
ബാപ്പക്ക് ഖബറൊരിക്കി മയ്യത്തിനായി കാത്തിരിക്കെ ജീവനോടെ ബാപ്പ വരുന്നു
വാപ്പയുടെ മരണവാർത്തയുമായി വന്ന മകന്റെ സാന്നിധ്യത്തിൽ മയ്യത്തടക്കാൻ പള്ളിപ്പറമ്പിൽ കുഴിവെട്ടി ശവസംസ്കാരത്തിൽ പങ്കുകൊള്ളാൻ ബന്ധുക്കൾ കരഞ്ഞുകൊണ്ടോടിയെത്തി. അപ്പോഴുണ്ട് “മരിച്ചു”പോയ വാപ്പ നടന്നുവരുന്നു.
വാടാനപ്പള്ളി, ജൂൺ 14: കോളറ വ്യാധിയുടെ പശ്ചാത്തലത്തിൽ ഇന്നലെ തളിക്കുളം പരിസരത്ത് നിന്നു വേദനാജനകമായ ഒരു വാർത്ത ലഭിക്കുകയുണ്ടായി. ആസ്പത്രിയിൽ കിടക്കുന്ന പിതാവ് മരിച്ചുപോയെന്ന തെറ്റായ ധാരണയിൽ മയ്യത്ത് മറവ് ചെയ്യാൻ സ്വന്തം മകന്റെ സാന്നിധ്യത്തിൽ കുഴിവെട്ടി ശവസംസ്കാര പരിപാടികൾ തയ്യാറാക്കിയതാണാ സംഭവം.
പാലം വരുന്നതിനു മുൻപ് കണ്ടശാങ്കടവിൽ കടത്തു വഞ്ചിക്കാരനായിരുന്ന സെയ്തു മുഹമ്മദ് എന്നയാളുടെ 16 വയസ്സുള്ള മകൾ കോളറ പിടിപെട്ട് മരിച്ചു. അടുത്ത ദിവസം മുതൽ സെയ്തു മുഹമ്മദ് സുഖക്കേട് ആരംഭിച്ചു. മകനും ബന്ധുക്കളും ചേർന്ന് വാപ്പയെ തൃശ്ശൂർ ആസ്പത്രിയിൽ എത്തിച്ചു മടങ്ങിപ്പോന്നു. അടുത്ത ദിവസം മകൻ ആസ്പത്രിയിൽ ചെന്നപ്പോൾ തലേദിവസം കിടത്തിയ സ്ഥലത്ത് വാപ്പയെ കണ്ടില്ല. ആരെയും വിഷമിപ്പിക്കുന്ന വിധം 200 ഓളം രോഗികൾ അവിടെ അവശനിലയിൽ കിടപ്പുണ്ടായിരുന്നു. അയാൾ ആകെ ഒന്നു കണ്ണോടിച്ചു നോക്കി, വാപ്പയെ കാണാൻ കഴിഞ്ഞില്ല. അവിടെ കണ്ട പലരോടും അയാൾ വ്യഗ്രതയോടെ തിരക്കി, ആരും സെയ്തു മുഹമ്മദിനെ അറിയില്ല. അപ്പോൾ അതിലെ ഇഞ്ചക്ഷൻ സിറിഞ്ചുമായി വരുന്ന ഒരു നേഴ്സിനോട് അയാൾ തൊണ്ടയിടറിക്കൊണ്ട് ചോദിച്ചു: “കോളറ പിടിപെട്ട എന്റെ വാപ്പ എവിടെയാണ്?” — “ആരൊ ഒരാൾ കുറെ മുമ്പ് മരിച്ചിട്ടുണ്ട്, ശവമുറിയിൽ കിടത്തിയിട്ടുണ്ടാകാം,” നടന്നു നീങ്ങിയ നേഴ്സ് അലക്ഷ്യമായി പറഞ്ഞു.
സഹോദരിയുടെ മരണത്തിനുശേഷം പിന്നാലെതന്നെ ബാപ്പയുടെ വിരഹവും തീർച്ചയായപ്പോൾ ആ മനുഷ്യൻ നേരെ ബസ് സ്റ്റാൻഡിലേക്കാണ് നടന്നത്. അടുത്ത മണിക്കൂറിൽ അയാൾ വീട്ടിലെത്തിച്ചേരുകയും വിവരങ്ങൾ വേണ്ടപ്പെട്ടവരെ പെട്ടെന്ന് പെട്ടെന്ന് അറിയിക്കുകയും ചെയ്തു. ഏതാനും പേർ ശവം കൊണ്ടുവരാൻ തൃശ്ശൂരിലേക്കു നീങ്ങി. കോളറ മരണമെന്നതിനാൽ ശവസംസ്കാരം വേണമല്ലോ. മകന്റെ സാന്നിധ്യത്തിൽ പള്ളിപ്പറമ്പിൽ ശവക്കുഴി തയ്യാറാക്കപ്പെട്ടു. ബന്ധുമിത്രാദികൾ വന്നെത്തി. മയ്യത്ത് സംസ്കരണത്തിന് വേണ്ടിയുള്ള എല്ലാ ഏർപ്പാടുകളും ചെയ്തു കഴിഞ്ഞു. അപ്പോഴാണ് മയ്യത്തിന് പോയവർ മരിക്കാത്ത സെയ്തു മുഹമ്മദിനേയും കൊണ്ട് തിരിച്ചുവരുന്നത്. എല്ലാവരും വിഷണ്ണരായി നോക്കിനിന്നു.
ആസ്പത്രിയിൽ വച്ച് സുഖക്കേട് കുറെയൊന്നു ഭേദമായപ്പോൾ സെയ്തു മുഹമ്മദിനെ മറ്റൊരു വാർഡിലേക്കു മാറ്റിയിരിക്കുകയായിരുന്നു. ഇപ്പോൾ അയാൾക്ക് പരിപൂർണ്ണ സുഖമായിരിക്കുന്നു.
1965 ജൂൺ 6, തൃശൂരിൽ നിന്ന് പുറത്തിറങ്ങിയിരുന്ന തൊഴിലാളി ദിനപത്രത്തിൽ പ്രസിദ്ധീരകരിച്ച വാർത്ത.
Source: Granthappura Kerala Digital Archive
In Brief: A cholera outbreak near Thalikkulam led to a bizarre mix-up when a son, unable to find his father Saithu Muhammad in the crowded Thrissur hospital, assumed he had died and rushed home to arrange the funeral. A grave was dug and relatives gathered in grief — only for Saithu Muhammad to walk in alive, having been quietly shifted to another ward as his condition improved. This incident was reported in the daily named ‘Thozhilali’ from Thrissur on June 6, 1965.


