
മലയാളത്തിലെ അമൃതാക്ഷരങ്ങൾക്ക് വീണ്ടും ജ്ഞാനപീഠത്തിന്റെ ഔന്നിത്യം. മലയാൺമയുടെ അമര സാഹിത്യത്തിന് ഒരിക്കലൂടെ ദേശീയാംഗീകാരം - മലയാള സാഹിത്യത്തെ വിശ്വ സാഹിത്യത്തിന്റെ നഭോമണ്ഡലത്തിലേക്ക് ഉയർത്തിയ മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർക്ക് ജ്ഞാനപീഠ പുരസ്കാരത്തിന്റെ സുവർണ്ണ സിംഹാസനം. ഭാഷയുടെയും നാടുകളുടെയും അതിർവരമ്പുകൾ മുറിച്ചുകടന്നു മലയാളം വിജയത്തിന്റെ പുതിയ ചക്രവാളങ്ങൾ വെട്ടിപ്പിടിക്കുന്ന അനർഘമുഹൂർത്തം.
മലയാള സാഹിത്യത്തിന്റെ നിത്യ വിസ്മയമായി നിൽക്കുന്നു. എം.ടി. പുരസ്കാരങ്ങൾ എം.ടി.യെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും അവാർഡുകൾ, ഓടക്കുഴൽ ആശാൻ അവാർഡുകൾ, സംസ്ഥാന സർക്കാരിന്റെ നാടക അവാർഡ്, ദേശീയ ചലച്ചിത്ര അവാർഡ്, എല്ലാം കൈപ്പിടിയിൽ ഒതുക്കാൻ കൈപ്പുണ്യമുള്ള ഈ കലാകാരന് എന്നോ കഴിഞ്ഞിട്ടുണ്ട്. ഒടുവിലിതാ ഇന്ത്യയിലെ ഏറ്റവും വലിയ അവാർഡും കൈരളിയുടെ തൃപ്പാദങ്ങളിൽ സമർപ്പിക്കാൻ ആ അനുഗ്രഹീത സാഹിത്യകാരന് കഴിഞ്ഞിരിക്കുന്നു.
എം.ടി.യെ സംബന്ധിച്ചിടത്തോളം എഴുത്ത് ആനന്ദാന്വേഷണത്തിന്റെ കണ്ടെത്തലാണ്. ആനന്ദത്തിന്റെ അനന്തമായ അന്വേഷണമാണ് എം.ടി.ക്ക് ജീവിതം. ഒരുകഥ ആത്മസംതൃപ്തിയോടെ എഴുതി തീർക്കുമ്പോൾ ലഭിക്കുന്ന ആനന്ദം എം.ടി.ക്ക് അവാച്യമായ അനുഭൂതിയാണ്. ആ മുഹൂർത്തം സമ്മാനിക്കുന്ന ആനന്ദാനുഭാവത്തിന് മുമ്പിൽ ജീവിതത്തിലെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും അദ്ദേഹം മറക്കുന്നു. “അസംതൃപ്തമായ ആത്മാവിന് വല്ലപ്പോഴും വീണുകിട്ടുന്ന ആ ആഹ്ലാദത്തിന്റെ അസുലഭ മുഹൂർത്തത്തിനുവേണ്ടി, സ്വാതന്ത്ര്യത്തിനുവേണ്ടി ഞാൻ എഴുതുന്നു” എന്നു പറയുന്ന എം.ടി.യുടെ സൃഷ്ടികൾ സർഗ്ഗാത്മകതയുടെ സൗരഭ്യം ചുരത്തുന്നത് സ്വാഭാവികം മാത്രമാണ്.
കർക്കിടക മാസത്തിലെ ഉത്രട്ടാതിയാണ് എം.ടി.യുടെ ജന്മനക്ഷത്രം. എം.ടി.യുടെ ഗ്രാമത്തിൽ ഒരിക്കൽ എത്തിയത് കർക്കിടകത്തിലാണ്. നിലയുടെ തീരത്തിലൂടെ എം.ടി.യുടെ ഗ്രാമത്തിലെ നടപ്പാതയിലൂടെ നടന്നുനീങ്ങുമ്പോൾ ഓർത്തത് എം.ടി.യുടെ തന്നെ വാക്കുകളായിരുന്നു.
‘ഗ്രാമത്തിലെ കർക്കിടകം അമ്മയെപ്പോലെ തന്നെയായിരുന്നു. മുടികെട്ടിനിൽക്കും. കോരിച്ചൊരിയും. പൊടുന്നനെ ദുഃഖം മറന്നു ചിരിപോലെ വെയിൽ പരക്കുകയും ചെയ്യും.’ ചാക്കരിയുടെ തിളയ്ക്കുന്ന ഗന്ധവും, നനവുണങ്ങാത്ത ജഗന്നാഥൻ മുണ്ടിന്റെ നിറവുമുണ്ടായിരുന്ന ആ കർക്കിടക മാസങ്ങളിൽ വരുന്ന തന്റെ പിറന്നാളുകളെക്കുറിച്ച് ആത്മാവിൽ തറച്ചിട്ട ഭാഷയിൽ എം.ടി. എഴുതിയ വരികൾ.
കൂടല്ലൂർ. എം.ടി.യുടെ മനോഹരമായ ഗ്രാമം. മലയാളിയുടെ മനസ്സിന്റെ തിരങ്ങളിലൂടെ മന്ദമായൊഴുകുന്ന നിളാനദിയുടെ അരികിൽ പറ്റിക്കിടക്കുന്ന സുന്ദരമായ ഗ്രാമം. ഈ ഗ്രാമത്തിലെ താന്നിക്കുന്നും, ഭഗവതി ക്ഷേത്രവും, നാലുകെട്ടുകളുമൊക്കെ എല്ലാ മലയാളികളുടെയും പൊതു സ്വത്താണ്. ആ ഗ്രാമത്തിലെ മനുഷ്യരും അവരുടെ സുഖങ്ങളും ദുഃഖങ്ങളും എല്ലാ മലയാളിക്കും സുപരിചിതങ്ങളുമാണ്. എം.ടി. കഥകളിലൂടെ അനശ്വരത കൈവരിച്ച ഈ ഗ്രാമത്തെയും ഇവിടത്തെ മനുഷ്യരെയും നേരിട്ട് കാണാനവസരമുണ്ടായത് ജീവിതത്തിലെ ഭാഗ്യനിമിഷങ്ങളിലൊന്നായിട്ടാണ് തോന്നിയത്.
കൂടല്ലൂർ എം.ടി. കഥകളുടെ തട്ടകമാണ്. തകഴിക്ക് കുട്ടനാട് എന്ന പോലെയാണ് എം.ടി.ക്ക് കൂടല്ലൂർ. കൂടല്ലൂരിന്റെ ഈ ഗാഥാകാരൻ താന്നിക്കുന്നിന്റെയും ആ കുന്നിൻ ചെരിവിലെ ഭഗവതി ക്ഷേത്രത്തിന്റെയും, നിളയുടെ തീരത്തുള്ള നാല് കെട്ടുകളുടെയും അവിടത്തെ വേലായുധന്റെയും മീനാക്ഷിയേടത്തിയുടെയും, സേതുവിന്റെയും ഗോവിന്ദൻകുട്ടിയുടെയും അപ്പുണ്ണിയുടെയുമൊക്കെ കഥ പറഞ്ഞുതരുമ്പോൾ, ആ കഥാപാത്രങ്ങളെ അല്ല പച്ച മനുഷ്യരെ ആത്മാവിൽ ഏറ്റി താലോലിക്കുന്ന ഏത് മലയാളിക്കും ഈ കൊച്ചു ഗ്രാമവുമായി ഒരാത്മബന്ധമുണ്ട്. ‘അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന സമുദ്രങ്ങളെക്കാൾ അറിയുന്ന എന്റെ നിളാനദിയാണ് എനിക്കിഷ്ടം’ എന്ന് പറഞ്ഞ എം.ടി.യുടെ ഗ്രാമം ഓരോ മലയാളിയുടെയും ആത്മാവിന്റെ അംശമായിരിക്കുകയാണിന്ന്.
പട്ടണത്തിലെ തിരക്കിൽ നിന്ന് മാറി സ്വസ്ഥമായി ഒന്നോ രണ്ടോ ദിവസങ്ങൾ ചിലവിടാൻ എം.ടി. ഇടക്ക് ഗ്രാമത്തിൽ എത്താറുണ്ട്. തന്റെ ഗ്രാമത്തെയും, ആ ഗ്രാമീണ ശാലിനതയെയും കണ്ണ് നിറയെ ഒന്ന് കാണാൻ വേണ്ടി വീണ്ടും വീണ്ടും അദ്ദേഹം ഇവിടെ എത്തും. തന്റെ ഗ്രാമത്തിലെ മനുഷ്യരെ കാണാൻ അദ്ദേഹം ഇടക്ക് ഓടിയെത്തും. തന്റെ കഥകളിലൂടെ ജീവൻ പകർന്ന നിളാനദിയെ നോക്കി അദ്ദേഹം വീണ്ടും കഥകളെഴുതും. പുഴക്കഭിമുഖമായി എം.ടി. പണിത മനോഹരമായ കൊച്ചു വീട് ‘അശ്വതി’ അതിന്റെ പൂമുഖത്തിരുന്നാൽ പുഴ കാണാം. തൊട്ടുമുന്നിലാണ് കൂട്ടക്കടവ്. അക്കരെ താന്നിക്കുന്ന് അതിനപ്പുറത്ത് മുത്തുവാരിക്കുന്ന്. താന്നിക്കുന്നിലൂടെ കടന്നുപോകുന്ന തീവണ്ടിപ്പാത. എം.ടി. കഥകളിലൂടെ അദ്ദേഹത്തിന്റെ സിനിമകളിലൂടെ നമ്മൾ കണ്ട സ്ഥലങ്ങൾ.
തൂതപ്പുഴയുടെയും ഭാരതപ്പുഴയുടെയും സംഗമവും ഇവിടെ നിന്ന് നോക്കിയാൽ കാണാം. പുഴയിലിപ്പോൾ വെള്ളം കുറവാണ്. മണൽവാരിപ്പോവുന്ന ലോറികളാണിവിടെ ഇപ്പോൾ പതിവ് ദൃശ്യം. നിലയുടെ നെഞ്ചിലെ പഞ്ചാരമണൽ വൻ നഗരങ്ങളിലെ മണിമേടകളുയർത്തുന്നതിന് വേണ്ടി കയറ്റിക്കൊണ്ട് പോവുന്നത് കാണുമ്പോൾ എം.ടിയുടെ ഉള്ളിലെ പ്രകൃതിസ്നേഹിക്കമർഷം.
ജീവിതത്തിലെ പ്രയാസങ്ങളും ദുരിതങ്ങളും എമ്പാടും സഹിച്ചാണ് എം.ടി. വളർന്നത്. ആ വിഷമങ്ങളും ദുഃഖങ്ങളുമൊക്കെ കൗമാരാനുഭവങ്ങളായി എം.ടി.യുടെ രചനകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. കർക്കിടകത്തിലാണ് എം.ടി. ജനിച്ചത് എന്ന് പറഞ്ഞല്ലോ. കർക്കിടകത്തിൽ ജനിച്ചവന് ജന്മദിനമില്ല എന്ന് എം.ടി. പറയുന്നു: കർക്കിടകം ദുർഘടകഘട്ടമാണ്. തറവാട്ടിലെ പത്തായത്തിൽ ഒരു മണിനെല്ലുപോലും ഇല്ലാത്ത ദുരിതത്തിന്റെ നാളുകൾ ‘പിറന്നാൾ’ എന്ന കഥയിൽ ഓർമ്മിക്കപ്പെടുന്നു. ഒരു പിറന്നാൾ സദ്യ തനിക്കും വേണമെന്ന് അമ്മയോട് ശഠിച്ചു പറഞ്ഞ കൊച്ചു വാസുവിന്റെ ആഗ്രഹം നിറവേറ്റി കൊടുക്കാൻ വേണ്ടി അമ്മ ഒരു പറ നെല്ല് കടമായി വാങ്ങി. അതു വറുത്തു കുത്തി അരിയാക്കി ചോറ് വെച്ചു കൊടുത്തപ്പോൾ സമയം നാല് മണി കഴിഞ്ഞിരുന്നു. വിശപ്പ് പോലും അപ്പോഴേക്ക് പമ്പ കടന്നിരുന്നു. ജീവിതത്തിൽ ആശിച്ചത് പലതും വൈകി ലഭിച്ച ഈ പിറന്നാൾ സദ്യയെപ്പോലെയായിരുന്നു എം.ടി.ക്ക്. താല്പര്യം തീരെ നശിച്ച ശേഷം മാത്രമാണവ മുമ്പിൽ പ്രത്യക്ഷപ്പെട്ടത്.

സ്വന്തം ജീവിതത്തിൽ നിന്ന് തന്നെ ചൂടോടെ പറിച്ചെടുത്ത താളുകളാണ് എം.ടി.യുടെ മിക്ക കഥകളും. ജീവിതാനുഭവങ്ങളുടെ ചൂടും ചുരുമാണവയെ അതീവ ഹൃദ്യമാക്കുന്നത്. ‘കർക്കിടകം’ എന്ന പേരിൽ എം.ടി. എഴുതിയ കഥയിൽ തന്റെ കുട്ടിക്കാലത്ത് തറവാട്ടിൽ നിലനിന്നിരുന്ന ദാരിദ്ര്യവും ദുരിതവുമൊക്കെ അദ്ദേഹം ചിത്രീകരിക്കുന്നു. വീട്ടിൽ വെച്ച് ചോറ് തന്നെ കഷ്ടിയായിരിക്കുമ്പോൾ അച്ഛന്റെ തറവാട്ടിൽ നിന്ന് വിരുന്നിനു വരുന്നവരെ സൽക്കരിച്ച് അവസാനം കഞ്ഞിവെള്ളം കുടിച്ചു കിടക്കേണ്ടി വന്ന ഒരമ്മയുടെ കഥ പറയുമ്പോൾ എം.ടി. ചിത്രീകരിച്ചത് സ്വന്തം തറവാടിന്റെ തന്നെ കഥയായിരുന്നു. കർക്കിടകത്തിൽ ഒരു വിരുന്നുകാരന്റെ കുട വയൽ വരമ്പിൽ പ്രത്യക്ഷപ്പെട്ടാൽ വീട്ടിലുള്ളവരുടെ വയറ്റിൽ തീയാളുന്നു എന്ന് പറയുമ്പോഴും എം.ടി.യുടെ ഹൃദയത്തിൽ തെളിയുന്നത് തന്റെ തന്നെ ജീവിതാനുഭവങ്ങളാണ്. അമ്മ എം.ടി.യുടെ ഉള്ളിൽ എന്നും ഒരു ഈറൻ സ്മരണയാണ്. എം.ടി.ക്ക് ഓർമ്മവെച്ച കാലത്ത് പുന്നയൂർക്കുളത്തുകാരനായ അച്ഛൻ സിലോണിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലിക്കാരനായിരുന്നു. കുറച്ച് കാലം അമ്മയും സിലോണിലായിരുന്നു. അമ്മ നിര്യാതയായ വിവരമറിയുമ്പോൾ എം.ടി. പാലക്കാട് വിക്ടോറിയ കോളേജിൽ ബി.എസ്.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. തന്റെ പേടി സ്വപ്നമായിരുന്ന ഓർഗാനിക് ഓർഗാനിക് കെമിസ്ട്രിയുമായി നടത്തുന്ന സമരത്തിനിടയിലേക്കാണ് ആ ദുരന്തവാർത്ത കടന്നുവന്നത് എന്ന് എം.ടി. ഒരിക്കൽ അനുസ്മരിച്ചിട്ടുണ്ട്.
വീട്ടിലെ ശല്യം ഒഴിവാക്കാനാണ് കൊച്ചു വാസുവിനെ ജ്യേഷ്ഠനോടൊപ്പം സ്കൂളിലേക്കയച്ചത്- പഠിപ്പിൽ സാമർത്ഥ്യം കാണിച്ചപ്പോൾ ഡബിൾ പ്രമോഷൻ കിട്ടി കൂടല്ലൂർ ബോർഡ് ഹൈസ്കൂളിൽ ചേർന്നു. ക്വിറ്റിന്ത്യാ സമരം ആളിപ്പടർന്ന ആ നാളുകളിൽ സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനായി കറുപ്പ് ബാഡ്ജ് ധരിച്ചു ക്ലാസ് വിട്ടിറങ്ങിയ ജ്യേഷ്ഠനോടൊപ്പം കൊച്ചു വാസുവും ഉണ്ടായിരുന്നു. വാസുവിനു സമരത്തിന്റെ ഉദ്ദേശ്യവും ലക്ഷ്യവും ഒന്നും അറിയുമായിരുന്നില്ല ‘ജ്യേഷ്ഠൻ കറുപ്പ് ബാഡ്ജ് ധരിച്ചു താനും ധരിച്ചു. ജ്യേഷ്ഠൻ ക്ലാസിൽ നിന്നിറങ്ങി. താനും ഇറങ്ങി’ എന്നായിരുന്നു അവന്റെ വിശദീകരണം. കോളേജ് വിട്ടപ്പോൾ ഗ്രാമസേവകനായി, അധ്യാപകനായി, ട്യൂട്ടോറിയൽ ടീച്ചറായി… അങ്ങനെ ഒട്ടേറെ വേഷങ്ങൾ.
തികച്ചും ഗ്രാമീണനാണ് എം.ടി. വൻ നഗരത്തിന്റെ വർണ്ണപ്പകിട്ടിലും ആ ഗ്രാമീണ ഹൃദയം അദ്ദേഹം സൂക്ഷിക്കുന്നു. ഗ്രാമ്യ ജീവിതത്തിന്റെ തെളിമയും തനിമയും ആ സൃഷ്ടികളിലെല്ലാം നിഴൽപരത്തുന്നു. കടത്തു വഞ്ചിക്കാരന്റെ മൂളിപ്പാട്ടും ഗ്രാമത്തിലെ ഉത്സവത്തിന്റെ വർണ്ണപ്പകിട്ടും, നിളയിലൂടെ നീങ്ങുന്ന തോണിക്കാരന്റെ പാട്ടുകളുമൊക്കെ എം.ടി. കഥകൾക്ക് സ്വപ്നസദൃശമായ സൗന്ദര്യതനിമ പകരുന്നു. അതുകൊണ്ട് തന്നെ മാമ്പഴം പോലെ എം.ടി. കഥകൾ മലയാളിയുടെ മനസ്സിൽ ഒരു മധുരാനുഭൂതിയായി കിനിഞ്ഞിറങ്ങുകയും ചെയ്യുന്നു. കൂടല്ലൂരിലെ സാധാരണ മനുഷ്യരുടെ കൊച്ചു കൊച്ചു സ്വപ്നങ്ങളും മോഹങ്ങളും മോഹഭംഗങ്ങളും ചിത്രീകരിച്ചുകൊണ്ട് ആ വള്ളുവനാടൻ ഗ്രാമത്തെ വിശ്വ സാഹിത്യത്തിന്റെ ഔന്നിത്യത്തിലേക്ക് ഉയർത്തുമ്പോൾ എം.ടി. ഈ കൊച്ചു ഗ്രാമത്തിൽ ഒരു വലിയ ലോകം തന്നെ സൃഷ്ടിക്കുകയായിരുന്നു.
തികച്ചും ഒരു ഉൾനാടാണ് എം.ടി.യുടെ കൂടല്ലൂർ. തന്റെ ബാല്യനാളുകളിലെ കൂടല്ലൂരിനെപ്പറ്റി എം.ടി. പറയുന്നു. “അടുത്ത ബസ് സ്റ്റോപ്പിലേക്ക് ആറ് നാഴിക നടക്കണം. റെയിൽവേ സ്റ്റേഷനിലേക്ക് ഏഴ് നാഴികയും. ഒരു പുസ്തകം കാണാൻ എത്രയോ നാഴികകൾക്കപ്പുറത്തുള്ള വായനശാലയിൽ എത്തണം”. ഈ പ്രയാസങ്ങളോടും പ്രാരബ്ധങ്ങളോടുമൊക്കെ എതിരിട്ടാണ് എം.ടി. എന്ന എഴുത്തുകാരൻ വളർന്നുവന്നത്. ഒരു തകർന്ന പഴയ മരുമക്കത്തായ തറവാട്ടിൽ പിറന്ന എം.ടി.ക്ക് അനന്തരാവകാശമായി ലഭിച്ചത് ദാരിദ്ര്യ ദുഃഖമായിരുന്നു.
പുസ്തകങ്ങൾ വായിക്കാനുള്ള ആർത്തിയായിരുന്നു ആ നാളുകളിൽ. നാഴികകൾ കാൽനടയായി നടന്നാലേ കുമരനെല്ലൂരിലെ ഗ്രാമീണ ലൈബ്രറിയിൽ എത്തൂ. ആ ലൈബ്രറിയിലെ മുഴുവൻ പുസ്തകങ്ങളും എം.ടി. വായിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ പരേതനായ ജ്യേഷ്ഠൻ ബാലേട്ടൻ ഒരിക്കൽ പറഞ്ഞത്. കുമരനെല്ലൂരിലെ അക്ഷരത്തണൽ ഗ്രാമീണ ലൈബ്രറിയിൽ നിന്ന് പുസ്തകം കിട്ടാൻ ആറ് നാഴിക ദൂരം എം.ടി. പലപ്പോഴും കാൽനടയായി സഞ്ചരിച്ചിട്ടുണ്ട്.
കുണ്ടുകുളത്തുള്ള അച്ഛന്റെ തറവാട്ടിൽ പോകുന്നത് കൊച്ചു വാസുവിന് ഒരാവേശമായിരുന്നു. രണ്ടായിരുന്നു കാരണം. ഒന്ന് അവിടെ നല്ല ഭക്ഷണം കിട്ടും. രണ്ട് വലിയമ്മ തനിക്കും ജ്യേഷ്ഠനും ബസ് കൂലിക്ക് തരുന്ന 6 പൈസ കൊടുത്തു പുസ്തകം വാങ്ങി കാൽനടയായി തിരിച്ചുപോരും. 27 നാഴിക ദൂരം താനും ജ്യേഷ്ഠനും അന്ന് അങ്ങനെ യാത്ര ചെയ്തതായി എം.ടി. ഓർമ്മിക്കുന്നു.
ആരുടെയോ പക്കൽ നിന്ന് ‘രമണൻ’ പിറ്റേന്ന് രാവിലെ തിരിച്ചു കൊടുക്കാമെന്ന വ്യവസ്ഥയിൽ വാങ്ങി രാത്രി ഉറക്കമൊഴിച്ചു പകർത്തി എഴുതി തീർത്ത സാഹസികത അക്ഷരങ്ങളോടുള്ള ആ വലിയ മനുഷ്യന്റെ അദമ്യമായ സ്നേഹത്തിനും പ്രേമത്തിനും ഉദാഹരണമാണ്. ഒരു വാരികയിൽ പ്രസിദ്ധീകരിച്ചു വന്ന മലയാള സാഹിത്യകാരന്മാരുടെ ചിത്രങ്ങൾ എല്ലാം മുറിച്ചെടുത്തു ചുമരിൽ ഒട്ടിച്ച കൊച്ചു വാസുവിന്റെ ഉള്ളിൽ തുടിച്ചു നിന്നതും ആ ഭാഷാ സ്നേഹവും സാഹിത്യ പ്രേമവും തന്നെ. അഭ്രപാളികളിലും അക്ഷര നക്ഷത്രങ്ങൾ വിരിയിച്ച എം.ടി.യെത്തേടി ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും എത്തിച്ചേർന്നു.
വിണ്ണിലെ ദേവന്മാർക്ക് മനുഷ്യസ്പർശം നൽകിയ എം.ടി. തന്നെയാണ് മണ്ണിലെ മനുഷ്യരുടെ ജീവിതകഥകളെ വിണ്ണോളമുയർത്തി പിടിച്ചത്. വേലായുധനെയും സേതുവിനെയും ഗോവിന്ദൻകുട്ടിയെയും സൃഷ്ടിച്ച ആ മഹാശില്പിക്ക് മുന്നിൽ ഇതാ ദേശീയ സാഹിത്യം ശിരസ്സ് നമിച്ചു നിൽക്കുന്നു.

1996 ജനുവരി 28 ചന്ദ്രിക ദിനപത്രം ഞായറാഴ്ച സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ച റഹീം മേച്ചേരി എഴുതിയ ലേഖനം.
©Chandrika/1996
In Brief: A 1996 Chandrika tribute by Raheem Mecheri marks M.T. Vasudevan Nair’s Jnanpith Award by tracing his origins in the impoverished taravad of Koodaloor on the banks of the Nila, where childhood hardship, a voracious hunger for books, and deep rootedness in village life became the wellspring of a literary vision that elevated the ordinary people of Valluvanad to the heights of world literature.


