
ഏകദേശം അരനൂറ്റാണ്ട് മുമ്പ്. അതായത് 1929-ൽ ഞാൻ എറണാകുളം മഹാരാജാസ് കോളേജിൽ പഠിച്ചിരുന്ന കാലത്ത് താമസിച്ചിരുന്ന വടക്കേ മലബാറുകാരായ വിദ്യാർത്ഥികളുടെ വകയായ ‘ദേശബന്ധു’ ലോഡ്ജിൽ അന്തേവാസിയാകാൻ താല്പര്യപ്പെട്ടുകൊണ്ട് ഒരു ഹിന്ദി പ്രചാരകൻ വരുന്നുണ്ടെന്നു, മറ്റൊരു പ്രചാരകായി ജോലിചെയ്ത് ഞങ്ങളോടൊപ്പം താമസിച്ചിരുന്ന നാരായണൻ നായർ ഞങ്ങളെ അറിയിച്ചു. പുതിയ കൂട്ടുകാരന്റെ ആഗമനത്തെ പ്രതീക്ഷിച്ചുകൊണ്ടിരിക്കെ, തമിഴൻ മട്ടിൽ പാളത്താറ് കെട്ടിയ ഖദർ മുണ്ടും ജുബ്ബയും ധരിച്ച്, പിന്നിൽ കാറ്റിൽ പറക്കുന്ന നേരിയ വാലൻ തലമുടിയുമായി കറുത്ത ഒരു മനുഷ്യൻ വീട്ടിലേക്കു കയറിവന്നു. അദ്ദേഹമായിരുന്നു നാരായണൻ നായർ പറഞ്ഞിരുന്ന പുതിയ ഹിന്ദി പ്രചാരകനായി ജോലിക്ക് നിയമിച്ച വൈക്കം സ്വദേശിയായ പി. കൃഷ്ണപിള്ള.
കാശി വിദ്യാപീഠത്തിൽവെച്ച് ഹിന്ദി പഠനം നടത്തിയിരുന്ന കൃഷ്ണപിള്ളയ്ക്ക് ഹിന്ദി ഭാഷയിൽ നല്ല പണ്ഡിത്യവും സ്വാധീനവുമുണ്ടായിരുന്നു. മലയാളം അന്ന് നല്ലവണ്ണം സംസാരിക്കാൻ വശമുണ്ടായിരുന്നില്ല; ഇംഗ്ലീഷ് തീരെ അറിയാമായിരുന്നില്ല. കൃഷ്ണപിള്ള ഹിന്ദി ഭാഷയിലെ ഗ്രന്ഥങ്ങൾ ധാരാളം വായിച്ചിരുന്നതിനാൽ അദ്ദേഹത്തിന് സാമാന്യം എല്ലാ വിഷയങ്ങളെപ്പറ്റിയും നല്ല വിവരമുണ്ടായിരുന്നു. അധികം താമസിയാതെ കൃഷ്ണപിള്ളയുടെ വേഷവും പ്രകൃതിയുമെല്ലാം മാറി, എന്റെ ഒറ്റ സുഹൃത്തായിത്തീർന്നു. പിള്ളയുടെ സംഗീതവാസനയും ദേശാഭിമാനവുമായിരുന്നു എന്നെ അധികം ആകർഷിച്ചിരുന്നത്. വൈക്കം മണി ഭാഗവതർ പിള്ളയുടെ ആരാധ്യപുരുഷനായിരുന്നു. സുബ്രഹ്മണ്യഭാരതിയുടെ ‘എന്റുതന്തിയുമിന്ത സുതന്തിര ദാഹം’ എന്ന ദേശീയ ഗാനവും ‘ഭാരത വർഷ ഹമാരാ, പ്യാര ഭാരത വർഷ ഹമാരാ ഹൈ, ജിസ് കാ മകുട കിരീട ഹിമാചല, ഹെയ് യജ്ഞോ പവീത ഗംഗാജല’ എന്നാരംഭിക്കുന്ന ഹൃദയകർഷകമായ ദേശഭക്തിഗാനവും കൃഷ്ണപിള്ളയുടെ കണ്ഠത്തിൽനിന്ന് വികാരപരവശ്യത്തോടെ നിർഗ്ഗളിച്ചിരുന്നത് ഇന്നും എന്റെ മനസ്സിൽ അലതല്ലുന്നുണ്ട്.
ഒരു ദിവസം രാത്രി ഞങ്ങൾ ലോഡ്ജിൽ നിന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, ജനങ്ങളുടെ ശബ്ദകോലാഹലം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോൾ, കുറെ അകലെയായി ആകാശത്തിൽ ഒരു തീജ്വാല ഉയരുന്നത് കണ്ടു. ഒട്ടും താമസമുണ്ടായില്ല, കൃഷ്ണപിള്ള കൈകഴുകുവാൻ കൂടി നില്ലാതെ ഓടി ഇരുട്ടിൽ മറഞ്ഞു. കുറച്ചു കഴിഞ്ഞ് എറണാകുളം കായൽക്കരക്കടുത്തായി തീജ്വാല കണ്ട സ്ഥലത്തേക്ക് ഞങ്ങളും ചെന്നു. അപ്പോൾ ഞങ്ങൾ കണ്ടത് കത്തിയെരിഞ്ഞു നിലംപതിച്ച സിനിമാ ഷെഡ്ഡിന്റെ ഇടയിൽനിന്ന് കരിപുരണ്ട്, വാടിത്തളർന്നു വരുന്ന കൃഷ്ണപിള്ളയെയായിരുന്നു. തീയിൽ നിന്ന് ചിലരെ രക്ഷപ്പെടുത്താനും, കത്തിനശിക്കുന്നതിൽനിന്നു പല സാധനങ്ങളും വീണ്ടെടുക്കാനും. സാധിച്ചതിൽ ഞങ്ങളുടെ സ്നേഹിതൻ വളരെ കൃതാർത്ഥതയുള്ളതായി കണ്ടു.
ഒരു രാത്രി എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവപരിപാടിയുടെ ഒരു ഭാഗമായി പാലസ് മൈതാനിയിൽ വെച്ച് നടത്തിയ വെടിക്കെട്ടുകാണാൻ ഞങ്ങൾ പോയി. വഴിക്ക് വെച്ച്, ഉത്സവത്തിരക്കിനിടയിൽ മൈതാനത്തിന്റെ ഒരു മൂലയിൽ അതിരറ്റ മദ്യപിച്ച നിലയിൽ ഛർദ്ദിയിൽ മുഴുകി അവശനായി, ഒരു വൃദ്ധൻ മലർന്നുകിടക്കുന്നതു് ഞങ്ങൾ കണ്ടു. ഒട്ടും താമസമുണ്ടായില്ല, കൃഷ്ണപിള്ള ആ വൃദ്ധനെ താങ്ങിപിടിച്ചു നടത്തി, അടുത്തുള്ള ഒരു വെള്ളച്ചാലിൽ കൊണ്ടുപോയി കുളിപ്പിച്ചു വസ്ത്രം മാറ്റി, കടയിൽ ചെന്ന് അല്പം കാപ്പിയും വാങ്ങി കൊടുത്തു. സ്വന്തം വീട്ടിലേക്ക് തിരിച്ചയച്ചശേഷം വെടിക്കെട്ടുകാണാൻ വന്നു.
അടുത്ത വർഷം മാർച്ച് മാസം, എറണാകുളത്ത് വസൂരി ദീനം പടർന്നുപിടിച്ചത് നിമിത്തം കോളേജ് കാലേക്കൂട്ടി അടച്ചിരുന്നതിനാലും, ലോഡ്ജിൽ താമസിച്ചിരുന്ന ഹിന്ദി പ്രചാരകൻ നാരായണൻ നായർക്ക് പ്രസ്തുത രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടതിനാലും, ഞങ്ങളെല്ലാം സ്വദേശങ്ങളിലേക്ക് മടങ്ങി. എന്നാൽ നിരാശ്രയനും നിസ്സഹായനുമായിരുന്ന തന്റെ സഹപ്രവർത്തകനെ കൈവെടിയാതെ, അദ്ദേഹത്തെ ശുശ്രൂഷിച്ചുകൊണ്ട് കൃഷ്ണപിള്ള ലോഡ്ജിൽതന്നെ താമസിക്കുകയാണുണ്ടായത്.
അക്കൊല്ലത്തെ അത്തച്ചമയഘോഷം കാണുന്നതിന് എറണാകുളത്തുനിന്നും ഞാനും കൃഷ്ണപിള്ളയും നടന്നു പോകുന്ന അവസരത്തിലാണ് അദ്ദേഹം, മലബാറിൽ പോയി രാഷ്ട്രീയ പ്രവർത്തനത്തിൽ പങ്കെടുക്കുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. മലബാറിൽ അതിനുമുമ്പ് അദ്ദേഹം പോയിരുന്നില്ല. മഹാത്മാഗാന്ധിയുടെ സ്വാതന്ത്ര്യസമരം തന്നെ മലബാറിലേക്ക് മടിവിളിക്കുന്നതായി അദ്ദേഹത്തിന് തോന്നി. എന്തുകൊണ്ട് തന്റെ പ്രവർത്തനരംഗം സ്വന്തം നാടായ തിരുവിതാംകൂർ തന്നെ ആക്കിക്കൂടാ എന്ന് ഞാൻ ചോദിച്ചപ്പോൾ, ബ്രിട്ടീഷുകാരുടെ അടിമകളായ നാട്ടുരാജാക്കന്മാർ സമരത്തിന് തുല്യ എതിരാളികളായി താൻ കരുതുന്നില്ലെന്നും, ബ്രിട്ടീഷ് സിംഹത്തെ നേരിട്ടുതന്നെ മലബാർ പ്രദേശത്തു വെച്ച് എതിരിടുന്നതിലാണ് തനിക്ക് താല്പര്യമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. അധികദിവസങ്ങൾ കഴിയുന്നതിനു മുമ്പ് കൃഷ്ണപിള്ള തന്റെ ഹിന്ദി പ്രചാരക ജോലി ഉപേക്ഷിച്ച് മലബാറിലേക്ക് കടന്നു. ആ അവസരം ഗാന്ധി-ഇർവിൻ സന്ധിയുടെ കാലമായിരുന്നതിനാൽ അദ്ദേഹം, ആചാര്യ വാസ്വാനിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഭാരത് യുവക് സംഘത്തിന്റെ പ്രചാരകനായി പ്രവർത്തിച്ചു. എറണാകുളത്ത് അതിന്റെ ശാഖ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതായി സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം കോഴിക്കോട്ടുനിന്ന് എനിക്ക് ഒരു കത്തെഴുതിയിരുന്നു.
പിന്നീട് ഞാൻ കൃഷ്ണപിള്ളയെ കണ്ടത് 1931-ൽ സ്വാതന്ത്ര്യസമര പോരാളിയെന്ന നിലയിൽ ജയിൽവാസം കഴിച്ച് തിരിച്ചുവന്നപ്പോഴായിരുന്നു. തൃശ്ശിനാപ്പള്ളി സെൻട്രൽ ജയിലിൽ അദ്ദേഹം ഉണ്ടായിരുന്നപ്പോഴായിരുന്നു അസംബ്ലി ബോംബുകേസിൽ ഭഗത് സിംഗിനോടൊപ്പം പ്രതിയായിരുന്ന ഭൂതകേശ്വരദത്ത് അവിടെ വെച്ച് ജലപാനംപോലും ചെയ്യാതെയുള്ള നിരാഹാര വ്രതം അനുഷ്ഠിച്ചത്. ദത്തിന്റെ ദയനീയാവസ്ഥയിൽ അനുതാപം പ്രദർശിപ്പിക്കുന്നതിന് ഒരു സത്യാഗ്രഹിയായിരുന്ന കൃഷ്ണപിള്ള ആരംഭിച്ച നിരാഹാര വ്രതം ജയിലധികൃതരെ ചൊടിപ്പിച്ചു. അവർ അദ്ദേഹത്തിന്റെ കാലിനും കൈക്കും വിലങ്ങിട്ട് കോൽ ചങ്ങലകൊണ്ടു ബന്ധിച്ച് ഏകാന്ത തടവിലിട്ട് കഷ്ടപ്പെടുത്തിയെങ്കിലും, അദ്ദേഹത്തിന്റെ കരളുറപ്പിനെ അണുമാത്രം ചലിപ്പിക്കാൻ അവർക്ക് സാധിച്ചില്ല. കോഴിക്കോട് കടപ്പുറത്തു വെച്ച് ത്രിവർണ്ണ പതാകയെ പോലീസിന് വിട്ടുകൊടുക്കാതിരിക്കാൻ വേണ്ടി പതാക മാറോടു ചേർത്തു ലാത്തിയടികൾക്ക് വഴങ്ങാതെ പൂഴിയിൽ കമിഴ്ന്നു കിടന്നു, പ്രശസ്തി സമ്പാദിച്ച ആളായിരുന്നല്ലോ, കൃഷ്ണപിള്ള. എന്റെ സഹായത്തോടുകൂടി കൃഷ്ണപിള്ള തന്റെ ജയിലനുഭവങ്ങളെപ്പറ്റി തയ്യാറാക്കി അയച്ച പ്രസ്താവന ‘മാതൃഭൂമി’ പത്രത്തിൽ പ്രസിദ്ധീകരിക്കാൻ തന്നെ കുറെ നാളുകളെടുത്തു. ഞങ്ങളിരുവരും കൂടി കൊച്ചിയിൽ ചെന്ന് ‘ഹിന്ദു’ പത്രത്തിന്റെ അന്നത്തെ ലേഖകനായിരുന്ന സച്ചിത്തിനെ കണ്ടു നൽകിയ വിവരങ്ങൾ പ്രസ്തുത പത്രം പ്രസിദ്ധീകരിച്ചില്ല. കാരണം, വിപ്ലവകാരികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പത്രപംക്തികളിൽ സ്ഥാനം നൽകാൻ അക്കാലത്ത് പത്രഉടമകൾ ധൈര്യപ്പെട്ടിരുന്നില്ല. ആരുടെയും കരളലിയിപ്പിക്കുന്ന നരകയാതനകളടങ്ങിയവയായിരുന്നു തൃശ്ശിനാപ്പള്ളി ജയിലിലെ അന്നത്തെ അനുഭവങ്ങളടങ്ങിയ ആ പ്രസ്താവന. ജയിൽവാസം കഴിഞ്ഞ് തിരിച്ചെത്തിയ കൃഷ്ണപിള്ള അപ്പോഴേക്കും ഇംഗ്ലീഷ് ഭാഷ കേട്ടാൽ മനസ്സിലാക്കാനുള്ള കഴിവ് നേടിക്കഴിഞ്ഞിരുന്നു.
കോഴിക്കോട്ടുനിന്ന് കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂരിലേക്ക് പുറപ്പെട്ട ഉപ്പുസത്യാഗ്രഹ പദയാത്രയിൽ കൃഷ്ണപിള്ള വൈസ് ക്യാപ്റ്റനായിരുന്നു. ജാഥയിൽ പിള്ള പാടിയിരുന്ന സത്യാഗ്രഹഗാനങ്ങൾ ജാഥാംഗങ്ങളിലും ജനങ്ങളിലും ആവേശം പകരാൻ പര്യാപ്തങ്ങളായിരുന്നു.
ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹഭടന്മാരിൽ എ. കെ. ഗോപാലന്റെ തൊട്ടു പിൻഗാമിയായിരുന്നു കൃഷ്ണപിള്ള. ഗോപാലന്റെ ബന്ധുവും കൃഷ്ണപിള്ളയുടെ സുഹൃത്തുമായിരുന്ന മറ്റൊരു സത്യാഗ്രഹഭടനായിരുന്നു എ. കെ. പത്മനാഭൻ നമ്പ്യാർ. അദ്ദേഹം എന്നോട് പറഞ്ഞ ഒരു സംഭവം കൂടി ഞാൻ ഇതിൽ ഉൾപ്പെടുത്തുന്നത് അസ്ഥാനത്തിലാവുകയില്ലെന്ന് കരുതുന്നു. ഗുരുവായൂർ നടയിൽ പൊരിവെയിലത്തു നിന്ന് സത്യാഗ്രഹമനുഷ്ഠിച്ചിരുന്ന എ. കെ. ഗോപാലന്റെയും മറ്റും കാൽ പുറത്ത് പൂഴിയിട്ടു, കാൽ മടമ്പ് കൊണ്ട് തിരിച്ച് തോലുരിച്ച് ചോരവരുത്തുന്നത് കണ്ട് കൃഷ്ണപിള്ളയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല. തന്റെ സുഹൃത്തായ പത്മനാഭൻ നമ്പ്യാരുമായി ആലോചിച്ച് കൃഷ്ണപിള്ള ഒരു പ്രതികാര നടപടി ആസൂത്രണം ചെയ്തു. പുലരാൻ ഏഴര നാഴികയുള്ളപ്പോൾ, വാകച്ചാർത്തിനായി മേൽശാന്തി കുളിച്ച് തിരിച്ചുപോകുന്ന സമയത്ത്, അതുവരെ കുളപ്പുരക്കടുത്ത് കഴുത്തോളം വെള്ളത്തിൽ ഇരുട്ടിൽ ഒളിച്ചിരുന്ന രണ്ടുപേരും, ഒച്ചപ്പെടാതെ പിന്നാലെപോയി അമ്പലത്തിനകത്ത് പ്രവേശിച്ചു. മറ്റു മാർഗ്ഗങ്ങളിലെല്ലാം പോലീസ് പാറാവുണ്ടായിരുന്നുവെന്നത് പ്രസ്താവ്യമാണ്. അകത്തുകടന്ന ഉടനെ പിള്ളയും നമ്പ്യാരും മണ്ഡപത്തറയിന്മേൽ കയറി മണിയടിച്ചു. മണിയടിശബ്ദം കേട്ട മാത്രയിൽ ബ്രാഹ്മണരും മറ്റു മേൽജാതിക്കാരുമായി അമ്പലത്തിനകത്തുള്ളവർ രണ്ടു പേരെയും വളഞ്ഞു. കൃഷ്ണപിള്ളയും നമ്പ്യാരും പുറത്തോട്ടുപുറം ചേർന്നുനിന്നു ചുറ്റും കൂടിയിരുന്നവരെ പൊതിരെ തല്ലിയോടിച്ചശേഷം വെളിയിലേക്ക് കടന്നു. അതോടുകൂടി സത്യാഗ്രഹികളുടെ നേരെ പുറത്തുവെച്ചുള്ള ആക്രമവും അവസാനിച്ചു.
കോൺഗ്രസ്സ്കാരനായിരുന്നപ്പോഴും കമ്യൂണിസ്റ്റ് ആയിമാറിയ ശേഷവും ആദർശത്തിനുവേണ്ടി തന്റെ സകല കഴിവുകളും കൃഷ്ണപിള്ള അടിയറവെച്ചിരുന്നു. പോലീസ് മർദ്ദനം ഇത്രയധികം സഹിച്ച ഒരു സത്യാഗ്രഹി കേരളത്തിൽ വേറെയുണ്ടായിരുന്നില്ല. നാളെയെപ്പറ്റി അദ്ദേഹം വ്യാകുലപ്പെട്ടിരുന്നില്ല. കായിക ദണ്ഡങ്ങൾക്ക് അദ്ദേഹത്തിന്റെ ആദർശനിഷ്ഠയെ തകർക്കാൻ സാധിച്ചില്ല. ഫലേച്ഛകൂടാതെ കർമ്മനിരതമായ ജീവിതം രാഷ്ട്രത്തിനുവേണ്ടി സമർപ്പിച്ച കൃഷ്ണപിള്ളയ്ക്ക് സദൃശനായ ഒരു വ്യക്തിയെ ഇന്ന് രാഷ്ട്രീയ നേതാക്കളുടെ ഇടയിൽ കാണാൻ പ്രയാസമാണ്.
1977 ഓഗസ്റ്റ് 28 ദേശാഭിമാനി വാരികയിൽ പി. കൃഷ്ണപിള്ളയെ അനുസ്മരിച്ച് കെ. ടി. കുഞ്ഞിക്കേളപ്പൻ നമ്പ്യാർ എഴുതിയ ലേഖനം.
©Deshabhimani/1977