Sathyan Madakkara & C.P. Sethumadhavan
മാധ്യമം

വൈലോപ്പിള്ളി ശ്രീധരമേനോൻ

ഓണത്തെക്കുറിച്ചുള്ള ഓർമകൾ പലർക്കും പല തരത്തിലാവാം. എല്ലാ ഓണക്കാലത്തും ഓണപ്പാട്ടുമായി കടന്നുവരാറുള്ള മഹാകവി വൈലോപ്പിള്ളിയെയാണ് ഞാനിവിടെ സ്മരിക്കുന്നത്. ഓണോത്സവങ്ങൾക്കിടയിൽ ഈ ഓർത്തെടുക്കലിന് പ്രസക്തിയും ഉണ്ടെന്ന് തോന്നുന്നു.

ഓണത്തെക്കുറിച്ച് ഇത്രയധികം എഴുതിയ മറ്റൊരു കവി വൈലോപ്പിള്ളിയെപ്പോലെ മലയാളത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല.

‘ഓണക്കാലത്തുണരും ഞാൻ തിരു— വോണപ്പാട്ടുകളാണെൻ പാട്ടുകൾ’— എന്ന് ശക്തമായി പറഞ്ഞ ഒറ്റയാനാണ് വൈലോപ്പിള്ളി. ഓണം ഏതോ തിരത്തള്ളലായി കവിയെ വീർപ്പുമുട്ടിച്ചിരുന്നു. നാഗരികതയുടെ ഉച്ചച്ചൂടിൽ വേവുമ്പോഴും തിരിച്ചു പിടിക്കേണ്ട ഭൂതകാലമായിരുന്നു കേരളീയ മുഗ്ദ്ധത. പരിഷ്കാരവും പൂക്കാലവും തമ്മിലുള്ള വൈരുദ്ധ്യം ആത്മസംഘർഷമായി പല കവിതകളിലും കാണാനും കഴിയും.

‘പുരാതന കാഞ്ചനകാലം പുൽകിയ കണ്ണാൽ
ഭാവിയുരുത്തിരിയുന്ന വിദൂരതയിങ്കലുമൊരു
തിരുവോണം കാണ്മു ഞങ്ങൾ’…
(ഓണപ്പാട്ടുകാർ)

എന്ന സങ്കല്പമേ ഓണത്തെക്കുറിച്ച് വൈലോപ്പിള്ളി സൂക്ഷിച്ചിരുന്നുള്ളൂ. ആണ്ടറുതിയുമായി ഓണമെത്തുമ്പോൾ പ്രകൃതിയുമായി-വസുന്ധരയുമായി കെട്ടിമറിയുകയാണ് വൈലോപ്പിള്ളി.

“അറിയാം ഞങ്ങൾക്കുമീയാധി നിൻ കാന്തത്തിന്റെ
തരിയാലല്ലല്ലോ തീർത്തു ഞങ്ങൾ തൻ ഹൃദന്തവും
ഹാ വരും വസുന്ധരേ! സുചിര പ്രതീക്ഷിത-
ശ്യാമ സുന്ദരൻ പുല്കി നിന്മേനം കുളിർപ്പിക്കാൻ
ഉന്മിഷൽ പുളകത്താൽ പൊൻപ്പീലി കതിർ ചൂടി
നന്മയിൽ നൃത്തം ചെയ്യു മന്നുഞങ്ങടെ ചിത്തം.”

ഓണത്തപ്പന്റെ വരവ് മുലപ്പാലിന്റെ ഗന്ധവും, താരാട്ടുപാട്ടിന്റെ ഈണവും, പൂക്കളുടെ പരിശുദ്ധിയും കവിക്ക് തിരിച്ചുകൊടുക്കുന്നു ആ സങ്കല്പം.

‘അലിഖിതമായൊരു ധർമം പാലിച്ചുന്നത
വിസ്തൃത ചിന്താ കർമ്മപ്പൊലിമയിലന്നു പരസ്പരമൊത്തു
പുലർന്നു മനുഷ്യർ മഹാ സത്വന്മാർ’
(ഓണപ്പാട്ടുകാർ)

എന്ന കാഴ്ചപ്പാടിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നു. പിന്നീട്
‘ആർപ്പുവിളിക്കുവിനുണ്ണികളേ, യലകടലേ, മേന്മേൽ കുരവയിടു കൊച്ചുരുവികളേ, ചെറു കന്യകകളേ, നല്ലതിഥി നമുക്കിനിയാരിതു പോലെ?

എന്നുപറഞ്ഞ് പുള്ളുവന്റെ ഗാനധോരണിയിലൂടെ

‘നീളും മലയുടെ ചങ്ങല പട്ടയിൽ നാളം പാടല വിരലാൽ നീട്ടിയു-
മോമൽക്കവിളു തുടുത്തും,
തെല്ലൊരു നാണത്തോടു പതുങ്ങിയൊരുങ്ങിടു-
മോണക്കോടിയുടുത്തൊരുഷസ്സേ പനിനീരാൽ കഴുകിക്കു കാലുകൾ
മണി പീഠത്തിലിരുത്തു മന്നനെ
മലയാളത്തറവാടിന്നങ്കണ മണിപീഠത്തിലിരുത്തൂ…’
(ഓണമുറ്റത്ത്)

എന്നിടത്ത് എത്തുകയും ചെയ്യുന്നു. കേരളം കരിപുരളാതെ സൂക്ഷിച്ചുവെച്ച കേരളത്തനിമയെക്കുറിച്ചുള്ള സ്വപ്നമാണീ ഓണസങ്കല്പം. അനാഥമായതിനെ സനാഥമാക്കാനുള്ള ഈ തീവ്ര ധ്യാനം അത്ര എളുപ്പമല്ല. എന്നാൽ വൈലോപ്പിള്ളിക്ക് ജ്വാലാമുഖം തന്നെയാണ് കൈരളി വരദാനം നൽകിയത്.

ഓണമിവിടെ സജീവമായ യാഥാർത്ഥ്യവും ഓണത്തപ്പൻ തനിക്കു ആരോപിക്കേണ്ട വിഷയനിമിത്തവും മാത്രം. മഹാബലി എഴുത്തച്ഛനായും, വള്ളത്തോളായും, ലെനിനായും വേർതിരിയുന്നതും ഇതുകൊണ്ടു തന്നെ. ഓണമുറ്റത്ത് എന്ന കവിതയിൽ ‘താൻ മരിച്ചാൽ മണ്ണിൽ ഒരു പൂ കിളിർക്കുമെന്നാണ്’ വൈലോപ്പിള്ളി പറഞ്ഞത്.

തന്റേടിയും കേഷാഭിക്കുന്നവനുമായ മഹാകവിക്ക് കൊയ്ത്ത് ജീവിതം തന്നെയായിരുന്നു. പ്രഹസനങ്ങളുടെ മുണ്ടകപ്പാടത്തോ, പൊങ്ങച്ചങ്ങളുടെ ചളിപ്പാടത്തോ വൈലോപ്പിള്ളി കടന്നു ചെന്നിട്ടില്ല.

ആ തന്റേടം കൈയ്യിലിരുപ്പായുള്ളതുകൊണ്ടാണ് ‘പുഞ്ചിരി, ഹാ കുലീനമാം കള്ളം’ എന്നുറപ്പിക്കാനായത്. മാന്യതയെ കാച്ചിക്കുറുക്കിയ കവി കുയിലുകളേക്കാൾ കാക്കകളെ സ്നേഹിക്കുന്നു. മുന്തിരിവള്ളി നടുന്നതിനു പകരം കയ്പ്പ വല്ലരിക്ക് വെള്ളം തേവുന്നു. പുഷ്പ സൗരഭ്യത്തേക്കാൾ ചാണകത്തിന്റെ ഗന്ധം ഇഷ്ടപ്പെടുന്നു. മഴവില്ലിനെ മറന്ന് മഴത്തുള്ളിയെ കാമിക്കുന്നു. പാറയിലുറച്ച കരിമ്പനയെപ്പോലെ പൂർണ്ണ സംഗനായി കാറ്റിലാടിപ്പാടുന്നു.

‘ഈടു വെപ്പുകളെല്ലാം പോകിലും
പുതിയൊരു നാടു നമ്മുടെ താവാം
അസംഖ്യം തോഴന്മാരും’.

വൈലോപ്പിള്ളി തന്നെ പറയുന്നു. “ഞാൻ കേരളത്തിലൊരു നാട്ടിൻപുറത്തു ജനിച്ചു വളർന്നതാണ് എന്റെ കവിതയുടെ ഏറ്റവും വലിയ ഭാഗ്യമെന്നു തോന്നുന്നു. പുതിയ അറിവുകളുടെ വെളിച്ചത്തിൽ ഈ നാട്ടിൻപുറത്തെ സ്പർശിച്ച് ഞാൻ ഒരു കവിതയെഴുതിയിട്ടുണ്ട്. പക്ഷേ, അന്ന്, ഇളംപ്രായത്തിൽ, ഞാൻ കണ്ട നാട്ടിൻപുറം നാൾതോറും നിറങ്ങളുടേയും നാദങ്ങളുടേയും ഗന്ധങ്ങളുടേയും നവംനവങ്ങളായ അത്ഭുതങ്ങൾ ഉദ്ഘാടനം ചെയ്യുന്ന അമ്മയെപ്പോലെ സ്നേഹം നിറഞ്ഞ ഒരു കൊച്ചുലോകമായിരുന്നു. ഇന്നും അതിന്റെ മധുര സ്മരണകളാണ് എന്റെ കവിതയുടെ ഏറ്റവും ഈടുള്ള കൈമുതൽ. ഓരോ ഇലയ്ക്കും നിറത്തിന്റെ ഓരോ സവിശേഷതകളുണ്ട്; ഓരോ പക്ഷിക്കും ശബ്ദത്തിന്റെ സ്വരഭേദങ്ങളും. പച്ച നിറം, കളനാദം എന്നൊക്കെ പറഞ്ഞു പോയാൽ അവയോട് നീതി ചെയ്യലാവില്ല. ഗ്രാമപ്രകൃതിയോട് കൂറുറ്റ അകൃത്രിമ രചനകൾ നമ്മുടെ ഭാഷയിൽ നന്നെ കുറവാണെന്നാണ് എന്റെ എപ്പോഴുമുള്ള പരാതി”. (ഞാൻ)

ഗ്രാമീണത്തനിമ അന്തരാത്മാവിലേക്ക് പിടിച്ചെടുക്കാൻ വെമ്പുന്ന സത്യസന്ധനായ ഒരു കവിക്ക് മാത്രമേ ഇത്തരമൊരു പ്രസ്താവന നടത്താൻ കഴിയൂ. അതിനാൽ ജീവിതകാലം മുഴുവൻ കവിതയിൽ മുങ്ങി സാധകം ചെയ്ത ഏകാകിയുടെ കൊടിമരത്തിൽ നമുക്കീ ഓണക്കാലത്ത് സ്മരണയുടെ കൊടിക്കൂറയെങ്കിലും പറപ്പിക്കാം. മരിച്ചപ്പോഴും നിസ്സാരനാക്കപ്പെട്ട മഹാത്മാവ് ചെറുപ്പക്കാരുടെ ഉശിരു കണ്ടെങ്കിലും തൃപ്തിയടയട്ടെ.

-സത്യൻ മാടാക്കര

പി. കുഞ്ഞിരാമൻ നായർ

തിരുവോണം കേരളീയരുടെ ആത്മാവിനെ അഗാധമായി സ്വാധീനിച്ച ആഘോഷമാണ്. നമ്മുടെ എത്രയോ കവികളെ തിരുവോണം ഭാവനാ ലോലുപരാക്കിയിട്ടുണ്ട്. തിരുവോണത്തെപ്പറ്റി പാടിയ കവികളിൽ പ്രമുഖനാണ് മഹാകവി പി. കുഞ്ഞിരാമൻ നായർ.

പി യുടെ കവിതകളിൽ കേരളീയത നിഴലിച്ചു കാണാം. ഇവയിൽ അധികവും ഓണക്കവിതകളാണ്. പൊൻവയലിന് മുലകൊടുത്ത് വേലക്ക് പോകുന്ന പാൽപ്പുഴകൾ, കിക്കിളിയാക്കി തുമ്പയെ ചിരിപ്പിച്ച കൊച്ചുതെന്നൽ, സൂര്യകിരണം നൽകുന്ന ഓണപ്പുടവ വാങ്ങാൻ പിഞ്ചുകൈ നീട്ടി നിൽക്കുന്ന മുക്കുറ്റിമലർ, കോടിയുടുപ്പണിഞ്ഞ് ചാഞ്ചാടുന്ന കൊച്ചുപയറിനങ്ങൾ, പൂമുഖത്തിരിക്കുന്ന ഉണ്ണിക്കതിരവന് നെടുംകുല കാഴ്ചവെക്കുന്ന നേന്ത്രവാഴകൾ, പുഞ്ചിരിപ്പുന്നിലാവൊഴുകുന്ന ഉത്രാടരാത്രി, എന്നിങ്ങനെ മലയാളനാടിന്റെ സൗന്ദര്യം മഹാകവിയുടെ വാങ്മയത്തിലൂടെ കാണാൻ എന്തൊരാനന്ദം!

കുട്ടികൾ കളിയിൽ നടത്തുന്ന ‘ഓണസദ്യ’ അതിഗംഭീരം തന്നെ. അഞ്ചുവയസ്സായ പിഞ്ചോമനകളുടെ ലീലാവിലാസങ്ങൾ തന്മയത്വത്തോടെ മഹാകവി വരച്ചുകാട്ടുന്നു. മണൽ ചേരിക്കൊണ്ട് കൊച്ചമ്മിണി പറഞ്ഞു: ‘എത്ര പണം എണ്ണിക്കൊടുത്തു? എത്ര കല്ലുണ്ടതിൽ!’ കരിശർക്കര വാങ്ങിയതിന് പാറു ശകാരിച്ചു. കപ്പയുടെ തണ്ട് മുറിച്ചുകൊണ്ട് കല്യാണി പറഞ്ഞു: ‘ഈ കായ കറിക്ക് നല്ലവണ്ണം ചേരും! അവർ പ്ലാവിലയെ പപ്പടമാക്കി മാറ്റി. കുട്ടികൾ തളിച്ച് വൃത്തിയാക്കിയ മുറ്റത്ത് നാക്കില വെച്ച് എല്ലാ വിഭവങ്ങളും വിളമ്പി മാവേലിമന്നന് ഓണസദ്യയൊരുക്കി.

ഇന്നത്തെ കുട്ടികൾക്കെവിടെ ഇതിനെല്ലാം സ്വാതന്ത്ര്യം? ചത്തുമലച്ച കണ്ണുകളുമായി ടെലിവിഷനു മുന്നിലിരിക്കാം. കേട്ടു മടുത്ത ഗാനത്താൽ മനം മടുപ്പിക്കാം. വീടിന്റെ മതിൽക്കെട്ടിനുള്ളിൽ അവർ തടവിലാക്കപ്പെട്ടിരിക്കുന്നു.

വേഷവും ഭാഷയും മാറിയിട്ടും മലയാളി ഇന്നും മലയാളി തന്നെയാണ്. അവന്റെ ഹൃദയവ്യഥയുടെ ഗദ്ഗദം ഇടക്കിടെ കവിതകളിൽ തലകാണിക്കുന്നു. ‘ഓണപ്പൂവി’ൽ മഹാകവി പാടുന്നു.

‘പൊന്നുവിളയും മലയാളനാട്ടിൻ മണ്ണിൽ പൊടിഞ്ഞവനാണ് ഞാനും കാലക്കെടുതിതൻ തല്ലുകൊണ്ട് കോലം പകർന്നിവാനാളു മാറി’ ‘നാട്ടിലേക്ക്’ എന്ന കവിതയിൽ പണിയായുധങ്ങളോട് നാലു നാളേക്ക് അവധി അപേക്ഷിക്കുന്ന മലയാളിയെ കാണുന്നു. മറുനാട്ടിൽ എത്രനാളായി ചത്തുജീവിക്കുന്നു! മടിശ്ശീല പോലെ കരളത്തടവും ശൂന്യമായിരിക്കുന്നു. ആ ശൂന്യതയിൽ നിന്ന് മോചനം നേടാനാണ്, പെറ്റനാടിന്റെ പവിത്ര സ്മരണകളയവിറക്കാനാണ് സ്വന്തം നാട്ടിലേക്ക് ഓണക്കാലത്ത് മലയാളി തിരിച്ചുവരുന്നത്. അഭിമാനാദരങ്ങളോടെ അവന്റെ മനസ്സ് മന്ത്രിക്കും. ‘അമ്പിലിന്നും മലനാടുകാക്കുമാത്തമ്പുരാന്റെ യകമ്പടിയാണ് നീ.
ദീനനല്ലടിയാളനല്ല, നാലുനാൾ മാനമുറ്റ മലയാളിയാണ് നീ.’

തിരുവോണം മലയാളിയുടെ മനസ്സിൽ ആവർത്തന വൈരസ്യം ഉണ്ടാക്കുന്നില്ല. അതുപോലെയാണ് പി യുടെ ഓണക്കവിതകളും. അവ ആവർത്തന വൈവിധ്യം ഉൾക്കൊള്ളുന്നു എന്നു പറയാം.

‘അത്തമൊഴിഞ്ഞുള്ള പൂത്തുമ്പനൻ-
മുത്തുക്കുടകൾ പിടിച്ചുനിൽക്കേ,
മുക്കുറ്റി മഞ്ഞ പിഴിഞ്ഞുടുക്കേ,
കാക്കപ്പൂ കൺമഷിചെപ്പിടുക്കേ.'
'ഓണപ്പൂവി’ൽ ഇങ്ങനെ കാണപ്പെട്ട മുക്കുറ്റിയും തുമ്പയും മറ്റൊരു കവിതയിൽ വേഷം മാറി നിൽക്കുന്നു.
‘അമ്പിലുറുമ്പുകൾക്കാകമാനം
തുമ്പകൾ ചോറുവിളമ്പിനിന്നു.
കാവിലെ തെച്ചിമലർക്കുലകൾ
ദേവിക്ക് ചാർത്തുവാൻ പട്ടുനെയ്തു
പുത്തന്നാം തുമ്പക്കുടക്കുടുക്കൻ
മുക്കുറ്റിക്കുഞ്ഞിന്റെ കാതിൽകണ്ടു.’

ഓരോ കവിതയിലും പ്രകൃതിയും ദൃശ്യങ്ങളും മാറിമാറി വരുന്നു. സുന്ദരമായ ഒരു ചലച്ചിത്രത്തിലെന്ന പോലെ ദൃശ്യങ്ങൾ സ്മൃതിപഥത്തിൽ പച്ചപിടിച്ചു നിൽക്കുന്നു.

പി യുടെ മറ്റു കവിതകളിലുള്ളതുപോലെ നഷ്ടസ്വപ്നത്തിന്റെ വ്യഥ ഓണക്കവിതകളിൽ തീവ്രമല്ല. ഓണമെന്നാൽ അദ്ദേഹത്തിന് പച്ചപിടിച്ച പ്രകൃതി തന്നെ. ആരെയും കോൾമയിർകൊള്ളിക്കാനും ഭാവഗായകനാക്കാനും പറ്റിയ സുന്ദരമായ പ്രകൃതി. ഇല്ലായ്മയും വല്ലായ്മയും അവിടെ ശ്രീയായി മാറുന്നു.

-സി.പി. സേതുമാധവൻ

1987 സെപ്റ്റംബർ 05 മാധ്യമം ദിനപത്രം ഓണം പ്രത്യേക പതിപ്പിൽ പ്രസിദ്ധീകരിച്ച സത്യൻ മാടാക്കരയും സി.പി. സേതുമാധവനും ചേർന്നു എഴുതിയ ലേഖനം.
©Madhyamam/1987