
കത്തുമാസികകളുടെ ലോകത്തിൽ
“ഞാൻ ആദ്യമായി കഥയെഴുതിയത് വൈക്കത്തുവെച്ചായിരുന്നു. ആദ്യത്തെ കഥ. ആ കഥ ഒരു പ്രാവശ്യമല്ല പല പ്രാവശ്യമെഴുതി. അന്ന് ഞാൻ തേർഡ് ഫോമിൽ വൈക്കത്ത് ഗവൺമെന്റ് ഹൈസ്കൂളിൽ പഠിക്കുകയായിരുന്നു. എന്റെ കൂടെ പഠിച്ചിരുന്ന ഒരു പെൺകുട്ടിയുടെ പേരാണ് കഥയ്ക്കു കൊടുത്തിരുന്നത്. കഥയെഴുതി ഞാൻ അവളുടെ കൈയ്യിൽ കൊടുത്തു. അത് ഹെഡ്മാസ്റ്ററുടെ കൈയ്യിൽ കൊടുത്താൽ… എനിക്ക് ഭയമായിരുന്നു. കുഴപ്പമൊന്നുമുണ്ടായില്ല. ‘വെരി ഗുഡ് സ്റ്റോറി. കൺഗ്രാജുലേഷൻസ്!’ മറുപടി അതായിരുന്നു. എനിക്ക് കഥയെഴുതിയതിന് ആദ്യമായി കിട്ടിയ പ്രചോദനം. അങ്ങനെ ഞാൻ കഥയെഴുതിത്തുടങ്ങി. കഥയെഴുതി ഞാൻ ക്ലാസിൽ തോറ്റു. കൂട്ടുകാരി ജയിച്ചു.”
ഇത് തകഴിയുടെ ഒരു ലേഖനത്തിന്റെ പൂർണ്ണരൂപമാണ്. ഇങ്ങനെയുള്ള ലേഖനങ്ങളും കഥകളും കവിതകളും മാത്രം ഉൾക്കൊള്ളുന്ന ഒട്ടേറെ മാസികകൾ ഇന്ന് മലയാളത്തിൽ പ്രചാരത്തിലുണ്ട്. കേരളത്തിലെ തപാൽക്കെട്ടുകളിൽ ഇത്തരം മാസികകളുടെ നല്ലൊരു സംഖ്യ തന്നെ ദിവസേന ഉണ്ടാകും. കാരണം, ഇത്തരം മാസികകൾ മാർക്കറ്റിൽ വാങ്ങാൻ കിട്ടില്ല. ഇവ തപാൽ വഴി മാത്രം ലഭിക്കുന്നവയാണ്.
കേരളത്തിലെ വൻ നഗരങ്ങളിൽനിന്നും കുഗ്രാമങ്ങളിൽനിന്നുമെല്ലാം ഇത്തരത്തിലുള്ള മാസികകൾ പുറപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് കത്തുമാസികകളുടെ ലോകം വളരെ വിശാലവുമാണ്. വിലയോ വരിസംഖ്യയോ ഇല്ലാത്ത ഈ മാസികകളെ സഹൃദയലോകം നല്ല രീതിയിൽത്തന്നെ സ്വീകരിച്ചു. തപാൽ മുദ്രകൾ അയച്ചുകൊടുത്തും സാമ്പത്തിക സഹായം നൽകിയും ഇവയുടെ ആയുസ്സു നീട്ടിക്കൊണ്ടിരിക്കുന്നതിൽ വായനക്കാർ ആത്മാർത്ഥമായ സഹകരണം നൽകുന്നുണ്ടെന്നാണ് ഇതിന്റെ പ്രവർത്തകർ പറയുന്നത്.
വലിയ പ്രസിദ്ധീകരണങ്ങളോടുള്ള ഒരു പകപോക്കൽ പോലെയാണ് കത്തുമാസികകളുടെ ഉത്ഭവവും വളർച്ചയും. സ്ഥലപരിമിതി ഇവയിലെ സൃഷ്ടികൾക്ക് കാപ്‌സ്യൂൾ രൂപം നൽകുന്നെങ്കിലും ഒരു വലിയ മാസികയിലുള്ള എല്ലാ വിഭവങ്ങളും ഇതിലും കാണാൻ കഴിയും. ലേഖനം, കഥ, കവിത, പുസ്തകനിരൂപണം തുടങ്ങി ഒട്ടേറെ വിഭവങ്ങൾ ഒരു കത്തുമാസികയിലൂടെ വായനക്കാരന് ലഭിക്കുന്നു.
കത്തുമാസികകൾ സാഹിത്യസൃഷ്ടിയുടെ രൂപത്തെത്തന്നെ പ്രകടമായി സ്വാധീനിച്ചിട്ടുണ്ടെന്ന് നമുക്ക് കാണാം. പരത്തിപ്പറയുന്ന പഴയ സമ്പ്രദായത്തെ ഇത് തള്ളിക്കളയുന്നു. കാച്ചിക്കുറുക്കി ഗുളികരൂപത്തിലാക്കിയ സൃഷ്ടികളാണ് കത്തുമാസികകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. പറയാനുള്ള കാര്യങ്ങൾ മൂർച്ചയുള്ള വാക്കുകളിലൂടെ കുറഞ്ഞ വരികളിൽ പകർത്തിവെക്കുന്നു. ഈ സമ്പ്രദായത്തെ എഴുത്തുകാരും വായനക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്നതായി തോന്നുന്നു. കത്തുമാസികകളിലെ എഴുത്തുകാരിൽ പ്രശസ്തരും പ്രശസ്തരായിക്കൊണ്ടിരിക്കുന്നവരും പുതുമുഖങ്ങളുമെല്ലാം ഉൾപ്പെടുന്നു.
“കയ്ക്കും, പഴങ്കിനാവ്,
ചവച്ചിറക്കുന്നു, ചവച്ചുറങ്ങുന്നു!
വരുംകൊല്ലമിക്കേരളമൊരു മരുഭൂമിയായെങ്കിലോ?
ആവില്ല ആവില്ലെ-
നാശസിച്ചുറങ്ങാം…”
ഒരു കത്തുമാസികയിൽ വന്ന ഡോ. അയ്യപ്പപ്പണിക്കരുടെ ‘കിനാവിൽ’ എന്ന കവിതയാണിത്. കവി’ എന്ന പേരിൽ കെ.വി. രാമകൃഷ്ണനെഴുതിയ ഒരു കവിതയാണ് ചുവടെ:
“കനത്ത കതിർ ചാഞ്ഞെന്റെ
കളപ്പുര നിറയ്ക്കണം;
അതല്ലാ,തെന്തിനിപ്പാടത്തിമ്മട്ടിലൊരു താമര?”
കഥയുടെ കാര്യവും ഇത്തരത്തിൽ തന്നെയാണ്. എം. മുകുന്ദന്റെ ‘പശു’ എന്ന കഥയിതാണു: “ഒരു പശുവായി ജനിച്ചാൽ മതിയായിരുന്നു. ദാർശനിക വ്യഥയില്ലല്ലോ. അല്പം പുല്ലും വെള്ളവും കിട്ടിയാൽ മതി. സന്തോഷമായി. ഒരു പശുവായി ജനിച്ചാൽ മതിയായിരുന്നു.”
സാഹിത്യ രൂപത്തിനു തന്നെ ഒരു പുതിയ ശൈലി കൈവരുത്തുവാൻ കത്തുമാസികകൾക്ക് കഴിഞ്ഞിട്ടുണ്ട്.
വിലയോ വരിസംഖ്യയോ ഇല്ലാതെ ഇത്തരത്തിലുള്ള മാസികകൾ നടത്തിക്കൊണ്ടുപോവുക ശ്രമകരമാണ്. ഇതിന്റെ പിന്നിൽ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഒരു കൂട്ടം യുവാക്കൾ തന്നെയുണ്ട്. അവരുടെ ആത്മാർത്ഥമായ പ്രവർത്തനഫലമാണ് ഇതൊരു പ്രസ്ഥാനമായി വളരാനിടയായത്.
വർഷങ്ങളായി മുടക്കമില്ലാതെ പുറത്തിറങ്ങുന്നതും ഇടയ്ക്കു മുടങ്ങിപ്പോകുന്നതുമായ ഒട്ടേറെ മാസികകളുണ്ട്. ‘ഇന്ന്’, ‘നിദേശം’, ‘ചെണ്ട’, ‘ഉൺമ’, ‘ചില്ല്’, ‘ഉത്രം’… ഇങ്ങനെ ഓർക്കാനും ഓർമ്മവെക്കാനും പറ്റിയ പേരോടുകൂടിയ എത്രയെത്ര മാസികകൾ! അയ്യായിരത്തിലധികം കോപ്പികൾ അച്ചടിക്കുന്നവയും ഇവയിലുണ്ട്. പ്രശസ്തരായ പല എഴുത്തുകാരുടേയും സഹകരണം ഇവയെ ചൈതന്യധന്യമാക്കുന്നു. ഒ.എൻ.വി. കുറുപ്പ് ഒരു കത്തു മാസികയിലെഴുതിയ അനുസ്മരണമാണ് ചുവടെ-
“എന്റെ കന്നിക്കവിതയെപ്പറ്റി ഒരു കുറിപ്പെഴുതാനാവശ്യപ്പെട്ടു കൊണ്ടുള്ള കത്തു കിട്ടി. എഴുതണമെന്ന് ആഗ്രഹമുണ്ട്. കത്ത് പല കുറി വായിക്കും. എഴുതാൻ കാര്യങ്ങൾ വ്യക്തമായി മനസ്സിൽ രൂപപ്പെടുന്നില്ല. സംഗതി ഇങ്ങനെ നീളുകയാണ്.
എന്റെ ഓർമ്മയിൽ എന്റെ കന്നികൃതിയിലെ ആ വരിയോ വാക്കോ തെളിയുന്നില്ല. എന്റെ തറവാട്ടിന്റെ വടക്കിനി മുറ്റത്തെ കിണറ്റിൻകരയിലിരുന്ന് എന്തോ കുത്തിക്കുറിച്ചത് ഓർമ്മയുണ്ട്. ഏകാന്തതയിലാണ് തുടങ്ങിയത്. മറ്റാരും കാണരുതെന്ന് ആഗ്രഹിച്ചിരുന്നു. ഒടുവിൽ കുറെ വരികളെഴുതിയപ്പോൾ ഒരു ‘സുഖം’, ഒരു ദാഹശമനത്തിന്റെ സുഖം തോന്നി.
എന്നാൽ തെല്ലകലെ നിന്ന് ഒരാൾ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ കർഷക കാരണവർ. അകന്ന ഒരു ബന്ധു. പയ്യെ അടുത്തു വന്ന് കാരണോർ ചോദിച്ചു: ‘അപ്പൂ, നീ തോന്ന്യാക്ഷരം എഴുതുമോ?’ പെട്ടെന്ന് തോന്ന്യാസം മാതിരി എന്തോ ആണ് ആ വാക്ക് കൊണ്ട് അർത്ഥമാക്കിയതെന്ന് തോന്നി. എങ്കിലും പിറകെ മനസ്സിലായി കവിത, ‘തോന്നിയുണ്ടാകുന്ന അക്ഷര’മാണെന്ന്. ഇപ്പോൾ അതോർക്കുമ്പോഴെല്ലാം ഞാൻ പറഞ്ഞുപോകാറുണ്ട്, ‘തോന്ന്യാക്ഷരം! ഹാ! എത്ര മധുരമായ പേര്!’”
1989 ജനുവരി 15 മാധ്യമം ദിനപത്രം ഞായറാഴ്ച സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ച ഷാനവാസ് പോങ്ങനാട് എഴുതിയ ലേഖനം.
©Madhyamam/1989
In Brief: A 1989 Madhyamam feature by Shanavas Ponganad explores Kerala’s thriving kathu masika (postal magazine) movement — small, free literary journals circulated only by post — arguing that their space constraints gave rise to a compressed, capsule style of writing that influenced Malayalam literature itself, with contributions from established writers like Thakazhi, M. Mukundan, Ayyappa Paniker, and ONV Kurup alongside new voices.

