AVM Unni
ഗൾഫ് മലയാളി

പ്രസിദ്ധ സിനിമാനടനായ പ്രേംനസീർ ദോഹയിൽ വന്നപ്പോഴാണ് ‘ഗൾഫ് മലയാളി’ക്ക് വേണ്ടി ഞാനദ്ദേഹവുമായി സംസാരിച്ചത്. കാലേകൂട്ടി തീരുമാനിച്ചതനുസരിച്ച് കൃത്യസമയത്തുതന്നെ അദ്ദേഹത്തിന്റെ താമസസ്ഥലത്തെത്താൻ കഴിഞ്ഞില്ല. ചെന്നപ്പോൾ അദ്ദേഹം പുറത്തുപോയിരുന്നു. ഫോട്ടോഗ്രാഫറും, മറ്റൊരു മാസികയുടെ ലേഖകനും, എന്റെ സുഹൃത്തും, ഞാനും കാത്തിരിക്കുമ്പോൾ ഒരു മണിയോടെ അദ്ദേഹം തിരിച്ചെത്തി.

“ക്ഷമിക്കണം. ട്രാഫിക് തിരക്കു കാരണം എത്താൻ അല്പം വൈകിപ്പോയി” എന്ന് ഞാൻ പറഞ്ഞപ്പോൾ “ഓ… അതു സാരമില്ല ഞാൻ വിചാരിച്ചു നിങ്ങളൊക്കെ വന്നുപോയി കാണുമെന്ന്. പെട്ടെന്ന് പുറത്തുപോകേണ്ടിവന്നതുകാരണം നിങ്ങളെ കാത്തിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. സോറി. ഏതായാലും ഇനി വൈകിക്കേണ്ട നമുകാങ്ങോട്ടിരിക്കാം.”

രണ്ടു പ്രസിദ്ധീകരണങ്ങൾക്കായി ഞങ്ങളും രണ്ടുപേരുണ്ടെന്നറിഞ്ഞപ്പോൾ ഉദരത്തിൽ തടവിക്കൊണ്ടദ്ദേഹം പറഞ്ഞു ”എനിക്ക് വിശക്കുന്നുണ്ട്. എന്നെ വേഗം ഒഴിവാക്കണം. ഊണ് കഴിച്ചിട്ടില്ല”

കൃത്യം ഒന്നിനും ഒന്നരയ്ക്കും ഇടയ്ക്ക് ഉച്ചഭക്ഷണം കഴിക്കാൻ അദ്ദേഹത്തിന് നിർബന്ധമാണെന്നെനിക്കറിയാവുന്നതുകൊണ്ട് കൂടുതൽ സമയമെടുക്കില്ലെന്നുറപ്പുകൊടുത്തു ആദ്യം ഞാൻ തന്നെ ചോദ്യങ്ങളാരംഭിച്ചു. ഈ സന്ദർശനത്തിനിടയിൽ സാധാരണക്കാരായ ഗൾഫ് മലയാളികളുടെ ജീവിതസൗകര്യവും മറ്റും നേരിൽ കാണാൻ കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു:-

”ഇവിടെയും മറ്റു ഗൾഫ് നാടുകളിലും എന്റെ സുഹൃത്തുക്കളും, ബന്ധുക്കളും, കൂടെ പഠിച്ചവരുമൊക്കെയുണ്ട്. അവരിൽ മേലേക്കിടക്കാരും സാധാരണക്കാരുമുൾപ്പെടുന്നു. ഒട്ടനവധി ആളുകളുടെ താമസസ്ഥലവും ജോലിസ്ഥലവും ഞാൻ നേരിട്ട് സന്ദർശിക്കുകയും ചെയ്തു. അവരുടെ ജോലിയും, താമസ സൗകര്യവുമെല്ലാം കാണുമ്പോൾ ഓരോരുത്തരുടെയും വരുമാനവും മറ്റു സൗകര്യങ്ങളും എനിക്ക് ഊഹിക്കാൻ കഴിയും. അവരിൽ ഉയർന്ന ശമ്പളക്കാരും താഴ്ന്ന ശമ്പളക്കാരുമുണ്ട്. എന്തൊക്കെതന്നെയായാലും ഭൂരിപക്ഷം ആളുകളും സംതൃപ്തരാണെന്നും, എല്ലാവരും സുരക്ഷിതരാണെന്നും എനിക്ക് തോന്നി. പിന്നെ, നാട്ടിൻപുറങ്ങളിൽ ജോലിയില്ലാതെ അലഞ്ഞു നടന്നിരുന്നവരും, വിദ്യാസമ്പന്നരല്ലാത്തവരും, ഒരാളുമായി സാമാന്യം സംസ്കാരത്തോടെ എങ്ങനെ സംസാരിക്കണം എന്നുപോലുമറിയാത്തവരായ ചെറുപ്പക്കാരും മറ്റും ഇവിടെ എത്തി സ്വന്തമായൊരു ജോലി തേടി സംതൃപ്തിയോടെ ലീവിന് നാട്ടിലെത്തുമ്പോൾ “ഹാലോ…, ചേട്ടാ… എന്തുപറയുന്നു? സുഖം തന്നെയല്ലേ? പിന്നെ വീട്ടിലെ വിശേഷങ്ങളെന്തൊക്കെയാണ്?” എന്നൊക്കെ പറഞ്ഞ് നല്ല രീതിയിൽ പെരുമാറുന്നത് കാണുമ്പോൾ ഞങ്ങൾക്കൊക്കെ വളരെ സന്തോഷമുണ്ട്. പിള്ളാരൊക്കെ നന്നായിരിക്കുന്നു, ജീവിക്കണമെന്ന ബോധം വന്നിരിക്കുന്നു എന്ന് തോന്നാറുണ്ട്. നമ്മുടെ നാട്ടിൽ സാധാരണക്കാരന്റെ സാമ്പത്തിക സ്ഥിതിയിലും, സംസ്ക്കാരത്തിലുമൊക്കെ ശ്രദ്ധിക്കപ്പെടാവുന്ന മാറ്റങ്ങൾ സഹായിച്ചതിന്റെ ചെറിയ ഒരു പങ്ക് ഗൾഫ് നാടുകൾക്കുണ്ട്. ഒന്നുമില്ലെങ്കിൽ എത്ര ആളുകൾക്ക് ജോലി നല്കി. ജോലി ഇല്ലായ്മയിൽ നിന്നും താല്ക്കാലികാശ്വാസം തേടാൻ അവസരം തന്നത് ഗൾഫ് നാടുകളാണ്. അതുകൊണ്ടുതന്നെ നാം ഇവരോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. എല്ലാ സ്വാതന്ത്ര്യവും ഇവർ തരുന്നുണ്ട്. മേലേക്കിടക്കാരനായാലും, സാധാരണക്കാരനായാലും ഇവർക്ക് തലവേദനയുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കരുത്.”

ആർട്ട് സിനിമ, കമേഴ്സ്യൽ സിനിമ എന്നിവയെക്കുറിച്ച് ചോദ്യമുന്നയിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി സിനിമ രണ്ടു വിധത്തിലുണ്ട് എന്നതായിരുന്നു. നല്ലതും, ചീത്തയും. എല്ലാവരുടെയും ലക്ഷ്യം പണവും പ്രശസ്തിയുമാണ്. ചിലർ ആത്മാർത്ഥതയോടെ നല്ല സിനിമയുണ്ടാവണം എന്ന നിർബന്ധബുദ്ധിയോടെ രംഗത്തിറങ്ങുന്നു. മറ്റു ചിലർ ഉണ്ടാവൻ പോകുന്ന സൃഷ്ടിയുടെ നന്മതിന്മകൾ കണക്കിലെടുക്കാതെ വെറും പണം മാത്രം ലക്ഷ്യമാക്കുന്നു. അവിടെയാണ് ചീത്ത പടങ്ങൾ ജനിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

നാട്ടിൽ പോയി സിനിമയിൽ അഭിനയിക്കാനും മറ്റും കൊതിച്ചു കഴിയുന്ന ഗൾഫിലെ കലാകാരന്മാരോടായി എന്തെങ്കിലും ഉപദേശിക്കാനുണ്ടോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം തുടർന്നു:- “അവരുടെ കഴിവിനെക്കുറിച്ച് എനിക്കറിയില്ല. കഴിവുള്ളവരാണെങ്കിൽ, സിനിമയിൽ ചാൻസ് കിട്ടുമെന്ന് ഉറപ്പ് ലഭിക്കുകയാണെങ്കിൽ ബാക്കി കാര്യം ഭാഗ്യം പോലിരിക്കും. ഞാൻ ആരെയും നിരുത്സാഹപ്പെടുത്തുകയല്ല. അഭിനയിക്കാനുള്ള ആവേശത്തിൽ ഇവിടെയുള്ളതെല്ലാം വലിച്ചെറിഞ്ഞ് നാട്ടിൽ വന്ന് കയ്യിലുള്ള കാശെല്ലാം കളയാനായി ഒരുങ്ങരുത്. നാട്ടിൽ വരുമ്പോൾ സൗകര്യം പോലെ നിർമ്മാതാക്കളെയും സംവിധായകരെയും നേരിട്ട് കാണുകയും സ്റ്റുഡിയോകൾ സന്ദർശിക്കുകയും ചെയ്യുക. സന്ദർഭം അനുയോജ്യമാണെങ്കിൽ അഭിനയിച്ചു നോക്കുക. ബാക്കി കാര്യങ്ങൾ കഴിവും ഭാഗ്യവും അനുസരിച്ചിരിക്കും.”

ഗൾഫിൽ കലാസാഹിത്യസാംസ്ക്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന മലയാളികളോടായി അദ്ദേഹം പറഞ്ഞതിങ്ങിനെയാണ്.

ഇവർ അനുവദിക്കുന്ന പരിധിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ നമ്മുടെ കലാസാഹിത്യ സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കായി വളരെ അവസരങ്ങളുണ്ട്. അത് നാം ദുരുപയോഗപ്പെടുത്തരുത്. സാംസ്ക്കാരികമായി ഓരോ രാജ്യങ്ങളെയും നമ്മുടെ നാടിനോട് കടപ്പെട്ടവരാക്കാൻ നമ്മുടെ കലകൾക്ക് കഴിയും. ഏതു വിധത്തിലുള്ള ജനങ്ങളെയും ആകർഷിക്കുന്നതിനകന്ന രീതിയിലുള്ള വൈവിധ്യങ്ങളായ കലകൾ നമുക്കുണ്ട്. അവയിൽ അനുയോജ്യവും ഉചിതങ്ങളുമായവ തിരഞ്ഞെടുത്ത് ഇവിടത്തുകാരുടെ അഭിരുചിക്കനുസരിച്ച് മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ അതിന്റെ മേന്മയോടെ തന്നെ അവതരിപ്പിക്കുക. നമ്മുടെ നാടിന്റെ കലാശൈലിയും അതിനു പിന്നിലുള്ള സദുദ്ദേശവും സംസ്ക്കാര സമ്പത്തും മറ്റുള്ളവർ മനസ്സിലാക്കണം. ലോകത്തിന്റെ നാനാഭാഗത്തുള്ളവരും നിങ്ങൾ അവതരിപ്പിക്കുന്ന കലാരൂപങ്ങൾ കാണാനും ആസ്വദിക്കാനും ഉണ്ടാകുമെന്ന് പ്രത്യേകം ഓർമ്മിക്കുക”.

മറ്റൊരു പ്രസിദ്ധീകരണത്തിനുവേണ്ടി സംസാരിക്കുവാൻ സുഹൃത്ത് കാത്തിരിക്കുന്നതുകൊണ്ട് കൂടുതൽ സമയം ഇനിയും എടുക്കുന്നത് ശരിയല്ലെന്നു തോന്നിയപ്പോൾ അവസാനമായി ഞാനിത്രയും ചോദിച്ചു. “ഈ അടുത്ത കാലത്ത് താങ്കൾ അഭിനയിച്ച നല്ല ചിത്രങ്ങൾ ഏതൊക്കെയാണ്?” അദ്ദേഹത്തിന്റെ മറുപടി: “പാർവ്വതി, വിടപറയും മുമ്പേ, ചാരം തുടങ്ങിയവ ഈയിടെ ഞാൻ അഭിനയിച്ച നല്ല ചിത്രങ്ങളാണ്”.

പ്രേംനസീർ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പറയുന്നത് നോക്കുക. “പൊതുവെ സുഖമാണ്. ഭാര്യയും മക്കളും മരുമക്കളുമായി അങ്ങിനെ കഴിയുന്നു. കൂട്ടത്തിൽ അഭിനയവും ബിസിനസ്സും. മറ്റു പലർക്കും കിട്ടാത്ത അംഗീകാരം എനിക്ക് കിട്ടിയതിൽ ഞാൻ തൃപ്തനാണ്. ഇന്നെന്റെ മകനും അഭിനയരംഗത്തുവന്നിരിക്കുന്നു. അയാളെ അഭിനയിപ്പിക്കാനെനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. പക്ഷേ, അയാളുടെ നിർബന്ധം ഒന്നുകൊണ്ടുമാത്രം ഞാൻ വഴങ്ങിക്കൊടുത്തു. ഇനിയിപ്പോൾ”.

ഗൾഫ് മലയാളിയുടെ ഒരു പ്രതി നസീറിന് നൽകി നന്ദി പറഞ്ഞു വിടപറഞ്ഞിറങ്ങുമ്പോൾ എന്റെ മനസ്സിലെ സന്തോഷം മുഖത്തു പ്രതിഫലിച്ചത് കണ്ടിട്ടാവാം എന്റെ സുഹൃത്ത് ചോദിച്ചു “ഉം എന്താടാ?”.

“ഇത്ര സൗകര്യത്തിൽ ഇത്രകൂടുതൽ നേരം സംസാരിക്കാൻ കഴിയുമെന്ന് ഞാൻ കരുതിയിരുന്നില്ല”.

“ഇപ്പോഴോ?”.

“എനിക്ക് വളരെ സന്തോഷമായി”.

അതാണദ്ദേഹത്തിന്റെ പ്രത്യേകത! എവിടെയായാലും എത്ര തിരക്കിലായാലും അദ്ദേഹം എന്തിനും സമയം കണ്ടെത്തും.

1981ൽ ദോഹയിലെത്തിയ പ്രേം നസീറുമായി ‘ഗൾഫ് മലയാളി’ മാഗസിന് വേണ്ടി എ വി എം ഉണ്ണി നടത്തിയ അഭിമുഖം. 1982 ജനുവരി ലക്കത്തിൽ ഈ അഭിമുഖം പ്രസിദ്ധീകരിച്ചു.
©GulfMalayali/1982

In Brief: During a visit to Doha in 1981, legendary Malayalam actor Prem Nazir spoke to Gulf Malayali magazine about his observations of Kerala expatriates in the Gulf, noting that most workers — regardless of their income level — appeared satisfied and that the Gulf had played a meaningful role in improving the economic and social lives of ordinary Keralites. He advised Gulf-based artists aspiring to enter Malayalam cinema to explore opportunities cautiously during home visits rather than abandoning their stable livelihoods on a whim. When asked about his personal life, Nazir expressed contentment, mentioning that his son had recently entered acting despite his own initial reluctance, and named Parvathi, Vidaparayum Munpe, and Chaaram among his recent notable films.