S. Georgekutty
കലാകൗമുദി

മാർക്സിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോ അംഗം വി.എസ്. അച്യുതാനന്ദൻ ഈയിടെയാണ് സോവിയറ്റ് യൂണിയനിൽ നിന്നും തിരികെയെത്തിയത്. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ അമരക്കാരനാണ് വി.എസ്. സംസ്ഥാനത്തെ പ്രധാന ഭരണകക്ഷിയുടെ സെക്രട്ടറി യാണെന്നതുകൊണ്ടുതന്നെ വാർത്താലേഖകരുടെ വി.ഐ.പി. ആകേണ്ടുന്ന ആളാണ് ഇദ്ദേഹം. എന്നാൽ വി.എസ്സിനെ ഒരു വാർത്താ സ്രോതസ്സായി പത്രലേഖകർക്ക് ലഭിക്കാറില്ല. വിവാദങ്ങളിൽനിന്നും വിട്ടുനിൽക്കുന്നതാണ് വി.എസ്സിൻ്റെ പ്രകൃതം.

സമൂഹത്തിൽ എത്ര ഉന്നതനായാലും അംഗങ്ങൾ പാർട്ടി അച്ചടക്കം കർശനമായി പാലിക്കണമെന്ന നിർബന്ധക്കാരനാണ് വി. എസ്. മാർക്സിസ്റ്റ് പാർട്ടിയെ കേരളത്തിലെ കെട്ടുറപ്പുള്ള ഒരു കേഡർ പാർട്ടിയായി നിലനിർത്തുന്നതിൻ്റെ മുഖ്യശില്പി അച്യുതാനന്ദനാണ്. അപൂർവ്വം ചില പൊതുയോഗങ്ങളൊഴിച്ച് മുഴുവൻ സമയവും പാർട്ടി പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ് ഇദ്ദേഹം. വളരെ ദിവസത്തെ ശ്രമ ഫലമാണ് വി.എസ്സുമായി ഒരു പ്രത്യേക കൂടിക്കാഴ്ച നടത്താൻ തരംലഭിച്ചത്. അത് പൂർത്തിയാക്കുന്നതിന് പിന്നെയും മൂന്നു പ്രാവശ്യം ബന്ധപ്പെടേണ്ടിവന്നു. എ.കെ.ജി. സെൻ്ററിലെ തൻ്റെ ഓഫീസ് മുറിയിലിരുന്ന വി.എസ്. മറുപടി പറയുമ്പോൾ ഒരധ്യാപകൻ്റെ സൂക്ഷ്മത പൂർണ്ണമായും അവലംബിക്കുന്നുണ്ടായിരുന്നു.

ചോദ്യം: കേരളത്തിൽ ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഈ നാട്ടിലെ ജനങ്ങൾക്ക് വലിയ പ്രതീക്ഷകളായിരുന്നല്ലോ. ഇപ്പോൾ ജനങ്ങളാകെ നിരാശരായിരിക്കുന്നുവെന്നും ചിലർ പറയുന്നുണ്ട്. ഇതിനെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്?

ഉത്തരം: ഇടതുമുന്നണി സർക്കാരിനെതിരെ ഇത്തരം പ്രചരണം നടത്തുന്നത് പ്രധാനമായും മലയാള മനോരമയെപ്പോലുള്ള കുത്തക പത്രങ്ങളാണ്. പത്രലോകത്തിലധികം കോപ്പികൾ ചിലവാക്കുന്ന ഇവിടത്തെ മുത്തശ്ശിപത്രങ്ങൾ അവരുടെ സ്വാർത്ഥ താല്പര്യത്തിനുവേണ്ടി ഇന്ദിരാ കോൺഗ്രസ്സിൻ്റെ നുണപ്രചാരണങ്ങൾ വൻപ്രാധാന്യത്തോടെ അച്ചടിച്ചുകൊണ്ടിരിക്കുകയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് മഹാത്മാഗാന്ധിയെപ്പോലും അർദ്ധനഗ്നനായ ഫക്കീർ എന്നു വിളിച്ച് അധിക്ഷേപിച്ചവരാണിവർ. പിന്നീട് സ്വാതന്ത്ര്യത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും കാവൽക്കാരായി ഇവർ മാറിയെന്നുള്ള ഇവരുടെ വേഷപ്പകർച്ച സ്വാർത്ഥ താല്പര്യം സംരക്ഷിക്കുന്നതിനുള്ള കുത്സിതശ്രമം മാത്രമാണിത്. കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ വിഷം കുടിച്ച് മരിച്ചു കളയുമെന്നു വരെ പറഞ്ഞിട്ടുള്ള ഇവരുടെ രാഷ്ട്രീയ അസഹിഷ്ണുത പ്രകടമാക്കുന്ന ഇത്തരം അപവാദപ്രചാരണം ഈ നാട്ടിലെ ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യും. 57-59 ലും, 67-69 ലും 80-81 ലും ഇതേ സമീപനംതന്നെയാണിവർ കൈക്കൊണ്ടത്. ‘87-ൽ ഇവർ എഴുതിക്കൂട്ടിയ ടൺകണക്കിന് വ്യാജവാർത്തകൾ ജനങ്ങൾ വിശ്വസിച്ചിരുന്നെങ്കിൽ ഇടതുമുന്നണിക്ക് അസംബ്ലിക്കുള്ളിലെ സ്ഥാനമെന്താകുമായിരുന്നു!

സ്വഭാവഹത്യ ചെയ്യുന്നതിന് ഇവർ കരുതിക്കൂട്ടി നടത്തുന്ന ചില ശ്രമങ്ങൾ താല്കാലികമായി ചിലപ്പോൾ വിജയിച്ചേക്കാം. ഉദാഹരണത്തിന് മട്ടാഞ്ചേരിയിലെ മാർക്സിസ്റ്റ് സ്ഥാനാർത്ഥിയെ തോല്പിക്കുന്നതിന് ഇവർ പ്രചരിപ്പിച്ച സത്യവിരുദ്ധമായ വാർത്തകൾ ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കി. ഇടതുമുന്നണി സ്ഥാനാർത്ഥിയെ അവിടെ തോല്പിക്കാൻ കഴിഞ്ഞു. ഇപ്പോൾ ആ തിരഞ്ഞെടുപ്പുഫലം അസാധുവാണെന്ന് ഹൈക്കോടതി വിധിച്ചിരിക്കുകയാണ്. നിരാശ സൃഷ്ടിക്കുന്നതിനായി ഇവർ നടത്തുന്ന അപവാദപ്രചരണം ജനങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടിരിക്കുകയാണ്. നിഷ്പക്ഷമതികൾക്കുപോലും സത്യാവസ്ഥ ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇനി, യഥാർത്ഥ വസ്തുതകളുടെ പൂർണ്ണരൂപം മനസ്സിലാക്കുമ്പോൾ ഇപ്പോൾ സർക്കാരിനെ വിമർശിക്കുന്നവർക്കുപോലും ഇവർ നടത്തിക്കൊണ്ടിരിക്കുന്ന നുണപ്രചരണങ്ങളിൽ കഴമ്പൊന്നുമില്ലെന്നു ബോധ്യപ്പെടും.

ചോദ്യം: എന്ത് യഥാർത്ഥ വസ്തുതകളെയാണ് താങ്കൾ അർത്ഥമാക്കിയത്?

ഉത്തരം: അതറിയണമെങ്കിൽ ജനാധിപത്യത്തെക്കുറിച്ച് ഒട്ടേറെ വായ്ത്താരിക്കൾ മുഴക്കുന്ന പത്രമുതലാളിമാർ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഇന്ദിരാ കോൺഗ്രസ്സിൻ്റെ വർഗ്ഗീയ രാഷ്ട്രീയ കൂട്ടുകെട്ടു മുന്നണി, നമ്മുടെ നാടിനെ എവിടെയാണ് കൊണ്ടെത്തിച്ചിരിക്കുന്നതെന്നുകൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. സംസ്ഥാനം ഇന്ന് ദുർവ്വഹമായ കടത്തിലാണ്. മുൻ ഗവൺമെൻ്റിൻ്റെ കാലത്ത് ഹ്രസ്വകാല വായ്പയായി മൂന്നു തവണ 375 കോടി രൂപ കേന്ദ്രത്തിൽനിന്നും കടം വാങ്ങി. കൂടാതെ ഏഴാം പദ്ധതിക്ക് ഭാവിവർഷങ്ങളിൽ ചെലവഴിക്കാൻ നീക്കിവെച്ചത് 150 കോടി രൂപകൂടി അഡ്വാൻസ്സായി നേരത്തെ വാങ്ങി ചെലവഴിച്ചു. ഖജനാവ് കാലിയാക്കി. ഇപ്പോൾ അതെല്ലാം പലിശ സഹിതം തിരിച്ചടയ്ക്കേണ്ട ബാധ്യത ഇടതുമുന്നണി സർക്കാരിൻ്റെ തലയിലാണ്. കശുവണ്ടി വ്യവസായ ക്ഷേമനിധിയിൽനിന്നും 25 കോടി രൂപ എടുത്തു ചെലവഴിച്ചിരിക്കുന്നു. ഒട്ടേറെ കടപ്പത്രങ്ങളും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം ക്ലേശം സഹിച്ചു കൊണ്ടിരിക്കുന്നത് ഈ നാട്ടിലെ ജനങ്ങളും ഇടതുമുന്നണി സർക്കാരുമാണ്.

ചോദ്യം: കേരളത്തിൻ്റെ വികസന പ്രവർത്തനത്തിനാവശ്യമായ തുക ഏഴാം ധനകാര്യ കമ്മീഷനെ ബോദ്ധ്യപ്പെടുത്തിയിട്ട് ചെലവഴിക്കുക മാത്രമല്ലേ മുൻ സർക്കാർ ചെയ്തുള്ളൂ?

ഉത്തരം: അല്ല. നമ്മുടെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക ധനകാര്യ കമ്മീഷനെ കണക്കുപറഞ്ഞു ബോദ്ധ്യപ്പെടുത്തി വാങ്ങുന്നതിൽ മുൻ സർക്കാർ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. 600 കോടിയിൽപ്പരം രൂപയുടെ അധികവിഭവ സമാഹരണം നടത്താമെന്നും നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സി. പോലെയുള്ള പല സ്ഥാപനങ്ങളും ലാഭകരമാക്കാൻ പോകുന്നുവെന്നും കൂടുതൽ വരുമാനം പ്രതീക്ഷിക്കാമെന്നും ധനകാര്യ കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചു. സംസ്ഥാന ജീവനക്കാർക്ക് നൽകേണ്ടുന്ന ഡി.എ. കുടിശ്ശികയുടെ കാര്യം പറഞ്ഞതേയില്ല. തന്മൂലം കേരളത്തിനു ലഭിക്കേണ്ടുന്ന നിരവധി കോടി രൂപ നഷ്ടമായി. കിട്ടിയതാകട്ടെ നിരുത്തരവാദപരമായി പരസ്പരം മൽസരിച്ചും സ്വന്തം കീശകൾ വീർപ്പിക്കുകയാണ് ചെയ്തത്.

ചോദ്യം: മുൻ സർക്കാരിന് കേന്ദ്ര ഗവൺമെന്റിനോടുള്ള അമിതമായ വിധേയത്വം ഇടതുമുന്നണി സർക്കാരിനാവശ്യമില്ലല്ലോ. അപ്പോൾ അർഹമായ തുക കണക്കു പറഞ്ഞു വാങ്ങാവുന്നതല്ലേയുള്ളു?

ഉത്തരം: അതിനുള്ള നിരവധി ശ്രമങ്ങൾ ഇതിനകം നടത്തിയിരിക്കുന്നു. കേന്ദ്രസർക്കാർ തെല്ലും അനുഭാവമുള്ള പരിഗണനയല്ല നമുക്കു നൽകുന്നത്. തന്നെയുമല്ല, ഇടതുജനാധിപത്യ മുന്നണിയെ അധികാരത്തിൽ കൊണ്ടുവന്ന കേരളത്തോട് ശത്രുതയോടെ പെരുമാറുകയും ചെയ്യുന്നു. വരൾച്ചയുടെ കെടുതിയിൽ കുടിവെള്ളം പോലും ലഭിക്കാതെ ദാഹിച്ചിട്ടാണ് ജനങ്ങൾ തീവ്രമായ അഭിലാഷത്തോടെ ഇടതുമുന്നണി സർക്കാരിനെ അധികാരത്തിൽ കൊണ്ടുവന്നത്. ആ സർക്കാർ സാമ്പത്തിക ഞെരുക്കത്തിൽ പൊരിഞ്ഞിട്ടുകൂടി ജനങ്ങൾക്കു കുടിവെള്ളം നൽകുന്നതാണ് അടിയന്തര നടപടിയെന്ന സമീപനം കൈക്കൊണ്ടു. എന്നിട്ടും ആ ഗവൺമെന്റിനോട് തെല്ലും കരുണ കാണിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. മാത്രവുമല്ല, തങ്ങളുടെ അനുയായികൾ കേന്ദ്രത്തിൽ നിന്നും വാങ്ങി ധൂർത്തടിച്ച വലിയ തുകയും പലിശയും തിരിച്ചടച്ചതിനുശേഷം നിങ്ങൾ ഭരിച്ചാൽ മതിയെന്ന ദുഷ്ടവും വിവേചനപരവും വിസ്മയകരവുമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. 1200 കോടിയിൽപ്പരം രൂപയുടെ വരൾച്ചക്കെടുതി സംസ്ഥാനത്തിനുണ്ടെന്നു ബോദ്ധ്യപ്പെടുത്തി അതിന്റെ പകുതിയെങ്കിലും നൽകണമെന്ന് കേണപേക്ഷിച്ചിട്ടും തന്നത് കേവലം ഇരുപത്തൊൻപതു കോടി രൂപ മാത്രമാണ്.

ഉത്തരന്ത്യയിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ചില ജില്ലകളെമാത്രം സ്പർശിച്ച വരൾച്ചക്കെടുതിക്ക് നൽകിയത് ഇതിന്റെ രണ്ടും നാലും ഇരട്ടിയാണ്. വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ അർഹമായ തുക ലഭിക്കാത്തതിനാലാണ് സി.പി.എം അതിന്റെ കൂട്ടുകക്ഷികളുമായി ചേർന്ന് ബഹുജനപ്രക്ഷോഭ സമരങ്ങളിലൂടെ അത് പിടിച്ചുപറ്റാൻ ശ്രമിക്കുന്നത്.

ചോദ്യം: കേരളത്തിനകത്തുനിന്നും വിഭവസമാഹരണം നടത്തുന്ന കാര്യത്തിൽ ഇടതുമുന്നണി സർക്കാർ അലംഭാവം കാണിക്കുന്നുവെന്നാണല്ലോ കോൺഗ്രസ്സിന്റെ ആരോപണം. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഉത്തരം: അത് ശരിയല്ല. മുൻ ഗവൺമെന്റിന് എത്തിനോക്കാൻ പോലും ധൈര്യമില്ലാതിരുന്നതോ മനഃപൂർവ്വം ഒഴിവാക്കിയിരുന്നതോ ആയ പല മേഖലകളിൽനിന്നും വിഭവസമാഹരണം നടത്തിയത് ഈ ഗവൺമെന്റാണ്. ഇനിയും ഇതിലും കൂടിയ നടപടികൾ ഉണ്ടാവുന്നതാണ്. എന്നാൽ കേരളത്തിന്റെ പരിമിതമായ വിഭവസമാഹരണ ശ്രമങ്ങളെപ്പോലും പരാജയപ്പെടുത്തുന്നതിനുള്ള നീക്കങ്ങളാണ് കോൺഗ്രസ്-ഐ ചെയ്തുകൊണ്ടിരിക്കുന്നത്. വിൽപ്പനനികുതിയുടെ പേരിൽ വ്യാപാരി വ്യവസായികളെ കുത്തിപ്പൊക്കി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകിടംമറിക്കാൻപോലും ഇവർ ശ്രമിക്കുകയുണ്ടായി. ഇവരുടെ ഭരണകാലത്ത് ബ്ലേഡ് കമ്പനികളുമായി ഉണ്ടാക്കിയ ധാരണമൂലം കുമിളകൾ പോലെയല്ലേ ഇവിടെ ബ്ലേഡ് കമ്പനികൾ കുമിഞ്ഞുകൂടിയത്. വർഷങ്ങളോളം പണിയെടുത്തിട്ട് റിട്ടയർ ചെയ്യുമ്പോൾ ലഭിക്കുന്ന പെൻഷൻപണവും അന്യരാജ്യങ്ങളിൽ പാടുപെട്ടു പണിയെടുത്ത് നേടിയ സമ്പാദ്യവും അമിതപലിശ നൽകാമെന്ന് പരസ്യപ്പെടുത്തി വ്യാമോഹിപ്പിച്ച് എത്ര നിരപരാധികളെയാണ് ബ്ലേഡ് കമ്പനികൾ വഴിയാധാരമാക്കിയത്. ഇത്തരം ബ്ലേഡ് കമ്പനികളെ പ്രോത്സാഹിപ്പിക്കുകയും ദേശസാൽകൃത ബാങ്കിംഗ് വ്യവസ്ഥയെ തകർക്കുകയും ചെയ്യുന്ന ഒരു സാമ്പത്തിക സമീപനമായിരുന്നു കരുണാകരൻ ഗവൺമെന്റിന്റേത്. ഇടതുമുന്നണി സർക്കാരാകട്ടെ പാവപ്പെട്ട നിരവധി നിക്ഷേപകരെ തുലച്ച ബ്ലേഡ് കമ്പനിക്കാരെ കയ്യാമംവെച്ച് ലോക്കപ്പിലിടാൻവരെ തയ്യാറായി. ഇപ്പോൾ സഹകരണ ബാങ്കുകളിലൂടെ വൻതോതിൽ നിക്ഷേപങ്ങൾ സ്വീകരിച്ച് വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതിനുള്ള പദ്ധതികളാണ് ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്. നോമിനേഷൻ വഴി തൽപ്പരകക്ഷികളെ തിരുകിക്കയറ്റി സഹകരണ പ്രസ്ഥാനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന സമ്പ്രദായം അവസാനിപ്പിച്ചിരിക്കുന്നു. പൂർണ്ണമായും ജനാധിപത്യവൽക്കരണം നടത്തുന്നതിനും സഹകാരികൾക്ക് വായ്പാ പദ്ധതികൾ നൽകുന്നതിനും സാധാരണക്കാർക്ക് ആശ്വാസ നടപടികൾ സ്വീകരിക്കുന്നതിനും ശ്രമിച്ചുവരികയാണ്. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും പൊതുവിതരണ ശൃംഖലവഴി വിതരണം ചെയ്യുന്നതിനുള്ള ശ്രമവും ആരംഭിച്ചിരിക്കുന്നു. കൂടാതെ കാർഷികോല്പന്നങ്ങൾ ന്യായമായ വിലയ്ക്കു വാങ്ങി കർഷകരെ സഹായിക്കുന്നതിനുള്ള നീക്കവും ഉടൻ തന്നെ ആരംഭിക്കുന്നതാണ്.

ചോദ്യം: കച്ചവടസ്ഥാപനങ്ങൾക്ക് ചുമത്തിയ ടേൺ ഓവർ ടാക്സ് പിൻവലിച്ചത് സർക്കാരിന്റെ പ്രഖ്യാപിത സാമ്പത്തികനയത്തിൽ നിന്നുള്ള പിന്മാറ്റമല്ലേ?

ഉത്തരം: ടേൺ ഓവർ ടാക്സ് നമ്മുടെ സംസ്ഥാനത്ത് ആദ്യമായി പരീക്ഷിച്ചു നോക്കിയതാണ്. പശ്ചിമ ബംഗാളിൽ ആദ്യം ഇത് നടപ്പിലാക്കുമ്പോൾ 50 ലക്ഷം രൂപയിലധികം വിറ്റുവരവുള്ളവരേയായിരുന്നു ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നത്. പിന്നീട് പരിധി 25 ലക്ഷമായി കുറയ്ക്കുകയാണുണ്ടായത്. ഇവിടെ അത് ആരംഭിച്ചപ്പോൾ പരിധി 25 ലക്ഷം വെച്ച് തുടങ്ങിയതിന്റെ പേരിലാണ് പ്രശ്നമുണ്ടായത്. ഇത് യഥാർത്ഥത്തിൽ ഉപഭോക്താക്കളെയോ ചെറുകിട കച്ചവടക്കാരെയോ ബാധിക്കുന്നതായിരുന്നില്ല. എന്നാൽ കുത്തക കച്ചവടക്കാരുടെയും കോൺഗ്രസ്സുകാരുടെയും കള്ളപ്രചരണത്തിൽ കുടുങ്ങി ഇടത്തരക്കാരും പാവപ്പെട്ട കച്ചവടക്കാരും സമരരംഗത്തിറങ്ങാൻ ഒരുമ്പെട്ടു. വ്യാപാര-വ്യവസായ രംഗത്ത് സ്തംഭനാവസ്ഥ സൃഷ്ടിച്ച് ജനജീവിതത്തിന്റെ സ്വൈര്യം നഷ്ടപ്പെടുത്തുന്നതിനുള്ള ശ്രമമായിരുന്നു അതിന്റെ പിന്നിൽ. അപ്പോൾ ജനങ്ങളുടെ നന്മയ്ക്കുവേണ്ടി നിലകൊള്ളുന്ന സർക്കാർ തെറ്റിദ്ധാരണ ഒഴിവാക്കാൻ വേണ്ടി ഇത്തരം ഒരു അയവു വരുത്തിയെന്നേയുള്ളൂ. മാണിയും തച്ചടിയുമൊക്കെ മനഃപൂർവ്വം കണ്ണടച്ചിരുന്ന പല മേഖലകളിലേക്കും ഇടതുമുന്നണിയുടെ കരങ്ങൾ കടന്നുചെല്ലുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. രാജ്യത്തിന്റെ പുരോഗതിയും ജനങ്ങളുടെ ക്ഷേമവുമാണ് ഇടതുമുന്നണിയുടെ ലക്ഷ്യമെന്നതിനാൽ ഇനിയും ചില കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിച്ചുവെന്നു വരും.

ചോദ്യം: കോൺഗ്രസ്സ് മുന്നണിക്ക് പകരം മാർക്സിസ്റ്റ് മുന്നണിയാണ് കേരളം ഭരിക്കുന്നതെങ്കിലും നാട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതം ക്ലേശപൂർണ്ണമാണ്. അവരെ ദുരിതങ്ങളിൽ നിന്നും മോചിപ്പിക്കണമെങ്കിൽ നിലവിലുള്ള ഉല്പാദനബന്ധങ്ങളിൽ സാരമായ അഴിച്ചുപണി ആവശ്യമാണല്ലോ. അതിനുവേണ്ടിയുള്ള സമരത്തിൽ ഈ മുന്നണി ഭരണത്തിന് എന്തെങ്കിലും സംഭാവന ചെയ്യാൻ കഴിയുമോ?

ഉത്തരം: നിലവിലുള്ള ഉല്പാദനബന്ധങ്ങൾക്ക് സാരമായ അഴിച്ചുപണി വരുത്താൻ ഈ മുന്നണി ഭരണത്തെക്കൊണ്ട് സാധ്യമല്ല. ചുരുക്കം ചില ആശ്വാസ നടപടികൾ മാത്രം. ഇത്തരം ആശ്വാസ നടപടികൾ നടപ്പിലാക്കുന്നതോടൊപ്പം അടിസ്ഥാനപരമായ മാറ്റത്തിനുവേണ്ടി ജനങ്ങളെ സജ്ജരാക്കുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യം. എന്നാൽ ഇന്ന് ജനങ്ങളിൽ വലിയൊരു വിഭാഗം വലിയൊരുതരം പ്രത്യാശ പുലർത്തുന്നുണ്ട്. ഈ ഇടതുമുന്നണി സർക്കാർ തങ്ങളുടെ സർവ്വപ്രശ്നങ്ങളും പരിഹരിച്ചുകളയുമെന്നാണ്. ഇത് അതിരുകടന്ന ശുഭാപ്തിവിശ്വാസം മാത്രമാണ്. സമൂഹത്തിലെ മുഴുവൻ പണിയെടുക്കുന്ന ജനങ്ങൾക്കും ചെയ്യാവുന്ന അടിയന്തര ആശ്വാസ നടപടികളൊക്കെ ചെയ്തുകൊണ്ട് ഈ സർക്കാർ ഇന്ത്യയിലെ ഇതര ബൂർഷ്വാ സർക്കാരുകളെക്കാൾ എത്രമാത്രം പുരോഗമനപരവും വ്യത്യസ്തവുമാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ കഴിയും. മാത്രമല്ല, ഇന്ത്യയിലെ കുത്തക മുതലാളിത്തത്തെയും ഭൂപ്രഭുത്വത്തെയും അവസാനിപ്പിക്കുന്നതിനും അവർക്ക് ആധിപത്യമുള്ള കേന്ദ്ര ഭരണകൂടത്തിനെതിരെ ശക്തമായ സമരങ്ങൾ അഴിച്ചുവിടുന്നതിനും ശ്രമിക്കും. കേന്ദ്രത്തിലെ ചൂഷകഭരണത്തിന് അവസാനമുണ്ടാക്കിയെങ്കിലേ അടിസ്ഥാനമാറ്റത്തിനായുള്ള പ്രയാണം ആരംഭിക്കുന്നതിനുപോലും കഴിയുകയുള്ളൂ. ഇത് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയാണ് സംസ്ഥാനത്ത് ഇന്ന് ലഭിച്ചിരിക്കുന്ന മുൻകൈ ഉപയോഗിച്ച് സി.പി.എം നടത്തുന്ന സമരപരിപാടികളുടെ കാതൽ.

ചോദ്യം: ഒരു ഭരണകക്ഷിയെന്ന നിലയിൽ വിവിധ ജനവിഭാഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് അവർക്കാർക്കും തന്നെ അപ്രീതിയുണ്ടാക്കാതെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ സമരങ്ങൾക്ക് നേതൃത്വം കൊടുക്കാൻ കഴിയുമോ? ചിലപ്പോഴെങ്കിലും വർഗ്ഗവിരുദ്ധമായ അനുരഞ്ജനങ്ങൾ നടത്തേണ്ടി വരികയില്ലേ?

ഉത്തരം: ന്യായമായ ആവശ്യങ്ങൾക്കുവേണ്ടി ആര് സമരംചെയ്താലും അതിന് പിന്തുണ നൽകും, ഏറ്റെടുക്കും. സർക്കാരിനെക്കൊണ്ട് പരിഹരിക്കാവുന്നതാണെങ്കിൽ അത് സാധിച്ചെടുക്കും. എന്നാൽ രാഷ്ട്രീയമായി സർക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെങ്കിൽ സർക്കാർ ആ നിലയിൽ അതിനെ കൈകാര്യം ചെയ്യുമ്പോൾ പാർട്ടി സർക്കാരിന് പിന്തുണ നൽകും.

ചോദ്യം: ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ശമ്പള വർദ്ധനവിനു വേണ്ടിയുള്ള സമരപരിപാടികൾ ആസൂത്രണം ചെയ്തുവരുന്നത് പ്രായേണ ഭേദപ്പെട്ട സേവന വേതനവ്യവസ്ഥകൾ അനുഭവിക്കുന്ന സർക്കാർ ജീവനക്കാരാണ്. ഇവരുടെ സമ്മർദ്ദതന്ത്രങ്ങൾക്ക് വിധേയമായാൽ അതിന്റെ ഭാരം ചുമക്കുന്നത് ഉല്പാദനമേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളല്ലേ?

ഉത്തരം: ഏതു വിഭാഗം ജനങ്ങളായാലും അവരുടെ ആവശ്യങ്ങൾക്കുവേണ്ടി സമരം ചെയ്യുമ്പോൾ അതിനെ അടിച്ചമർത്തുന്നത് ഈ സർക്കാരിന്റെ നയമല്ല. ജീവനക്കാർക്ക് അവരുടെ വർദ്ധിക്കുന്ന ആവശ്യങ്ങൾക്കനുസരിച്ച് വേതനം നൽകുന്നതിൽ പിശുക്ക് കാണിക്കുന്നതിലാണ് വിപ്ലവബോധമിരിക്കുന്നതെന്ന ധാരണയും ഞങ്ങൾക്കില്ല. പൊതുജനങ്ങളുടെ പേരുപറഞ്ഞ് തൊഴിൽസമരങ്ങളെ അടിച്ചമർത്തുന്നതും തൊഴിലാളി സ്നേഹത്തിന്റെ മറവിൽ ജീവനക്കാരുടെ സമരങ്ങളെ നേരിടുന്നതും ബൂർഷ്വാസിയുടെ വിദ്യയാണ്. തൊഴിലാളിവർഗ്ഗത്തെ ഭിന്നിപ്പിച്ച് തൻകാര്യം നേടാനുള്ള അവരുടെ അടവാണിത്. ഒരുകാലത്ത് വ്യവസായത്തൊഴിലാളികൾ പണിമുടക്കുന്നതും കർഷകത്തൊഴിലാളികൾ പ്രകടനം നടത്തുന്നതും ഉദ്യോഗസ്ഥരും അധ്യാപകരും പുച്ഛത്തോടെ നോക്കിനിന്നതായിരുന്നല്ലോ. എന്നാൽ കടുത്ത ജീവിത ദുരിതങ്ങളുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അവരെയും വേട്ടയാടിയപ്പോൾ മറ്റു തൊഴിലാളികളോടൊപ്പം അവരും സമരംചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. ജീവനക്കാരുടെയും തൊഴിലാളികളുടെയും കർഷകരുടെയും സമര ഐക്യത്തിൽ പടുത്തുയർത്തുന്നതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറ. ഈ അടിത്തറയിൽ നിന്നുയരുന്ന ബഹുജന മുന്നേറ്റത്തിനു മാത്രമേ ചൂഷകഭരണകൂടത്തെ കടപുഴക്കിയെറിയുന്നതിനു കഴിയൂ.

ചോദ്യം: അഴിമതിവിരുദ്ധ സമരമെന്നത് പരിഷ്കരണവാദപരമായ ഒരു മുദ്രാവാക്യമല്ലേ? നിലനിൽപ്പ് വ്യവസ്ഥിതിക്കെതിരെയുള്ള ഒരു സമരമാക്കി ഇതിനെ വളർത്തിയെടുക്കുന്നതിനു കഴിയുമോ?

ഉത്തരം: തീർച്ചയായും കഴിയും. അഴിമതിയെന്നത് മുതലാളിത്തത്തിന്റെ അവിശുദ്ധ സന്തതിയാണ്. അത് ഇല്ലായ്മ ചെയ്യുക എന്നു പറഞ്ഞാൽ മുതലാളിത്തത്തിന്റെ അസ്ഥിവാരം ഇളക്കുക, അതിന്റെ വ്യാപനം തടയുക എന്നുകൂടിയാണ്. ഇതിനുവേണ്ടി പൊരുതുന്നവർ ഉന്നതകേന്ദ്രങ്ങളിൽ നടക്കുന്ന അഴിമതിക്കെതിരെ പ്രക്ഷോഭസമരങ്ങൾ നടത്തുമ്പോൾതന്നെ താഴെത്തട്ടുകളിൽ നടമാടുന്ന അഴിമതിയും കൈക്കൂലിയും കണ്ടില്ലെന്നു നടിച്ചുകൂടാ. സമരക്കാരിൽ തന്നെ അഴിമതിക്കാർ ഉണ്ടാവുകയും അത് കണ്ടില്ലെന്നു നടിക്കുകയും ചെയ്താൽ സമരത്തിന്റെ ഉദ്ദേശശുദ്ധിതന്നെ നഷ്ടപ്പെടും. സ്വാതന്ത്ര്യസമരകാലത്ത് ചില കോൺഗ്രസ്സുകാർ വിദേശവസ്തു ബഹിഷ്കരണവും മദ്യവിരുദ്ധപ്രക്ഷോഭവും നടത്തിയപോലെ അർത്ഥശൂന്യമാകരുത്. അവരിൽചിലർ രഹസ്യമായി മദ്യപിക്കുകയും വീടുകളിൽ വിദേശവസ്തുക്കൾ ഉപയോഗിക്കുകയും ചെയ്തുകൊണ്ട് കപടമുഖം ധരിച്ചവരായിരുന്നല്ലോ. (പോലീസുകാരനും ഗുമസ്തനും ഡോക്ടറും ചുമട്ടുതൊഴിലാളികളും എൻജിനീയറും മന്ത്രിയും ആരായാലും ശരി, കൈക്കൂലി വാങ്ങുന്നുണ്ടെങ്കിൽ അതെല്ലാം ഒരുപോലെ തെറ്റുതന്നെയാണ്. ജീവിതസാഹചര്യങ്ങൾ തങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നുവെങ്കിൽ ന്യായമായ മാർഗ്ഗങ്ങളിലൂടെ സമരംചെയ്ത് തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കേണ്ടതാണ്. അതല്ലാതെ, തങ്ങളുടെ സഹോദരന്മാരിൽനിന്നും കൈക്കൂലി വാങ്ങുകയെന്ന ഹീനകൃത്യം ചെയ്യുന്നവൻ തൊഴിലാളിയായാലും ശരി, അത് അവന്റെ വർഗ്ഗബോധത്തിന്റെയും ധാർമ്മികതയുടെയും നിലവാരത്തകർച്ചയെയാണ് കാണിക്കുന്നത്. ട്രാൻസ്പോർട്ട് ബസ്സിലെ യാത്രക്കാരിൽ, അതിലെ ജീവനക്കാരന് ആഹാരം ഉണ്ടാക്കുന്ന കർഷകനും അവനെ ചികിത്സിക്കുന്ന ഡോക്ടറും ശുശ്രൂഷിക്കുന്ന നഴ്സും പുതിയ തലമുറയിലെ വിദ്യാർത്ഥികളുമുണ്ടാകും. ഇവർക്ക് സേവനം ചെയ്യുകയെന്നതാണ് തന്റെ ചുമതലയെന്ന് ഓരോ ജീവനക്കാരനും ബോദ്ധ്യമുണ്ടാകണം. മറിച്ചും ഇതുതന്നെയാണ് വേണ്ടത്. വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ തമ്മിലുള്ള സാമൂഹ്യബന്ധവും വർഗ്ഗബന്ധവും സുദൃഢമാക്കുന്നതിലൂടെ ഏത് ഉന്നതശ്രേണിയിലുമുള്ള അഴിമതിയെയും തകർക്കാവുന്നതേയുള്ളൂ. ഈ വർഗ്ഗബന്ധത്തിന്റെ അടിസ്ഥാനത്തിലാവണം അഴിമതിയിൽ കുളിച്ചുനിൽക്കുന്ന കേന്ദ്ര ഭരണകൂടത്തിനെതിരെ അന്തിമസമരത്തിനുള്ള പോരാട്ടം ആരംഭിക്കേണ്ടത്.

ചോദ്യം: പത്തുലക്ഷംപേർക്ക് തൊഴിൽ നൽകുന്നതാണെന്ന് തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ പറഞ്ഞിരുന്നതാണല്ലോ?

ഉത്തരം: അതെ. തിരഞ്ഞെടുപ്പുകാലത്ത് പറഞ്ഞതെല്ലാം പരമാവധി നിറവേറ്റുകതന്നെ ചെയ്യും. ഫുഡ് ഫോർ വർക്ക് സ്കീമനുസരിച്ചും പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവികരണത്തിലൂടെയും ഉടൻതന്നെ 2 ലക്ഷംപേർക്ക് തൊഴിൽ നൽകുന്നതാണ്. ഭവനരഹിതർക്ക് 5 വർഷംകൊണ്ട് 5 ലക്ഷം വീട് നിർമ്മിക്കുന്നതായിരിക്കും. ഇന്ത്യയിലെ വിഗദ്ധന്മാരായ ധനശാസ്ത്രജ്ഞന്മാരെ ഉൾപ്പെടുത്തിയിട്ടുള്ള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് അതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു വരികയാണ്. പി.എസ്.സിയുടെ കുറേക്കൂടി ശാസ്ത്രീയമായ അഴിച്ചുപണിയും മുൻമന്ത്രിസഭയുടെകാലത്ത് പി.എസ്.സിയെ മറികടന്നുകൊണ്ട് നടന്നിരുന്ന നിയമനങ്ങളുടെ കീഴ്വഴക്കം ഇതിനകം ഇല്ലാതായിരിക്കുന്നു. കാലതാമസം ഒഴിവാക്കുന്നതിനും ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റ് എല്ലായ്പ്പോഴും തുടർച്ചയായി സൂക്ഷിക്കുന്നതിനുമുള്ള സംവിധാനങ്ങളുണ്ടാക്കുന്നതാണ്.

ചോദ്യം: നവോദയാ വിദ്യാലയങ്ങൾ ഇടതുമുന്നണിയുടെ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമല്ലല്ലോ. മാത്രമല്ല സി.പി.എം ഇതിനെ എതിർത്തിരുന്നതുമാണ്. പിന്നെ എന്തുകൊണ്ട് അതിവിടെ നടപ്പിലാക്കുന്നതിൽ സർക്കാർ തിടുക്കം കാണിക്കുന്നു?

ഉത്തരം: കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണ് നവോദയ സ്കൂളുകൾ. വരേണ്യവർഗ്ഗത്തിന് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനായി ആവിഷ്കരിക്കപ്പെട്ടിട്ടുള്ള ഒരു പദ്ധതിയാണിത്. രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുകയാണിതിന്റെ ഉദ്ദേശ്യം. ഇതിനോട് പൂർണ്ണമായും നിഷേധത്മകമായ സമീപനം സ്വീകരിച്ചാൽ കേന്ദ്രഗവൺമെന്റ് ഇതിന് ചെലവുചെയ്യുന്ന പണത്തിന്റെ ന്യായമായ വിഹിതം കേരളത്തിന് നിഷേധിക്കുകയായിരിക്കും. അതുകൊണ്ടുതന്നെ ആകാവുന്നത്ര പുരോഗമനപരമായും പാവപ്പെട്ട കുട്ടികൾക്ക് കൂടുതൽ പ്രയോജനകരമായവിധത്തിലും ഇത് നടപ്പിലാക്കാൻ തുനിയുകയാണ് ഇവിടെ.

ചോദ്യം: കമ്മ്യൂണിസ്റ്റുകാർ കേരളത്തിൽ അധികാരത്തിൽ വന്നിട്ടുള്ളപ്പോഴൊക്കെ അടിസ്ഥാനപരമായ സാമൂഹ്യമാറ്റത്തിനു തക്കവണ്ണം നിയമനിർമ്മാണ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നായനാർ സർക്കാരിൽനിന്നും ഭൂപരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കരണം, ഭരണപരിഷ്കാരം എന്നിവപോലെയുള്ള പുതിയ എന്തെങ്കിലും നിയമനിർമ്മാണങ്ങൾ പ്രതീക്ഷിക്കാമോ?

ഉത്തരം: തീർച്ചയായും. മുൻ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റുകളെപ്പോലെ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന ഒട്ടേറെ പ്രധാന നടപടികൾ ഈ ഗവൺമെന്റ് കൈക്കൊള്ളുന്നതാണ്. അതിന്റെ തുടക്കം കുറിച്ചുകഴിഞ്ഞു. സമൂഹത്തിൽ ഒരു ക്യാൻസർപോലെ വ്യാപിച്ചുകൊണ്ടിരുന്ന അഴിമതി നിയന്ത്രിക്കുന്നതിനായി കൊടിയ അഴിമതിക്കാരെ രക്ഷിക്കാൻ ഒട്ടേറെ പഴുതുകൾ ഇട്ടിരുന്ന അഴിമതി വിരുദ്ധ നിയമത്തിന് ഫലപ്രദമായ വകുപ്പുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ആ നിയമത്തിന്റെ പേരിനെ അന്വർത്ഥമാക്കാൻ എടുത്ത ധീരമായ നടപടി എടുത്തു പറയത്തക്കതാണ്. ഇതേപോലെതന്നെ ജീവിതത്തിന്റെ വിവിധ രംഗങ്ങളിൽ ദുരിതത്തിലും ക്ലേശത്തിലും കഴിയുന്ന ദുഃഖിതർക്ക് ആശ്വാസം പകരാൻ ആവശ്യമായ നിയമനിർമ്മാണങ്ങളും ഒന്നിനുപിറകെ ഒന്നായി പ്രതീക്ഷിക്കാം. തിരിമറി നടത്തപ്പെട്ട മിച്ചഭൂമി ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ അത് കണ്ടുപിടിച്ച് അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യുന്നതാണ്. വിദ്യാഭ്യാസ ഭരണ രംഗങ്ങൾ പുരോഗമനപരമായി ഉടച്ചുവാർക്കുന്നതുമായിരിക്കും.

ചോദ്യം: 1987 കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വർഷമാണല്ലോ. ഒക്ടോബർ വിപ്ലവത്തിന്റെ എഴുപതാം വാർഷികമാണ്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം ആരംഭിച്ചിട്ട് അൻപതുവർഷം തികയുകയാണ്. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലാണെങ്കിൽ വിവിധ കമ്മ്യൂണിസ്റ്റ് പാർട്ടികൾ സ്വയം വിമർശനപരമായി യോജിപ്പിനുള്ള പുതിയ ശ്രമങ്ങളും ആരംഭിച്ചിരിക്കുന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സ്വയം വിമർശനപരമായ യോജിപ്പ് ശ്രമങ്ങൾ എവിടംവരെ എത്തിയിരിക്കുന്നു?

ഉത്തരം: സമരങ്ങളിലും ഭരണരംഗത്തും ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും നേരിടുന്നതിനുള്ള പൊതുശത്രു ഒന്നാണ്. അത് കേന്ദ്രത്തിലെ കോൺഗ്രസ് ഭരണകൂടമാണ്, രാജ്യത്തിന്റെ ഐക്യത്തിനെതിരെ ഭീഷണി ഉയർത്തുന്ന വർഗ്ഗീയ വിഭാഗീയ ശക്തികളാണ്. അവരെ ഞങ്ങൾ വർഷങ്ങളായി എതിർത്തുകൊണ്ടിരിക്കുകയുമാണ്. ഇപ്പോൾ സി.പി.ഐയും ആ നിലപാടിൽത്തന്നെ ഉറച്ചുനിൽക്കുന്നു. യോജിപ്പ് ശക്തമായും തുടരുമെന്നുതന്നെയാണ് ഞങ്ങളുടെ വിശ്വാസം. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളെ വ്യത്യസ്ത ചേരികളിൽ നിലയുറപ്പിക്കാൻ ഇടയാക്കിയത് ഭരണവർഗ്ഗത്തെ വിലയിരുത്തുന്നതിലെ വ്യത്യസ്ത സമീപനങ്ങളായിരുന്നു. അതോടൊപ്പം ലോക കമ്മ്യൂണിസ്റ്റു് പ്രസ്ഥാനത്തിൽ അറുപതുകളുടെ ആരംഭത്തിൽ ആഞ്ഞടിച്ച ക്രൂഷ്ചേവിസത്തിന്റെ കാറ്റും പിളർപ്പിനെ വളർത്താൻ കാരണമാണ്. ഇടതുപക്ഷ പാളിച്ചയുടെ കാഴ്ചപ്പാടുകൾ, ഇവകൾ രണ്ടും സൃഷ്ടിച്ച തിരിച്ചടിമൂലം ലഭിച്ച കടുത്ത അനുഭവങ്ങൾ സനിഷ്കർഷമായ പഠനത്തിനും പുനഃപരിശോധനയ്ക്കും വിധേയമായി. അങ്ങനെ ഇപ്പോൾ ലോക കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിലും ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടിയിലും ഐക്യത്തിന്റെ മേഖലകൾ വിപുലീകരിക്കപ്പെട്ടിരിക്കുകയാണ്.

ചോദ്യം**:** അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികൾക്ക് പ്രാതിനിധ്യമുള്ളതോ, പിന്തുണയുള്ളതോ ആയ ഒരു ഭരണം കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതിനുള്ള സാധ്യത എത്രമാത്രമുണ്ട്?

ഉത്തരം: സി.പി.ഐ.എം അടക്കമുള്ള ഇടതുപക്ഷ പ്രസ്ഥാനത്തിന് ശക്തമായ സ്വാധീനമുള്ള ഒരു സർക്കാർ അടുത്ത തിരഞ്ഞെടുപ്പിലൂടെ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്നുതന്നെയാണ് ഞങ്ങളുടെ വിലയിരുത്തൽ. ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഐക്യവും അസംതൃപ്തരായ ബഹുജനങ്ങൾ നിരന്തരം കോൺഗ്രസ്സിൽ നിന്നും വിട്ടു കൊണ്ടിരിക്കുന്നതും അഴിമതിവാഴ്ചയും വർഗ്ഗീയപ്രീണന നയത്തിനുമെതിരായി കോൺഗ്രസ്സിനുള്ളിൽത്തന്നെ നെടുകെ പ്രത്യക്ഷമായിരിക്കുന്ന പിളർപ്പും ശക്തമായ എതിർപ്പുകളും പുരോഗമനശക്തികൾക്ക് അനുകൂലമായ സാഹചര്യമൊരുക്കിയിരിക്കുകയാണ്. ‘87-ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷമുള്ള സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലുമുള്ള ജനവിധികളും ബൂർഷ്വാപത്രങ്ങളിൽപ്പോലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന കൊടിയ അഴിമതികളും ജനവിരുദ്ധ നടപടികളുടെ ആവർത്തിച്ചുള്ള വിവരങ്ങളും ഈ നാട്ടിലെ ജനങ്ങൾ സജീവമായി ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ അവകാശ സമരങ്ങൾ സി.പി.ഐ.എം ഉൾപ്പെടുന്ന ഇടതുപക്ഷ കക്ഷികൾ നൽകുന്ന നേതൃത്വത്തിൽ ആവേശമുൾക്കൊണ്ട് കോടിക്കണക്കിനു ജനങ്ങളാണ് അനുദിനം മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നത്.

ചോദ്യം: നായനാർ സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ എ.കെ.ജി സെന്ററിന്റെ ഇരുമ്പുമറയ്ക്കുള്ളിലാണ് തീരുമാനിക്കപ്പെടുന്നതെന്ന ആരോപണത്തെക്കുറിച്ച് എന്തു പറയുന്നു?

ഉത്തരം: എ.കെ.ജി സെന്ററിലാണ് സി.പി.എമ്മിന്റെ സ്റ്റേറ്റ് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നത്. സി.പി.എമ്മും മറ്റ് ഇടതുപക്ഷ ജനാധിപത്യ കക്ഷികളും ചേർന്നുണ്ടായിട്ടുള്ള ഐക്യമുന്നണിയെയാണ് കേരളത്തിലെ പ്രബുദ്ധ ജനത ഭരണഭാരം ഏൽപ്പിച്ചിരിക്കുന്നതെന്നറിയാമല്ലോ. അതനുസരിച്ച് ആ കക്ഷികൾ ചുമതല ഏൽപ്പിച്ചിട്ടുള്ള മന്ത്രിമാർ ഇടതുപക്ഷ ഐക്യമുന്നണി മാനിഫെസ്റ്റോയിൽ ജനങ്ങൾക്ക് നല്കിയിട്ടുള്ള വാഗ്ദാനങ്ങൾ ഓരോന്നും നടപ്പിലാക്കുമ്പോൾ ഇതുസംബന്ധിച്ച് കൂടുതൽ ആശയവ്യക്തതയോടെ പ്രവർത്തിക്കുന്നതിന് അവരവരുടെ കക്ഷികളുടെ ഓഫീസുകളിൽപ്പോയി സഹപ്രവർത്തകരും നേതാക്കളുമായി ആവശ്യമായ ചർച്ചകൾ നടത്താറുണ്ട്. ഓരോ കക്ഷികളും അവരവരുടെ നേതാക്കളുമായും പ്രവർത്തകരുമായും മാത്രമല്ല, ഇതര ഘടകകക്ഷികളുടെ നേതാക്കന്മാരും പ്രവർത്തകരുമായും ആവശ്യമായ ചർച്ചകൾ നടത്താറുണ്ട്. അതിനെല്ലാം, എ.കെ.ജി സെന്ററും മറ്റ് ഘടകകക്ഷികളുടെ ഓഫീസുകളും ഉപയോഗിക്കാറുണ്ട്. അതെല്ലാം എന്തെങ്കിലും നൂതനവികാസങ്ങളായി ഞങ്ങൾ കാണുന്നില്ലായെന്നു മാത്രമല്ല, ഞങ്ങളുടെ പ്രാഥമിക ചുമതലയുമാണെന്നാണ് ഞങ്ങൾ കരുതുന്നത്. ഇതെല്ലാം കണ്ട് നിരാശപ്പെടുന്നവരുടെ അഭിപ്രായപ്രകടനങ്ങളാണ് ജനങ്ങളിൽ കൗതുകമുണർത്തിക്കൊണ്ടിരിക്കുന്നത്.

ചോദ്യം: സോവിയറ്റ് യൂണിയൻ സന്ദർശനാനുഭവങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഉത്തരം: വളരെയധികം ആവേശകരമായിരുന്നു. വളരെയധികം കാര്യങ്ങൾ ഇരു പാർട്ടികളും തമ്മിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതൊക്കെ പിന്നീടൊരിക്കൽ വിവരിക്കാം. തല്ക്കാലം ചില അത്യാവശ്യപരിപാടികളിൽ പങ്കെടുക്കാനുണ്ട്. പിന്നീട് വിശദമായി സംസാരിക്കാം.

അപ്പോഴേക്കും ഓഫീസ് സെക്രട്ടറി രാജേന്ദ്രൻ കടന്നുവന്ന് ചില സഖാക്കൾ കാണാൻ വന്നിരിക്കുന്നതായി പറഞ്ഞു. വി.എസ്. തൊഴുതുകൊണ്ട് കൂടിക്കാഴ്ച അവസാനിപ്പിച്ചു.

പുന്നപ്ര-വയലാർ സമരത്തിലൂടെയാണ് വി.എസ്. അച്യുതാനന്ദൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മധ്യനിര നേതൃത്വത്തിലേക്ക് ഉയർത്തപ്പെടുന്നത്. അന്ന് പാലാ സബ് ജയിലിൽ വച്ചുണ്ടായ പോലീസ് മർദ്ദനത്തിൽ മരിച്ചുവെന്നു കരുതി ചുടുകാട്ടിൽ ഉപേക്ഷിക്കാമെന്ന് പോലീസുകാർ തീരുമാനിച്ചിരുന്നതാണ്. പക്ഷേ, ജീവനുണ്ടെന്നു കണ്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയാണുണ്ടായത്.

സ്റ്റേറ്റ് കോൺഗ്രസ്സിലൂടെ രാഷ്ട്രീയ പ്രവർത്തനത്തിൽ കടന്നുവരുന്നതിനു മുമ്പുതന്നെ അച്യുതാനന്ദൻ ശ്രീനാരായണ പ്രസ്ഥാനത്തിലൂടെ സാമൂഹ്യപ്രവർത്തനരംഗത്ത് പ്രവർത്തിച്ചിരുന്നു. പുന്നപ്രയിലുള്ള ഒരു തൊഴിലാളി കുടുംബത്തിലാണ് ജനനം. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഒരു കയർ ഫാക്ടറിയിൽ തൊഴിലാളിയായി ജോലിചെയ്യുമ്പോൾ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും അവകാശസമരങ്ങൾ നയിക്കുന്നതിനും മുന്നിട്ടിറങ്ങി. പിന്നെ കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ നിരവധി സമരങ്ങളിലൂടെ പാർട്ടിയുടെ അനിഷേധ്യ നേതാവായി ഉയർന്നു. 1980 മുതൽ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകത്തിന്റെ സെക്രട്ടറിയാണ്. 1985 മുതൽ പോളിറ്റ് ബ്യൂറോ അംഗവും. മക്കൾ അരുണും ആശയും എസ്.എഫ്.ഐ പ്രവർത്തകരാണ്. ഭാര്യ, വസുമതി നഴ്സാണ്, നഴ്സസ് അസോസിയേഷന്റെ സംസ്ഥാന നേതാവാണ് വി.എസ്. അച്യുതാനന്ദൻ 64 വയസ്സായി.

1987 ഡിസംബർ 20 ലക്കം കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചത്.
©Kalakaumudi/1987