Malayala Manorama
മലയാള മനോരമ

ബോംബെ: തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മയ്ക്ക് തിങ്കളാഴ്ച പ്രോസ്‌റ്റേറ്റ് ശസ്ത്രക്രിയ നടത്തും.

ചില പരിശോധനകൾ കൂടി നടത്താനുണ്ട്. അസാധാരണമായി എന്തെങ്കിലും പരിശോധനയിൽ കണ്ടെങ്കിൽ മാത്രമേ ശസ്ത്രക്രിയ മറ്റൊരു ദിവസത്തേക്ക് മാറ്റൂ എന്ന് പ്രശസ്ത യൂറോളജിസ്റ്റ് ഡോ. പി. എൻ. കൊളാബാവാല പറഞ്ഞു.

ഇതേവരെയുള്ള പരിശോധനയിൽ പ്രത്യേക അസുഖമൊന്നും മഹാരാജാവിന് ഉള്ളതായി കണ്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും പൂർണ്ണമായി ഉറപ്പു വരാൻ പരിശോധനയെല്ലാം കഴിയണം. പ്രാഥമിക പരിശോധനയിൽ മഹാരാജാവിന്റെ വൃക്കകൾക്കു കുഴപ്പമൊന്നുമില്ല.

ജസ്‌ലോക് ആശുപത്രിയിലെ പതിനാറാം നിലയിൽ പതിനാറാം നമ്പർ മുറിയിൽ കഴിയുന്ന മഹാരാജാവിനു പ്രത്യേകിച്ച് അസ്വസ്ഥതകളൊന്നുമില്ല.

“വലിയമ്മാവനു കുഴപ്പമൊന്നുമില്ല. ആഹാരത്തിൽ വലിയ നിയന്ത്രണങ്ങളൊന്നും ഡോക്ടർ പറഞ്ഞിട്ടുമില്ല”—സഹോദരി പുത്രി ഗൗരി പാർവ്വതീഭായി പറഞ്ഞു.

എന്നാൽ, തീർത്തും അപരിചിതമായ ഒരു അന്തരീക്ഷത്തിലാവും മഹാരാജാവിന്റെ തിരുവോണ സദ്യ. കവടിയാർ കൊട്ടാരത്തിന്റെ രാജകീയ പ്രൗഢിക്കു പുറത്ത് ആദ്യമായി ഒരു ഓണ സദ്യ. നാലു കൂട്ടിയാണെങ്കിലും ചെറിയൊരു ഊണ്. രാമാലയത്തിൽ തയ്യാറാക്കിയ സദ്യ.

പരിശോധനകൾ നടക്കുന്നതിനാൽ മധുരം അധികം വേണ്ടെന്ന നിബന്ധന മാത്രമേ രാജകുടുംബത്തിന്റെ അടുത്ത സുഹൃത്ത് കൂടിയായ ഡോ. കൊളാബാവാല നിർദ്ദേശിച്ചിട്ടുള്ളൂ.

1987 സെപ്റ്റംബർ 05 മലയാള മനോരമയിൽ പ്രസിദ്ധീരകരിച്ച വാർത്ത.
©MalayalaManorama/1987

In Brief: Travancore Maharaja Sree Chithira Thirunal Balarama Varma was scheduled to undergo prostate surgery on Monday at Jaslok Hospital in Bombay, with renowned urologist Dr. P. N. Kolabawala confirming that preliminary tests showed no serious complications with his overall health. The surgery would only be postponed if further tests revealed unexpected concerns. Despite the hospital setting, the Maharaja observed Thiruvonam with a modest traditional feast prepared by Ramalayam, with doctors advising only a restriction on sweets during the ongoing medical tests.