലാരെ ത്രിവേദി, 14. രാം നാഥ് പാണ്ഡെ, 15. ശചീന്ദ്രനാഥ് സന്യാൽ, 16. ഭൂപേന്ദ്രനാഥ് സന്യാൽ, 17. പ്രണവേഷ് കുമാർ ചാറ്റർജി. ഈ ചിത്രത്തിൽ പത്താമതായി നൽകിയിട്ടുള്ള രാംപ്രസാദ് ബിസ്മിൽ, ഒമ്പതാമനായ ഠാക്കൂർ റോഷൻ സിംഗ്, പതിനൊന്നാമനായ രാജേന്ദ്രനാഥ് ലാഹിരി എന്നിവർക്കൊപ്പമാണ് അശ്ഫാഖുല്ലാ ഖാനും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. ഈ 17 പേരും കാക്കോരി ട്രെയിൻ റെയ്ഡുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട പ്രധാന വിപ്ലവകാരികളാണ്. (അശ്ഫാഖുല്ലാ ഖാൻ ഈ ഗ്രൂപ്പ് ഫോട്ടോയിൽ ഉൾപ്പെട്ടിട്ടില്ല.)
Photo Source: Wikimedia Commons
1927 ഡിസംബർ 19 പ്രഭാതം പൊട്ടിവിടർന്നു. ഫൈസാബാദിൽ ജനങ്ങൾ തിങ്ങിക്കൂടിയിരിക്കുന്നു. പോലീസ് ഉദ്യോഗസ്ഥന്മാരും സജീവമായി രംഗത്തുണ്ട്. മുഖ്യ ജയിലറുടെ ആജ്ഞ കേൾക്കേണ്ട താമസം, പട്ടാളക്കാർ തടവുകാരെ ഹാജരാക്കി. ആറടിയലധികം പൊക്കവും വിരിഞ്ഞ മാറും തിളങ്ങുന്ന കണ്ണുകളുമുള്ള ആ ധീര കേസരിയെ കണ്ടപ്പോൾ ജനങ്ങൾ അത്ഭുതസ്തബ്ധരായി.
ആത്മാഭിമാനം തുടിക്കുന്ന മുഖമുയർത്തിപ്പിടിച്ചുകൊണ്ട് കൊലമരത്തിനടുത്തേയ്ക്ക് നടന്നടുത്ത് ആ ധീരൻ അധികൃതരോട് ചോദിച്ചു, “എല്ലാം ശരിയായോ?”
‘തൂക്കു കയറിൽ തന്റെ ഗളനാളം ചേർത്ത്’ ആ ധീരൻ പ്രഖ്യാപിച്ചു: “മനുഷ്യക്കുരുതികൊണ്ട് എന്റെ കൈകൾ കളങ്കപ്പെട്ടിട്ടില്ല. എനിക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റാണ്. ദൈവത്തിൽനിന്ന് എനിക്ക് നീതി ലഭിക്കും.” കൊലക്കയർ കഴുത്തിൽ മുറുകാൻ തുടങ്ങിയപ്പോൾ ആ ധീരൻ ഖുർആനിലെ വചനങ്ങൾ ഉരുവിടാൻ തുടങ്ങി. വാക്കുകൾ മുഴുമിക്കാൻ കഴിഞ്ഞില്ല; കൊലക്കയർ കഴുത്തിൽ വലിഞ്ഞമർന്നു. നിമിഷനേരം കൊണ്ട് എല്ലാം കഴിഞ്ഞു.
1987 ഡിസംബർ 20 മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ലേഖനം.
©Madhyamam/1987


