
കഴിഞ്ഞ തലമുറയിലെ പ്രതാപത്തിന്റെ സ്മരണകളുണർത്തിക്കൊണ്ട് ഏതാനും മാളിക വീടുകളും അവിടവിടെ ചില കോൺക്രീറ്റ് ഭവനങ്ങളും ഒഴിച്ചാൽ വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു കടലോരപ്രദേശമാണ് പയ്യോളി പഞ്ചായത്തിലെ കോട്ടക്കൽ. ധീരദേശാഭിമാനി കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാരുടെ താവഴിയിൽപ്പെട്ട ഏതാനും ചിലർ ആരാലും ശ്രദ്ധിക്കപ്പെടാതെ നിശ്ശബ്ദരായി ഇവിടെ ജീവിച്ചു വരുന്നു.
മൂന്നു നൂറ്റാണ്ടുകൾക്കുമുമ്പ് ചരിത്രത്തിന്റെ താളുകളിൽ ചോരത്തുള്ളികൾകൊണ്ട് ധീരദേശാഭിമാനത്തിന്റെ ഗാഥകൾ രചിച്ച ഈ പ്രദേശത്തിന് അവഗണനയുടെ കഥകൾ മാത്രമാണ് ഇന്ന് പറയാനുള്ളത്. കോട്ടക്കലെ വലിയ പള്ളിപ്പറമ്പിലെ മീസാൻകല്ലുകൾക്കു കീഴിൽ ശാശ്വത നിദ്രയിലാണ്ടിരിക്കുന്നവർ ഒരുകാലത്ത് പോർച്ചുഗീസ് ആധിപത്യത്തിനെതിരായി ഘോരഘോരം പോരാടി വീരചരമം പ്രാപിച്ചവരായിരുന്നു എന്നറിയുമ്പോൾ അവഗണനയുടെ ആഴം നമുക്ക് ബോധ്യമാകുന്നു. അവരുടെ പടത്തലവനായിരുന്ന കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാരുടെ പാദപതനങ്ങളേറ്റു ഒരുകാലത്ത് പുളകം കൊണ്ടിരുന്ന കോട്ടക്കലെ പുഴിമണലിൽ അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താനായി ഇന്ന് അവശേഷിക്കുന്നത് എരിഞ്ഞടങ്ങിയ അഗ്നിപർവ്വതം കണക്കെ നിലകൊള്ളുന്ന ഓലമേഞ്ഞ ഒരു പഴയ കെട്ടിടത്തിന്റെ അസ്ഥിപഞ്ജരം മാത്രം.

സ്മാരകം തേടി യാത്രതിരിക്കുന്ന ഒരാൾ ഇരിങ്ങൽ ഓയിൽ മില്ലിൽനിന്ന് പടിഞ്ഞാറോട്ട് പോകുന്ന റോഡിലൂടെ റെയിൽവേ ലെവൽക്രോസ് പിന്നിട്ട്, കോട്ടക്കൽ ബീച്ച് ജങ്ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ്, കുഞ്ഞാലി മരയ്ക്കാരുടെ നാമധേയത്തിലുള്ള ഹൈസ്കൂളും പിന്നിട്ട്, കൃത്യം രണ്ടു കിലോമീറ്റർ സഞ്ചരിച്ച് സ്മാരകത്തിന് മുമ്പിലെത്തുമ്പോൾ അടഞ്ഞുകിടക്കുന്ന ഗെയിറ്റ്, സ്മാരകത്തിനുള്ളിൽ പ്രവേശിക്കുന്നതിൽനിന്ന് അയാളെ വിലക്കി നിർത്തുന്നു.
കുഞ്ഞാലി മരയ്ക്കാരുടെ പെറ്റില്ലമായിരുന്ന, ക്ഷയോന്മുഖമായിരിക്കുന്ന ഈ ഭവനം ഇപ്പോൾ ഗവൺമെന്റ് ഏറ്റെടുത്ത് ദേശീയ സ്മാരകമാക്കിയെങ്കിലും ഇവിടെയെത്തിപ്പെടുന്ന ആളുകൾക്ക് സ്മാരകം തുറന്നു കാണിച്ചുകൊടുക്കുന്നതിനോ അത്യാവശ്യം വേണ്ട വിവരങ്ങൾ നൽകുന്നതിനോ ആരുംതന്നെ നിയമിക്കപ്പെടുകയുണ്ടായിട്ടില്ല.
കുഞ്ഞാലി മരയ്ക്കാർ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്ന ഒരു വാളും പോർച്ചുഗീസുകാരിൽ നിന്ന് പിടിച്ചെടുത്ത കന്യാമറിയത്തിന്റെ രൂപം കൊത്തിയിട്ടുള്ള ഒരു സിംഹാസനവും ഇവിടത്തെ ജുമുഅത്ത് പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ട്. സിംഹാസനം ഖുതുബയ്ക്ക് മിംബറായി (വേദി) ഉപ യോഗിച്ചുവരുന്നു. ഈ അടുത്ത കാലത്ത് സ്മാരകത്തിന് സമീപത്തുള്ള ഒരു സ്ഥലത്തുനിന്ന് വീടു പണിക്കുവേണ്ടി തറയെടുക്കുമ്പോൾ ലഭിച്ച ചെറുതും വലുതുമായ കുറെ പീരങ്കിയുണ്ടകൾ ജുമുഅത്ത് പള്ളിയുടെ സമീപം ഒരു വീടിന്റെ മുറ്റത്ത് അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു.
പിന്നീട് ഞങ്ങൾ മരയ്ക്കാർ കുടുംബത്തിലെ അവശേഷിച്ചിരുക്കുന്ന അവസാനത്തെ കണ്ണികളിലൊരാളായ മൊയ്തുഹാജിയെ തേടി സമീപത്തുതന്നെയുള്ള അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് ചെന്നു. വീട്ടുവളപ്പിൽതന്നെ സ്ഥിതിചെയ്യുന്ന ഒരു എൽ.പി സ്കൂളിന്റെ മാനേജരായ അദ്ദേഹം വാർധക്യസഹജമായ രോഗങ്ങളാൽ വീട്ടിൽ കിടപ്പിലായിരുന്നു. ഞങ്ങളുടെ ആഗമനോദ്ദേശ്യം വെളിപ്പെടുത്തിയപ്പോൾ അദ്ദേഹം ഓർമ്മയുടെ കയങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുകയും സ്മാരകം ഗവൺമെന്റ് ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ കൈവശം എത്തിപ്പെടുന്നതു വരെയുള്ള സംഭവങ്ങൾ ഒന്നൊന്നായി പുറത്തേയ്ക്കെടുക്കുകയും ചെയ്തു.

നിലവിലുള്ള, കുഞ്ഞാലി മരയ്ക്കാരുടെ വീട് എന്നറിയപ്പെടുന്ന, സ്മാരകം ഒരുകാലത്ത് 52 സെന്റ് വിസ്തീർണ്ണമുള്ള ആ പുരയിടം മുഴുവൻ നിറഞ്ഞുനിന്നിരുന്ന, ധാരാളം കമാനങ്ങളോടും തൂണുകളോടും കൂടിയതായിരുന്നു എന്ന് അദ്ദേഹമോർക്കുന്നു. ആ പ്രദേശത്തിന്റെ മുഴുവൻ ജന്മിയായിരുന്ന കുഞ്ഞാലി മരയ്ക്കാർ തറവാട്ടിലേയ്ക്ക് പണത്തിന് പുറമെ ധാരാളം ഓലയും പാട്ടമായി ലഭിക്കേണ്ടിയിരുന്നു. ആണ്ടോടാണ്ട് പുര കെട്ടി മേയേണ്ടതിന്റെ ചുമതലയും കുടിയാന്മാർക്കായിരുന്നു. പിൽക്കാലത്ത് കുടിയാന്മാർ പാട്ടംകൊടുക്കാതായപ്പോൾ ഓലവരവ് നിലച്ചുതു കാരണം അനന്തരാവകാശികൾക്ക് പുര കെട്ടിമേഞ്ഞ് സംരക്ഷിക്കാൻ കഴിയാതായി. ഇടിഞ്ഞു പൊളിഞ്ഞു വീഴാൻ തുടങ്ങിയ ഭാഗങ്ങൾ അപ്പപ്പോൾ പൊളിച്ചുമാറ്റിയതിനാലാണ് വീട് ചെറുതായി ചെറുതായി ഇപ്പോഴത്തെ അവസ്ഥയിലെത്തിയത്.
ജന്മികളായതിനാൽ സർക്കാരിലേയ്ക്കുള്ള ആ പ്രദേശത്തിന്റെ മുഴുവൻ നികുതിയും ഒടുക്കേണ്ടത് മരയ്ക്കാർ കുടുംബമായിരുന്നു. പാട്ടം വരവ് നിലച്ചതുകാരണം ഒരു ഭാരിച്ച തുക നികുതിയിനത്തിൽ ബാക്കിവന്നു. അംശാധികാരി ഈ വിവരം സർക്കാരിലേയ്ക്ക് എഴുതിയതനുസരിച്ച് നികുതി വസൂൽ ചെയ്യുന്നതിനുവേണ്ടി മരയ്ക്കാരുടെ പുരയിടവും വീടും ലേലം ചെയ്യാൻ ഉത്തരവായി. മരയ്ക്കാർ കുടുംബത്തിൽപ്പെട്ട മൊയ്തുഹാജിയും അദ്ദേഹത്തിന്റെ രണ്ടു സഹോദരന്മാരും കൂടി വീടും പറമ്പും ലേലത്തിൽ പിടിക്കുകയും മരയ്ക്കാർ ഭവനം അവരുടെ കൈവശം എത്തിപ്പെടുകയും ചെയ്തു. ഈ അൻപത്തിരണ്ടു സെന്റിൽ വീടുൾപ്പെട്ട പത്തൊൻപതു സെന്റ് സ്ഥലം മാത്രമാണ് സർക്കാർ ഏറ്റെടുത്തത്. അതിന് പ്രതിഫലമായി പന്ത്രണ്ടായിരത്തിൽ ചില്വാനം ഉറുപ്പിക അടുത്തകാലത്ത് മാത്രമാണ് അവർക്ക് സർക്കാരിൽനിന്ന് ലഭിച്ചത്. ബാക്കി സ്ഥലം ഇപ്പോഴും തങ്ങളുടെ കൈവശത്തിലാണെന്ന് മൊയ്തു ഹാജി പറഞ്ഞു.
മരയ്ക്കാർ വംശത്തിൽപ്പെട്ടവർ കോട്ടക്കലിൽ ഇപ്പോൾ നാമമാത്രമായി അവശേഷിക്കാൻ ഇടവന്നതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചു. കുഞ്ഞാലി മരയ്ക്കാർ നാലാമന് മക്കളില്ലായിരുന്നു. ഇതു കൂടാതെ, മരയ്ക്കാർ കുടുംബത്തിൽപ്പെട്ടവർക്ക് ആ പ്രദേശത്തുകാർ മുഴുവൻ -പുതിയ പുരയ്ക്കൽ തറവാട്ടുകാർ ഒഴികെ- കുടിയാന്മാരായിരുന്നതു കാരണം അത്തരം കുടുംബങ്ങളിൽനിന്ന് അവർ വിവാഹബന്ധത്തിൽ ഏർപ്പെടുമായിരുന്നില്ല. പുതിയപുരയ്ക്കൽ തറവാട്ടിലാകട്ടെ, പെൺകുട്ടികൾ ഇല്ലായിരുന്നുതാനും. ഇക്കാരണത്താൽ മരയ്ക്കാർ കുടുംബത്തിൽപ്പെട്ടവർ വിദൂരസ്ഥലങ്ങളിൽചെന്ന് വിവാഹബന്ധങ്ങളിലേർപ്പെടുകയും ഒടുവിൽ അവിടങ്ങളിൽതന്നെ സ്ഥിരതാമസമാക്കുകയുമായിരുന്നു പതിവ്. അതു കൊണ്ട്, കുഞ്ഞാലി മരയ്ക്കാരുടെ കുടുംബത്തിൽപ്പെട്ട ആളുകൾ പലരും ഇന്ന് കാഞ്ഞങ്ങാട്ടും പാപ്പിനശ്ശേരിയിലും തിക്കോടിയിലും മറ്റുമായി സ്ഥിരതാമസമാക്കിയിരിക്കുകയാണ്.
മൊയ്തുഹാജിയുടെയും അദ്ദേഹത്തിന്റേ സഹോദരന്മാരുടെയും പക്കൽനിന്ന് ഈ ഭവനം ഗവൺമെന്റ് ഏറ്റെടുത്ത് പുരാ സ്തു ഗവേഷണവകുപ്പിനെ ഏൽപിച്ചിട്ട് വർഷങ്ങൾ പലതായെങ്കിലും ഇതിന്റെ സംരക്ഷണത്തിനായി ആകെ ചെലവാക്കിയത് നാൽപതിനായിരം ഉറുപ്പികയാണ്. കരികല്ലുകൊണ്ടുള്ള ചുറ്റുമതിലും ഒരു ‘ഔട്ട്ഹൗസും’ നിർമ്മിക്കാനാണ് ഈ തുക ചെലവാക്കിയത്. ഈ ‘ഔട്ട് ഹൗസ്’ ദ്രാവിഡ ശിൽപമാതൃകയിൽ പണിതിരുന്ന ഓലമേഞ്ഞ ആ പഴയ വീടിന്റെ മുമ്പിലായി, കോൺക്രീറ്റു ശിൽപമാതൃകയുടെ എല്ലാ വൈരൂപ്യങ്ങളും ഏറ്റുവാങ്ങിക്കൊണ്ടാണ് നിലകൊള്ളുന്നത്. ഇത്രയുമൊക്കെ സാധിപ്പിച്ചെടുത്തതുതന്നെ എ. മമ്മു മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിച്ച ‘കോട്ടക്കൽ ഡെവലപ് മെന്റ് കമ്മിറ്റി’യുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായിട്ടാണെന്ന് അതിന്റെ ഒരു പ്രവർത്തകൻ കൂടിയായ പി.എ. ലത്തീഫ് ഞങ്ങളോട് പറഞ്ഞു.
സ്വാതന്ത്ര്യസമരത്തിന്റെ ഏഴയലത്തുകൂടി പോയവർക്കുപോലും പെൻഷനും മറ്റാനുകൂല്യങ്ങളും നൽകി അവരെ ആദരിക്കുമ്പോൾ റാണി ലക്ഷ്മി ബായിയുടെയും ഭഗത്‌സിംഗിന്റെയും പേരിനോടൊപ്പം ഉച്ചരിക്കപ്പെടേണ്ട മരയ്ക്കാരുടെ ജന്മഗൃഹം എന്തുകൊണ്ടിങ്ങനെ അവഗണനയിൽപ്പെട്ടു എന്ന് മനസ്സിലാകുന്നില്ല. നമുക്കു വേണ്ടി നമ്മുടെ ചരിത്രമെഴുതിയ യൂറോപ്യന്മാർ മരയ്ക്കാരെ ഒരു കടൽകൊള്ളക്കാരനായി ചിത്രികരിച്ചത് തിരുത്തിയെഴുതാൻപോലും നമ്മളിൽ പലരും മിനക്കെട്ടിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

പതിനാറാം നൂറ്റാണ്ടിൽ ചരിത്രത്തിലാദ്യമായി ഭാരതത്തിന് ഒരു നാവികപ്പട കെട്ടിപ്പടുത്തത്, സ്വന്തം മണ്ണിനുവേണ്ടി, സ്വന്തം രാജാവിന്റെ ആജ്ഞ ശിരസാവഹിച്ച്, ക്രൂരന്മാരും നീചന്മാരുമായ പറങ്കികളോട് വിജയകരമായി സമരംചെയ്തത്, അവരുടെ ആധിപത്യം ഗോവയിൽ മാത്രമായി പരിമിതപ്പെടുത്തിയത് മരയ്ക്കാർമാരല്ലാതെ മറ്റാരുമായിരുന്നില്ല.
ദേശീയോദ്ഗ്രഥനത്തെക്കുറിച്ചും മതമൈത്രിയെക്കുറിച്ചും ചിന്തിച്ച് ചിന്തിച്ച് തല പുകയ്ക്കുന്ന നമ്മൾ, ഒരു നൂറ്റാണ്ടിലധികം കാലം വിദേശാധിപത്യത്തിനെതിരായി പോരാടിയ മരയ്ക്കാർമാരുടെ കറപുരളാത്ത ദേശാഭിമാനത്തിന്റെയും ധീരോദാത്തതയുടെയും വീരസാഹസികതയുടെയും കഥകൾ, വരും തലമുറകളെക്കൂടി ഓർമ്മിപ്പിക്കുന്നതിന് സാക്ഷിനിർത്തേണ്ട ഈ സ്മാരകവും ചിതറി ക്കിടക്കുന്ന ചരിത്രാവശിഷ്ടങ്ങളും ഉചിതമായ രീതിയിൽ സംരക്ഷിച്ചുവെയ്ക്കാൻ ഇനിയും വൈകുന്നത് തീർച്ചയായും നമുക്ക് ഭൂഷണമായിരിക്കില്ല.
അതേ സമയം നമ്മുടെ ചരിത്രഗതിയിലെ കറുത്ത അദ്ധ്യായങ്ങൾക്ക് നാന്ദി കുറിച്ച അപമാനകരമായ സംഭവത്തിന് സാക്ഷ്യം വഹിച്ച കാപ്പാട് കടപ്പുറത്തിന്റെ സമഗ്രവികസനത്തിനുള്ള നടപടികൾ ഗവൺമെന്റ് സ്വീകരിച്ചുവരികയും ചെയ്യുന്നു! ഇവിടെ ഒരു ടൂറിസ്റ്റ് കേന്ദ്രം പണിയുന്നതിനായി എഴുപത്തിയഞ്ച് ലക്ഷം ഉറുപ്പിക ചെലവിടാൻ സംസ്ഥാന ഗവൺമെന്റ് തീരുമാനിച്ചിരിക്കുന്നു. വിരോധാഭാസമെന്നല്ലാതെ മറ്റെന്തു പറയാൻ!
1989 ജനുവരി 15 മാധ്യമം ദിനപത്രം ഞായറാഴ്ച സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ച പി.കുഞ്ഞബ്ദുല്ല എഴുതിയ ലേഖനം.
©Madhyamam/1989


