
സ്ഥിരോത്സാഹവും അക്ഷീണമായ പ്രവർത്തനവും കൊണ്ടു മാത്രം രാഷ്ട്രീയരംഗത്ത് ഉയർന്നുവന്ന ഒരു യുവപ്രവർത്തകനാണ് മി. ഇ. ടി. മുഹമ്മദ് ബഷീർ. കേരള സംസ്ഥാന സ്വതന്ത്ര തൊഴിലാളി യൂണിയൻ സെക്രട്ടറിയും, മുസ്ലീം ലീഗ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗവുമായ മി. ബഷീർ സമർത്ഥനായ ഒരു സംഘാടകനും ഉജ്ജ്വലനായ ഒരു പ്രാസംഗികനുമാണ്. യുവത്വത്തിലേക്ക് കാലുന്നതിന് മുമ്പുതന്നെ പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ട് ഒരു ശക്തിയായിത്തീർന്ന ഈ ഇരുപത്തിനാലുകാരൻ ഇന്നും ആ രംഗത്തുതന്നെ ഊർജ്ജസ്വലതയോടെ മുന്നേറുകയാണ്.
കേരളത്തിലെ ഒരു വൻകിട വ്യവസായ ടൗൺഷിപ്പായി ഉയർന്നു വന്നുകൊണ്ടിരിക്കുന്ന മാവൂരിന്നടുത്തുള്ള മപ്രം എന്ന ഗ്രാമത്തിലാണ് 1947-ൽ ബഷീർ ജനിച്ചത്. ഈ യുവനേതാവിന്റെ പിതാവ് ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകനായ മുസ്സക്കുട്ടി മാസ്റ്ററാണ്. അംബരചുംബിയായി നിൽക്കുന്ന പുകക്കുഴലിലൂടെ അന്തരീക്ഷത്തിലേക്ക് അനുസൃതം പുകച്ചുരുട്ടുന്ന ഗ്വാളിയോർ റയോൺസ് ഫാക്ടറിയിലെ ഒരു തൊഴിലാളിയാണ്, തൊഴിലാളി നേതാവായ ബഷീർ.
സ്കൂൾ ഫൈനലോടെ പഠനം നിർത്തേണ്ടിവന്നുവെങ്കിലും മി. ബഷീറിന് ലോകകാര്യങ്ങളെക്കുറിച്ചുള്ള അറിവ് അപാരമാണ്. മാതൃഭാഷയ്ക്കു പുറമെ ഇംഗ്ലീഷും, തമിഴും നന്നായി കൈകാര്യം ചെയ്യുന്ന മി. ബഷീർ മുസ്ലീം ലീഗിന്റെ അഖിലേന്ത്യാ നേതാക്കളുടെ പ്രസംഗമടക്കം പലരുടേയും പ്രസംഗം നന്നായി പരിഭാഷപ്പെടുത്തുന്ന നല്ലൊരു വിവർത്തകനാണ്.
ബഷീറിന്റെ പ്രസംഗചാതുര്യം പ്രശംസാവഹമാണ്. മണിക്കൂറുകളോളം പ്രേക്ഷകരുടെ ഹൃദയങ്ങളെ പിടിച്ചുനിർത്തുന്ന ആ വാഗ്വിലാസം എത്ര കേട്ടാലും മടുപ്പു തോന്നുകയില്ല. ലളിതവും, സരസവുമായ ഭാഷയിൽ ആവേശത്തിന്റെ അലമാലകളുയർത്തുന്ന ആ വാക്ചാതുര്യത്തിന്റെ പ്രവാഹത്തിൽ പ്രേക്ഷകരുടെ ഹൃദയങ്ങൾ മന്ദം മന്ദം ഒഴുകിപ്പോകും. ഏഴാം സ്റ്റാൻഡേർഡ് വിദ്യാർത്ഥിയായിരിക്കുമ്പോൾ ബഷീർ നല്ലപോലെ പ്രസംഗിക്കുമായിരുന്നു. ചാലയം ഇബ്ബിിച്ചി ഹൈസ്കൂളിൽ പഠിക്കുമ്പോൾ കേരളാ സ്റ്റേറ്റ് യുവജനോത്സവത്തിൽ ബഷീർ പ്രസംഗമത്സരത്തിന് ഒന്നാംസ്ഥാനം നേടി. അടുത്തവർഷം ബാലജനസഖ്യത്തിന്റെ സംസ്ഥാന അവാർഡും ബഷീർ വാങ്ങുകയുണ്ടായി. കൂടാതെ സ്കൂൾ വിദ്യാഭ്യാസകാലത്ത് ബഷീർ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
മാവൂർ പൾപ്പ്, ഫൈബർ ഫാക്ടറികളിൽ സ്വതന്ത്ര തൊഴിലാളി യൂണിയനെ ഒരു വലിയ ശക്തിയായി മാറ്റിയതു് ബഷീറാണ്. വിരലിലെണ്ണാൻ മാത്രം തൊഴിലാളികൾ ഉണ്ടായിരുന്ന ഈ യൂണിയൻ ഇന്ന് മാവൂരിലെ ഏറ്റവും വലിയ യൂണിയനാണ്. ‘നാലാളുടെ നേതാവ്’ എന്ന് ബഷീറിനെ പരിഹസിച്ചവർ ഇന്ന് ബഷീറിന്റെ വ്യക്തിത്വത്തിന് നേരെ വിരലുയർത്താൻ ബുദ്ധിമുട്ടുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ രണ്ടുവർഷങ്ങൾക്കൊണ്ട് വളരെയേറെ ശക്തി പ്രാപിച്ച എസ്. ടി. യു. വിന്റെ ജൈത്രയാത്രയ്ക്കു നേതൃത്വം നൽകിയത് ബഷീറാണ്.
രണ്ടുവർഷം മുമ്പ് മാവൂർ എസ്. ടി. യു. വാർഷിക സമ്മേളനം നടക്കുമ്പോൾ ആയിരക്കണക്കിന് ജനങ്ങളുടെ മുമ്പിൽവെച്ചു് ബഷീർ മന്ത്രി സി. എച്ച്. മുഹമ്മദ് കോയയുടെ മുഖത്തുനോക്കി ചോദിച്ചു: “അങ്ങ് ഒരു നാളിൽ എന്നെ നാലാളുകളുടെ നേതാവെന്നു വിളിച്ചു പരിഹസിച്ചിരുന്നവല്ലോ? ഇന്ന് ഈ നീലക്കൊടിയുടെ കീഴിൽ അണിനിരന്ന ആയിരങ്ങളെ നിങ്ങൾ കണ്ടുവോ?” എന്ന്. സി. എച്ച്. മറുപടി പറഞ്ഞു: “എന്റെ വാക്കുകൾ ഒരു വെല്ലുവിളിയായി സ്വീകരിച്ചു പ്രവർത്തിച്ചു വിജയം കൈവരിച്ച ഈ പയ്യന്റെ മുമ്പിൽ തോറ്റു ഞാൻ കീഴടങ്ങുന്നു.” ബഷീറിന്റെ കഴിവുകൾക്ക് അംഗീകാരമായിരുന്ന മന്ത്രിയുടെ വാക്കുകൾ!
കഴിഞ്ഞവർഷം ഇന്ത്യയിലെ പ്രമുഖരായ 25 ട്രേഡ് യൂണിയൻ നേതാക്കൾക്ക് ബാംഗ്ലൂരിൽ “സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ട്രെയിനിങ്ങ് സെന്റർ” നൽകിയ ക്യാമ്പിൽ കേരളത്തെ പ്രതിനിധീകരിച്ച രണ്ടംഗങ്ങളിൽ ഒരാൾ ബഷീറായിരുന്നു.
മുസ്ലീംലീഗിന്റെ പാർലമെന്ററി ബോർഡു കഴിഞ്ഞവർഷം ബഷീറിന് സീറ്റനുവദിച്ചുവെങ്കിലും മത്സരിക്കാൻ പ്രായം തികഞ്ഞില്ല.
തൊഴിലാളിരംഗത്തു മാത്രമല്ല ബഷീർ പ്രവർത്തിക്കുന്നത്. കോഴിക്കോട് ജില്ലാ മുസ്ലീം യൂത്ത്ലീഗ് സെക്രട്ടറിയും ഏലവരും യത്തീംഖാന സെക്രട്ടറിയുമാണ് ഇദ്ദേഹം. ബോണസ് സമരത്തിലേർപ്പെട്ട മാവൂർ ഫാക്ടറി സമരസമിതി ജോയിന്റ് കൺവീനറാണ് ഇദ്ദേഹം. തൊഴിലാളികളുടെ സമരങ്ങളുടെ മുമ്പിൽ ധീരമായി നിന്നു പലപ്പോഴും അറസ്റ്റു വരിച്ച ബഷീർ കഴിഞ്ഞമാസം ജോലി നിഷേധിക്കപ്പെട്ട തൊഴിലാളികൾക്കുവേണ്ടി സ്വന്തം രാഷ്ട്രീയപാർട്ടിയൽ പെട്ട ഒരാൾക്കെതിരെ സമരം നയിച്ചു് അറസ്റ്റു വരിക്കുകയുണ്ടായി. ഊരലോട് (കോഴിക്കോട് ജില്ല) എസ്റ്റേറ്റുസമരമെന്ന പേരിൽ അറിയപ്പെടുന്ന ഈ സമരം നൂറു ശതമാനം വിജയമായിരുന്നു.
വിവാഹിതനായ ബഷീറിനു് ഒരു മകനുണ്ട് - ഫിറോസ് ഖാൻ. മുസ്ലീംലീഗിന്റെ യുവനേതാക്കളിലൊരാളായ ഈ ഫാക്ടറി തൊഴിലാളി കേരള രാഷ്ട്രീയവേദിയിൽ ലീഗ് സമർപ്പിക്കുന്ന നാളെയുടെ ഒരു വാഗ്ദാനമാണ്.
1971 ഡിസംബർ 19 ലക്കം മലയാളനാട് വാരികയിൽ പ്രസിദ്ധീകരിച്ച റഹീം മേച്ചേരി എഴുതിയ ലേഖനം.
©Malayalanadu Weekly/1971
In Brief: A 1971 profile from Malayalanadu weekly introduces E.T. Muhammad Basheer, a 24-year-old Muslim League leader and factory worker from Mavoor who rose through sheer perseverance to become a formidable trade union organiser and orator, transforming the Kerala State Independent Workers’ Union into the largest union in the Mavoor industrial area.


