P. A. Kuriakose
മലയാള മനോരമ

ഒരിക്കൽ കണ്ട മുഖവും കേട്ട സ്വരവും എത്രകാലം കഴിഞ്ഞാലും പണ്ഡിറ്റ്‌ജി ഓർത്തിരിക്കുമായിരുന്നുവെന്നു വിസ്‌മയത്തോടെ ഓർക്കുന്നു, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ ഭാര്യ ടി. സി. കൊച്ചുകുട്ടിയമ്മ.

സ്വാതന്ത്ര്യസമരസേനാനിയായിരുന്ന കുറൂരിനെ കുടുംബാംഗത്തെപ്പോലെ കരുതിയിരുന്ന നെഹ്‌റു 1931-നു കുടുംബസമേതം തൃശൂരിലെത്തിയപ്പോൾ താമസിച്ചത് കുറുപ്പം റോഡിലെ കുറൂരിന്റെ വീട്ടിലായിരുന്നു. ടി. സി. ഹൗസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തെക്കേ കുറുപ്പത്തുവീട്ടിൽ നെഹ്‌റു താമസിച്ച മാളിക ഇന്നില്ല.

വൈകിട്ട് ആറിന് എത്തിയ നെഹ്‌റു ഭാര്യ കമലയെയും മകൾ ഇന്ദിരയെയും തെക്കേ കുറുപ്പത്തു വീട്ടിലാക്കിയാണു പൊതുസമ്മേളനത്തിനും വിവേകോദയത്തിൽ കഥകളി കാണാനും മറ്റും പോയത്. രാത്രി വീട്ടിൽ ഓട്ടൻതുള്ളലും പാട്ടും ഏർപ്പാടു ചെയ്തിരുന്നു. കൊച്ചുകുട്ടിയമ്മയുടെ സഹോദരിയും ദിവാൻ പേഷ്കാർ കോമാട്ടിൽ അച്യുതമേനോന്റെ ഭാര്യയുമായ ടി. സി. നാരായണിയമ്മ പാടിയ പാട്ട് നെഹ്‌റുവിനു വലിയ ഇഷ്ടമായി.

പിന്നീട് പ്രധാനമന്ത്രിയായശേഷം തൃശൂരിൽ വന്ന നെഹ്‌റു രാമനിലയത്തിൽനിന്നു റെയിൽവേ സ്റ്റേഷനിലേക്കു മടങ്ങിയതു കുറുപ്പം റോഡിലൂടെയായിരുന്നു. യാത്രയയയ്ക്കാൻ സ്റ്റേഷനിലെത്തിയ കുറൂർ വന്ന വഴി പണ്ടു താമസിച്ച വീടു കണ്ടുവോ, ഓർക്കുന്നുവോ എന്നു ചോദിച്ചു. വീടു കാണുകയും മനസ്സിലാവുകയും ചെയ്തെന്നു പറഞ്ഞ നെഹ്‌റു ഇത്രയുംകൂടി കൂട്ടിച്ചേർത്തു. ‘Still I remember the Sweet voice I heard there’ (അന്നവിടെ കേട്ട മധുരസ്വനം ഇപ്പോഴും ഞാനോർമ്മിക്കുന്നു.)

നെഹ്‌റുവിനുവേണ്ടി ഭക്ഷണമൊരുക്കാൻ വിഷമമൊന്നും ഉണ്ടായില്ല. ഇലയിട്ടുള്ള സദ്യ അസലായി അദ്ദേഹം ആസ്വദിച്ചു. ഓലനും അവിയലുമൊക്കെ കൂട്ടി നല്ലതുപോലെ ചോറുണ്ടു. പായസമുണ്ടായിരുന്നുവോ എന്നു എൺപത്തിയഞ്ചുകാരിയായ കൊച്ചുകുട്ടിയമ്മയ്ക്ക് ഇപ്പോൾ ഓർമ്മയില്ല.

നെഹ്‌റു കേരളത്തിലോ അയൽ സംസ്ഥാനത്തോ വന്നാൽ പോയി കാണണമെന്ന് കുറൂരിനു നിർബന്ധമായിരുന്നു. ഒരിക്കൽ എറണാകുളത്തു വന്നപ്പോൾ കാണാൻ പോയി. പ്രസംഗസ്ഥലത്ത് അടുത്തു കാണാൻ പറ്റാത്തതിനാൽ വിമാനത്താവളത്തിലെത്തി. നെഹ്‌റു വി.ഐ.പി. ലോഞ്ചിലേക്കു വരുംവഴിയിൽ കാത്തുനിന്ന കൊച്ചുകുട്ടിയമ്മയെ കണ്ടു നെഹ്‌റുവിന്റെ ഒപ്പമുണ്ടായിരുന്ന ഗവർണ്ണർ രാമകൃഷ്ണറാവു പരിചയപ്പെടുത്തി: This is Mrs. Kuroor ഉടൻ വന്നു നെഹ്‌റുവിന്റെ മറുപടി. ‘Why do you introduce her? I was her guest’.

മധുരയിലെ ഗാന്ധി ഗ്രാമിൽ നെഹ്‌റു എത്തിയപ്പോഴും കാണാൻ ചെന്നിരുന്നു. അക്കാലത്തു മുട്ടിനു വേദനയുണ്ടായിരുന്ന നെഹ്‌റു അവിടത്തെ കസേര ഇല്ലാത്ത വേദിയിൽ ഇരിക്കാൻ വിഷമിച്ചു. ഇരിക്കുന്നതിനുപകരം വീഴുന്നതുപോലെയാണു തോന്നിയത്.

ഇതുതന്നെയായിരുന്നു കുറൂർ പിന്നീട് ഡൽഹിയിലെത്തി നെഹ്‌റുവിനോടു വിശ്രമിക്കാൻ അപേക്ഷിച്ചപ്പോഴുമുണ്ടായ പ്രതികരണം. അനാരോഗ്യം വകവയ്ക്കാതെ നെഹ്‌റു ഓടിനടക്കുന്നതിൽ ഉൽക്കണ്ഠാകുലരായ സുഹൃത്തുക്കൾ കുറൂർ പറഞ്ഞാൽ നെഹ്‌റു വകവയ്ക്കുമെന്നു പറഞ്ഞ് അദ്ദേഹത്തെ അയച്ചതായിരുന്നു. അഭ്യർത്ഥന കേട്ടയുടൻ I’m perfectly alright എന്നു പറഞ്ഞു ചാടിയെണീക്കാൻ ശ്രമിച്ച വഴി നെഹ്‌റു വീഴാൻ ഭാവിച്ചു.

തൃശൂരിൽ പാർക്ക് ഉദ്‌ഘാടനം ചെയ്യാൻ നെഹ്‌റു എത്തിയപ്പോഴത്തെ ഒരനുഭവവും കൊച്ചുകുട്ടിയമ്മ ഓർക്കുന്നു. ജനഗണമന പാടാൻ കുട്ടികളെ പരിശീലിപ്പിച്ചത് കൊച്ചുകുട്ടിയമ്മയായിരുന്നു. കൈകൂപ്പി നിന്നു പാടാനായിരുന്നു പഠിപ്പിച്ചിരുന്നത്. പാടാൻ തുടങ്ങിയ ഉടൻ നെഹ്‌റുതന്നെ കുട്ടികളുടെ കൈ പിടിച്ചു താഴ്ത്തിയിട്ടു അറ്റൻഷനായി നിലകൊണ്ടു.

ചെറുതുരുത്തി കലാമണ്ഡലത്തിലെത്തിയപ്പോൾ പാലംമുതൽ താലപ്പൊലി ഏർപ്പെടുത്തിയിരുന്നു. സ്വീകരണം പക്ഷെ കലാമണ്ഡലത്തിന്റെ പ്രധാന ഗേറ്റ് മുതലേ ഉദ്ദേശിച്ചിരുന്നുള്ളൂ. പാലത്തിനടുത്തു താലപ്പൊലിയേന്തിയ കുട്ടികളെ കണ്ട ഉടൻ വാഹനത്തിൽ നിന്നിറങ്ങിയ നെഹ്‌റുവിനെ പിന്നെ അവിടെനിന്നു വരവേറ്റു.

തെക്കേ കുറുപ്പത്തു താമസിച്ച അന്നും നെഹ്‌റുവിന്റെ ഉത്സാഹപ്രകൃതി ശ്രദ്ധിച്ചിരുന്നു. കമലാ നെഹ്‌റുവിന് അന്നേ അസുഖത്തിന്റെ വിഷമതകൾ ഉണ്ടായിരുന്നു. ഇടയ്ക്കിടെ അവരെ കാണാൻ എത്ര ചൊടിയോടെയാണ് അദ്ദേഹം സ്വന്തം മുറിയിൽനിന്നും മറ്റു സദസ്സുകളിൽനിന്നും പോയ്ക്കൊണ്ടിരുന്നതെന്നോ!

അന്നു വളരെ വൈകിയാണ് നെഹ്‌റു കിടന്നത്. 12 മണി കഴിഞ്ഞിട്ടുണ്ടാവുമെന്നു തീർച്ച. വെളുപ്പിനു മൂന്നു മണിക്കു മുറിയിൽ വെളിച്ചം കണ്ടു കുറൂർ നമ്പൂതിരിപ്പാടു നോക്കിയപ്പോൾ നെഹ്‌റു തലേന്നത്തെ തപാൽ നോക്കുകയായിരുന്നു.

1988 നവംബർ 13 മലയാള മനോരമ ഞായറാഴ്ച സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ച പി.എ. കുര്യാക്കോസ് എഴുതിയ ലേഖനം.
©MalayalaManorama/1988