Ashok Mitra
ചന്ദ്രിക

ഒരു കാലത്ത് ഇത് മതേതര റിപ്പബ്ലിക്കായാണ് സങ്കൽപ്പിക്കപ്പെട്ടു വന്നിരുന്നത്. കുടുംബവാഴ്ച ഒരു റിപ്പബ്ലിക്കേയല്ല. മതേതരത്വമെന്ന അവകാശ വാദത്തിനും കോട്ടം സംഭവിച്ചിരിക്കുന്നു. ബാബറി മസ്ജിദുകളായും രാമജന്മഭൂമികളായും ബന്ധപ്പെട്ടുണ്ടാവുന്ന സംഭവങ്ങൾ വളരെക്കാലം മുമ്പേ തകരാർ സംഭവിച്ചുപോയ എന്തിന്റേയോ വിചിത്രമായ ലക്ഷണങ്ങൾ മാത്രമാണ്. നീതിന്യായ വ്യവസ്ഥയ്ക്ക് കളങ്കമേറ്റിരിക്കുന്നു; ഭരണ സംവിധാനത്തിനും കളങ്കമേറ്റിരിക്കുന്നു. കളങ്കമേറ്റാലും ഇല്ലെങ്കിലും അതൊരു പ്രശ്നമാവുന്നില്ല; അത് സൃഷ്ടിക്കുന്ന ധാരണയാണ് കണക്കിലെടുക്കേണ്ടത്. സ്ഥാപനങ്ങളിൽ നിങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുകയും അവയുടെ ഭദ്രത ചോദ്യം ചെയ്യപ്പെടുകയും ചെയ്താൽ, സ്വന്തമായി പ്രതിരോധോപകരണങ്ങളാവിഷ്ക്കരിക്കുന്നതിലേക്ക് നിങ്ങൾ തിരിയുന്നു. സൗകര്യപ്രദമായ ഒരു ലേബലാണ് മതം. അതിനു നേരെ പറ്റം ചേർന്നു പോകുന്നവർക്ക് രക്ഷക്കായി ഒരു പുതപ്പിന്റെ ആവശ്യമുണ്ട്. ഇവിടത്തെ സംവിധാനങ്ങളൊന്നും നല്ലതല്ലെന്നും അവയിൽ നിന്നും സംരക്ഷണമോ നീതിയോ ലഭിക്കുകയില്ലെന്നും അവർ അനുമാനിക്കുന്നു. അവരുടെ മനസ്സ് ഈ നിലയ്ക്ക് പാകപ്പെട്ടുപോവുകയും അവർ തങ്ങളുടെ സൈന്യങ്ങളെ വിളിക്കുകയും ചെയ്യുന്നു. പൊതുജനത്തിന്റെ ശക്തിയിൽ അവർ സുരക്ഷിതത്വം തേടുന്നു. ഇതിനു സാമൂഹ്യ മനഃശാസ്ത്രജ്ഞർ സിദ്ധാന്തങ്ങളുടെ പിൻബലമേകുകയും ചെയ്യുന്നു.

ഷഹ്ബാനുമാരെയും ബാബരി മസ്ജിദുകളെയും ഒരു നിമിഷ നേരത്തേക്ക് മറന്നേക്കുക. ഒരു മതേതര റിപ്പബ്ലിക്കിലെ ഔദ്യോഗിക മേഖലകൾ വിഭാഗീയ നിലപാടുകളിൽ നിന്ന് പൂർണ്ണമായും മുക്തമായിരിക്കണം. വിഭാഗീയ ചിഹ്നങ്ങളെല്ലാം തന്നെ ഔദ്യോഗിക മേഖലകളിൽനിന്ന് തൂത്തെറിയണം. രാഷ്ട്രത്തിന്റെ തലസ്ഥാനത്തോ ഏതെങ്കിലും സംസ്ഥാന തലസ്ഥാനങ്ങളിലോ ഉള്ള ഏതെങ്കിലുമൊരു സർക്കാർ ഓഫീസിൽ വെറുതെയൊരു യാത്ര നടത്തി നോക്കുക. നിങ്ങൾ നേരത്തെ താലോലിച്ചു പോന്നിരുന്ന പല ധാരണകളും ക്ഷണത്തിൽ ചിന്നിച്ചിതറിപ്പോകും. തീരുമാനങ്ങളെടുക്കുന്ന ഔദ്യോഗികമൂലകളിൽ ഹൈന്ദവ ജ്യോതിശ്ശാസ്ത്രത്തിനുള്ള സ്വാധീനത്തെക്കുറിച്ച് മാത്രമല്ല ഇപ്പറയുന്നത്. സെക്രട്ടറിയേറ്റിന്റെ മുകളിലത്തെ നിലകളിലൊന്നിലേക്ക് ലിഫ്റ്റ് വഴിയൊന്നു പോയി നോക്കുക. ലിഫ്റ്റിന്റെ ഭിത്തികളിലൊന്നിൽനിന്ന് മഞ്ഞ പൂക്കളുടെ മാലയണിഞ്ഞ ശിവന്റെയോ കാളിയുടേയോ ദുർഗ്ഗയുടേയോ ചിത്രം നിങ്ങളെ തുറിച്ചു നോക്കുന്നുണ്ടാകും.

ഇതിനൊപ്പം സാമ്പ്രാണിത്തിരിയുടെ ഗന്ധംകൂടിയുണ്ടെങ്കിൽ അത്ഭുതപ്പെടേണ്ടതുമില്ല. അധികാരത്തിന്റെ ഈ നാഴികകളിൽ കൂടി ഒന്ന് നടന്നു നോക്കൂ. ശല്യങ്ങളൊഴിഞ്ഞിട്ടില്ലാത്ത ഒരു മൂലയിൽ, ബീഭത്സമായ ഒരു പീഠത്തിന് മുകളിൽ ആഡംബര സമന്വിതത്തോടെ നിൽക്കുന്ന ലക്ഷ്മിയുടെ ഒരു വിഗ്രഹം കണ്ടേക്കും. ഭരണാധികാരികളുടെ മുറികളിൽ ഓരോന്നിലും കയറി അനുഗ്രഹവും ഗംഗാജലവും നൽകുന്ന കാവി വസ്ത്രധാരിയായ ഒരു സന്ന്യാസി അതിലൂടെ ഉദാസീനനായി നടക്കുന്നത് കണ്ടെങ്കിൽ അതിനുനേരെ ദയവുചെയ്ത് അസംതൃപ്തി തോന്നരുത്. ഇത് ഒരു റിപ്പബ്ലിക്കായിരിക്കാം. പക്ഷെ വിഷമം തോന്നരുത്. ഒരു ഹിന്ദു റിപ്പബ്ലിക്കാണിത്. ഒരു പൊതുമേഖലാ സ്ഥാപനം പുതിയൊരു നിർമ്മാണ പ്രവർത്തനത്തിലേക്ക് ഇറങ്ങുന്നുവെന്ന് കരുതുക. ഒരു ഭൂമിപൂജക്ക് നിങ്ങളെ ക്ഷണിച്ചുകൊണ്ടവർ കാർഡുകളയക്കും, നേവിയുടെ ഒരു കപ്പൽ വെള്ളത്തിലേക്കിറക്കുമ്പോഴുമുണ്ടാവും മതപരമായ ചടങ്ങുകൾ. ഒരു മന്ത്രിയുടേയോ അഡ്മിറലിന്റെയോ ഭാര്യ ഹർഷാരവങ്ങൾക്കിടയിൽ തേങ്ങയുടക്കുന്നുണ്ടാവും. അതോടൊപ്പം തന്നെ ഒരു ഡസൻ ശംഖുകളിൽ നിന്നുള്ള ദുശ്ശബ്ദങ്ങൾ അന്തരീക്ഷത്തെ കീഴടക്കിയിട്ടുമുണ്ടാവും. ഇത്തരം പരിപാടികൾ നടത്തുന്ന മറ്റൊരു വിശ്വാസത്തെക്കുറിച്ചും മറ്റൊരു സംസ്കാരത്തെക്കുറിച്ചും വിവരമുണ്ടാവില്ല. ഹൈന്ദവ സങ്കല്പങ്ങൾ തന്നെയാണ് രാഷ്ട്രത്തിന്റെയും സങ്കൽപ്പങ്ങൾ. ഇതിൽ നിങ്ങൾ പ്രതിഷേധിച്ചാൽ നിങ്ങളൊരു പാക്കിസ്ഥാനി ചാരനാണ്.

രാഷ്ട്രീയ വിജയത്തിന് കുറുക്കുവഴി തേടിയ തന്ത്രശാലിയായ മഹാത്മാഗാന്ധി പിൽക്കാലത്ത് നിലവിൽ വരേണ്ടിയിരുന്ന ഇന്ത്യൻ റിപ്പബ്ലിക്കിനെ രാമരാജ്യമായി സങ്കല്പിക്കുകയുണ്ടായി. രാമായണം ഒരു ഇതിഹാസമാണ്, ഒരു ഹിന്ദു ഇതിഹാസം. ഈ സങ്കൽപ്പത്തിനു പെട്ടെന്നു ലഭിച്ച സ്വീകരണം മതേതര റിപ്പബ്ലിക്കിന്റെ ജന്മത്തിനു വഴിയൊരുക്കി. ക്ഷയോന്മുഖമായ കിരീടം നശിച്ച തുർക്കി ഖിലാഫത്തിന് സ്നേഹഗീതമെഴുതുകയെന്നത് നിരാശയിൽ നിന്നുയിർകൊണ്ട ഒരു പുനർവിചിന്തനമായിരുന്നു. ഇതും മതവികാരങ്ങൾക്കാക്കം കൂട്ടുകയാണ് ചെയ്തത്. മഹാത്മാഗാന്ധിക്കും ഒരു ഹിന്ദു മനസ്സ് ഉണ്ടായില്ലല്ലോ എന്ന് ഇത്രയേറെ അകലെ നിന്ന് ചിന്തിക്കുന്നതിന് വലിയ പ്രസക്തിയൊന്നുമില്ല. പാപത്തിന്റെ സ്രോതസ്സ് കെട്ടഴിക്കുന്നത് പാപത്തിന്റെ ഗൗരവത്തിനനുസരിച്ചുള്ള പ്രായശ്ചിത്തമാകുകയില്ല എല്ലാത്തിന്റെയും കൂട്ടത്തിൽ ഭരണഘടനയും ഒരുപോലെ തന്നെ. രാമരാജ്യമാണ് മാതൃകാരാഷ്ട്രത്തിന്റെ സങ്കല്പമെന്നിരിക്കെ, ഇതൊരു ഹിന്ദു റിപ്പബ്ലിക്കാണെന്ന വാദത്തെ നിങ്ങൾക്കെങ്ങനെ ഖണ്ഡിക്കാൻ കഴിയും? സാഹചര്യത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഇതൊരു റിപ്പബ്ലിക്കല്ലാതായിത്തീരുകയും രാജഭരണത്തിന്റെ സവിശേഷതകളാറജ്ജിക്കുകയും ചെയ്താൽ നമുക്കതിലൊട്ടും പ്രശ്നമില്ല; അതിൽ ഹൈന്ദവാംശം നിലനിൽക്കുവോളം നാം ഒത്തുപോകും.

Photo: Babri Masjid, Source: The J. Paul Getty Museum, Photographer: Samuel Bourne

കാര്യങ്ങൾ ഇങ്ങനെയെരിക്കെ, ബാബരി മസ്ജിദും രാമജന്മഭൂമിയും തമ്മിലുള്ള അവകാശവാദങ്ങളിൽ തീർപ്പ് കൽപ്പിക്കുമ്പോൾ ജില്ലാ തലത്തിലുള്ള ഒരു ജഡ്ജി ബാബറിൽ നിന്ന് മുഖം തിരിക്കുകയും രാമനു വോട്ട് ചെയ്യുകയും ചെയ്താൽ നിങ്ങൾക്കദ്ദേഹത്തെ കുറ്റപ്പെടുത്താനാവുമോ? രാജ്യത്തിന്റെ ചിഹ്നങ്ങളും വേഷാലങ്കാരങ്ങളും ഹിന്ദു ചിഹ്നങ്ങളും വേഷാലങ്കാരങ്ങളും തന്നെയാണ്. അനുവദനീയതകളും നിഷിദ്ധങ്ങളും ഹിന്ദുക്കളുടേതുതന്നെ. ഭരണകൂടത്തിന്റെ തണലിൽ ഇതൊക്കെയും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ചിഹ്നങ്ങളുടെ നേരെ ഉതിർക്കുന്ന തുറന്ന ധിക്കാരങ്ങൾ അനിവാര്യമായും തത്തുല്യമായ പ്രതികരണങ്ങൾ സൃഷ്ടിക്കുന്നു. ഇതോടെ സംരക്ഷണത്തിന്റെയും സ്വന്തം രക്ഷാ ഏർപ്പാടുകളുടെയും പ്രശ്നങ്ങൾ ഉയരുകയായി. ഭയവും അക്രമാസക്തിയും കൂടിക്കലരുകയും സാമുദായിക സംഘർഷം ദൈനംദിന ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്യുന്നു. ഇത് സ്വാതന്ത്രാനന്തര ഭാരതത്തിൽ ഒരു ജീവിതശൈലി തന്നെ ആയിപ്പോയിട്ടുണ്ട്. ഭരണഘടന പവിത്രമായ അലംഘനീയമായ ഒരു രേഖയാണ്. പക്ഷെ അതിന് ഒരു ഭൂരിപക്ഷ സമുദായവും കുറെ ന്യൂനപക്ഷ വിഭാഗങ്ങളുള്ള ഈ ഹിന്ദു റിപ്പബ്ലിക്കിന്റെ കാര്യത്തിൽ ഒന്നും ചെയ്യാനില്ല. സാമുദായിക സന്തുലിനത്വം പുന:സ്ഥാപിക്കാൻ ഇടക്കിടെ പ്രമേയം അവതരിപ്പിക്കുകയും മുസ്ലീം വനിതകളുടെ (വിവാഹമോചനാനന്തരമുള്ള അവകാശസംരക്ഷണ) ബിൽ പാസ്സാക്കുകയും നമുക്ക് ചെയ്യാനുള്ളു.

ഒരു പക്ഷെ, ഇതിനെല്ലാം അടിയിൽ തന്ത്രപൂർവ്വമായ ഒരു കണക്കുകൂട്ടലുണ്ടാവാം. മതം ഭിന്നിപ്പിക്കുന്നു. മതം പലതിനേയും മറച്ചുവെക്കുകയും ചെയ്യുന്നു. ഭൗതിക കാര്യങ്ങളിൽ മാതനവോത്ഥാനം രണ്ട് വ്യത്യസ്ത രീതികളിൽ ഒരു പ്രത്യേക കാര്യം സാധിച്ചെടുക്കുകയുണ്ടായി. സാമുദായികമായി ശത്രുത പാവങ്ങളെ ഭിന്നിപ്പിക്കാൻ സഹായിച്ചു. ഒരു കാഫിറിന് ഒരു സഖാവാവാൻ കഴിയില്ല. മുഖ്യ വിഭാഗങ്ങളെല്ലാം ഭിന്നിച്ചാൽ ജാതി യുദ്ധങ്ങളുണ്ടാക്കുക താരതമ്യേന എളുപ്പമാണ്. അനവരതം തുടർന്ന പോവുന്ന വിഭജനങ്ങൾ ശക്തിയല്ല ഉണ്ടാക്കുക; സാമ്പത്തിക ദൗർബല്യമത്രെ. മതകീയ പ്രശ്നങ്ങൾക്കും മുൻതൂക്കം കൊടുക്കുമ്പോൾ സാമ്പത്തിക കാര്യങ്ങൾ സൗകര്യത്തിനു വേണ്ടി പിന്നോട്ടു തള്ളപ്പെടുന്നു. ഇന്ത്യക്കാർ ഭക്തരാണ്; മതബോധമുള്ളവരാണ്. സമ്പന്നർ ദരിദ്രരെ മർദ്ദിക്കുക, ഭൂവുടമകൾ കർഷകന്റെ ഭൂമി തട്ടിയെടുക്കുക, വ്യവസായി തൊഴിലാളിയെ വഞ്ചിക്കുക തുടങ്ങിയ ജീവിതത്തിന്റെ ചീത്ത വശങ്ങളാൽ സ്വന്തം മനസ്സിനെ മലിനമാവാൻ അവർ അനുവദിക്കുകയില്ല. മാതൃകാ യോഗ്യമായ ഒരു രാമരാജ്യത്ത് ചൂഷണത്തിന്റെയും ദൗർബല്യതയുടെയും പരുത്തതലങ്ങളിലേക്ക് ശ്രദ്ധതിരിച്ച് ഈ അന്തരീക്ഷത്തെ നമുക്ക് അശുദ്ധമാക്കാതിരിക്കുക. നമുക്കോരോരുത്തർക്കും അപരന്റെ താല്പര്യങ്ങളുടെ രക്ഷാകർത്താക്കളാവുക. ക്രിസ്റ്റഫർ ഇഷർവുഡിന്റെ പരിഭാഷയിലൂടെ പുരാതന ഉപനിഷത്തുകളിൽ നിന്നു മനസ്സിലാക്കാവുന്നതിതാണ്. എന്തിനു നാം അശുദ്ധരാകണം. പഴയ കാലത്തെ ഋഷിമാർ പറഞ്ഞത് ശ്രദ്ധിക്കൂ. അതിർ വരമ്പുകളുള്ള ജീവിതത്തിൽ സമാധാനമില്ല. ഇവിടെ നിന്ന് പുറത്ത് കടന്ന് അതിരുകളില്ലാത്തിടത്തേക്ക് നമുക്ക് പോകണം. അങ്ങിനെയാണ് നാം അഭിജ്ഞരുടെ ഭാഗമായിത്തീരുന്നത്.

ഭാരതീയ അന്തരീക്ഷത്തിൽ ഓരോ ഇന്ത്യക്കാരനും ഇന്ത്യക്കാരിയും മതപരമായ വിഡ്ഢിവേഷം കെട്ടിയിട്ടുണ്ട്. പഞ്ചാബിൽ ഇപ്പോൾ കാണുന്ന ഭ്രാന്തമായ തുടിപ്പുകൾ അങ്ങേ അറ്റം പ്രാകൃതമത്രെ. പഞ്ചാബിനെ ബോധപൂർവ്വം ഇന്നുള്ള അവസ്ഥയിലേക്ക് എത്തിച്ചതായിരുന്നില്ലേ? അനന്തപൂർ സാഹിബ് പ്രമേയം വിചിത്രമായ ഒന്ന് തന്നെ. വേണമെങ്കിൽ അതിന്റെ ഉള്ളടക്കം സൂക്ഷ്മ പരിശോധന നടത്തി സാമ്പത്തിക പ്രശ്നങ്ങളെ വിഭാഗീയ കാര്യങ്ങളിൽ നിന്നു അടർത്തി എടുക്കാമായിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾക്ക് ഇന്ന് പ്രാധാന്യം വളരെ കുറഞ്ഞു പോയിട്ടുണ്ട്. എളുപ്പത്തിൽ ശ്രദ്ധിക്കാമായിരുന്ന അതെല്ലാം പക്ഷെ, അങ്ങനെ ചെയ്യുമ്പോൾ പ്രശ്നത്തെ മതേതരവൽക്കരിക്കുകയും അതിനെ സാമ്പത്തിക ശാസ്ത്രത്തിന്റെ മേഖലയിലേക്ക് കൊണ്ടുവരികയും വേണം. അപ്പോൾ പഞ്ചാബിനു മാത്രമായി വിട്ടുകൊടുത്തത് മറ്റു സംസ്ഥാനങ്ങൾക്കും വിട്ടുകൊടുക്കേണ്ടി വരും. ഇത് ഒരു സംസ്ഥാനത്തിന്റെ പരമാധികാര ഭാവത്തിനു ക്ഷതമേല്പിക്കും. വലിയൊരു തത്വം അടിയറവെക്കലും ഇതിന്റെ ഭാഗമായി വന്നേക്കാം. മതകീയ ഘടകങ്ങളല്ല, സാമ്പത്തിക ഘടകങ്ങളാണ് പരിഗണിക്കേണ്ടത്. ഇത്തരമൊരു നീക്കവും രാമരാജ്യമെന്ന സങ്കല്പത്തിന് ഹാനി വരുത്തിക്കൂട. സാമ്പത്തിക ശാസ്ത്രം ആപൽക്കരമായൊരു മേഖലയാണ്. അതിനാൽ നിങ്ങളുടെ നയങ്ങളും നീക്കങ്ങളും ഗുരുദ്വാരകളിലും തക്സലുകളിലും പരിമിതമായിരിക്കട്ടെ. താഴെക്കിടയിലുള്ള അന്തർ സമുദായ-ആഭ്യന്തര തർക്കങ്ങൾ തന്നെയാവട്ടെ പഞ്ചാബ് രാഷ്ട്രീയത്തിന്റെ മുഖ്യ ബിന്ദുക്കൾ. ഇത്തരമൊരു സമീപനമുള്ളതുകൊണ്ട് കേവലം അഞ്ചാറു മണിക്കൂറുകൊണ്ട് പരിഹരിക്കാവുന്ന നദീജല വിതരണ പ്രശ്നം പോലും പരിഹരിക്കാൻ സാധിച്ചിട്ടില്ല.

നിങ്ങൾ മതകീയതയിൽ കുടുങ്ങിപോയിരിക്കുകയാണ്. ഇപ്പോൾ ബന്ധിതന്റെ ഭാഗമാണ് നിങ്ങളെ അഭിനയിക്കുന്നത്. ഇടതുപക്ഷവും തങ്ങളുടെ മനസ്സു കുഴഞ്ഞ് ഇങ്ങനെയൊരു ഭാഗം അഭിനനയിച്ചില്ലേ? സമ്പന്നരായ ഉപരിവർഗ്ഗ കർഷകർ അകാലിദളിൽ ശക്തമായ ഒരു സ്ഥാനം തങ്ങൾക്കു വേണ്ടി നേടിയെടുത്തിട്ടുണ്ട്. ദളിന്റെ സാമ്പത്തിക ആവശ്യങ്ങൾക്ക് എന്നും രണ്ട് വശങ്ങൾ ഉണ്ടായിരുന്നു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ വശങ്ങൾ ഒരിക്കൽ വേർപെടുത്തി കഴിഞ്ഞാൽ ബാക്കിയുള്ളതെല്ലാം സമ്പന്നരായ ഭൂവുടമ - കർഷക- വ്യാപാരി സമൂഹത്തിന് പ്രിയപ്പെട്ട വർഗ്ഗപ്രശ്‌നങ്ങൾ മാത്രമത്രെ. സേവാ ദൾമാരും ജാതേദാർമാരും അടങ്ങിയ അകാലിദളിന്റെ തലപ്പത്തുള്ളവർ അഴിച്ചു വിടുന്ന സാമൂഹിക-സാമ്പത്തികനീതികൾക്ക് വിധേയരാവുന്നവർ ഉൾപ്പെട്ടതാവേണ്ടതായിരുന്നു സ്വാഭാവികമായും ഇടത്പക്ഷക്കാരുടെ സമ്മതിദായകർ. ചൂഷിതരെ സംഘടിപ്പിക്കാൻ, നിങ്ങൾ ആദ്യം ചൂഷകരുടെ ദുർഗങ്ങളിൽ നുഴഞ്ഞ് കയറുക; അവരെ വേണ്ടത്ര പ്രസാദിപ്പിച്ചാൽ പിന്നെ കമ്മീഷൻ വാങ്ങി നിങ്ങളുടെ ഏജൻറമാരായി അവർ പ്രവർത്തിച്ചുകൊള്ളും, വിവേകശാലികൾ പറഞ്ഞു ഇതാണിവിടെ ഉണ്ടായത്.

സ്വാഭാവികമായ സമ്മതിദായകരെ നഷ്ടപ്പെട്ടുപോയിരിക്കുന്നു. സാമ്പത്തികമായി ചൂഷണം ചെയ്യപ്പെട്ടവർക്ക് വർഗ്ഗ സമരത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചു കൊടുത്തിട്ടില്ല. പകരം, അവർ കേട്ടത് അവരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ മുദ്രാവാക്യങ്ങൾ മാത്രമായിരുന്നു. അവരുടെ അനുഭവങ്ങൾ മുദ്രാവാക്യങ്ങൾ വ്യാജമാണെന്നു തെളിയിച്ചു. ഫലമോ? നിങ്ങളുടെ സമ്മതിദായകരെയെം കൊണ്ട് മതതീവ്രവാദികൾ സ്ഥലം വിടുന്നത് ഷണ്ഡത്വത്തിന്റെ പാർശ്വങ്ങളിലിരുന്നുകൊണ്ട് നിസ്സംഗമായി നിങ്ങൾ നോക്കിനിൽക്കുന്നു. പരിണതകളെക്കുറിച്ച ചിന്തയേ ഇല്ല. അത് നിങ്ങൾക്ക് തോന്നുന്നുമില്ല. സദാ തേങ്ങിക്കരഞ്ഞുകൊണ്ടിരിക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോൾ നിങ്ങൾക്കുണ്ട്.

ബംഗാളിലെ മുൻ ധനകാര്യമന്ത്രിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും പ്രശസ്തനായ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അശോക് മിത്ര ‘ടെലിഗ്രാഫിൽ’ (കൽക്കത്ത) എഴുതിയ ലേഖനത്തിന്റെ വിവർത്തനമാണിത്. മതത്തെക്കുറിച്ചുള്ള മിത്രയുടെ അഭിപ്രായങ്ങൾ ഒരു കമ്മ്യൂണിസ്റ്റുകാരന്റേതായി കണക്കാക്കിയാൽ മതി. ഇന്ത്യൻ മതേതരത്വത്തിന്റെ തനിനിറം തുറന്നു കാണിക്കുന്ന അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഒരു വീക്ഷണ വൈജാത്യം എന്ന നിലക്കുമാത്രമാണ് പ്രസിദ്ധീകരിക്കുന്നത്.

1986 ജൂൺ 14 ചന്ദ്രിക ദിനപത്രം ഞായറാഴ്ച സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ച അശോക് മിത്ര എഴുതിയ ലേഖനം. വിവ: എസ്.
©Chandrika/1986

In Brief: A translated essay by Bengali economist and Communist leader Ashok Mitra argues that India’s secular republic exists largely in name, with Hindu symbols, rituals, and ideology deeply embedded in government institutions and public life. He contends that religious polarisation is deliberately exploited to distract from economic inequality, leaving the poor divided and the left politically weakened.