
മൗനത്തിന്റെ ഭാഷയാണ് അരവിന്ദന്റെ ഭാഷ — എം. എ. റഹ്‌മാൻ
മലയാള ചലച്ചിത്രലോകത്തിലെ ദാർശനികനായ ചലച്ചിത്രകാരൻ, വിഖ്യാതനായ കാർട്ടൂണിസ്റ്റ്, സംഗീതജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനാണു ജി. അരവിന്ദൻ. 1974-ൽ പുറത്തിറങ്ങിയ ഉത്തരായനം ആണ് അരവിന്ദന്റെ ആദ്യ ചിത്രം. അടൂർ ഗോപാലകൃഷ്ണൻ, ജോൺ അബ്രഹാം എന്നിവർക്കൊപ്പം മലയാള സിനിമയിൽ നവതരംഗത്തിന് നേതൃത്വം നൽകിയ ജി. അരവിന്ദനെ കുറിച്ച് പ്രമുഖ സാംസ്‌കാരിക പ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനുമായ എം.എ. റഹ്‌മാൻ തന്റെ ആദ്യ ഓർമ്മ പങ്കു വയ്ക്കുകയുണ്ടായി.
1974-ൽ റഹ്‌മാന്റെ ബിരുദകാലയളവിൽ കോഴിക്കോട് സർവകലാശാല പീച്ചിയിൽ സംഘടിപ്പിച്ച സർഗ്ഗസംവാദം ക്യാമ്പിലാണ് അരവിന്ദനെ ആദ്യമായി കണ്ടത്. അന്ന് പല പ്രമുഖ പ്രതിഭകൾക്കൊപ്പം അരവിന്ദനും ആ പരിപാടിയിൽ പങ്കെടുത്തിരുന്നു. പല കലാകാരൻമാരോടായി കുട്ടികൾ നിങ്ങൾക്കെന്താണ് ഇഷ്ടം എന്ന് ചോദിച്ചപ്പോൾ അരവിന്ദന്റെ ഉത്തരം എനിക്ക് ഒന്നും മിണ്ടാതെ ഇരിക്കുന്നതാണ് ഇഷ്ടം എന്നായിരുന്നു.
അന്ന് അതിനർത്ഥം റഹ്‌മാനു മനസിലായില്ല എന്നാൽ പിൻകാലത് മൗനത്തിന്റെ ഭാഷയാണ് അരവിന്ദന്റെ ഭാഷ എന്ന് റഹ്‌മാൻ മനസ്സിലാക്കി.
“അരവിന്ദന്റെ സിനിമകൾ ഒരു ധ്യാനം പോലെയാണ്. വാക്കുകൾ തോൽക്കുന്നിടത്ത് ദൃശ്യങ്ങൾ സംസാരിക്കണമെന്ന നിർബന്ധബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു,” എന്നും റഹ്‌മാൻ പറഞ്ഞു.
1991-ൽ ഖത്തറിൽ സംഘടിപ്പിച്ച ജി. അരവിന്ദൻ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എം. റഹ്‌മാൻ.