
മലബാറിന്റെ രാഷ്ട്രീയ ചിത്രത്തിന് മുഴുമിപ്പുണ്ടാക്കണമെങ്കിൽ മുസ്ലീംലീഗിന്നുകൂടി അർഹമായ സ്ഥാനം നൽകിയേ തീരൂ. ലീഗിന്റെ മുന്നണി നേതാക്കളിലൊരാളായ ജനാബ് സി. എച്ച്. മുഹമ്മദ് കോയ, മുസ്ലീംലീഗിന്റെ ഔദ്യോഗിക മുഖപത്രമായ ‘ചന്ദ്രിക’ ദിനപത്രത്തിന്റെയും ‘ചന്ദ്രിക’ സചിത്ര വാരികയുടെയും പത്രാധിപരാണദ്ദേഹം. അഖിലേന്ത്യാ മുസ്ലീം ലീഗിന്റെ ഉന്നത ഘടകമായ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്. കൗമുദിയുടെ കേരള സംസ്ഥാന വിശേഷാൽ പതിപ്പിൽ പ്രസിദ്ധീകരിക്കാനുള്ള അഭിമുഖ സംഭാഷണം നടത്തേണ്ടവരിൽ അദ്ദേഹത്തെക്കൂടെ ഉൾപ്പെടുത്തിയേ തീരൂ.
പക്ഷെ ജനാബ് സി. എച്ചിനെ തിരക്കി ചെന്നപ്പോഴേക്കാണറിയുന്നത് അദ്ദേഹം മദിരാശിയിൽ പോയിരിക്കുകയാണെന്ന്. ഒക്ടോബർ മൂന്നാമത്തെ ആഴ്ചയിൽ തിരഞ്ഞെടുപ്പു പ്രശ്നങ്ങളെക്കുറിച്ച് ആലോചിക്കാൻ മദിരാശിയിൽ കൂടിയ മുസ്ലീംലീഗ് കൗൺസിലിൽ സംബന്ധിക്കാൻ അദ്ദേഹം പോയതായിരുന്നു. തിരിച്ചു വരാൻ വൈകിയേക്കും. മേയ് 25 ആയേക്കും. ഞാൻ വളരെ വിഷമിച്ചിരിക്കുകയായിരുന്നു.
ഒക്ടോബർ 23ന് മംഗലാപുരം എക്സ്പ്രസ്സിൽ തന്നെ അദ്ദേഹം തിരിച്ചെത്തിയെന്ന് അതിനിടയിൽ അറിയാനിടയായി. ഹാവൂ! രക്ഷപ്പെട്ടു. ഇന്ന് കാലത്തെതന്നെ അദ്ദേഹത്തെ ചെന്നു കണ്ടു.
എന്റെ വരവിന്റെ ഉദ്ദേശം ഞാൻ അദ്ദേഹത്തിന് വ്യക്തമാക്കി കൊടുത്തു. ഞങ്ങൾ സംഭാഷണവും ആരംഭിച്ചു.
പുതിയ കേരളാ സ്റ്റേറ്റിന്റെ പിറവിയെപ്പറ്റി എന്താണ് അഭിപ്രായം എന്ന് ചോദിച്ചുകൊണ്ടാണ് ആ അഭിമുഖ സംഭാഷണം ഞാൻ ഉദ്ഘാടനം ചെയ്തത്. താൻ കേരളത്തിന്റെ രൂപവൽക്കരണത്തെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. കേരള സംസ്ഥാനത്തിന്റെ രൂപവൽക്കരണം മുസ്ലീം ലീഗിന്റെ പ്രവർത്തനരംഗത്തിന് വ്യാപ്തിയും സാധ്യതകൾക്ക് വൈപുല്യവും വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം കണക്കാക്കുന്നു.
എല്ലാ സ്ഥലത്തും ലീഗ് സ്ഥാനാർത്ഥികൾ
അദ്ദേഹം പറഞ്ഞു: “കേരളാ സംസ്ഥാനത്തിൽ നടക്കാൻ പോകുന്ന ആദ്യത്തെ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ എല്ലാ ഭാഗത്തും മുസ്ലീം ലീഗ് സ്ഥാനാർത്ഥികളെ നിർത്തി മത്സരിക്കുന്നതായിരിക്കും. ജ: മജീദ് മരക്കാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തിരുവിതാംകൂർ കൊച്ചി മുസ്ലീം ലീഗുമായി ഞങ്ങളിനി ഒരു സംഭാഷണത്തിന് തയ്യാറില്ല. മുസ്ലീം ബഹുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കി മുതലെടുക്കാൻ ജമാഅത്ത് പോലെ കോൺഗ്രസ്സ് സൃഷ്ടിച്ച ഒരു സംഘടനയാണ് തിരു-കൊച്ചി മുസ്ലീംലീഗ്. വിവിധ രാഷ്ട്രീയ അഭിപ്രായക്കാരായ മുസ്ലീങ്ങളുടെ വിശാലമായ ഒരു സമുദായ സംഘടനയേയാണ് തിരു-കൊച്ചി മുസ്ലീംലീഗ് വിഭാവനം ചെയ്യുന്നത്. ഒരു തിരഞ്ഞെടുപ്പു വരുമ്പോൾ സംഘടനക്കകത്ത് അംഗങ്ങളായ വിവിധ രാഷ്ട്രീയഭിപ്രായക്കാരുടെ സംഘട്ടനംമൂലം ആ സംഘടന കുത്തഴിഞ്ഞ് പോകുകയേ ഉള്ളൂ. വെറുമൊരു സമുദായ സംഘടനയല്ല ആവശ്യം. മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിന്റെ സാമുദായികവും സാംസ്കാരികവും രാഷ്ട്രീയവുമായ താല്പര്യങ്ങളും അവകാശങ്ങളും കാത്തു രക്ഷിക്കാൻ കഴിവുള്ള ഒരു രാഷ്ട്രീയ കക്ഷിയാണ് വേണ്ടത്. അങ്ങിനെയാണ് ഇന്ത്യൻ മുസ്ലീം ലീഗ് വിശ്വസിക്കുന്നത്.”
കോൺഗ്രസ്സുമായി ധാരണയില്ല
മുസ്ലീംലീഗ് കോൺഗ്രസ്സുമായി ഒരു ധാരണയുണ്ടാക്കുമെന്ന് ‘മാതൃഭൂമി’യിലും ‘കേരളകൗമുദി’യിലും കണ്ട റിപ്പോർട്ടിനെക്കുറിച്ച് ലീഗിന്റെ നേതാവിനോട് ഞാൻ ചോദിച്ചു. ആ റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജനാബ് മുഹമ്മദ് കോയ പറഞ്ഞു:
“കൊല്ലത്തുവെച്ച് ജനാബ് ബാഫഖി തങ്ങളും ഞാനും നടത്തിയ പ്രസംഗം ‘കേരളകൗമുദി’യിലും ‘മാതൃഭൂമി’യിലും റിപ്പോർട്ട് ചെയ്തത് ഞാനും കാണുകയുണ്ടായി. ആ റിപ്പോർട്ട് തെറ്റാണ്. കോൺഗ്രസ്സിനെ ലീഗ് സഹായിക്കുമെന്ന് ഞങ്ങൾ പറയുകയുണ്ടായില്ല. സഹായിക്കുകയല്ല ചെയ്യുക, കോൺഗ്രസ്സിനെ എല്ലായിടത്തും ഞങ്ങൾ എതിർക്കുകതന്നെ ചെയ്യും. കോൺഗ്രസ്സുമായി ഏതെങ്കിലും വിധത്തിലുള്ള സഖ്യമോ ധാരണയോ ഉണ്ടാകുകയില്ല. മദിരാശിയിൽ സമ്മേളിച്ച മുസ്ലീം ലീഗിന്റെ അഖിലേന്ത്യ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി ഇപ്രശ്നം സംബന്ധിച്ച് പാസ്സാക്കിയ പ്രമേയം ഈ വസ്തുത വ്യക്തമാക്കുന്നുണ്ട്.”
ഒഴിച്ചു നിർത്തുന്ന പാർട്ടികൾ
തിരഞ്ഞെടുപ്പിൽ മറ്റു പാർട്ടികളുമായി വല്ല ധാരണയുമുണ്ടാകുമോ എന്ന് ഞാൻ ചോദിച്ചു. അതിനദ്ദേഹം പറഞ്ഞ മറുപടി ഇങ്ങിനെയാണ്:
“മറ്റെല്ലാ പാർട്ടികളുമായി ധാരണ ഉണ്ടാകാൻ സാധ്യതയില്ല. കോൺഗ്രസ്സ്, ഹിന്ദു മഹാസഭ, ജനസംഘം, കമ്മ്യൂണിസ്റ്റ് പാർട്ടി എന്നീ കക്ഷികളെ ഒഴിച്ചുനിർത്തും. ഇവരല്ലാതെയുള്ള ഇതര രാഷ്ട്രീയ കക്ഷികളുമായി തിരഞ്ഞെടുപ്പിൽ ധാരണയുണ്ടാക്കാൻ ഞങ്ങൾ സന്നദ്ധരാണ്. പക്ഷെ പ്രാഥമികമായ ഒരു നിബന്ധനയുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഞങ്ങൾക്ക് ധാരണയുണ്ടാക്കുവാൻ സാധിക്കുകയുള്ളൂ. ഞങ്ങളുമായി ധാരണയുണ്ടാക്കണമെന്നാഗ്രഹിക്കുന്ന രാഷ്ട്രീയ കക്ഷികൾ ഇന്ത്യൻ മുസ്ലീം ലീഗിനെ ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തിന്റെ അനിഷേധ്യ രാഷ്ട്രീയ കക്ഷിയായി അംഗീകരിക്കാൻ തയ്യാറാവണം.
കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി എന്തായാലും ഒരു ധാരണയുണ്ടാക്കുവാൻ മുസ്ലീം ലീഗ് ഒരുങ്ങകയില്ല. കമ്മ്യൂണിസ്റ്റുകാരുമായി ഞങ്ങൾക്ക് ആശയപരമായ അഭിപ്രായഭിന്നതകളുണ്ട്. ഞങ്ങളെ മുസ്ലീം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയകക്ഷിയായി അംഗീകരിക്കുക എന്ന വ്യവസ്ഥ പി.എസ്.പി.ക്ക് സ്വീകാര്യമാണെങ്കിൽ അവരുമായി ഒരു തെരഞ്ഞെടുപ്പ് ധാരണയാകാവുന്നതാണ്. അഖിലേന്ത്യാ നിലവാരത്തിൽ തന്നെ ഇത്തരം ധാരണയുണ്ടാക്കുവാൻ വേണ്ട കൂടിയാലോചനകൾ നടത്താൻ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ പ്രസിഡന്റിനെ എക്സിക്യൂട്ടീവ് കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്.
മലബാറിൽ 20 തിരു-കൊച്ചിയിൽ 5
“അടുത്ത പൊതു തിരഞ്ഞെടുപ്പിൽ മലബാറിൽ മാത്രം 15 മുതൽ 20 വരെ സീറ്റുകളിൽ ഞങ്ങൾ ഔദ്യോഗിക സ്ഥാനാർത്ഥികളെ നിർത്തി മത്സരിക്കുന്നതാണ്. തിരുവിതാംകൂർ കൊച്ചിയിൽ 5 സീറ്റുകളിലും ഞങ്ങൾ മത്സരിക്കും. ഇതിനു പുറമെ ഞങ്ങളെ അംഗീകരിക്കാൻ തയ്യാറുള്ള സ്വതന്ത്രന്മാരെ ഞങ്ങൾ സഹായിക്കുകയും ചെയ്യും.”
അദ്ദേഹം തുടർന്നു:
“മലബാറിൽ മുസ്ലീം ലീഗ് അവഗണിച്ചങ്ങ് കളയാൻ സാധിക്കാത്തൊരു ശക്തിയാണ്. ഞങ്ങളുടെ സഹായമില്ലെങ്കിൽ ഒരു കക്ഷിക്കും മലബാറിൽ തിരഞ്ഞെടുപ്പിൽ വിജയിക്കുക സാധ്യമല്ല. മലബാറിലെ ഹരിജനങ്ങളുടെ പിന്തുണയും തിരു-കൊച്ചിയിലെ ഹരിജനങ്ങളുടെയും ക്രിസ്ത്യാനികളുടെയും പിന്തുണയും ഞങ്ങൾക്കുണ്ടാകുമെന്നാണ് ഞങ്ങളുടെ വിശ്വാസം.”
തിരഞ്ഞെടുപ്പിനുശേഷം
തിരഞ്ഞെടുപ്പിനുശേഷം വരാവുന്ന സ്ഥിതിഗതികളെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം ഞാൻ ആരാഞ്ഞു. ഞാൻ ചോദിച്ചു:
“തിരഞ്ഞെടുപ്പിനുശേഷം കേരള സംസ്ഥാന നിയമസഭയിൽ കോൺഗ്രസ്സിനും ഇടതുപക്ഷങ്ങൾക്കും തുല്യമായ എണ്ണം സീറ്റുകളാണ് ഉള്ളതെങ്കിൽ മന്ത്രിസഭ രൂപീകരിക്കാൻ മുസ്ലീംലീഗ് ആരെയാണ് സഹായിക്കുക?”
ജ: മുഹമ്മദ് കോയ പറഞ്ഞു:
“ഇപ്പോൾ അതിനെക്കുറിച്ച് മുസ്ലീംലീഗ് യാതൊരു തീരുമാനവും എടുത്തിട്ടില്ല. തിരഞ്ഞെടുപ്പ് കഴിയട്ടെ. അന്നത്തെ പരിതസ്ഥിതിയനുസരിച്ച് മുസ്ലീംലീഗ് അസംബ്ലി പറ്റി അത് സംബന്ധമായ തീരുമാനമെടുക്കും.”
“മുസ്ലീംലീഗ് മന്ത്രിസഭയിൽ ചേരുമോ?” —ഞാൻ.
സി. എച്ച്. —
“ഇപ്പോൾ അക്കാര്യം പറയുക സാധ്യമല്ല. മന്ത്രിസഭയിൽ ചേരേണ്ടതില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.”
“പാകിസ്താനിലെ മുസ്ലീംലീഗിന്റെ തകർച്ച കേരളത്തിലെ തിരഞ്ഞെടുപ്പിൽ മുസ്ലീംലീഗിനെ ബാധിക്കുമോ?” —ഞാൻ.
“ഞങ്ങൾക്ക് പാകിസ്താൻ മുസ്ലീംലീഗുമായി യാതൊരു വിധ ബന്ധവുമില്ല. അവിടുത്തെ ലീഗ് പരാജയപ്പെട്ടത് ഇവിടുത്തെ തിരഞ്ഞെടുപ്പിൽ ഞങ്ങളെ ഒരു വിധത്തിലും ബാധിക്കുകയില്ല.” മുഹമ്മദ് കോയ വളരെ ഉറപ്പോടുകൂടിതന്നെ മറുപടി പറഞ്ഞു. അദ്ദേഹം തുടർന്നു:
“വാസ്തവത്തിൽ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന്റെയും ഇക്കഴിഞ്ഞ ഡിസ്ട്രിക്ട് ബോർഡ് തിരഞ്ഞെടുപ്പിന്റെയും കാലത്തെക്കാൾ മുസ്ലീംലീഗിന്റെ ശക്തി വർദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പുകാലത്തു മുസ്ലീംലീഗിന്റെ സംഘടന കുത്തഴിഞ്ഞു കിടക്കുകയായിരുന്നു. മുസ്ലീങ്ങൾ ആകെ ഭയചകിതരായ ഒരവസ്ഥയിലായിരുന്നു. പലേടത്തും കമ്മിറ്റികൾ പേരിനുപോലും ഉണ്ടായിരുന്നില്ല. ഇന്നാകട്ടെ സ്ഥിതിയാകെ മാറിയിട്ടുണ്ട്. മുസ്ലീങ്ങൾക്ക് ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നു. മുസ്ലീംലീഗ് സംഘടനാപരമായി കൂടുതൽ സുശക്തമായിത്തീർന്നിട്ടുണ്ട്. ഉദാഹരണമായി കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പിന്റെ ഫലങ്ങളെ കണക്കാക്കാവുന്നതാണ്. അതിനു മുമ്പ് നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സും ലീഗും തമ്മിൽ സഖ്യമുണ്ടായിരുന്നിട്ടുപോലും കോഴിക്കോട്ട് മുസ്ലീംലീഗിന് അഞ്ചു സീറ്റുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ ഇക്കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സയുക്തമായ എതിർപ്പുമായിട്ടും കോഴിക്കോട്ട് നഗരസഭയിൽ മുസ്ലീംലീഗ് ആറ് സീറ്റുകൾ കരസ്ഥമാക്കി. തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിലും മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ലീഗ് വമ്പിച്ച വിജയമാണ് നേടിയത്. അതുകൊണ്ട്, കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ കിട്ടിയതിലധികം വോട്ടും സീറ്റും ഇത്തവണ മുസ്ലീംലീഗിന് കിട്ടും. വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ മുസ്ലീംലീഗ് ഒരു നിർണ്ണായകശക്തിയായിരിക്കും.”
സമുദായ സൗഹാർദ്ദം
ജനാബ് മുഹമ്മദ്കോയ തുടരുന്നു:
“കഴിഞ്ഞ കാലത്തെന്നപ്പോലെ ഭാവിയിലും സാമുദായിക സൗഹാർദ്ദം വളർത്താനായി മുസ്ലീംലീഗ് പരിശ്രമിക്കുന്നതായിരിക്കും. 1906-ൽ മുസ്ലീംലീഗ് ഉദയം ചെയ്തതു മുതൽക്കു തന്നെ സാമുദായിക സൗഹാർദ്ദം സ്ഥാപിക്കുക എന്നതു ലീഗിന്റെ ഒരു അടിസ്ഥാന ലക്ഷ്യമാണു. രാജ്യതാല്പര്യങ്ങൾക്കെതിരായി ഞങ്ങൾ ഒരു കാലത്തും പ്രവർത്തിക്കുകയില്ല.”
അദ്ദേഹം അവസാനമായി ഇങ്ങനെ പറഞ്ഞു:
“ഭാവികേരളം ഏതെങ്കിലും ഒരു പ്രത്യേക സമുദായക്കാരുടെ കുത്തകയാധിപത്യത്തിന് കീഴിലായിരിക്കരുത്. എല്ലാ സമുദായവിഭാഗങ്ങൾക്കും ഒരേ രീതിയിലും തരത്തിലും വളരാനും വികസിക്കാനും പറ്റിയ സാഹചര്യങ്ങൾ കേരളത്തിലുണ്ടായിരിക്കണം. മുസ്ലീംലീഗ് അതിനുവേണ്ടി പരിശ്രമിക്കുന്നതായിരിക്കും. അതാണ് കേരളത്തിൽ മുസ്ലീംലീഗിന്റെ ലക്ഷ്യവും.”
അഭിമുഖസംഭാഷണമവസാനിപ്പിച്ച് നന്ദിപ്രകടിപ്പിച്ച് ഞാൻ യാത്ര പറഞ്ഞിറങ്ങാൻ തുടങ്ങിയപ്പോൾ അദ്ദേഹം പറഞ്ഞു:
“കൗമുദി വിശേഷാൽപ്പതിപ്പിലൂടെ കേരളത്തിനും കേരളീയ ജനതക്കും എന്റെ ഭാവുകാശംസകളും അറിയിക്കുക.”
24-10-56 (റിപ്പോർട്ട് മണി)
1956 നവംബർ 01 കൗമുദി കേരളാ സ്റ്റേറ്റ് സ്പെഷ്യൽ പതിപ്പിൽ പ്രസിദ്ധീകരിച്ച അഭിമുഖ റിപ്പോർട്ട്. തയ്യാറാക്കിയത് മണി.
©Kaumudi/1956


