
വിദേശീയ ശക്തിയെ ഇന്ത്യയിൽ നിന്നും നിഷ്ക്കാസനം ചെയ്തു രാഷ്ട്രീയാധികാരം ഇന്ത്യക്കാർ തന്നെ കരസ്ഥമാക്കിയിട്ട് അഞ്ചു വർഷത്തിലധികമായി. നാട്ടുരാജ്യങ്ങളിലെ ഉത്തരവാദിത്വ ഭരണപ്രസ്ഥാനങ്ങളും ഇന്ത്യയിൽ പൊതുവിൽ നടന്ന ദേശീയപ്രസ്ഥാനത്തിന്റെ ഭാഗങ്ങളായിരുന്നു. ആ പ്രസ്ഥാനങ്ങൾക്കും ദേശീയ സമരത്തിന് ഉണ്ടായിരുന്നതുപോലെ നിശ്ചിതമായ ഒരു ലക്ഷ്യമാണ് ഉണ്ടായിരുന്നത്. ഏകാധിപത്യഭരണം അവസാനിപ്പിച്ച് ജനങ്ങളോട് ഉത്തരവാദിത്വപ്പെട്ട ഭരണസമ്പ്രദായം നടപ്പിലാക്കുക എന്നതായിരുന്നു ആ ലക്ഷ്യം. അത് ഇന്ന് നേടിക്കഴിഞ്ഞു. ഇന്നത്തെ രാഷ്ട്രീയ കർത്തവ്യം ദേശീയ സമരകാലത്ത് ഉണ്ടായിരുന്നത് അല്ലെന്ന് വ്യക്തമാണ്, ഇന്നത്തെ ലക്ഷ്യം എന്താണ്? എന്തായിരിക്കണം? ജനങ്ങളുടെ രാഷ്ട്രീയകർത്തവ്യം എന്താണ്? ഇതാണ് നമുക്ക് ആലോചിക്കേണ്ടത്.
രാഷ്ട്രീയത്തെക്കുറിച്ചും അത് കൈ വരുത്താൻ സ്വീകരിക്കേണ്ട പ്രവർത്തന മാർഗ്ഗത്തെക്കുറിച്ചും വ്യക്തമായ അഭിപ്രായങ്ങൾ നമ്മുടെ നാട്ടിലെ ജനങ്ങൾക്കുണ്ടാവുകയാണെങ്കിൽ അതായിരിക്കും ജനാധിപത്യത്തിന്റെ വിജയം. ഇന്ന് രാഷ്ട്രീയ ചുമതലകളെ കുറിച്ചും, രാജ്യത്തെ നേരിടുന്ന അടിസ്ഥാനപരമായ പ്രശ്നങ്ങളെക്കുറിച്ചും ജനസാമാന്യത്തിന് വേണ്ടിടത്തോളം അറിവുണ്ടായിട്ടുണ്ടോ? പല രാഷ്ട്രീയഭിപ്രായഗതികളും ഇവിടെ പ്രചാരത്തിലുണ്ട്. അവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്തമായി നിലനിൽക്കുന്ന രാഷ്ട്രീയകക്ഷികളും ഉണ്ട്. എന്നാൽ ഈ രാഷ്ട്രീയകക്ഷികൾക്ക് ജനസാമാന്യം നൽകുന്ന പിന്തുണ ബോധപൂർവ്വമുള്ളതാണോ?
ഓരോ രാഷ്ട്രീയകക്ഷിയുടെയും പരിപാടി എന്തെന്നും, അവർ വിഭാവനം ചെയ്യുന്നതും, അധികാരത്തിൽ വന്നാൽ നടപ്പിലാക്കുന്നതോ നടപ്പിലാക്കിയേക്കാവുന്നതോ ആയ ഭരണരീതിയും സാമൂഹ്യഘടനയും എന്തെന്നും മനസ്സിലാക്കിക്കൊണ്ട് തന്നെയാണോ ജനങ്ങൾ അവർക്ക് പിന്തുണ നൽകിയിട്ടുള്ളത്? മറ്റൊരുതരത്തിൽ പറയുകയാണെങ്കിൽ ജനാധിപത്യ സമ്പ്രദായത്തിൽ പ്രതീക്ഷിക്കപ്പെടുന്നത് പോലെ രാഷ്ട്രീയകക്ഷികളെ കുറിച്ച് വ്യക്തമായ വീക്ഷണം ജനസാമാന്യത്തിനു ഉണ്ടോ? ഇതിനെ കുറിച്ചാണ് ഞാൻ ആലോചിക്കുന്നത്.
നമ്മുടെ നാട്ടിലെ ജനങ്ങൾ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ഉള്ളവരെക്കാൾ വളരെ കൂടുതൽ ഉൽബുദ്ധരും രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നവരും ആണ്. എന്നിരിക്കലും ഇവിടത്തെ ജനസാമാന്യത്തിന് ഇന്നും വ്യക്തമായ ഒരു രാഷ്ട്രീയ വീക്ഷണം ഉണ്ടായിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒരു ദീർഘകാല വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ അപ്പപ്പോൾ ഉണ്ടാകുന്ന സംഭവങ്ങളെയും പ്രശ്നങ്ങളെയും വിലയിരുത്തി നിർണയിക്കുക എന്ന സ്വഭാവം ജനങ്ങളിൽ ഇനിയും വളർന്നുവരേണ്ടത് ആയിട്ടാണ് ഇരിക്കുന്നത്.
നാം താൽക്കാലിക കാര്യങ്ങളിൽ മാത്രം വ്യാപൃതരാകുകയാണെങ്കിൽ അടിസ്ഥാനപരമായ യഥാർത്ഥ രാഷ്ട്രീയലക്ഷ്യം പലപ്പോഴും വിസ്മരിക്കപ്പെട്ടു പോകുന്നതാണ്. ജനാഭിപ്രായം പലപ്പോഴും അവ്യവസ്ഥിതവും ചിലപ്പോൾ പൂർവ്വാപര വിരുദ്ധം പോലും ആകാറുണ്ട്. സ്ഥായിയായ ഭരണ വ്യവസ്ഥിതി ജനാധിപത്യമായിരിക്കണമോ ഏകാധിപത്യമായിരിക്കണമോ എന്നതിനെ പറ്റി പോലും വിവേകമുള്ളവർ കൂടിയും വേണ്ടതുപോലെ ചിന്തിക്കുന്നുണ്ടോ എന്ന് സംശയമാണ്. ഏതു രാഷ്ട്രീയകക്ഷിയെ കുറിച്ചാണ് എങ്കിലും വ്യക്തമായ രാഷ്ട്രീയ വീക്ഷണം ജനങ്ങൾക്കുണ്ടായിരിക്കണം എന്നത് ജനാധിപത്യത്തിന്റെ വിജയകരമായ പ്രവർത്തനത്തിന് ആവശ്യമാണ്. എന്താണ് ജനാധിപത്യ ഭരണം? ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ തന്നെ നടത്തുന്ന ജനകീയ ഭരണം എന്നതാണ് ജനാധിപത്യത്തിന്റെ പ്രചുര പ്രചാരമായ നിർവചനം. ജനങ്ങൾക്ക് ആവശ്യമായത് എന്തെന്ന് ജനങ്ങൾക്ക് തന്നെ ബോധം ഉണ്ടായിരിക്കണം. അതില്ലെങ്കിൽ ജനാധിപത്യം അർത്ഥശൂന്യമാകും. “കാര്യമൊന്നും നിങ്ങൾ അറിയേണ്ടതില്ല. ഞങ്ങൾ എല്ലാം ശരിയാക്കിത്തരാം. അധികാരം മാത്രം ഞങ്ങളെ ഏൽപ്പിക്കുക.” എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങളെ സമീപിക്കുന്നവർക്ക് ജനാധിപത്യത്തിൽ വിശ്വാസമില്ലെന്നതിന് മറ്റ് തെളിവൊന്നും ആവശ്യമില്ല. രാജ്യത്തെ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കാതെ അതിനുള്ള കുത്തകയും അതോടുകൂടി അധികാരവും എന്തെങ്കിലും താൽക്കാലിക പ്രേരണകൾ കൊണ്ടോ വികാര ആവേശം കൊണ്ട് ആരെയെങ്കിലും ഏൽപ്പിക്കുവാൻ ഏതെങ്കിലും ജനസമൂഹം തയ്യാറാവുകയാണെങ്കിൽ, അവർ ജനാധിപത്യത്തെയും തീറെഴുതിയിരിക്കുമെന്നതിന് സംശയമില്ല.
അതുപോലെതന്നെ അപകടം പിടിച്ച മറ്റൊരു മനോഭാവമുണ്ട്. “ആരു വേണമെങ്കിലും ഭരിച്ചു കൊള്ളട്ടെ. ഞങ്ങൾക്കൊന്നുമില്ല” എന്ന അഭിപ്രായം ചിലർ പ്രകടിപ്പിച്ചു കേൾക്കാറുണ്ട് ഇതിന്റെ ഫലം ഏകാധിപത്യം ആയിരിക്കുമെന്ന് വ്യക്തമാണ്. ആരു ഭരിക്കണം എന്നതിൽ നിർബന്ധമില്ലെങ്കിലും എങ്ങനെ ഭരിക്കണം എന്നതിൽ നിർബന്ധം ഉണ്ടായിരിക്കണം. അതുകൊണ്ട് ജനാധിപത്യത്തിലും ജനങ്ങളിലും വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും പ്രഥമ കർത്തവ്യം രാജ്യത്തെ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളെ ജനങ്ങളുടെ മുമ്പിൽ വയ്ക്കുകയും അതിന് തങ്ങൾ നിർദ്ദേശിക്കുന്ന പരിഹാരമാർഗ്ഗം എന്തെന്ന് വിശദീകരിക്കുകയുമാണ്.
ഇന്നത്തെ രാഷ്ട്രീയപ്രവർത്തനത്തിൽ പ്രസ്ഥാനപരമായും വ്യക്തിപരമായും ഉള്ള ഭത്സനങ്ങളും പകവീട്ടലും വളരെ കൂടുതൽ നടക്കുന്നത് ദൗർഭാഗ്യകരമാണ്. അടിസ്ഥാന പ്രശ്നങ്ങളെയും അതിനെ സംബന്ധിക്കുന്ന സമീപനരീതിയേയും കുറിച്ച് ഓരോ കക്ഷികളും പ്രചരണം നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ മാത്രം ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്യുകയാണെങ്കിൽ, ഭരിക്കുന്നത് ആര് തന്നെയായിരുന്നാലും ആശാസ്യമായ രാഷ്ട്രീയ പ്രവർത്തന രീതികൾ നിലവിൽ വരികയും, നമ്മുടെ രാജ്യത്തിൽ ജനാധിപത്യം സുദൃഢമായുകയും ചെയ്യുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ ഇന്ന് വ്യക്തിപ്രധാനവും വികാരപ്രധാനവുമായ പ്രചരണങ്ങൾ വളരെയേറെ നടക്കുന്നുണ്ട്. ആശാസ്യമായ ഒരു രാഷ്ട്രീയ പ്രവർത്തന സമ്പ്രദായം നിലവിൽ വരുത്തുക എന്നത് ഒരു കക്ഷിയുടെ മാത്രമല്ല എല്ലാ രാഷ്ട്രീയകക്ഷികളുടെയും ചുമതലയാണ്. ഭക്ഷ്യ ദൗർലഭ്യം, തൊഴിലില്ലായ്മ, വ്യവസായിക അധപതനം എന്നു തുടങ്ങി സുപ്രധാനങ്ങളായ അനവധി ജീവൽപ്രശ്നങ്ങൾ ഇന്നുണ്ട്. ഇവയെ എങ്ങനെ നേരിടണം? ഏതു മാർഗം അവലംബിക്കുകയാണെങ്കിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സാധിക്കും? ഈ കാര്യങ്ങളെക്കുറിച്ച് എത്ര ചൂടുപിടിച്ച വാദപ്രതിവാദങ്ങൾ ഉണ്ടായാലും അത് സ്വാഗതാർഹമാണ്. അത് രാഷ്ട്രീയ ചിന്തയിൽ വളർച്ചയെത്തിയ ഒരു ജനവിഭാഗമാണ് ഇവിടെയുള്ളതെന്ന് തെളിയിക്കും. എന്നാൽ ഇന്ന് നമ്മുടെ നാട്ടിൽ യുക്തിയധിഷ്ഠിതമായ വിവാദവും, അതില്ലാത്ത ഭത്സനവും എവിടെ തുടങ്ങുന്നു എവിടെ അവസാനിക്കുന്നു എന്ന് വേർ തിരിച്ചറിയുവാൻ പാടില്ലാത്ത രീതിയിൽ ഇടകലർന്നതായി തീർന്നിരിക്കുകയാണ്. ഞാൻ പ്രത്യേകിച്ച് ഒരു രാഷ്ട്രീയകക്ഷിയെയും പരാമർശിക്കുകയല്ല. പൊതുവിൽ തികച്ചും നിഷേധരൂപത്തിലുള്ള രാഷ്ട്രീയ പ്രചാരണ സമ്പ്രദായം ജനാധിപത്യത്തിന് യോജിച്ചതല്ല. തികഞ്ഞ ഉത്തരവാദിത്വബോധത്തോടെ കൂടി പൊതുരംഗത്ത് പ്രവർത്തിക്കുവാനും പറയുവാനും രാഷ്ട്രീയ പ്രവർത്തകർ തയ്യാറാവുകയാണെങ്കിൽ അവരുടെ രാഷ്ട്രീയ അഭിപ്രായം എന്തുതന്നെയായാലും അത് അഭികാമ്യമായ ഒരു രാഷ്ട്രീയ പ്രവർത്തനരീതി വളർത്തിക്കൊണ്ടു വരുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഇന്നത്തെ പ്രമുഖ രാഷ്ട്രീയ കർത്തവ്യം എന്തെന്നതിനെക്കുറിച്ചാണല്ലോ ഞാൻ പറഞ്ഞു കൊണ്ടുവന്നത്. എന്താണ് ഇന്ന് നമുക്ക് നേരിടേണ്ടുന്ന പ്രശ്നങ്ങൾ? അവയേ പരിഹരിക്കുന്നതിന് എന്തു പരിപാടി സ്വീകരിക്കണം? ഇതാണല്ലോ നാം ഓരോരുത്തരും ചിന്തിക്കേണ്ടത്. ഇന്ന് നമുക്ക് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലെന്നോ എല്ലാ കാര്യങ്ങളും വേണ്ടതുപോലെയാണ് നടക്കുന്നതെന്നോ, മാറ്റമൊന്നും ആവശ്യമില്ലെന്നോ, ആരും അവകാശപ്പെടും എന്ന് തോന്നുന്നില്ല. സാമ്പത്തികമായും സാമൂഹ്യമായും വമ്പിച്ച പ്രശ്നങ്ങൾ രാജ്യത്തെ നേരിടുന്നുണ്ട്. ഇന്ന് ജനങ്ങൾക്ക് ആവശ്യമായ ആഹാരം ലഭ്യമല്ല, തൊഴിലില്ല, ഉള്ള തൊഴിലിന് മതിയായ വേദനയില്ല, ബഹുഭൂരിപക്ഷം ജനങ്ങളുടെയും ജീവിതത്തോത് വളരെ ദാരുണമായി അധപതിച്ചതാണ്. പരിമിതമായ ജീവിതാവശ്യങ്ങൾ നിറവേറ്റാൻ പോലും ഇന്നും അനേകം പേർക്ക് നിവൃത്തിയില്ല.
രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും ക്ഷാമബാധിതമായി തീർന്നിരിക്കുന്നു. അനേകായിരം ജനങ്ങൾക്ക് അവലംബമായ കയർ, കൈത്തറി മുതലായ വ്യവസായങ്ങൾ അധപതിച്ചിരിക്കുന്നു. ഈ അവസ്ഥയെ എങ്ങനെ നേരിടണം? ഇതാണ് ബോധപൂർവ്വം രാഷ്ട്രീയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാവരും ആലോചിക്കേണ്ട സംഗതികൾ.
കണ്ണടച്ചു തുറക്കുന്നതിനകം ഈ സ്ഥിതിഗതികളെല്ലാം മാറ്റി ശോഭനമായ ഒരു നില ഉണ്ടാക്കാം എന്ന് ആരും പറയുകയില്ല. അങ്ങിനെ പറയുന്നെങ്കിൽ അവർ ബുദ്ധിശൂന്യരാണ് അല്ലെങ്കിൽ മനപ്പൂർവ്വം വഞ്ചിക്കുന്നവരാണ്. നിരന്തരവും കഠിനവുമായ അധ്വാനം കൊണ്ട് മാത്രമേ അഭിവൃദ്ധി ഉണ്ടാവുകയുള്ളൂ എന്നത് നിസ്കർമമാണ്. അത് ക്ഷിപ്രസാദ്ധ്യവുമല്ല.
ഈ ശ്രമത്തിൽ ഒരു ഗവൺമെന്റിന്റെ ചുമതല എന്താണ്? ഗവൺമെന്റിൽ നിന്നും എന്താണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്? ദാരിദ്ര്യവും കഷ്ടപ്പാടും എല്ലാം ഒരു ദിവസം കൊണ്ടോ ഒരു മാസം കൊണ്ടോ അതല്ല ഒരു വർഷം കൊണ്ടോ അവസാനിപ്പിക്കുവാനുള്ള മാന്ത്രിക ശക്തിയൊന്നും ഒരു ഗവൺമെന്റിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നില്ല. പക്ഷേ ഈ പ്രശ്നങ്ങളെല്ലാം കഴിയുന്നത് വേഗത്തിൽ പരിഹരിക്കുന്നതിന് ആവശ്യമായ സാഹചര്യം രാജ്യത്ത് സൃഷ്ടിക്കുവാൻ ഗവൺമെന്റ് മുൻകൈയെടുക്കുന്നത് ആവശ്യമാണ്. ജനങ്ങളുടെ സഹകരണം കൂടാതെ ഒരു ഗവൺമെന്റിലും കാര്യമായ ഒന്നും തന്നെ ചെയ്യുവാൻ സാധ്യമല്ല. വാസ്തവത്തിൽ ജനങ്ങളാണ് പ്രവർത്തിക്കുന്നത്. അതിനുള്ള സാഹചര്യം ഒരുക്കുവാൻ മാത്രമേ ഗവൺമെന്റുകൾക്ക് കഴിയുകയുള്ളൂ. ഏതു പദ്ധതിയുടെയും വിജയം ജനങ്ങളുടെ സഹകരണത്തിന് ആശ്രയിച്ചിരിക്കും. ഇത് മനസ്സിലാക്കാതിരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന ഗവൺമെന്റ് സ്വയം നശിക്കുന്നതിന് ഒരുങ്ങുകയാണ്. നീതിപൂർവ്വകവും സമത്വപരവുമായ ഒരു അടിസ്ഥാനത്തിൽ പ്രശ്നങ്ങളെ നേരിടേണ്ടതു, അവ പരിഹരിക്കുന്നതിന് അത്യാവശ്യമാണ് ആ രീതിയിലുള്ള സമീപനം കൊണ്ട് മാത്രമേ ജനങ്ങളുടെ സഹകരണം ലഭിക്കുകയുള്ളൂ. ഇന്ന് ആ സഹകരണം കരസ്ഥമാക്കുന്നതിന് യാതൊരു ശ്രമവും നടത്തുന്നില്ലെന്ന് മാത്രമല്ല അത് ലഭിക്കുവാൻ സാധ്യമല്ലാതാക്കുന്ന രീതിയിലാണ് ഭരണകക്ഷിയുടെ പല പ്രവർത്തനങ്ങളും അഴിമതിയും സജനപക്ഷപാതവും കഴിവുകേടും പ്രദർശിപ്പിക്കുന്ന ഒരു ഗവൺമെന്റിന് ജനങ്ങൾ എങ്ങനെ അവരുടെ സഹകരണം നൽകും?
അത്യന്തം വിഷമകരമായ പ്രശ്നങ്ങളാണ് രാജ്യത്തെ നേരിടുന്നത് വാസ്തവം തന്നെ. അവയുടെ പരിഹാരം ക്ഷിപ്രസാദ്ധ്യവുമല്ല. പക്ഷേ അവ പരിഹരിക്കണമെന്നും അതിനുവേണ്ടി ജനങ്ങളുടെ സഹകരണം ആരായണം എന്നും ഒരു മനോഭാവമെങ്കിലും ഭരണനയത്തിൽ ഉണ്ടായിരിക്കേണ്ടതാണ്. ആ മനോഭാവത്തിന്റെ പോലും അഭാവത്തിൽ ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുവാൻ ഒരു ഗവൺമെന്റിനും ധാർമിക അവകാശമില്ല.
പൊതുവിലുള്ള ചില കാര്യങ്ങളെക്കുറിച്ച് മാത്രമാണ് ഞാൻ ഇവിടെ പരാമർശിച്ചിട്ടുള്ളത്. രാഷ്ട്രീയമായ തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോഴാണ് സാധാരണ ഈ വക കാര്യങ്ങളെക്കുറിച്ച് ജനങ്ങൾ ചിന്തിക്കാറുള്ളത്. അതിന് ഒരവസരം നഗരസഭകളിലേക്കും വില്ലേജ് പഞ്ചായത്തുകളിലേക്കും അടുത്ത് നടക്കുവാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ ഉണ്ടാകുന്നതാണ്. ഈ തെരഞ്ഞെടുപ്പുകളിൽ മുൻപറഞ്ഞ വസ്തുതകൾ ഓർമ്മയിൽ വച്ചുകൊണ്ട് പൊതുജനങ്ങൾ പ്രവർത്തിക്കുന്നത് നന്നായിരിക്കും.
1952 ജനുവരി 01 കേരളഭൂഷണം വാർഷിക പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം.
©Keralabhooshanam/1956
Source: Granthappura Kerala Digital Archive


