
അഗ്നിയുടെ നാളുകൾ മറന്നുപോകുന്നവർ
സ്ട്രീക്കുചെയ്ത്, കൂട്ടുകാരുമൊത്ത് ബഹളംവച്ചും യൗവനത്തിന്റെ തിമിർപ്പ് കാണിക്കാൻ ഒരാൾ കോളേജ് ജീവിതം ചെലവിട്ടപ്പോൾ, ജീവിതത്തെ ഒരു മഹാസമരമാക്കി മാറ്റാൻ വേണ്ടുന്ന പരിശീലനം നേടാനുള്ള കളരിയാക്കുകയായിരുന്നു വേറൊരാൾ കോളേജ് ജീവിതത്തെ. ഇവരിൽ ആദ്യത്തെയാൾ ലക്ഷ്യം വെച്ചത് ജീവിത വിജയമായിരുന്നു. അതിനായി അദ്ദേഹത്തിന് യാതനകളോ, വേദനകളോ അനുഭവിക്കേണ്ടി വന്നില്ല. കൗശലമായിരുന്നു അദ്ദേഹത്തിന്റെ മുതൽമുടക്ക്. അതിൽ അദ്ദേഹം ജയിച്ചു എന്നുതന്നെയല്ല, ആ വിജയം അദ്ദേഹത്തെ ദൂരഹങ്കാരിയാക്കുകയും ചെയ്തു. എന്നാൽ രണ്ടാമത്തെയാളുടെ സ്ഥിതി അതായിരുന്നില്ല. പുരുഷസമൂഹം ദുർബലയെന്ന് മുദ്രകുത്തിയ വർഗ്ഗക്കാരിയായതിനാൽ, അബലയല്ല ശക്തയാണെന്ന് അന്യരെ ബോധ്യപ്പെടുത്തേണ്ടിയിരുന്നു “രണ്ടാമത്തെ ആളിന്.” അതിന് അവർ സ്വയം സജ്ജയായത്, തന്റെ ബുദ്ധിശക്തിയെ ചെത്തിമിനുക്കി മൂർച്ചകൂട്ടിക്കൊണ്ടാണ്. വായനയിലൂടെ കൈവന്ന അറിവുമാത്രമായിരുന്നില്ല അതിനവർക്ക് തുണയായത്. ജീവിതാനുഭവങ്ങൾ അതിനവർക്ക് കൂട്ടായി: ഒരു ഉദ്യോഗസ്ഥയായോ, ഒരു വീട്ടമ്മയായോ ജീവിതത്തെ പരിചിതമായ ഒരു വലയത്തിനുള്ളിലാക്കാൻ അവർക്ക് കഴിയുമായിരുന്നു. അതിലവർക്ക് താൽപര്യമില്ലായിരുന്നു. മറിച്ച്, പുരുഷന്മാരോടൊപ്പം അവർ, സമരഭൂമിയിലിറങ്ങി. അക്കാലത്ത് സമരഭൂമിയിലിറങ്ങുകയെന്നു വെച്ചാൽ സ്വയം കുരുതിക്ക് തയ്യാറെടുക്കുന്നതിന് തുല്യമായിരുന്നു, എല്ലാ അർത്ഥത്തിലും അതൊരു കുരുതി തന്നെയായിരുന്നു. പക്ഷേ കുരുതി സ്വീകരിക്കാൻ വേദിയിലുണ്ടായിരുന്നത് ഭദ്രകാളിയോ, പുരോഹിതന്മാരോ ആയിരുന്നില്ല എന്നുമാത്രം. അവരുടെ സ്ഥാനം, സ്വേച്ഛാപ്രമത്തരായ ഭരണാധികാരികളും അവരുടെ തുണയാളുകളായ പൊലീസധിപന്മാരും കൈയടക്കിയിരുന്നു. ഒരു കഷ്ണം ഇറച്ചി കിട്ടിയ വേട്ടനായ്ക്കളെപ്പോലെയായിരുന്നു. മനുഷ്യശരീരത്തോട് പൊലീസുകാരും അവരുടെ മേലാളന്മാരും പെരുമാറിയിരുന്നത്. ആ വേട്ടനായ്ക്കളാൽ പിച്ചിച്ചീന്തപ്പെട്ടവരിൽ ഒരാളായി അവരും.
ഈ കുറിപ്പിൽ ആദ്യം പരാമർശിച്ച ചെറുപ്പക്കാരൻ കോളേജ് വിട്ട് പൊതുരംഗത്തെത്തിയപ്പോൾ ദുരിതങ്ങളുടേയും ത്യാഗങ്ങളുടേയും കാലം കഴിഞ്ഞിരുന്നു. ആ ത്യാഗങ്ങളുടെ ഫലമായി കൈവന്ന സൽഫലങ്ങളുടെ കൊയ്ത്തുകാലം ആരംഭിച്ചിരുന്നു. അവിടെയും അദ്ദേഹത്തിന്, കൗശലം കൂട്ടിനു കിട്ടി. ആ ഫലങ്ങൾ ആസ്വദിക്കാനുള്ള വഴിയൊരുക്കാനും അദ്ദേഹത്തിന് കഷ്ടപ്പെടേണ്ടി വന്നില്ല. രാഷ്ട്രീയം, ക്രമേണ അവസരവാദികളുടെ കെണിയിൽ കുരുങ്ങുകയായിരുന്നു. എറിഞ്ഞുകിട്ടുന്ന ഒരവസരം പോലും പാഴാക്കാതെ, ശ്രദ്ധാപൂർവ്വം അതെല്ലാം പിടിച്ചെടുത്ത് സ്വന്തം ജീവിതത്തിന്റെ ഈടുവയ്പ്പുകളാക്കാൻ സാമർത്ഥ്യമുണ്ടായവരിൽ അദ്ദേഹവും ഉൾപ്പെട്ടു. ഭരണസാരഥ്യത്തിലേക്ക് ഉയരുക മാത്രമായിരുന്നു അദ്ദേഹത്തെപ്പോലുള്ളവരുടെ ജീവിതവ്രതം. അതും നേടി അദ്ദേഹം. പക്ഷേ അദ്ദേഹത്തെപ്പോലുള്ളവർ ഒരു കാര്യം മറന്നുപോയിരുന്നു. പൊതുരംഗത്ത് പ്രവർത്തിക്കാനും ഭരണസാരഥിയായി കൊടിവെച്ച കാറിൽ പാഞ്ഞുനടക്കാനും അദ്ദേഹത്തെപ്പോലുള്ളവർക്ക് സാധിച്ചത്; രണ്ടാമത് പറഞ്ഞവരുടെ നെടുനീരൊഴുക്കിയ ചോര കൊണ്ടാണെന്ന വസ്തുതയായിരുന്നു അദ്ദേഹവും, അദ്ദേഹത്തിൻ്റെ തലമുറയിൽപ്പെട്ടവരും വിസ്മരിച്ചത്.
ഇത്രയും ആമുഖമായി കുറിക്കാൻ ഒരു കാരണമുണ്ട്. ഒന്നുരണ്ടാഴ്ചയ്ക്കുമുമ്പ്, നിയമസഭയിൽ ചില പരാമർശങ്ങൾ നടന്നു. പരാമർശം നടത്തിയത്, കരുണാകരൻ മന്ത്രിസഭയിൽ വിദ്യാഭ്യാസവകുപ്പുമന്ത്രിയായിരുന്ന ടി.എം. ജേക്കബ് ആയിരുന്നു. പരാമർശത്തിന് വിധേയയായത് നായനാർ മന്ത്രിസഭാംഗമായ കെ.ആർ. ഗൗരിയും.
ആ പരാമർശം സംബന്ധിച്ച പത്രവാർത്തയിൽ പറയുന്നത് ഇങ്ങനെയാണ്. “അത്തരം പരാമർശങ്ങളൊന്നും പാടില്ല. അതൊഴിവാക്കണം.” സ്പീക്കർ വർക്കല രാധാകൃഷ്ണൻ അല്പം ഗാംഭീര്യം കലർന്ന സ്വരത്തിൽ നിയമസഭയിൽ പറഞ്ഞു.
ടി.എം ജേക്കബ് ഇന്നലെ നടത്തിയ ഒരു പരാമർശം സ്പീക്കർ രേഖയിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്തു.
“ഇന്നലെ ഞാനത് ശ്രദ്ധിച്ചില്ല. എങ്ങനെയോ എന്റെ ശ്രദ്ധയിൽപ്പെടാതെ പോയി. രാത്രി ആകാശവാണി കേട്ടപ്പോഴാണ് ഇതിനെക്കുറിച്ചറിഞ്ഞത്. രാവിലെ വന്ന് സഭാനടപടിയുടെ രേഖ പരിശോധിച്ചപ്പോഴാണ് ശരിയാണെന്ന് മനസ്സിലായത്” സ്പീക്കർ അറിയിച്ചു.
മണർക്കാട് പാപ്പന് സ്വന്തം ഭാര്യയേക്കാൾ ഇഷ്ടം “മന്ത്രി ഗൗരിയമ്മയോടാണ്” എന്ന പരാമർശമാണ് ജേക്കബ് ഇന്നലെ നടത്തിയത്. ഇത്തരം ദുസ്സൂചനകൾ ഒഴിവാക്കണമെന്ന് സഭയോട് പൊതുവിലും ജേക്കബിനോട് പ്രത്യേകിച്ചും സ്പീക്കർ നിർദ്ദേശിച്ചു.
“അത് പറയേണ്ടത് പാപ്പനാണ്. ജേക്കബല്ല” സ്പീക്കർ തുടർന്നു. “ഇന്നലെത്തന്നെ ഇത് നീക്കം ചെയ്യേണ്ടതായിരുന്നു. എന്റെ ശ്രദ്ധയിൽപ്പെടാതെ പോയി. നമുക്ക് നല്ലൊരു നിലവാരം ഈ ചർച്ചയിൽ പുലർത്താം.”
വയലാർ രവി: ഇന്നലെ ഇതുപോലെ മുസ്തഫയെക്കുറിച്ചും പരാമർശമുണ്ടായി. അതും നീക്കം ചെയ്യണം.
സ്പീക്കർ: ശ്രദ്ധയിൽപ്പെടുത്തിയാൽ പരിഗണിക്കാം.
കരുണാകരൻ: ഭരണപക്ഷം ഇന്നലെ മര്യാദയ്ക്ക് പെരുമാറിയെന്ന് ചില പത്രങ്ങളിലുണ്ട്. പ്രതിപക്ഷം മറിച്ച് പെരുമാറിയെന്നാണോ സൂചന?
മുഖ്യമന്ത്രി: ഗൗരിയമ്മയെക്കുറിച്ച് നടന്ന അപമര്യാദയടങ്ങിയ പരാമർശം തെറ്റാണെന്ന് പറയാൻ പ്രതിപക്ഷ നേതാവെങ്കിലും തയ്യാറാകേണ്ടേ?
കരുണാകരൻ: സർ, ആ പരാമർശം നിർഭാഗ്യകരമാണ്. അങ്ങേയ്ക്കുപോലും അത് തോന്നിയില്ല. ഗൗരിയമ്മയെക്കുറിച്ച് അത്തരം പരാമർശം ക്രൂരമാണ്. നിഷിദ്ധമാണ്. ഒരു മെമ്പറെക്കുറിച്ചും അങ്ങനെയൊന്നും ആരും പറയാൻ പാടില്ല.
പൊതുജീവിതത്തിൽ സംഭവിച്ചിരിക്കുന്ന അതിഭയാനകമായ തകർച്ചയിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. ഏതെങ്കിലും വിഷയത്തെയോ, സംഭവത്തെയോ പറ്റി സംസാരിക്കുമ്പോൾ, അതുമായി പുലബന്ധം പോലുമില്ലാത്ത വ്യക്തികളേയും സ്ഥാപനങ്ങളേയും വലിച്ചിഴച്ചുകൊണ്ടുവരികയും, ആ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും മേൽ അസഭ്യവർഷം ചൊരിയുകയും ഒരു പതിവായിത്തീർന്നിരിക്കുകയാണിവിടെ.
ഒന്നിൽപ്പരം പ്രാവശ്യം മന്ത്രിയായിരുന്ന കെ.ആർ. ഗൗരിയുടെ സ്വഭാവത്തെക്കുറിച്ച് ആർക്കും എന്തും പറയാമെന്നു വന്നാൽ, നമ്മുടെ പൊതുജീവിതം എവിടെച്ചെന്നു നിൽക്കും? മുൻശുണ്ഠിക്കാരിയാണെന്നോ, പരുക്കൻ പ്രകൃതക്കാരിയാണെന്നോ അവരെക്കുറിച്ച് പറയാം. അത് ശരിയുമാണ്. പക്ഷേ ടി.എം. ജേക്കബ് നടത്തിയതുപോലൊരു പരാമർശം, നാം വിശ്വസിക്കുകയും ആദരിക്കുകയും ചെയ്യുന്ന ചില അടിസ്ഥാന മൂല്യങ്ങളെയായിരിക്കും തകർക്കുന്നത്. ഗൗരിയമ്മയുടെ ചരിത്രവും, അവർ അനുഭവിച്ചിട്ടുള്ള ദുഃഖവും ഒരുപക്ഷേ ടി.എം. ജേക്കബിനെപ്പോലുള്ളവർക്ക് അറിയാൻ പാടില്ലായിരിക്കാം. അതൊക്കെ അറിയണമെന്ന് അവർക്ക് ആഗ്രഹവും കാണുകയില്ലായിരിക്കാം. എന്നാലും, ഗൗരിയമ്മയെ വെറുമൊരു സാധാരണക്കാരിയായൊ, തന്നെപ്പോലെ അധികാരത്തെ അമിതമായി മോഹിക്കുന്ന ഒരു രാഷ്ട്രീയ നേതാവായോ അദ്ദേഹം കാണുന്നത്, അദ്ദേഹം ഉൾപ്പെടുന്ന ഒരു തലമുറയ്ക്ക് ശിരസ്സുയർത്തി നിൽക്കാനുള്ള കരുത്തും ശേഷിയും നേടിക്കൊടുത്ത ഒരു തലമുറയുടെ ത്യാഗത്തെ തള്ളിപ്പറയലായിരിക്കും. ഗൗരിയമ്മയുടെ ജീവിതം അഗ്നിയുടെ നാളുകളായിരുന്നു. പോലീസിന്റെ മർദ്ദനമേൽക്കാത്ത ഒരിഞ്ച് പോലും ആ സ്ത്രീയുടെ ശരീരത്തിലില്ല. അത്രയ്ക്ക് ഭീകരമായ മർദ്ദനവിധേയയായ ആ സ്ത്രീ, തനിക്ക് എന്തെങ്കിലും നേടാൻ വേണ്ടിയായിരുന്നില്ല യാതനയുടെ പാത സ്വയം വരിച്ചത്. നിയമബിരുദം നേടി സ്വന്തം നാട്ടിൽ ഒരു വക്കീലായി ഒതുങ്ങിക്കഴിഞ്ഞിരുന്നുവെങ്കിൽ അവർക്ക് ഇതൊക്കെ നേരിടേണ്ടി വരുമായിരുന്നോ എന്ന് നാമാലോചിക്കണം.
1987 ഡിസംബർ 20 ലക്കം കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചത്.
©Kalakaumudi/1987
In Brief: A Malayalam article reflects on the sacrifices of veteran politician K.R. Gowri Amma, contrasting her life of struggle and police brutality with opportunistic politicians who reaped the benefits of her generation’s sacrifices. The piece was prompted by a sexist remark made against her in the Kerala Legislative Assembly by minister T.M. Jacob, which the Speaker later ordered struck from the record. Article published in 1987.


