
മാറ്റം എപ്പോഴും ഭൂകമ്പം പോലെയാണ്. നടുക്കവും സംഭ്രമവും അതിനോടൊപ്പം ഉണ്ടാകുന്നു. സാഹിത്യകലയിലുള്ള മാറ്റം ഭൂകമ്പംപോലെ അത്രമേൽ ആപൽക്കരമാണെന്ന് പറയാൻ കഴിയുകയില്ല. എങ്കിലും ചിലരെങ്കിലും അത് വിപത്താണെന്നു വിശ്വസിക്കുന്നു. ഈ വിശ്വാസം ഉണ്ടാക്കിയ ഭീതി കൊണ്ടാണ് മാറ്റത്തെ എതിർത്തുകൊണ്ടു കലയുടെ ആത്മീയരക്ഷാക്കർത്താക്കളായി ഇവർ രംഗത്തുവന്നത്. ഇത് യാഥാസ്ഥിതികരുടെ കഥയാണ്. അവർ മാറ്റത്തെയും അസ്വസ്ഥതയേയും എപ്പോഴും ഭയപ്പെടുന്നു. രാഷ്ട്രീയകക്ഷികൾ ഇരുകൈകളും പൊക്കി അനുഗ്രഹിച്ചു രംഗത്തിറക്കിയ മറ്റൊരു കൂട്ടരുണ്ട്. എഴുത്തുകാർ എന്ന കള്ളപ്പേരിൽ നടക്കുന്ന ഈ സംഘടനാമനുഷ്യർ മാറ്റത്തെ വാശിയോടെ എതിർക്കുന്നത് മറ്റുചില കാരണങ്ങൾ കൊണ്ടാണ്. ഇവരിൽ സിംഹങ്ങളും കുറുക്കന്മാരുമുണ്ട്. രാഷ്ട്രീയ ഭരണത്തിൽ വിശ്വാസങ്ങളെ നിയന്ത്രിക്കുന്നവരെ കുറിച്ച് പറയുമ്പോൾ പ്ലേറ്റോ ഈ വർഗ്ഗങ്ങളുടെ സ്വഭാവം എടുത്തു കാണിക്കുന്നുണ്ട്. ഒരു കൂട്ടർ ബലംപ്രയോഗിച്ചും പ്രലോഭിപ്പിച്ചും വിശ്വാസങ്ങളെ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നവരാണ്. ഇവർ സിംഹങ്ങളാണ്. രണ്ടാമത്തെ കൂട്ടർ സ്വന്തം താല്പര്യത്തിന് വേണ്ടി കൗശലത്തോടെ സിദ്ധാന്തങ്ങളെ കൊണ്ടുനടക്കുന്നവരാണ്. ഇവരാണ് കുറുക്കന്മാർ. സാഹിത്യകലയിലെ മാറ്റത്തെ ബഹുജനത്തിനുവേണ്ടി എന്ന മട്ടിൽ എതിർക്കുന്ന ചിലർ ഈ കുറുക്കന്മാരെയാണ് അനുസ്മരിപ്പിക്കുന്നത്. രാഷ്ട്രീയകക്ഷികൾ ഇട്ടുകൊടുക്കുന്ന അപ്പക്കഷണങ്ങൾക്ക് വേണ്ടി ഉയരത്തിൽ ചാടുന്ന “അനുസരണയുള്ള ഈ ബുദ്ധിജീവികൾ”ക്ക് കലയോട് കൂറുകാണിക്കാൻ സമയം കിട്ടാറില്ല. അവരുടെ മാനസികമായ അടിമത്വം അവരുടെ രചനയിലുണ്ട്. അവരുടെ വാക്കുകളിൽ അടിമച്ചങ്ങലയുടെ ശബ്ദം കേൾക്കാം.
താൻ സമൂഹത്തിന് വേണ്ടി എഴുതുന്നുവെന്ന് സമീപഭൂതകാലത്തിലെ എഴുത്തുകാരൻ പ്രഖ്യാപിച്ചു. മാറ്റത്തിന്റെ കാലഘട്ടത്തിൽ എഴുത്തുകാരൻ അതിനെ ധിക്കരിച്ചു. അയാൾ സമൂഹത്തിനു വേണ്ടി നിന്നില്ല. സമൂഹത്തിനുവേണ്ടി എഴുതാനും അയാൾ തയ്യാറായില്ല. മനുഷ്യവർഗ്ഗത്തെ കൂടുതൽ മനസ്സിലാക്കാൻ വേണ്ടി അയാൾ അയാളെത്തിന്ന് അപഗ്രഥിച്ചു. ഒരുവൻ ദാർശനികവും സൗന്ദര്യപരവുമായ പുതിയ കണ്ടുപിടുത്തങ്ങൾക്കായി സ്വന്തം ഹൃദയത്തെ നിരീക്ഷണത്തിന് വിധേയമാക്കുന്നില്ലെങ്കിൽ, വസ്തുനിഷ്ഠമായ പഠനത്തിനു വഴങ്ങാതെ നിൽക്കുന്ന ഹൃദയത്തിന്റെ ഗഹന രഹസ്യങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ലെങ്കിൽ, മനുഷ്യവർഗ്ഗത്തെ മനസ്സിലാക്കുന്ന കാര്യത്തിൽ അയാൾ പരാജയപ്പെടുക തന്നെ ചെയ്യും എന്ന് വർഷങ്ങൾക്കു മുമ്പ് പാസ്റ്റർ എഴുതിയത് പുതിയ എഴുത്തുകാരന്റെ ചോരയിൽ സന്ദേശമായും സൗന്ദര്യപരമായ വീര്യമായും കലർന്നിരിക്കണം. ഇത് സങ്കീർണമായ ഒരു മാർഗ്ഗമാണ്. ഈ മാർഗം സ്വീകരിക്കുമ്പോൾ മനുഷ്യജീവിതം പ്രശ്നനിഷ്ഠമാണെന്ന് അയാൾ മനസ്സിലാക്കുന്നു. അത് ദുർഞ്ജേയമാണെന്ന സത്യം അയാളെ ചിന്താപരമായും വൈകാരികമായും വേട്ടയാടുന്നു. അതോടെ ജീവിതം ഗൂഢാർത്ഥവാക്യം പോലെ എഴുത്തുകാരനെ വിഷമസന്ധിയിലാക്കുന്നു.
ഈ അസ്വാസ്ഥ്യം കലാകാരനിലായതുകൊണ്ട് ദർശനത്തിലും ഭാവപ്രകാശന തന്ത്രത്തിലും സ്വാഭാവികമായും മാറ്റം വന്നു. ഇത് ജനങ്ങളിൽ നിന്ന് തങ്ങളെ അകറ്റിക്കളയും എന്ന് ഭയപ്പെട്ട് മാറ്റത്തിന്റെ കാലഘട്ടത്തിലെ എഴുത്തുകാർ അഭിവീക്ഷണത്തിന്റേയും സ്വയം സൃഷ്ടിച്ച ലാവണ്യനിയമത്തിന്റേയും കാര്യത്തിൽ ഒരു കീഴടങ്ങലിനു തയ്യാറായില്ല. വായനക്കാരോടുള്ള എഴുത്തുകാരന്റെ ഉത്തരവാദിത്വം എന്ന സങ്കല്പത്തെ പരിഹാസത്തോടെ നോക്കി അവർ പരിത്യജിച്ചു. രചനയുടെ വേളയിൽ വായനക്കാരെ വിസ്മരിക്കുക വഴി സൃഷ്ടിയുടെ അപൂർവ്വതക്ക് വേണ്ടി ഒഴിച്ചുകൂടാനാവാത്ത ഉത്തരവാദിത്വമില്ലായ്മ പ്രകടിപ്പിച്ചുകൊണ്ട് അവർ കലയുടെ ആത്യന്തികമായ പരിത്രാണം എന്തെന്ന് അന്വേഷിച്ചു. ഇക്കാര്യത്തിൽ സൗന്ദര്യ സൃഷ്ടാക്കളായ ഇവർ കിരാതന്റെ വിട്ടുവീഴ്ച ഇല്ലായ്മ പ്രകടിപ്പിച്ചു. തങ്ങളുടേത് മോചനത്തെ ആഗ്രഹിക്കുന്ന പ്രതിഭയാണെന്ന് അവർ തെളിയിച്ചു. ഈ പുതിയ നിലപാടും സംവേദന ശക്തിയുമാണ് അറുപതുകളുടെ അവസാനത്തോടെ മലയാള ഗദ്യ സാഹിത്യത്തെ ബാധിച്ച നിശ്ചലതയെ നീക്കം ചെയ്തത്.
ഈ മാറ്റത്തെ വായനക്കാർ എങ്ങനെ നേരിട്ടു എന്നതാണ് സമീപഭൂതകാല സാഹിത്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം. എഴുത്തുകാർ ഐറണി സൃഷ്ടിക്കുന്ന മാന്ത്രികരായി മാറി, സൃഷ്ടി അർത്ഥങ്ങളുടെ പലതരങ്ങളെ ബന്ധിപ്പിക്കുന്ന മാന്ത്രികവിദ്യയായി മാറി, രചന ആന്തരിക സംവേദനീയതയുടെ ബാഹ്യരൂപമായി മാറി, ഫലത്തിൽ റിയലിസത്തിന്റെ അവസ്ഥ വിട്ടു കല പൂർണ്ണമായും ഒരു ഗഹന രഹസ്യമായി തീർന്നു, ഈ മാറ്റത്തെ നമ്മുടെ വായനക്കാർ ആദ്യത്തെ ഞെട്ടലിനു ശേഷം സാവധാനം നേരിടാൻ തുടങ്ങി. അതുവരെ പരിചയപ്പെട്ട കൃതികളിൽ നിന്നും വ്യത്യസ്തമായ കലാസൃഷ്ടികളാണ് അവരുടെ കൈകളിൽ കിട്ടിയത്. ഭാഷയിലെയും അഭിവീക്ഷണത്തിലേയും മാറ്റം മനസ്സിലാക്കി സ്വയം സൗന്ദര്യ ശിക്ഷണം നേടി പുതിയ സൃഷ്ടികളുമായി ഇണങ്ങിപ്പോകുന്ന ഒരു മാനസികാവസ്ഥ അവർ ഉണ്ടാക്കിയെടുത്തു. നല്ല കാവ്യങ്ങൾ ഒന്നും തന്നെ 20 കൊല്ലത്തിനിപ്പുറമുള്ള രീതിയിൽ രചിക്കപ്പെടുന്നില്ല എന്ന എസ്രാപൗണ്ടിന്റെ അഭിപ്രായത്തെ അനുസ്മരിപ്പിക്കും വിധം പഴയ രീതിയിൽ ഇപ്പോൾ രചിക്കുന്ന കൃതികളെ അവർ സംശയത്തോടെ നോക്കാൻ തുടങ്ങി. ഇപ്പോൾ, മാറ്റത്തിന്റെ പ്രവാചകരായി രംഗത്തുവന്ന പുതിയ എഴുത്തുകാരുടെ രചനയിലെ വൈവിധ്യം ഇല്ലായ്മയേയും നിശ്ചലതയേയും കുറിച്ച് അവർ പരാതിപ്പെട്ടു തുടങ്ങിയിരിക്കുന്നു. ആസ്വാദനരീതിയുടെ രംഗത്ത് നമ്മുടെ വായനക്കാരുടെ അഭിരുചി പ്രകടിപ്പിച്ച ഈ കുതിപ്പാണ് നമ്മുടെ കാലഘട്ടത്തിലെ സാംസ്കാരിക രംഗത്ത് വന്ന ശ്രദ്ധേയമായ വിപ്ലവം.
ഈ വിപ്ലവത്തിന് പ്രചോദനം നൽകിയത് രചനയിൽ വിപ്ലവം സൃഷ്ടിച്ച പുതിയ എഴുത്തുകാർ തന്നെയാണ്. എന്നാൽ വിപ്ലവത്തിനുശേഷം വിപ്ലവകാരികൾ നിശ്ചലതയെ സ്നേഹിക്കാൻ തുടങ്ങുന്നത് പോലെ പുതിയ എഴുത്തുകാരും നിശ്ചലതയെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നുവെന്ന് അവരുടെ ചില സൃഷ്ടികൾ ഏറ്റുപറയുന്നുണ്ട്. ആധുനികതയെ ഒരു ലഹരിയായി കാണാനും എഴുത്തുകാരന്റെ അവസാനിക്കാത്ത കലാപം എന്ന നിലയിൽ അതിനെ കൊണ്ടുപോകാനും അവർക്ക് കഴിയാതെ വന്നിരിക്കുന്നു. പല കാരണങ്ങൾ കൊണ്ടും ആധുനികതയെ ഒരു സാഹസികത എന്ന നിലയിൽ കൊണ്ടുപോകാൻ സാധ്യമാകാതെ വരാം. എഴുത്തുകാരന്റെ ശ്രദ്ധ മറ്റു വഴികളിൽ തിരിയുമ്പോൾ ഇത് സംഭവിക്കുന്നു. ഈ നൂറ്റാണ്ടിന്റെ സാഹിത്യ ചരിത്രം തന്നെ മെച്ചപ്പെട്ട ഒരു ഉദാഹരണം നൽകുന്നുണ്ട്. പ്രധാന എഴുത്തുകാർ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ സംഭവമാണ് ഞാൻ സൂചിപ്പിക്കുന്നത്. യേറ്റ്സ് (ഡബ്ല്യു.ബി. യേറ്റ്സ് W.B. Yeats), എസ്രാപൌണ്ട് (Ezra Pound) എന്നിവർ വലതുപക്ഷത്തും മാൽറോ (ആന്ദ്രെ മാൽറോ André Malraux), ബ്രഷ്ത് (ബെർട്ടോൾട്ട് ബ്രെഹ്ത് Bertolt Brecht), ജീദ് (ആന്ദ്രെ ജീദ് André Gide) എന്നിവർ ഇടതുപക്ഷത്തും നിന്നും പുതിയ സാഹസത്തിന് ഒരുങ്ങുകയുണ്ടായി. എന്നാൽ കലയിൽ തന്നെ ഉറച്ചുനിൽക്കുകയും ചേതനയുടെ അവസ്ഥയെ ഏക്കാലവും തന്റെ സൃഷ്ടിയുടെ പ്രശ്നമാക്കുകയും ചെയ്ത ജോയിസ് (ജെയിംസ് ജോയിസ് James Joyce) തന്റെ സൗന്ദര്യപരമായ സാഹസികതയുമായി മുന്നോട്ടുപോയി; അതുകൊണ്ട്, പൂർണമായും ആസ്വദിക്കുന്നതിന് ഒരുവന്റെ മുഴുവൻ ജീവിതകാലത്തെയും സമർപ്പിക്കേണ്ടിവരുന്ന കലാസൃഷ്ടികൾക്ക് ജന്മം നൽകാൻ അദ്ദേഹത്തിന് കഴിയുകയും ചെയ്തു. ജോയിസിന്റെ ശിഷ്യൻ ആയതുകൊണ്ട് തന്നെയാവണം ശ്രദ്ധ തെറ്റാതെ കലയോട് പൂർണമായും കൂറുപുലർത്തിക്കൊണ്ട് ശുദ്ധ കലാകാരനായി നിൽക്കാൻ ഇപ്പോഴും ബെക്കറ്റിന് (സാമുവൽ ബെക്കറ്റ് Samuel Beckett) കഴിയുന്നത് ഇത് ആധുനിക സാഹിത്യത്തിന്റെ ചരിത്രത്തിലെ പ്രധാന പാഠമാണ്.
എന്നാൽ ഇത് പ്രശ്നത്തിന്റെ ഒരു വശം മാത്രമാണ്. കലാബാഹ്യമായ കര്യങ്ങൾ സൗന്ദര്യപരമായ സാഹസികതയെ എങ്ങനെ ഇല്ലാതാക്കുന്നു എന്നതിന് ഉദാഹരണമാണിത്. എന്നാൽ സാഹിത്യകലയിലെ ഏറ്റവും ദയനീയമായ നിശ്ചലത എഴുതിക്കൊണ്ടിരിക്കുന്നവർ സൃഷ്ടിക്കുന്ന നിശ്ചലതയാണ്. പുതുമയില്ലായ്മ ആപൽക്കരമായ നിശ്ചലത തന്നെയാണ്. “എന്റെ കഥ”യുടെ വിജയത്തിന് ശേഷം മാധവിക്കുട്ടി അതേ മട്ടിൽ രചിച്ച “എന്റെ ലോകം” ഈ നിശ്ചലതയ്ക്ക് ഒരു ഉദാഹരണം ആണ്. “എന്റെ കഥ” വായനക്കാരിൽ നടുക്കം സൃഷ്ടിച്ചു എന്നത് ശരിതന്നെ. എന്നാൽ ഈ എഴുത്തുകാരിക്ക് വേണ്ടി എപ്പോഴും ഞെട്ടാൻ വായനക്കാർ തയ്യാറായില്ല. ഒരു കലാകാരി എന്ന നിലയിൽ അവർ നടത്തിയ പ്രതിരൂപാത്മകമായ ആത്മഹത്യയായിരുന്നു ആ കൃതി. സ്വരവ്യഞ്ജന വിഭൂഷിതയായി അഹങ്കാരശബ്ദത്തോടുകൂടി യാജ്ഞവൽകൃത ഹർഷിയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ട സരസ്വതിയെപ്പോലെ നമ്മുടെ കഥാസാഹിത്യത്തിൽ പ്രത്യക്ഷപ്പെട്ട ഒരു കലാകാരിയുടെ പതനം ആധുനിക ഗദ്യസാഹിത്യത്തിലെ നിശ്ചലതയെ ഭംഗിയായി ഉദാഹരിച്ച് കാട്ടുന്നു. എം. സുകുമാരനെ മാറ്റി നിർത്തിയാൽ മറ്റു പ്രധാന എഴുത്തുകാർ എല്ലാം തന്നെ ഈ നിശ്ചലത സൃഷ്ടിക്കുന്ന കുറ്റകൃത്യം ചെയ്തവരാണ്. നമ്മുടെ സാഹിത്യ വിമർശനത്തിലും ഈ നിശ്ചലതയുണ്ട്. എന്റെ തന്നെ രചനകളിലും ഈ നിശ്ചലത ഉണ്ടെന്ന സത്യം ഞാൻ ഏറ്റു പറയുന്നു. ഇതൊരു വെല്ലുവിളിയാണ്. ഈ വെല്ലുവിളിയെ നമുക്ക് നേരിടാൻ കഴിയുമോ എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം.
1978 ഓഗസ്റ്റ് 27 മലയാളനാട് വാരികയിൽ പ്രസിദ്ധീകരിച്ച കെ.പി. അപ്പൻ എഴുതിയ ലേഖനം.
©Malayalanadu Weekly/1978

