
കേരളത്തിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പു സംബന്ധിച്ച് സി. പി. ഐ. [എം] സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയുടെ സംക്ഷിപ്ത ഭാഗങ്ങൾ.
കോൺഗ്രസ്സിനെ എതിർക്കാനെന്ന പേരിൽ ബി. ജെ. പി, മുസ്ലീംലീഗ്, കേരളാകോൺഗ്രസ്സ് മുതലായ വർഗ്ഗീയ പാർട്ടികളുമായി സഹകരിക്കാനോ ഈ പാർട്ടികൾ പ്രതിനിധാനം ചെയ്യുന്ന വിഘടന പ്രസ്ഥാനങ്ങളെ എതിർക്കാനെന്ന പേരിൽ കോൺഗ്രസ്സുമായി കൂട്ടുകൂടാനോ സാധ്യമല്ല.
ഏതെങ്കിലും ഒരു ജാതിയെയോ മതവിഭാഗത്തെയോ പ്രതിനിധാനം ചെയ്യുന്ന പാർട്ടികളൊന്നും ഇടതുജനാധിപത്യ മുന്നണിയിലില്ല. അവയെക്കൂടി ഉൾക്കൊള്ളിക്കണമെന്ന് ആവശ്യപ്പെട്ട എം. വി. രാഘവനെപ്പോലുള്ളവർ കമ്മ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടിയിലോ മുന്നണിയിലോ ഇന്നില്ല.
വലതു മുന്നണി ഭരണത്തിന്റെ കഴിഞ്ഞ അഞ്ചുകൊല്ലത്തെ നയസമീപനങ്ങളൊക്കെ തിരുത്തിക്കുറിക്കും.
കാർഷിക വ്യവസായ മേഖലകളിൽ പുരോഗതി സൃഷ്ടിച്ചു തൊഴിൽ സാധ്യത വർദ്ധിപ്പിക്കും.
എഫ്. സി. ഐ. ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന 360 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങളിൽ ഒരു പങ്ക് തൊഴിലില്ലാത്തവർക്ക് തൊഴിൽ നൽകാനുള്ള മൂലധനമായി പ്രയോജനപ്പെടുത്തും.
തൊഴിലില്ലാത്തവരുടെ അദ്ധ്വാനത്തെ ചെറുകിട ജലസേചന പദ്ധതികൾ, മണ്ണൊലിപ്പ് തടയൽ, പൊതുജനാരോഗ്യ പദ്ധതികൾ, ഗൃഹനിർമ്മാണം, കടലാക്രമണ നിരോധന നടപടികൾ, നിരക്ഷരതാ നിർമ്മാർജ്ജനം തുടങ്ങിയ കാര്യങ്ങൾക്കു പ്രയോജനപ്പെടുത്തി കേരളത്തിന്റെ പൊതുപുരോഗതിക്കു പശ്ചാത്തലമൊരുക്കും.
കൃഷിക്കാർക്ക് വളം, മേൽത്തരം വിത്തുകൾ, ജലസേചനം, വൈദ്യുതി തുടങ്ങിയവ കഴിയുന്നത്ര സൗജന്യമായി നൽകുകയും, ഇടത്തരക്കാരുടെ ചൂഷണത്തിൽ നിന്ന് കൃഷിക്കാരെ രക്ഷിക്കുന്നതിനായി റഗുലേറ്റഡ് മാർക്കറ്റിംഗ് സമ്പ്രദായം ഏർപ്പെടുത്തുകയും ചെയ്യും.
ജലസേചന പദ്ധതികളെ സമഗ്രമായി വിലയിരുത്തി ജലസേചന വികസനത്തിനായി ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കും.
ദീർഘകാലമായി ഭൂമി കൈവശം വച്ചു വരുന്ന ചെറുകിട-ഇടത്തര, മലയോര കർഷകർക്ക് പട്ടയം നൽകും.
കർഷകത്തൊഴിലാളികളുടെ പെൻഷൻ വ്യവസ്ഥ പരിഷ്ക്കരിച്ചു പുനഃസ്ഥാപിക്കും.
സ്വകാര്യ മേഖലയിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിന് നടപടികളെടുക്കുകയും, പൊതുമേഖലാ സ്ഥാപനങ്ങളുടെ ദൗർബല്യങ്ങൾക്കു പരിഹാരം കാണുകയും, മാനേജ്മെന്റിൽ 50 ശതമാനം തൊഴിലാളി പ്രാതിനിധ്യം ഉറപ്പുവരുത്തുകയും ചെയ്യും.

പരമ്പരാഗത വ്യവസായങ്ങളായ ബീഡി, കശുവണ്ടി, കൈത്തറി, കയർ, പനമ്പ് നെയ്ത്ത്, ചൂരൽ നെയ്ത്ത്, കരകൗശലം, ചെത്ത്, മത്സ്യം, ഓട് തുടങ്ങിയവ പുനഃസംഘടിപ്പിച്ചു വികസിപ്പിക്കും.
വിദ്യാഭ്യാസ രംഗത്തെ കച്ചവടവൽക്കരിക്കുന്ന ഇന്നത്തെ അവസ്ഥ അവസാനിപ്പിക്കാൻ, സർക്കാർ ഉടമസ്ഥതയിലോ തദ്ദേശ സ്വയംഭരണ ഉടമസ്ഥതയിലോ മാത്രമേ വിദ്യാലയങ്ങളും കലാലയങ്ങളും അനുവദിക്കുകയുള്ളൂ.
സർവ്വകലാശാലയുടെ സ്വയംഭരണാവകാശം പുനഃസ്ഥാപിക്കുക.
പാവപ്പെട്ട വിദ്യാർത്ഥികൾക്കു സൗജന്യമായി ഉച്ചഭക്ഷണം നൽകും.
എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വിതരണം പൊതുവിതരണ ശൃംഖലയിലൂടെ നടത്തും.
സഹകരണരംഗം പുനഃസംഘടിപ്പിച്ചു ജനാധിപത്യവൽക്കരിക്കും.
ട്രേഡ് യൂണിയൻ അവകാശങ്ങൾ സംരക്ഷിക്കുകയും, സംഘടനാ സ്വാതന്ത്ര്യത്തിനെതിരായ ഡെസ്‌നോൺ സമ്പ്രദായം അവസാനിപ്പിക്കുകയും ചെയ്യും.
എല്ലാ സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങളും പി. എസ്. സി വഴി മാത്രം നടത്തുകയും, സ്ഥലമാറ്റത്തിന് ജീവനക്കാരുമായി ചർച്ച ചെയ്തു നിയതമായ ചട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
കഴിഞ്ഞകാലത്തു ഉന്നയിക്കപ്പെട്ട അഴിമതികൾ അന്വേഷിക്കുകയും, കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാൻ തക്കവിധം അഴിമതി നിരോധന നിയമത്തിൽ ഭേദഗതി വരുത്തുകയും ചെയ്യും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണം തിരഞ്ഞെടുപ്പിലൂടെ ജനങ്ങളെ ഏല്പിക്കും.
സാമൂഹ്യവിരുദ്ധ ശക്തികളെ അമർച്ച ചെയ്യുക, ബഹുജനങ്ങളുടെ സമാധാനപരവും സ്വതന്ത്രവുമായ ജീവിതത്തിന് ഉറപ്പുവരുത്തുക, ജനകീയ പ്രക്ഷോഭങ്ങൾക്കും സമരങ്ങൾക്കുമെതിരെ പോലീസിനെ ഉപയോഗിക്കാതിരിക്കുക, ഹരിജനങ്ങൾ, സ്ത്രീകൾ, കുട്ടികൾ തുടങ്ങിയ ദുർബലവിഭാഗത്തിന് പ്രത്യേക സംരക്ഷണം നൽകുക തുടങ്ങിയ തത്വങ്ങളെ അടിസ്ഥാനമാക്കി പോലീസ് ഡിപ്പാർട്ട്മെന്റ് പുനഃസംവിധാനം ചെയ്യും.
വൃദ്ധർ, വിധവകൾ, വികലാംഗർ, രോഗികൾ പെൻഷൻകാർ, പട്ടികജാതി, പട്ടികവർഗ്ഗക്കാർ, എക്സ് സർവ്വീസുകാർ തുടങ്ങിയവർക്കുള്ള ആനുകൂല്യം കാലോചിതമായി പരിഷ്കരിക്കുകയും, തൊഴിലില്ലാത്തവർക്കു നൽകിവരുന്ന തൊഴിലില്ലായ്മ പദ്ധതി പരിഷ്കരിച്ചു പുനഃസ്ഥാപിക്കുകയും ചെയ്യും.
സംസ്ഥാന ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുകയും സർവ്വീസ് ചട്ടങ്ങൾ ജനാധിപത്യവൽക്കരിക്കുകയും ചെയ്യും.
സാംസ്കാരിക സ്പോർട്സ് മേഖലകൾ പുനഃസംഘടിപ്പിക്കും.
പട്ടികജാതി-വർഗ്ഗക്കാർക്കുള്ള ആനുകൂല്യം തുടരുകയും, പിന്നോക്ക സമുദായത്തിൽപ്പെട്ടവർക്കുള്ള സംവരണ ആനുകൂല്യങ്ങൾ നിലനിർത്തുകയും ചെയ്യും.
പിന്നോക്ക-മുന്നോക്ക വ്യത്യാസമില്ലാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കു കൂടുതൽ വിദ്യാഭ്യാസ സൗജന്യങ്ങൾ നൽകും.
1987 ഫെബ്രുവരി 15 കേരളശബ്ദത്തിൽ പ്രസിദ്ധീകരിച്ചത്.
©Keralasabdam/1987


